First published in Free Press, July 2004
ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ള നാട്ടില്‍ നിന്ന് ചില A കാഴ്ചകള്
ജെ. ഉണ്ണി
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ കൂടുതല്‍ കാലം ഇന്നാട്ടില് തങ്ങിനില്ക്കണമെങ്കില് എന്തുചെയ്യണമെന്ന് തലപുകഞ്ഞാലോചിക്കവെയാണ് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് ദൈവത്തെ കൂട്ടുപിടിച്ചത്, തൊണ്ണൂറുകളുടെ തുടക്കത്തില്‍. അങ്ങനെ കൊച്ചിയിലെ ‘മുദ്ര’ എന്ന പരസ്യക്കമ്പനിയിലെ ബുദ്ധിശാലിയായ കോപ്പിറൈറ്ററുടെ പേനത്തുമ്പിലൂടെ കേരം തിങ്ങും കേരള നാടിന്റെ നെഞ്ചത്ത് സര്വ്വശക്തനും സര്വജ്ഞനും നിരാകാരനുമായ ദൈവം ‘God’s Own Country’ എന്ന് ഓട്ടോഗ്രാഫ് ചെയ്തുകൊണ്ട് ഈ നാടിന്റെ ബ്രാന്ഡ് അമ്പാസഡറായി. ആയുര്വേദം, മസാജ് പാര്ലര്‍, കെട്ടുവഞ്ചി, വള്ളംകളി, കഥകളി തുടങ്ങിയവയുമായി അങ്ങനെ ഈ ‘മഹാപൈതൃകം’ ദൈവത്തിന്റെ സ്വന്തം നാടായി. ദൈവം ഓട്ടോഗ്രാഫ് ചെയ്തതിന് ശേഷം പത്തിലേറെ വര്ഷം കഴിഞ്ഞപ്പോള്‍, 2004 ജനുവരിയില്‍ മന്ത്രി കെ.വി.തോമസ് കപ്പയും മീന്കറിയും അന്താരാഷ്ട്ര മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവരം സസന്തോഷം പ്രസ്താവിച്ചു. അങ്ങനെ കേരളത്തിന് ദേശീയോത്സവം, ദേശീയപുഷ്പം, ദേശീയ മൃഗം, ദേശീയ പക്ഷി ഇത്യാദിയോടൊപ്പം അന്തര്ദ്ദേശീയ ഭക്ഷണവുമായി.
കാലം ആഗോളവത്കരണത്തിന്റേതായി. മൈതാനങ്ങള്‍ നിറയെ ആഗോളവത്കരണ വിരുദ്ധ പ്രസംഗങ്ങളും. അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ നിന്നെന്ന പോലെ മന്മോഹന്സിങ്ങിന്റെ തലപ്പാവില്‍ നിന്ന് ഭൂതങ്ങളോരോന്നായി വിടുതല്‍ നേടി. ഇന്ത്യ ഗാട്ട് കരാറില്‍ ഒപ്പിട്ടു. റബ്ബറിന്റെ നട്ടെല്ലൊടിഞ്ഞു, ഉള്ളിയുടെ വില ഇടയ്ക്കിടെ കുതിച്ചുകയറി. ധാന്യശേഖരം കുമിഞ്ഞു കൂടുകയും ‘സര്പ്ലസാ’യത് കടലില്‍ തള്ളുകയും ചെയ്തു. വടക്കേയിന്ത്യയില്‍ ഗ്രാമീണര്‍ പലപ്പോഴും വറുതിയിലായി. മഹാരാഷ്ട്രയില്‍ എന്റോണ്‍ വന്നു, കണ്ടു, പക്ഷേ കീഴടങ്ങി. ബാബ്റി പള്ളി പൊളിച്ചു. കാര്ട്ടൂണിസ്റ്റ് ബാല്താക്കറെ ഇടയ്ക്കിടെ കലിതുള്ളി. നര്‍മദയില്‍ ആദിവാസികള്‍ കഴുത്തറ്റം വെള്ളത്തിലായി. ആന്ധ്രയിലെ ജനങ്ങള്ക്ക് മുഖ്യമന്ത്രിക്ക് പകരം ഒരു സി.ഇ.ഒ.യെ ലഭിച്ചു. അയാള്ക്ക് പിന്നെ പടം മടക്കേണ്ടി വന്നു. ജലക്ഷാമം പരിഹരിക്കാന്‍ നദികളെ തമ്മില്‍ ബന്ധിപ്പിക്കണമെന്ന് അടല്ജിക്ക് ഉള്വിളിയുണ്ടായി. ഇന്ത്യ തിളങ്ങുകയാണെന്ന് ലാല്‍ കിഷന് അദ്വാനിക്കും, അരുണ്‍ ജെയ്റ്റ്്ലിക്കും, വെങ്കയ്യ നായിഡുവിനും വേണ്ടി പരസ്യസ്ഥാപനമായ ഗ്രേ വേള്ഡ് വൈഡിന് തോന്നി - ഗോധ്ര, ഗുജറാത്ത്, ഗ്രഹാം സ്റ്റെയിന്സ് അഥവാ feel good factor. തൊഴിലാളി നാവടക്കി പണിയെടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചു.
കേരളവും മോശമായില്ല. ഈ നാട് ഒരു model (മാതൃക) അല്ലെന്നും experience (അനുഭവം) മാത്രമാണെന്നും അമര്ത്യസെന്നിനു തോന്നിയതുപോലെ പലര്ക്കും തോന്നി. ഇങ്ക്വിലാബ് സിന്ദാബാദിന് ഒരു പുതിയ പരിഭാഷയുണ്ടായി - ഐ.ടി, ബി.ടി, എം.ടി അഥവാ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍. കൂണും, എസ്.ടി.ഡി. ബൂത്തും പോലെ കംപ്യൂട്ടര്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പൊട്ടിമുളച്ചു. കോള്‍ സെന്ററുകള്‍ പെറ്റുപെരുകി.
അതിനിടെ കരുണാകരന് പകരം ആന്റണി മുഖ്യനായി. ഇ.കെ. നായനാരുടെ മകളുടെ കല്യാണം കഴിഞ്ഞു. സ്വന്തം പിതാക്കളാല്‍ ഉദ്ബുദ്ധരായി കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍, ഷിബു ബേബി ജോണ്‍, ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ ജനസേവനത്തിനായി സ്വജീവിതം രാ്രഷ്ടീയവത്കരിച്ചു.
ജനകീയാസൂത്രണം വന്നു. എം.എന്‍. വിജയന്‍ ‘പാഠം’ മാസികയുടെ പത്രാധിപരായി. മലയോരത്തും തീരദേശത്തും വറുതിയായി. വി.എസ്.അച്യുതാനന്ദന് ഗ്രീന്‍ പൊളിറ്റിക്സ് തിരിച്ചറിഞ്ഞു. പി. ഗോവിന്ദപിള്ള ഭാഷാപോഷിണിയ്ക്ക് അഭിമുഖം നല്കി. തറവാട്ടുസ്വത്ത് ഭാഗം വയ്ക്കുന്ന ലാഘവത്തോടെ കെ. വേണു താന്‍ സെക്രട്ടറിയായിരുന്ന വിപ്ലവപാര്ട്ടി പിരിച്ചുവിട്ടു. ഭക്ഷണത്തിനും യൂണിഫോമിനും പൈസയില്ലാതെ കേരളത്തില്‍ ‘എവിടെയോ’ വേളാങ്കണ്ണിയെന്ന പെണ്കുട്ടി ആത്മഹത്യ ചെയ്തു. കേരളം അങ്ങനെ ഒരുഗ്രന്‍ കാര്‍ണിവല്‍ മൈതാനമായി - മരണക്കിണര്‍, ബലൂണ്‍ വില്പനക്കാരന്, പാവകളി, ഒന്നുവെച്ചാല്‍ പത്ത്, വെയ് രാജാ വെയ്.
ജിംനേഷ്യത്തില്‍ സംഭവിച്ചത്
കേരളത്തില്‍ വ്യവസായമില്ലെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും അതൊക്കെ പരിഹരിച്ച് പുരോഗമനം സാധ്യമാക്കണമെങ്കില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന അവസാന ബസില്‍ കേരളം ഇടിച്ചുകയറണമെന്നും മുഖ്യനായ ആന്റണി, കുഞ്ഞാലിക്കുട്ടി മുതല്പ്പേര്ക്ക് തോന്നിയപ്പോഴാണ് സര്‍ക്കാര്‍ ചെലവില്‍ കുറച്ച് കാലം മുമ്പ് ഒരു ജിംനേഷ്യം നടത്തിയത്. ഏതായാലും ഈ ജിംനേഷ്യത്തിലൂടെ മലയാളിയുടെ നിഘണ്ടുവിലേക്ക് ധാരാളം പദങ്ങള്‍ മുതല്‍ക്കൂട്ടായി. എന്തിനെക്കുറിച്ച് സംസാരിക്കുമ്പോഴും അവന്‍/അവള്‍ MoU, Feasibility Study, Consultancy, Environment Impact Study തുടങ്ങിയ വാക്കുകള്‍ ധാരാളമായി ഉപയോഗിച്ചു. Memorandum of Understanding (MoU), Memorandum of Interest (MoI) എന്നിവയുടെ, മലയാള വിവര്ത്തനമായ ധാരണാപത്രം, താല്പര്യപത്രം എന്നിവ പച്ചപരമാര്ത്ഥമാണെന്നവര് ധരിച്ചുവശായി. എന്നാല്‍ ധാരണയും താല്പര്യവും എന്താണെന്ന് പക്ഷെ, അവര്‍ പതിയെ മനസ്സിലാക്കി - കടലൂറ്റല്‍, കുടിവെള്ളം മുട്ടിക്കല്‍, കരിമണല്‍ വാരല്‍ (പട്ടിക വായനക്കാരന്റെ രാഷ്ട്രീയ ബോധമനുസരിച്ച് വിപുലപ്പെടുത്താവുന്നതേയുള്ളൂ).
ഇന്നാട്ടില് ഒന്നും നടക്കാത്തതിന്റെ കാരണം ജനങ്ങളാണെന്നാണ് വ്യവസായ മന്ത്രിയുടെ നിലപാട്. നിരന്തരമായ ഹര്‍ത്താല്‍ വിദേശ നിക്ഷേപകനെ അലോസരപ്പെടുത്തുന്നുവത്രെ. ഒരു പദ്ധതിയെക്കുറിച്ചും അണുവിട സംശയം പോലും ആരുടെയും മനസ്സിലുണ്ടാവാന്‍ പാടില്ലെന്നും ഇനിയഥവാ ഉണ്ടായാല്‍ തന്നെ അതാരും പുറത്തു പറയേണ്ടെന്നും സമരം ചെയ്യേണ്ടെന്നുമാണ് മന്ത്രിയുടെ വിദഗ്ധാഭിപ്രായം.
അവസാന വണ്ടിയിലേക്ക് ഇടിച്ചുകയറാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍ എന്തുകൊണ്ട് മറ്റൊരു ഭൂഖണ്ഡത്തില്‍ ഇതേപോലത്തെ ഒരവസാന വണ്ടിയുടെ മുന്‍സീറ്റില്‍ സ്ഥാനമുറപ്പിച്ചിരുന്ന ഡീഗോ മറഡോണയുടെ സ്വന്തം അര്ജന്റീന ഉപ്പ് തിന്ന് വെള്ളം കുടിച്ച കഥ ശ്രദ്ധിച്ചില്ല? (സുഹൃത്തേ, ഈ ചോദ്യം ആരോടാണ് ചോദിക്കേണ്ടത്?)
ഒരു അശ്ലീലചിത്രം
ഷക്കീലയോടും കൂട്ടുനടികളോടും മാത്രം ‘അശ്ലീല’ത്തെ ബന്ധപ്പെടുത്തുന്ന മലയാളി സദാചാരബോധത്തെ പല്ലിളിച്ചു കാണിച്ചുകൊണ്ടാണ് ചൂടുപറക്കുന്ന പ്രഭാത കാപ്പിയോടൊപ്പം ഒരു സുപ്രഭാതം കഴിഞ്ഞ വര്ഷം പൊട്ടി വിടര്ന്നത്. അന്നിറങ്ങിയ മലയാളത്തിലെ എല്ലാ വര്ത്തമാനപത്രങ്ങളുടേയും മുന്‍പേജില്‍ ഒരു ചിത്രമുണ്ടായിരുന്നു - മുത്തങ്ങ സമരത്തെത്തുടര്ന്ന് അറസ്റ്റിലായ ശേഷം സി.കെ. ജാനുവിനെ കോടതിയിലേക്ക് കൊണ്ടുവരുന്ന ചിത്രം. മലയാളി വളരെ പെട്ടെന്നു മറന്നുപോയ ചിത്രം. ആ ചിത്രത്തില്‍ ജാനുവിന്റെ ഇടത്തേ കവിള് പൊലീസിന്റെ അടികൊണ്ടു വീര്ത്തിരുന്നു.
ജാനു ആരുമായിക്കൊള്ളട്ടെ. കള്ളവാറ്റുകാരിയോ, കൊള്ളക്കാരിയോ, കരിഞ്ചന്തക്കാരിയോ, കൊലയാളിയോ, എന്‍.ജി.ഒ.കളുടെ കൈയിലെ മരപ്പാവയോ എന്തുമാകട്ടെ. ജാനുവിനോട് രാഷ്ട്രീയമായോ വ്യക്തിപരമായോ ശത്രുത തന്നെയുള്ളവരുമായിക്കൊള്ളട്ടെ നിങ്ങള്‍. അവര്‍ ചെയ്തത് മുഴുവന്‍ വൃത്തികേടാണെന്നും നിങ്ങള്‍ ധരിച്ചുകൊള്ളൂ. എന്നാലും, എന്തുകൊണ്ടാണ് അവിവാഹിതരായ ആദിവാസി പെണ്‍കുട്ടികള്‍ അമ്മമാരാകുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നവര് ആ സ്ത്രീയുടെ മുഖത്തിന്റെ ഒരു വശം അടികൊണ്ട് വീര്ത്തപ്പോള് ഒന്ന് വിമ്മിട്ടപ്പെടുകപോലും ചെയ്യാതിരുന്നത്? ഭരണകൂടം ഒരുളുപ്പും കൂടാതെ മര്ദ്ദനോപകരണമായി പരസ്യപ്പെടുമ്പോള്‍ മലയാളി എന്തുകൊണ്ടാണ് ഒരശ്ലീലച്ചിരിയുമായി നിശബ്ദനായിരുന്നത്?
ജാനുവിനെ തൊട്ടിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും തങ്ങളെത്തും മുമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ ‘പൊതുജന’മാണ് കൈകാര്യം ചെയ്തതെന്നും പൊലീസ് പറയുന്നു. ബത്തേരിയിലെ നാട്ടുകാര്‍ തന്നെ തൊട്ടിട്ടില്ലെന്ന് പക്ഷെ ജാനു.
ജാനു നുണ മാത്രമേ പറയുകയുള്ളുവെന്നും നമ്മുടെ പൊലീസ് എന്നും എപ്പോഴും നീതി മാത്രമേ പ്രവര്ത്തിക്കൂ എന്നും നമുക്ക് വിശ്വസിക്കാം. എന്നാല്‍, വോട്ടുബാങ്കുണ്ടാക്കാനുള്ള തിരക്കില്‍, ഇലക്ഷന് നില്ക്കാനുള്ള തിരക്കില്‍ ജാനുവും എന്നേ ഈ ചിത്രം മറന്നുപോയിരിക്കുന്നു.
വാഹ്! പ്രവീണ്‍ ഭായ്
പ്രവീണ്‍ ഭായ് തൊഗാഡിയക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ശരി, അദ്ദേഹത്തെ പര്വേശ് മുഷറഫിനോട് തുലനം ചെയ്യാതിരിക്കാനാകില്ല. അത്രക്ക് ഹൈടെക്കാണ് അദ്ദേഹം. ദില്ലിയില്‍ നടന്ന ‘ഇന്ത്യാ ടുഡെ കോണ്‍ക്ലേവി’ല്‍ മുഷറഫ് തത്സമയം പ്രസംഗിച്ചു - ഇസ്ലാമാബാദിലിരുന്ന് സാറ്റലൈറ്റ് വഴി. പല പ്രമുഖര്ക്കും ഈ പരിപാടിയുണ്ടത്രെ!
പക്ഷെ ഇത്ര സര്ഗാത്മകമായി ഒരു ജനതയെ സ്തബ്ധരാക്കാന്‍ തൊഗാഡിയക്ക് കഴിഞ്ഞതുപോലെ ആര്ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ. എത്രയെളുപ്പത്തിലാണ് ഇന്ത്യയിലെവിടെയോ ഇരുന്നു തൊഗാഡിയ തീ തുപ്പിയത്. പത്തുമുപ്പത് മിനിറ്റ് നേരം ഘോരഘോരം തിരുവനന്തപുരത്ത് പ്രസംഗിച്ചിട്ടും ... ആന്റണി വിവരമൊന്നറിഞ്ഞോ...
കേരളത്തിന്റെ ഇന്റലിജന്സ് വിഭാഗം ഇന്ത്യയില്‍ ഒന്നാന്തരമാണെന്നാണ് വെപ്പ്. ഈ പഹയന്മാര്ക്ക് ഹിന്ദു ഐക്യവേദിയുടെ സമ്മേളനത്തില്‍ എന്തുനടക്കുമെന്ന് എന്തുകൊണ്ട് അറിയാന്‍ കഴിഞ്ഞില്ല? തൊഗാഡിയ എങ്ങനെ പ്രസംഗിച്ചു - ഫോണ്‍ വഴിയെന്ന് കുമ്മനം രാജശേഖരന്‍, അതല്ല റെക്കോഡ് ചെയ്തതെന്ന് മറ്റൊരു പക്ഷം. ഇത്രയും പ്രശസ്തനായ ഒരാള്‍ എവിടെയെന്ന് ലൊക്കേറ്റ് ചെയ്യാനും നമ്മുടെ രഹസ്യപൊലീസിന് കഴിഞ്ഞില്ലത്രെ! അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ അറിയില്ല. അദ്ദേഹം എവിടെയെന്ന് അറിയില്ല!
മാത്രമോ ക്രമസമാധാനം തകരുമെന്ന കാരണത്താല്‍ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അശരീരി പോലെ വന്ന പ്രസംഗം തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല. മൊബൈലിലാണെങ്കില്‍ അത് ജാം ചെയ്യാനുള്ള സംവിധാനമുണ്ടെന്ന് നമ്മുടെ പൊലീസിനറിയില്ലായിരുന്നോ? ആ സമയത്ത് അതിന് കഴിഞ്ഞില്ലെങ്കില്‍ മാര്‍ഗങ്ങള്‍ മറ്റു പലതുമുണ്ടായിരുന്നല്ലോ.
അറിയേണ്ട കാര്യങ്ങള്‍ മാത്രം അറിയുകയും ഉപയോഗിക്കേണ്ടതുമാത്രം ഉപയോഗിക്കുകയും ചെയ്യുക എന്ന ‘പണി’യാണല്ലോ നമ്മുടെ സര്‍ക്കാരുകള്‍ പൊതുജനക്ഷേമത്തിനായി കാലാകാലങ്ങളായി ചെയ്തുവരുന്നത്. നമ്മുടെ ഇന്റലിജന്‍സുകാര്‍ ചാരക്കേസ് കൈകാര്യം ചെയ്തത് ഓര്ക്കുക. ഒന്നുമില്ലായ്മയില്‍ നിന്ന് കഥകള്‍ നെയ്യുന്ന വിരുത് രണ്ട് വിദേശവനിതകളുടെയും രണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും ജീവിതമാണ് തകര്ത്തത്.
അടിക്കുറിപ്പ്: ഇനി ഏത് മൊബൈല്‍ കമ്പനിയാണ് തൊഗാഡിയയെ ബ്രാന്ഡ് അംബാസിഡറാക്കുക?
വിദേശമലയാളിയോട് ചെയ്യുന്നത്
ഇറാഖിലെ തടവറകളില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ കോപ്രായങ്ങള്‍ ലോകം ഞെട്ടലോടെ കണ്ടുകൊണ്ടിരിക്കെയാണ് ഇക്കഴിഞ്ഞ മെയ്ദിനത്തില്‍ നാല് മലയാളികള്‍ ഇറാഖില്‍ തങ്ങളനുഭവിച്ചതെന്തെന്ന് നമ്മോട് പറഞ്ഞത്.
കുവൈത്തില്‍ ജോലി ശരിയായെന്ന് വിശ്വസിച്ചിരുന്നവര്‍ ഒടുവിലെത്തിച്ചേര്‍ന്നത് ഇറാഖിലെ അമേരിക്കന്‍ താവളങ്ങളിലെ അടുക്കളപ്പുരകളിലായിരുന്നു. നാട്ടിലെ അവരുടെ ഏജന്റുമാര്‍ അവരെ ധരിപ്പിച്ചത് കുവൈത്തിലെ ജോലിയായിരുന്നു - പക്ഷെ അവര്‍ കുവൈത്തിലെത്തിയപ്പോഴേക്കും ഒരു കുവൈത്തി കാറ്ററിംഗ് കമ്പനി അവരെ 45,000 രൂപക്ക് മുംബൈ ഏജന്‍സിയില്‍ നിന്ന് വാങ്ങിയിരുന്നു. പ്രതിഷേധത്തിനൊന്നും പിന്നെ ഒരു വിലയുമില്ലല്ലോ.
ആവശ്യത്തിന് ഭക്ഷണമില്ലാതെ, വിശ്രമമില്ലാതെ നിതാന്തമായ ഭീതിയില്‍ വഞ്ചിക്കപ്പെട്ട് ജോലി ചെയ്യേണ്ടി വന്ന ഇവരോട് നമ്മുടെ ഗവണ്മന്റ് ചെയ്തത് ചുവടെ: ഒന്ന് - ഞങ്ങള്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, കാരണം ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. രണ്ട്- “ഞങ്ങള്ക്ക് ഇതേക്കുറിച്ച് കേന്ദ്രസര്ക്കാരിന് റിപ്പോര്ട്ട് അയക്കാമെന്നാല്ലാതെ മറ്റൊന്നും ചെയ്യാനില്ല. പിന്നെ കാത്തിരിക്കാം. റിക്രൂട്ടിംഗ് ഏജന്സികള്ക്കെതിരെയുള്ള കേന്ദ്രനടപടി”, പറഞ്ഞത് വിദേശമലയാളിയുടെ ക്ഷേമത്തിനായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപിച്ച വകുപ്പിന്റെ സെക്രട്ടറി ജിജി തോംസണ്‍. മൂന്ന് - സ്റ്റേറ്റ് ഗവണ്മെന്റ് സ്വന്തം നിലയില്‍ കേസെടുക്കില്ല. അതിനാവില്ലത്രെ. പീഡിതരായവരാരെങ്കിലും കേസുകൊടുത്താല്‍ ഞങ്ങള്‍ നോക്കാം.
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ‘നോര്‍ക്ക’ വകുപ്പാണിത് പറഞ്ഞതെന്നോര്ക്കുക. വിദേശത്തുള്ള മലയാളികളെക്കുറിച്ചൊന്നുമറിയേണ്ട- സമ്പദ്വ്യവസ്ഥ പുഷ്ടിപ്പെടുത്താന്‍ ആട്ടും തുപ്പും സഹിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന കുറച്ച് പണം അവന്‍ അയച്ച് തരണം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ