First Published in Free Press, July 2004
നിരാശാഭരിതനായ ആ സുഹൃത്ത്...
കേരളത്തില്‍ നിന്ന്
വി.എച്ച്. നിഷാദ്
‘ബി’ എന്ന നഗരത്തില്‍ ജനങ്ങളോട് സഹതാപം പുലര്ത്തുകയും അവരോടൊത്തുചേര്ന്ന് (അവരുടെ പോരാട്ടങ്ങളിലും വിജയങ്ങളിലും കഷ്ടതകളിലും ഒന്നുപോലെ പങ്കെടുത്തും) ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയും പീഡാനുഭവങ്ങള്ക്ക് വിധേയനാക്കപ്പെടുകയും ചെയ്ത് ഇപ്പോള്‍ നൈരാശ്യം പൂണ്ട് വിഷാദാവസ്ഥയില്‍ കഴിയുന്നവനായ, ‘സി’ എന്ന സുഹൃത്തിന് ‘ടി’ എന്ന നഗരത്തില്‍ നിന്ന് ‘വി’ എഴുതുന്ന കത്ത്. അതായത്...
(കഥ : നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് - യു.പി. ജയരാജ്.)
നിരാശാഭരിതനായ ആ സുഹൃത്ത് ഇന്നുമുണ്ട്. എന്നാല്‍ അയാളെ സമാശ്വസിപ്പിച്ചുകൊണ്ട് ഒരു കത്തെഴുതാന്‍ നമുക്കിന്നാവുകയില്ല. അതായത് പ്രിയപ്പെട്ട യുവാക്കളേ, നിങ്ങളോട് എന്തുപറയണമെന്നു തന്നെ സത്യത്തില്‍ ആര്‍ക്കും അറിയാതായിരിക്കുന്നു.
കേരളീയ യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശാഭരിതമായ ഒരു കാലം വന്നുചേര്ന്നിരിക്കുകയാണ്. ആഗോളവത്കരണത്തിന്റെ ചോരയും നീരും ഞരമ്പുകളിലേറ്റിയോടുന്ന ലോകക്രമം, ലളിതവത്കരിക്കപ്പെട്ട ജീവിതവും ജീവിതരീതികളും, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭൂമുഖങ്ങള്‍, പുനര്നിര്ണിയിക്കപ്പടുന്ന ബന്ധങ്ങള്‍... അവര്‍ അഭിമുഖീകരിക്കുന്നത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു പ്രതിസന്ധി ഘട്ടത്തെയാണ്.
പഴയകാലം നമ്മോടു പറയുന്നത് നെഞ്ചൂക്കത്തോടെ ഒരു മലയാളി നിഷേധി ഇവിടെ ജീവിച്ചിരുന്നു എന്നാണ്. ആ നെല്ലിലെ പതിരിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്തു തന്നെയുമായിക്കൊള്ളട്ടെ, അവന്റെ എല്ലാ അസംതൃപ്തിയിലും ഒരു സര്ഗാത്മകതയുണ്ടായിരുന്നതായി നമ്മള് കരുതിയിരുന്നു. എഴുപതുകളില്‍ നാമിവിടെ കണ്ടത് കാലഘട്ടത്തോട് പ്രതികരിക്കുന്ന അത്തരം യുവാക്കളെയാണ്. അഥവാ ആവേശത്തിന്റെ തീ ഉള്ളില്‍ പേറി നടന്ന ഒരു കൂട്ടരെ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ എല്ലാം മാറിയിരിക്കുന്നു.
ആഗോളവത്കരണത്തിന്റെ വരവ് പുതിയ തൊഴില്പ്പുറങ്ങള് ചിലര്‍ക്ക് തീര്ത്തുകൊടുത്തെങ്കില് ഒരു മൊത്ത കണക്കെടുപ്പുവരുമ്പോള് എല്ലാ യാഥാര്ത്ഥ്യങ്ങളും അട്ടിമറിക്കപ്പെടുന്നത് കാണാം. ഏറ്റവും വലുപ്പത്തില്‍ വളര്‍ന്ന്, ഓരോ ദിവസവും ഇരട്ടിവട്ടമെന്നതുപോലെ വലുതായിക്കൊണ്ടിരിക്കുകയാണ് തൊഴിലില്ലായ്മ. അതെ, അതുതന്നെയാണ് മലയാളി യുവാക്കളുടെ അസംതൃപ്തിയുടെ മുഖ്യ കാരണങ്ങളിലൊന്നായി എടുത്തുകാണിക്കപ്പെടുന്നത്.
<> “പി.ജി. പഠനം കഴിഞ്ഞ് ധാരാളം അപേക്ഷകള്‍ അയച്ചു. പരീക്ഷകള്‍, ഇന്റര്വ്യൂകള്‍. ജീവിതത്തിന്റെ നല്ലൊരു കാലം ഇതിനായാണ് ചെലവഴിച്ചത്. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ ഈ വഴിക്കിറങ്ങി.”
(അശോക് /കൊച്ചി / ഫുട്പാത്ത് ചെരുപ്പു കച്ചവടക്കാരന്‍ )
<2> “ഒരാള്ക്ക് പണിയില്ല എന്നു പറഞ്ഞാല്‍ അയാള്‍ ജീവിക്കുന്നില്ല എന്നാണര്ത്ഥം. സങ്കീര്ണ്ണമായ പ്രശ്നങ്ങളാണ് ഞാനനുഭവിക്കുന്നത്. മുമ്പ് കല്‍ക്കട്ടയില്‍ കുറച്ചു കാലം ജോലി നോക്കി. കേരളത്തില്‍ വന്നപ്പോള്‍ ചെറിയ ചില ബിസിനസുകളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ വലിയ കമ്പനികളുടെ വരവോടെ അതും തകര്ന്നു. കടങ്ങള് കുന്നു കൂടി. ഇപ്പോള്‍ സ്വന്തം കവിതകള്‍ ‘ഭൂമിക്കൊരു നടപ്പാത’ എന്ന പേരില്‍ പുസ്തകമായിറക്കി അതു നടന്നു വിറ്റാണു ജീവിക്കുന്നത്. അങ്ങനെ കുറച്ച് കടങ്ങള് തീര്ന്നു. ഇപ്പോള്‍ എന്റെയുള്ളിലുള്ളത് അനുഭവത്തിന്റെ ഒരു വലിയ കടലാണ്.”
(ടി. ഗോപി / തലശ്ശേരി)
പരീക്ഷയെഴുത്തിന്റെയും കാത്തിരിപ്പിന്റെയും ഇന്റര്വ്യൂ കൂടലിന്റെയും തിക്താനുഭവങ്ങള്‍ അറിയുന്ന എത്രയോ വിദ്യാസമ്പന്നര്‍ ഇന്ന് കേരളത്തില്‍ തുച്ഛ ജോലികള്‍ ചെയ്ത് ജീവിതം വലിച്ചുകൊണ്ടുപോകുന്നു. അശോകും ഗോപിയും അതില്‍ ചിലര്‍ മാത്രം. എം.കോം, എല്‍.എല്‍.ബി, ജേണലിസം എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയതിനു ശേഷം ഒരു ജോലിയും കിട്ടാതായപ്പോഴാണ് ഗോപി സ്വന്തം വഴി കണ്ടെത്തുന്നത്. താന്‍ നേടിയ അറിവും വിജ്ഞാനവുമെല്ലാം തനിക്ക് രക്ഷയാകാതെ പോകുന്ന നിസഹായത തന്നെയാണ് ഇവരുടെയെല്ലാം അസംതൃപ്തിക്ക് നിദാനം.
ഏതുമാനദണ്ഡം വെച്ചുനോക്കിയാലും ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ് എന്ന് കേരളത്തിന്റെ വികസനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള ജോസഫ് താരമംഗലം എഴുതുന്നു. ‘ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനം വരുന്ന കേരളത്തിലാണ് രാജ്യത്തെ പതിനാറ് ശതമാനം തൊഴിലില്ലാത്തവരുമുള്ളത്. കേരളത്തില്‍ തൊഴിലിലില്ലാത്തവരുടെ എണ്ണം 1965ല്‍ 1,44,000 ആയിരുന്നത് 1987-88ല്‍ 18,79,000 ആയി ഉയര്ന്നു. കേരളത്തിലെ തൊഴില്‍രഹിതര്‍ കൂടുതലും വിദ്യാസമ്പന്നരാണ്’. 2004ല്‍ എത്തിനില്ക്കുമ്പോള് ഇതിനേക്കാള്‍ എത്രയോ കൂടുതലാണ് കേരളത്തിലിപ്പോള്‍ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ എന്നുകാണാം. ഈ അവസ്ഥയെ യഥാതഥമായി ജോസഫ് താരമംഗലം ചിത്രീകരിക്കുന്നത് കാണുക :
‘1989 ല്‍ കേരളാ പബ്ളിക് സര്വീസ് കമ്മീഷന്‍ (ബസ്) കണ്ടക്ടര്മാരുടെ കുറച്ച് ഒഴിവുകളിലേക്ക് ഒരു അറിയിപ്പ് കൊടുത്തു. ഹൈസ്കൂള്‍ ഡിപ്ളോമ മാത്രം മിനിമം യോഗ്യത വേണ്ടിയിരുന്ന ഈ ജോലിക്ക് വേണ്ടി കമ്മീഷന് 2,68,000 അപേക്ഷകളാണ് ലഭിച്ചത്. ഇന്റര്വ്യൂവിന് അര്ഹരായ 6,000 പേരില്‍ 80 ശതമാനം പേര്ക്കും ആവശ്യത്തിലധികം യോഗ്യതകള്‍ ഉണ്ടായിരുന്നു. ഇതില്‍ 20 ശതമാനത്തോളം പേര് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരികളായിരുന്നു(ലേസര്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് ഗവേഷണം നടത്തുന്ന ഒരാളും ഇതില്‍ പെടും)്’.
സനില്‍ എം.എന്‍. (തേഞ്ഞിപ്പലം) പറയുന്നു-“ രാഷ്ട്രം അതിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയുമാണ്. ഇവിടെ യുവാക്കള്‍ അസംതൃപ്തരാണ്. അതോടൊപ്പം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടാക്കുന്ന മടുപ്പ് പുതിയതരത്തില്‍ യുവാക്കള്‍ സംഘടിക്കുന്നതിന് വിമുഖം നില്ക്കുകയും ചെയ്യുന്നു. കലികാലം എന്നുപോലും പറയാന്‍ പറ്റാത്ത ഒരു വല്ലാത്ത കാലമാണിത്”.
ഈ കാലഘട്ടത്തിന്റെ കേരളീയയുവാവ് തികച്ചും അമര്ഷവാനാണ്. ‘ഇത്തരം കാര്യങ്ങള്‍ എന്നോട് ചോദിക്കുന്നതെന്തിനാണ്? സര്വേക്ക് വിവരങ്ങള്‍ കൊടുക്കുന്നതും ഒരു തരം ജോലിയാണ്. ഒരു ജോലി തന്ന് നിങ്ങള്ക്കെന്നെ സഹായിക്കാനാവുമോ? അതിന് പറ്റില്ലെങ്കില്‍ ഇത്തരം സര്‍വേകള്‍ തുടരരുത്’ ( ഫ്രീ പ്രസ് സര്വേയോടുള്ള പ്രതികരണം/ രഞ്ജിത് പി./ കൊല്ലം) എന്നാണ് ഒരു യുവാവിന്റെ ശബ്ദം. ഏറ്റവും അസംതൃപ്തനായ കേരളീയ യുവാവിന് ഇന്ന് ഇങ്ങനെയൊക്കെയേ പ്രതികരിക്കാനാവൂ.
വ്യാവസായികവത്കരണവും ആഗോളവത്കരണവും ആവശ്യപ്പെടുന്ന ചില പ്രത്യേക വിവരം (information)കയ്യിലില്ലാത്തവന് പൊതുവെ സര്വമേഖലകളിലും തഴയപ്പെടുന്നതായി കാണാം. അതുകൊണ്ട് ചില പ്രത്യേകതരം ജോലികള്‍ നേടാനായി അവന് വിവരവൃത്തത്തിലേക്ക് (information sphere) നുഴഞ്ഞുകയറേണ്ടതായി വരികയാണ്. പ്രൊഫഷണലിസത്തിന്റെ വരവോടെ ഉയര്ന്ന വിദ്യാഭ്യാസമെന്നത് പണക്കാര്ക്ക് മാത്രം പ്രാപ്യമാകുന്ന ഒന്നായും മാറി.
കാണാന്‍ സ്വപ്നങ്ങളെങ്കിലും ബാക്കിയുള്ളതുകൊണ്ടാണ് ഈയൊരവസ്ഥയില്‍ ജീവിച്ചുപോകുന്നതെന്ന് നമ്മുടെ യുവാക്കളില്‍ ഏറിയ കൂറും ഉറപ്പിച്ചുപറയുന്നു. സ്വപ്നങ്ങളാണ് ആശ്വാസം/ പ്രതീക്ഷ/ താങ്ങ് എന്നൊക്കെ അവര്‍ വിശ്വസിക്കുന്നു. ജീവിതത്തെക്കുറിച്ച് തീരെ സ്വപ്നങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ പറ്റാത്ത ഒരു കൂട്ടരും ഇവര്ക്കിടയിലുണ്ട്. ‘ജീവിതം സ്വപ്നങ്ങള്‍ കാണാനുള്ളതല്ല’ എന്ന് അവരില്‍ ചിലരെങ്കിലും ശാഠ്യത്തോടെ വിശ്വസിക്കുന്നുണ്ട്. ചിലര്‍ ‘കണ്ടിട്ടെന്താ?’ എന്ന് മറുചോദ്യം ചോദിക്കുന്നു. എന്നാല്‍ സ്വപ്നങ്ങള്‍ കാണാന്‍ കഴിയാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത ഒരു വലിയ കൂട്ടര് ഇവിടെയുണ്ടെന്നതും ശ്രദ്ധേയമാണ്. അവര്ക്ക് അക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയുന്നുമില്ല.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജോലിയില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്ന വലിയൊരു ഭാഗം തീര്ച്ചയായും തങ്ങള്‍ ആഗ്രഹിച്ച തൊഴിലിടങ്ങളില്‍ എത്തപ്പെട്ടവരല്ല. അല്ലെങ്കില്‍ തങ്ങള്‍ യോഗ്യതക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന് (under employment) അവര്‍ വിശ്വസിക്കുന്നു. ഇവിടെയും അഭിപ്രായമില്ലാത്ത കൂട്ടരുണ്ട്. ഒന്നും നടക്കുന്നില്ലെന്നും ആരും മനസിലാക്കുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നും ഇവര്‍ കരുതുന്നു. (ഫ്രീ പ്രസ് സര്വേ ഫലം നോക്കുക). ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ പിഴുതുമാറ്റുന്ന അവസ്ഥയാണത്.
കേരളത്തിലെ യുവതയെക്കുറിച്ച് പറയുകയാണെങ്കില്‍ ഏറെ സത്യമായ ഒരു കാര്യം അസംതൃപ്തിയും ആത്മഹത്യയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ്. കാര്ഷികമേഖലയുടെ നട്ടെല്ലൊടിയുമ്പോള്‍, വരള്ച്ച മൂലം വയനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ യുവാക്കളായ കര്‍ഷകര്‍ ഇതില്‍ പെടുന്നുണ്ട് എന്നു കാണാം. നിരാശ പൂണ്ട കേരളയുവത്വത്തിലെ കുറേപ്പേര് ഇപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു.
“ ഇവിടുള്ള ഭൂരിഭാഗം കര്ഷകരും യുവാക്കളാണ്. ബിരുദവും പിജിയുമൊക്കെ കഴിഞ്ഞ് ഇവര്‍ ഇറങ്ങുന്നത് കൃഷിയിടങ്ങളിലേക്കാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ വമ്പിച്ച വിലത്തകര്ച്ച തോട്ടം മേഖലയിലെ കര്ഷകരെ കൃഷിയില്‍ നിന്നകറ്റുകയാണ്. കര്ഷക യുവാക്കള്‍ ഇന്ന് തീര്ത്തും അസംതൃപ്തരാണ്്”- ഫങ്ഷണല്‍ ഇംഗ്ളിഷില്‍ ബിരുദം നേടിയതിനു ശേഷം കൃഷിയിലേക്കു കടന്ന വയനാട്ടിലെ വഞ്ഞോടു നിന്നുള്ള വിനു ജോസഫ് പറയുന്നു.
ചില യുവാക്കളുടെ പ്രശ്നം പങ്കാളികളെ കണ്ടെത്താന്‍ കഴിയാത്തതാണ്. പലര്ക്കും നല്ല സുഹൃത്തുക്കള്‍ ഇല്ല. കഷ്ടനേരങ്ങളില് അഭയമോ കൈത്താങ്ങോ ആവേണ്ട ഒരാള്‍/ ഒരുവള്‍ ഉണ്ടാവാനില്ലാത്തിടത്ത് ആത്മഹത്യയുടെയും അത്തരം പ്രവണതകളുടെയും തോത് വര്ധിക്കുന്നു.
<3> “കേരളത്തിലെ ദളിത് യുവാവിന്റെ/ യുവതിയുടെ കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്. മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് അവര്ക്ക് സുഹൃത്തുക്കള്‍ ഉണ്ടാവുന്നില്ല. അവന്റെ അസംതൃപ്തികള്ക്കും നിരാശകള്ക്കും പരിഹാരം നല്കാന് ഒരു തുണയുമില്ല. മുത്തങ്ങ സംഭവം തന്നെ നോക്കൂ. അതിനുശേഷം ആദിവാസികളെ പൊതുസമൂഹം ഓടിച്ചുകൊണ്ടിരിക്കുന്നു”.
(സനില്‍ എം.എന്‍./ ഗവേഷകന്‍/ തേഞ്ഞിപ്പലം)
നമ്മുടെ സമൂഹത്തെ അതിന്റെ തരംതിരിവുകളില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പകരം/ ബദല്‍ സമ്പ്രദായത്തിന്റെ ഉദയമാണ് പല യുവാക്കളുടെയും ഇന്നത്തെ സ്വപ്നം. ഇന്നത്തെ സാമൂഹ്യവ്യവസ്ഥ പാടെ മാറ്റാതെ ഈ അസംതൃപ്തികള്‍ ഒടുങ്ങുന്നില്ലെന്നും അവര്ക്കഭിപ്രായമുണ്ട്.
ഈ നിരാശയുടെയും അസംതൃപ്തികളുടെയും പ്രതിഫലനമാണ് സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍. അതിക്രമങ്ങള്‍ ഇവിടെ അവസരങ്ങള്ക്ക് ചേരും വിധം ന്യായീകരിക്കപ്പെടുകയും ചെറുപ്പക്കാര്‍ ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്യുന്നു. അരാഷ്ട്രീയവത്കരിക്കപ്പെട്ട യുവ ജനത യഥാര്ത്ഥ രാഷ്ട്രീയത്തില്‍ നിന്ന് വഴി തിരിഞ്ഞ് ഗുണ്ടാരാഷ്ട്രീയത്തില് എത്തിപ്പെടുന്നതും ഇങ്ങനെയാണ്.
നിരാശ പൂണ്ട ജനതക്ക് അതില്‍ നിന്നൊളിച്ചോടാനായി പല മാര്ഗങ്ങളെയും അവലംബിക്കേണ്ടി വരുന്നു. പലരും ടി.വി.ക്കുമുന്നില്‍ ഇരുന്നോ മറ്റു വിനോദോപാധികളില്‍ മനസു താഴ്ത്തിയോ രക്ഷപ്പെടാനുള്ള ഒരു വിഫല ശ്രമം നടത്തുകയാണ്് പതിവ്.
വയലന്സ് നിറഞ്ഞ ടി.വി. സീരിയല്‍ / സിനിമാ രംഗക്കൊഴുപ്പുകള് യുവാക്കളുടെ ആവേശത്തെയും ചോരത്തിളപ്പിനെയും ഒരു പരിധിവരെ സംതൃപ്തിപ്പെടുത്തുകയും (സീരിയലിലെ/ സിനിമയിലെ നായകന് അനീതികള്‍ക്കെതിരെ പോരാടുന്നത് കണ്ട് സ്വയം പോരാടുന്നതായി കരുതല്‍) ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയിലേക്ക് (passiveness) അവരെ തളര്ത്തിയിടുകയും ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.(മയക്കു മരുന്ന് തന്നെയാണ് ടി.വി. ആരും വ്യത്യസ്തരാവാതിരിക്കാന് അത് സദാ ശ്രദ്ധിക്കുന്നു. നമുക്ക് ആശങ്കയുണ്ടെങ്കില്‍ തന്നെ അതിനെയൊക്കെ മയക്കിക്കിടത്താന്‍ ടി.വി.ക്കാകും. ഒറ്റപ്പെട്ട ജീവിതത്തെ കപടമായി സാന്ത്വനിപ്പിക്കുന്നു അത് : ജെറി മാന്ഡര്‍)
ചില കൂട്ടര് ഈ നിരാശയെ ഉള്ളിലൊതുക്കുകയും മതം, ഈശ്വരവിശ്വാസം, തുടങ്ങിയ അഭയകേന്ദ്രങ്ങളില്‍ സ്വയം സമര്പ്പിക്കുകയും ചെയ്യുന്നു. ‘സംതൃപ്തി നല്‍കുക’ എന്ന ലക്ഷ്യം ഇവിടെയും പൂര്ത്തീകരിക്കപ്പെടുന്നില്ല. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള വെറും താല്ക്കാലിക രക്ഷപ്പെടല്‍ മാത്രമാണിവിടെ നടക്കുന്നത്.
സമൂഹത്തിലെ മൂല്യങ്ങള്‍ തന്നെ മാറിക്കൊണ്ടിരിക്കുമ്പോള്‍ ഏത് മൂല്യങ്ങള്ക്കാണ് വില നല്കേണ്ടതെന്ന സംശയത്തിലാണ് പുതിയ യുവത. സുഖം ലക്ഷ്യമാക്കി നീങ്ങുന്ന അവരുടെ ജീവിതം സങ്കല്പങ്ങള്ക്ക് വളരെ ദൂരെ മാത്രമാണ് എത്തി നില്ക്കുന്നത്. അതുണ്ടാക്കുന്ന നിരാശയും അവരെ കുഴക്കുന്നുണ്ട്.
<4> “ഉപ്പയും ഉമ്മയും എന്റെ ചെറുപ്പത്തിലേ ഗള്ഫിലാണ്. സ്നേഹമെന്തെന്ന് ഞാനറിഞ്ഞിട്ടില്ല. ധാരാളം പണം, കൂട്ടുകാര്‍ - ഞാന്‍ ജീവിതം ആഘോഷിക്കാന്‍ ശ്രമിക്കുകയാണ്. ജീവിതത്തില്‍ ആരെങ്കിലും ആയിത്തീരണമെന്ന ഒരാഗ്രഹവുമില്ല. ഇങ്ങനെയങ്ങ് ജീവിച്ചാല്‍ മതി.”
(താഹിറാ റഹ്മാന്‍/ തൃശൂര്‍ )
ജീവിതം ഒരാഘോഷമാക്കാന്‍ ശ്രമിക്കുന്നു പണക്കാരായ ചില യുവാക്കളെങ്കിലും. എന്നാല്‍ ഇത് ഒരു ശ്രമം മാത്രമായിത്തീരുകയാണ്. ‘സ്നേഹം’ കിട്ടാതാവുന്ന തലമുറക്ക് പണക്കൊഴുപ്പ് നല്കുന്ന താല്ക്കാലിക സന്തോഷമാണ് ജീവിതം അഥവാ ആഘോഷം. കൂടുതല്‍ സുഖങ്ങള്‍ക്കും ഭൗതികസമ്പത്തുക്കള്ക്കും പിറകേ പായുന്ന മാതാപിതാക്കള്‍ മക്കളെ അവര്‍ വളര്‍ന്ന് ഒരു യുവതിയോ യുവാവോ ആയ കാര്യമോര്ക്കാതെ ജീവിതത്തില്‍ നിന്ന് ദൂരെ നിര്ത്തുന്നു.
പുതിയ ട്രെന്ഡുകള്ക്കൊത്ത് ജീവിക്കാന്‍ കഴിയാത്ത യുവാവിനെ / യുവതിയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് താന്‍ മാറ്റിനിര്‍ത്തപ്പെടുമോ എന്ന ഭയമാണ് ഭരിക്കുന്നത്. ആ വിഭാഗ(class)ത്തിലേക്ക് കയറിപ്പറ്റാനായി അവന് പല വേഷങ്ങളും അണിയേണ്ടിവരുന്നു. അങ്ങനെ ആവശ്യത്തിനനുസരിച്ച് വരുമാനങ്ങളില്ലെങ്കിലും (കേരളത്തിലെ ജനങ്ങള്ക്ക് ആളോഹരി വരുമാനം കുറവായിരുന്നിട്ടും കൂടി താരതമ്യേന ഉയര്ന്ന ജീവിത സാഹചര്യങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്: സി.ഡി.എസിന്റെ പഠനം). ഒരു മൊബൈല്‍ ഫോണ്‍ കൂടി സ്വന്തമാക്കേണ്ടി വരുന്നു. മാസം തോറും അതിന്റെ ബില്ലടക്കാനായി / കാര്ഡിടാനായി ഓടി നടക്കേണ്ടിവരുന്നു. (കേരളീയ യുവാക്കളില്‍ ഏറിയ കൂറും തങ്ങള്ക്ക് മൊബൈല്‍ ഫോണില്ലാത്തതിനാല്‍ ദുഃഖിതരാണ്- സര്വേ ഫലം).
‘ചൂരല്‍ പിടിച്ച് പേടിപ്പിക്കുന്ന’ കേരളത്തിലെ ലൈംഗികസംസ്കാരം ലൈംഗികമായി അസംതൃപ്തരായ യുവാക്കളെ പല വൈകൃതങ്ങള്ക്കും പ്രേരിപ്പിക്കുന്നുണ്ട്. അവന്റെ അടിച്ചമര്ത്തപ്പെട്ട ലൈംഗികത ബസില്വെച്ചുള്ള അസംതൃപ്തനായ ഒരുവന്റെ വികാരപ്രകടനമായി പലപ്പോഴും തരംതാഴുന്നതും അതുകൊണ്ട് തന്നെ. ഒരു സ്ത്രീ എന്ന നിലയില്‍ പകല്‍ നേരത്തുപോലും വഴി നടക്കാന്‍ കഴിയാത്തതില്‍ നിരാശ കൊള്ളുന്ന അനുശ്രീ എം.എസിനെ (ഗവ.വിമന്സ് കോളജ്,തിരുവനന്തപുരം) പോലുള്ളവര്‍ നമുക്കിടയിലിപ്പോഴും ഉണ്ട് എന്നുള്ളത് ഗൗരവപൂര്വം ചര്ച്ച ചെയ്യേണ്ട ഒരു വസ്തുതയാണ്.
ഇവിടെ യുവാക്കളുടെ പ്രശ്നം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അന്വേഷിക്കാനോ അതിനുപരിഹാരം കാണാനോ രാഷ്ട്രീയപാര്ട്ടികള്ക്ക് സമയമില്ല. സംഘം ചേരാനും അണിയാവാനും വോട്ടുബാങ്കില്‍ എണ്ണപ്പെടുത്താനും മാത്രമേ കേരളത്തിലെ യുവാക്കളെ രാഷ്ട്രീയക്കാര്ക്കാവശ്യമുള്ളൂ. കേരളത്തിലെ ഭൂരിഭാഗം യുവാക്കളും ഇതില്‍ അമര്‍ഷമുള്ളവരാണ്.
മാതൃകാവ്യക്തിയാരെന്ന് ചോദിച്ചാല്‍ ഹിറ്റ്ലറെ ചൂണ്ടിക്കാണിക്കാന്‍ തയാറാവുന്ന ഒരു യുവത്വം നമുക്കുമുന്നിലുണ്ട്. അപൂര്വം ചിലര്‍ യേശുക്രിസ്തുവിനെയോ വാന്ഗോഗിനെയോ അംബേദ്കറെയോ സ്വന്തം മാതാപിതാക്കളെയോ മാതൃകാവ്യക്തികളായി തെരഞ്ഞെടുക്കുന്നു. ‘എന്റെ മാതൃക ഞാന്‍ തന്നെ’ എന്നുപറയുന്ന യുവാവ് പോലും ഭാവിയെക്കുറിച്ച് അത്ര ആത്മവിശ്വാസിയല്ല.
തങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും പറയാനായി യുവാക്കള്ക്കാവുന്നില്ലെന്നത് ഏറെ സങ്കടകരമാണ്. സര്വേ സമയത്ത് ഞങ്ങള്ക്കൊരു പ്രശ്നവുമില്ല എന്ന മട്ടിലാണ് ആദ്യം പലരും പ്രതികരിച്ചത്. എന്നാല്‍ കൂടുതല്‍ അടുപ്പത്തോടെ സംസാരിച്ചപ്പോള്‍ തങ്ങളുടെ യഥാര്ത്ഥ പ്രശ്നമെന്തെന്ന് തുറന്നു പറയാന്‍ പലരും തയ്യാറായി. ‘എന്തുപറയാന്‍, മിണ്ടാതിരിക്കുന്നതാണ് ഭംഗി’ എന്ന് ചിലര്‍ കരുതുമ്പോള്‍ ‘എന്തൊക്കെയോ പറയണമെന്നുണ്ട്... പറയാന്‍ കഴിയുന്നില്ല...’ എന്ന് വേപഥു കൊള്ളുന്നവരും യുവാക്കള്ക്കിടയിലുണ്ട്.
കപടലോകത്തില്‍ ആത്മാര്‍ത്ഥമായ ഹൃദയമുണ്ടായത് പരാജയമായി വയനാട്ടിലെ ഒരു യുവപത്രപ്രവര്ത്തകന് എടുത്തുകാട്ടുന്നു. ‘പെട്ടെന്ന് മരിക്കണം’ എന്നുപറയുന്ന ഒരു യുവാവും നമുക്കിടയില്‍ ഇപ്പോള്‍ ജീവനോടെയുണ്ട്. ഭൂമിയിലെ മനുഷ്യര്ക്കും കുഞ്ഞുങ്ങള്ക്കും നന്മയും സംരക്ഷണവും നല്കാന് ഭരണകര്‍ത്താക്കള്‍ക്കും ആള്ദൈവങ്ങള്ക്കും കഴിയാത്ത പക്ഷം ദൈവം എന്ന അദൃശ്യശക്തിയുടെ പിറവി തന്നെ സ്വപ്നം കാണുന്നവരും കുറവല്ല.
‘യൗവനം’ എന്നത് ക്ഷുഭിതമായ ഒരു വാക്കാണ് എന്ന് പണ്ടെന്നോ നമ്മള് പറഞ്ഞിരുന്നു എന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചൂടും ചൂരും ഇല്ലാതായിപ്പോയ യുവാക്കള്ക്ക് ഒന്നും പറയാനില്ലാതെയാവുന്നത് അതുകൊണ്ടുതന്നെ. അഭിപ്രായം പറയുക എന്നത് വ്യക്തിത്വത്തിന്റെ (individuality) ഒരു ഭാഗമാണെന്നിരിക്കെ പല ചോദ്യങ്ങള്‍ക്കും ‘അറിയില്ല/ അഭിപ്രായമില്ല’ എന്ന ഒഴുക്കന്‍ മട്ടില്‍ പ്രതികരിക്കുന്ന ഒരു നല്ല കൂട്ടം യുവാക്കള്‍ നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട് എന്നത് തീര്ച്ചയായും ഞെട്ടിപ്പിക്കുന്നതാണ്. ഒരാള്ക്ക് അഭിപ്രായമില്ലാത്തിടത്ത് അയാളുടെ വ്യക്തിത്വം നഷ്ടപ്പെടുകയാണ്. നമ്മുടെ യുവജനങ്ങള്ക്ക് വ്യക്തിത്വം ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ?.
സ്വാതന്ത്ര്യസമരകാലത്ത് വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും സമരമുഖത്തേക്ക് തിളക്കുന്ന ശബ്ദങ്ങളുമായി പുറത്തിറങ്ങിയത് യുവാക്കളാണെങ്കില്‍ ഇന്നത് ഒരു പഴങ്കഥയാണ്. അരാഷ്ട്രീയവല്ക്കരിക്കപ്പെട്ട യുവമനസിന് എല്ലാ പ്രതിഷേധങ്ങളില്‍ നിന്നും മാറി നില്ക്കാനാണ് ഇന്നിഷ്ടം. പല സമരങ്ങളിലും പ്രകടനങ്ങളിലും ഇന്നവര്‍ പേരിന് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആളുകള്‍ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഉള്വലിയുന്നതാണ് ഇത്തരത്തിലുള്ള കൂട്ടായ്മകളെ അസാധ്യമാക്കുന്നത്. സംഘടിതമായി കാര്യങ്ങളെ അഭിമുഖീകരിക്കാന്‍, ഭീഷണികളെ ചെറുക്കാന്‍ നമ്മുടെ യുവതയ്ക്ക് ഇന്നാവുന്നില്ല. നിന്റേത്, എന്റേത്... എന്നിങ്ങനെയുള്ള തരംതിരിക്കലുകളെ അടിസ്ഥാനമാക്കിയാണ് അവരുടെ ജീവിതം നീങ്ങുന്നത്. ഇവിടെ നമ്മുടെ, ഞങ്ങളുടെ... എന്ന മനോഭാവം ഇല്ലാതാവുകയും ഒരു കൂട്ടായ്മയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത അവര്ക്കില്ലാതെ പോവുകയുമാണ്. “കടയില്‍ വെച്ചിരിക്കുന്ന ഒരു സോപ്പ് പാക്കറ്റ് അതുപയോഗിക്കാന്‍ ഒരു വ്യക്തിയെ കാത്തിരിക്കുന്നത് പോലെ വളരെ individualistic ആവുകയാണ് ഇന്നത്തെ മലയാളി യുവാവ്.്” - വയനാട്ടുകാരനായ ജോസ് പറയുന്നു. കമ്പോളവല്ക്കരിക്കപ്പെട്ട ലോകത്ത് തൊഴിലില്ലായ്മ, വിശ്വാസമില്ലായ്മ, നിരാശ. തുടങ്ങിയവയെല്ലാം ചേര്ന്ന് അവന് വല്ലാത്ത ഒരു ഡിപ്രഷന്റെ അവസ്ഥയില്‍ എത്തിച്ചേരുന്നുമുണ്ട്.
ആഗോളവത്കരണത്തിന്റെ വളര്ച്ച ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് നമ്മുടെ ഭരണകൂടങ്ങളെ നിരന്തരം നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതെല്ലാം സ്വകാര്യ മേഖലകള്‍ നോക്കിക്കൊള്ളും എന്ന മട്ട് അതോടെ ഇവിടെയും വന്നെത്തി. കേരളത്തിലെ സാമ്പത്തികമേഖലയെ താങ്ങിനിര്‍ത്തുന്നതില്‍ കാര്‍ഷികമേഖലക്കുള്ള പങ്ക് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. എന്തെന്നാല്‍ ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ വ്യവസായങ്ങള്ക്കുവേണ്ടുന്ന പണം പോലും സമാഹരിക്കുന്നത് കാര്ഷികമേഖലയെ ആശ്രയിച്ചാണെന്നുകാണാം. ആ കാര്ഷികമേഖലയാണ് ഇന്ന് കേരളത്തില്‍ തകര്ന്നു കിടക്കുന്നത്.
കാര്ഷികരംഗത്ത് സമഗ്രമായ പുരോഗതി നടപ്പിലാക്കി നമ്മുടെ സമ്പദ്വ്യവസ്ഥയെ ശാസ്ത്രീയമായി പുനസംഘടിപ്പിക്കാത്ത പക്ഷം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഒടുങ്ങില്ലെന്നും അതുമായി ബന്ധപ്പെട്ട യുവാക്കളുടെ അതൃപ്തികള്‍ തുടരുമെന്നും സാമൂഹ്യ ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നു.
സമൂഹസമ്മര്ദ്ദങ്ങള്ക്ക് വിധേയപ്പെട്ട് കഴിയേണ്ടിവരികയാണ് യുവാവിന്റെ / യുവതിയുടെ ശിഷ്ടജീവിതം. ഭരണകര്ത്താക്കളോടും വീട്ടുകാരോടും മതത്തോടുമുള്ള അമര്ഷമാണ് ഇവരുടെ ഈ ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്നത്. യുവാക്കളില്‍ സിംഹഭാഗവും പ്രതിസ്ഥാനത്തുനിര്ത്തുന്നത് ഭരണകൂടങ്ങളെത്തന്നെയാണ്. ‘ജാതകം നോക്കാതെ പെണ്ണുതരാത്ത വീട്ടുകാരോട്’ അമര്‍ഷം പ്രകടിപ്പിക്കുന്നവനും ഈ അസംതൃപ്തിയുടെ ഭാഗമാണ് (സര്‍വേയില്‍ നിന്നുള്ള ഒരു പ്രതികരണം).
തീവ്രമായ മാനസികസംഘര്ഷം മനസില്‍ കൊണ്ടുനടക്കുമ്പോഴും ആരോഗ്യകരമല്ലാത്ത പലതരം വഴികളിലൂടെ അതിനെ ലഘൂകരിക്കാന്‍ ശ്രമിച്ചു ശ്രമിച്ച് നമ്മുടെ യുവാക്കള്‍ മറ്റൊരു ആഘാതത്തില്‍ ചെന്നുപെടുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ? എന്താണ് പ്രശ്നം? എന്നന്വേഷിക്കുന്ന ഒരു സമൂഹത്തിന്റെ നിര്മാണമാണ് പരിഹാരമായി കാണാന്‍ പറ്റുന്നത്. ഇല്ലെങ്കില്‍ സമൂഹത്തിന് അറിയാത്ത (alienated) ഒരു കൂട്ടരായി നമ്മുടെ യുവത്വം തുടരുക തന്നെ ചെയ്യും. ശാസ്ത്രീയമായി ഇവയെല്ലാം വിശകലനം ചെയ്യാനും ബദലുകള്‍ തേടാനുമുള്ള സമയം ഇനിയും വൈകിയിട്ടില്ല.
കുറിപ്പുകള്
1. ജോസഫ് താരമംഗലം, കേരളത്തിന്റെ വികസനത്തകര്ച്ച, സംവാദം, ലക്കം 2. ജൂലായ് - ആഗസ്റ്റ്, 1999.
2.Taramangalam, Joseph (2000) “The Perils of Social Development Without Economic Growth, The Development Debacle of Kerala, India”, in www.igc.org, (February,19, 2002).
3. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, പോവര്ട്ടി, അണ്എംപ്ലോയ്മെന്റ് ആന്റ് ഡെവലപ്മെന്റ് പോളിസി, എ കേസ് സ്റ്റഡി ഓഫ് സെലക്ടഡ് ഇഷ്യൂസ് വിത്ത് റഫറന്സ് റ്റു കേരള (ന്യൂയോര്ക്ക്, 1975)
4.ജെറി മാന്ഡര്‍, ടി.വി.ക്കെതിരെ നാലു ന്യായങ്ങള്‍, (വിവ: കബനി), വചനം ബുക്സ്, കോഴിക്കോട്, 2001.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ