2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

URUMI the film






നന്ദി സന്തോഷ് ശിവന്‍... ഈ ദൃശ്യവിരുന്നൊരുക്കിയതിന് നന്ദി... പക്ഷെ
 മികച്ച ഛായാഗ്രാഹകനാണെന്ന് ഉറുമിയെന്ന വിഷ്വല്‍ ട്രീറ്റ് നല്‍കി താങ്കള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു... മികച്ച ഛായാഗ്രാഹകന്‍ മാത്രമാണെന്നും മികച്ച സംവിധായകനല്ലെന്നും...
ദൃശ്യഭംഗി കൊണ്ടുമാത്രം സിനിമ ഒരുക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഇനിയും താങ്കള്‍ പഠിക്കേണ്ടിയിരിക്കുന്നു....





ചിത്രം ഉറുമി
സംവിധാനം, ഛായാഗ്രഹണം-     സന്തോഷ് ശിവന്‍
തിരക്കഥ    - ശങ്കര്‍ രാമകൃഷ്ണന്‍
ബാനര്‍    -     ഓഗസ്റ്റ് ഫിലിംസ്
നിര്‍മാണം    - ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ്, മുബീന രത്തന്‍സി
എഡിറ്റിംഗ്    -     ശ്രീകര്‍ പ്രസാദ്
പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ ബാബു

കോസ്റ്റിയൂം ഡിസൈനര്‍- ഏക ലഖാനി
മെയ്ക്ക് അപ്പ്- രഞ്ജിത് അമ്പാടി
സംഗീതം - ദീപക് ദേവ്
ഗാനരചന -കൈതപ്രം, റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ആക്്ഷന്‍ -അനല്‍ അരശു
കോറിയോഗ്രഫി -അഹമ്മദ് ഖാന്‍, മധു ഗോപിനാഥ്, വക്കം സജീവ്, ഉല്ലാസ് മോഹന്‍
സ്റ്റില്‍സ് -പോള്‍ ബത്തേരി



ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടുപിടിച്ച വാസ്‌കോ ഡ ഗാമ... വാസ്‌കോ ഡ ഗാമ 1498ല്‍ കപ്പലിറങ്ങുമ്പോള്‍ എട്ടുവയസുകാരനായ കേളു എന്ന കുട്ടിയുടെ കഥയാണ് ഉറുമി. ചിറക്കല്‍ കൊത്തുവാള്‍ (ആര്യ) എന്ന ധീരന്റെ മകന്‍... അച്ഛന്റെ വാക്കുകള്‍ അണുവിട വിടാതെ അനുസരിക്കുന്ന മകന്‍, അച്ഛനെ കൊന്ന, നാടിനെ കീഴടക്കാനെത്തിയവരോട് നടത്തുന്ന പോരാട്ടമാണ് ഉറുമി...
പക്ഷെ സിനിമ പിറക്കുന്നത് ആധുനിക കാലത്താണ്... പണമുണ്ടാക്കാനുള്ള എളുപ്പവഴി റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന് കരുതുന്നവരുടെ ഇന്നത്തെ കേരളത്തില്‍...
പാലക്കാട് കണ്ണാടിയിലെ കുടുംബസ്വത്ത് വില്‍ക്കാനെത്തുന്ന കൃഷ്ണദാസില്‍ നിന്ന് വികസിക്കുന്ന കഥയാണ് കേളു നായനാരിലൂടെ ഉറുമിയായി മാറുന്നത്. ഏതാണ്ട് എല്ലാ താരങ്ങളും ഇരട്ടവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഉറുമിക്കുണ്ട്.
കൃ്ഷ്ണദാസ് തന്റെ പൂര്‍വിക ചരിത്രം അറിയുന്നതാണ് ചിത്രത്തിന്റെ ട്വിസ്റ്റ്. ആ കഥയാണ് വാസ്‌കോ ഡ ഗാമയെ കൊല്ലാന്‍ 22 വര്‍ഷം കാത്തിരുന്ന കേളു നായനാരെയും ചങ്ങാതി വവ്വാലിയെയും ഇവര്‍ക്കൊപ്പം നിന്ന അറയ്ക്കല്‍ ആയിഷയെയും ചിറക്കല്‍ ബാലയെയും കേരളത്തിന് പരിചയപ്പെടുത്തുന്നത്...
എന്നാല്‍, വര്‍ത്തമാനത്തിന്റെയും ഭൂതകാലത്തിന്റെയും കോര്‍ത്തിണക്കലില്‍ തിരക്കഥാകൃത്തിന് പിഴച്ചു. ഈ പിഴവ് നികത്താന്‍ സംവിധായകനും കഴിഞ്ഞില്ല...
ആധുനിക കാലഘട്ടത്തില്‍ നിന്ന് ഭൂതകാലത്തിലേക്കുള്ള യാത്രക്ക് പാതയൊരുക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ഒരുകൂട്ടം തീവ്രവാദികളെയാണ് അണിനിരത്തുന്നത്. തങ്കച്ചന്‍ എന്ന തീവ്രവാദി നേതാവാണ് കൃഷ്ണദാസിന് പൂര്‍വിക ചരിത്രം പറഞ്ഞുനല്‍കുന്നത്. ആരാണ് തങ്കച്ചന്‍ എന്നതും തങ്കച്ചനെങ്ങനെ കൃഷ്ണദാസിന്റെ അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള പൂര്‍വികരെ കുറിച്ച് അറിയുമെന്നതും ചിന്തിച്ചാല്‍ സിനിമ തീരുംവരെയും ഇറങ്ങിയാലും ചിന്തിച്ചുകൊണ്ടേയിരിക്കാം....


ദൃശ്യഭംഗിക്കുവേണ്ടി അതിസൂക്ഷ്മ ബിന്ദുക്കള്‍ പോലും ശ്രദ്ധിച്ച ഛായാഗ്രാഹകന്‍ (ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി) എന്ന നിലയില്‍ ഒതുങ്ങിപ്പോയ സന്തോഷ് ശിവന്‍ സിനിമയിലെ ഗാനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് തോന്നുന്നു. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതെ പോയ ഗാനങ്ങള്‍ തന്നെ അതിന് തെളിവ്. സംഘട്ടന രംഗങ്ങള്‍ മികച്ചതാക്കാന്‍ അനല്‍ അരശുവിന് കഴിഞ്ഞു. എന്നാല്‍, കോറിയോഗ്രാഫര്‍മാര്‍ തങ്ങളുടെ ജോലി നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു.
പ്രഭുദേവയെ പോലുള്ള മികച്ച നൃത്തസംവിധായകനും നര്‍ത്തകനും ഉണ്ടായിട്ടും അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ല.
പ്രധാന കഥാപാത്രങ്ങളുടെ വേഷഭൂഷാദികളില്‍ പഴമ ജനിപ്പിക്കാന്‍ കോസ്റ്റിയൂം ഡിസൈനര്‍ ഏക ലഖാനിക്ക് കഴിഞ്ഞെങ്കിലും നാട്ടുകാരെ ആഫ്രിക്കന്‍ ആദിവാസികളുടേതുപോലുള്ള രൂപത്തില്‍ അണിയിച്ചൊരുക്കിയും തൃശൂരിലെ പുലികളിയെ ഓര്‍മിപ്പിക്കും വിധത്തില്‍ വര്‍ണങ്ങള്‍ വാരിപ്പൂശി തവളച്ചാട്ടം ചാടിച്ചും കോമാളികളാക്കുകയാണ് ചെയ്തത്.

മാടായി ദേവിയായെത്തുന്ന വിദ്യാ ബാലന്റെ ഐറ്റം ഡാന്‍സും ജനീലിയ ഡിസൂസ, നിത്യാ മേനോന്‍, തബു തുടങ്ങിയവരുടെ അര്‍ധനഗ്നതാ പ്രദര്‍ശനവും കൊണ്ട് ജനങ്ങളെ തിയേറ്ററില്‍ പിടിച്ചിരുത്താമെന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നതുകൊണ്ടോ അതോ മലയാളികള്‍ ഇത്തരം ദൃശ്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന രതിവൈകൃതമുള്ളവരാണെന്ന് കരുതുന്നതുകൊണ്ടോ അത്തരം ദൃശ്യങ്ങള്‍ക്ക് യാതൊരു പഞ്ഞവും ഉറുമിയിലില്ല.
അറക്കല്‍ ആയിഷ, ചിറക്കല്‍ ബാല തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരാണെന്ന് തോന്നുമെങ്കിലും തിരക്കഥയുടെ പോരായ്മ കൊണ്ട് അപ്രധാനമായി പോകുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ വ്യക്തമാകുന്നത്.

1 അഭിപ്രായം: