മുങ്ങുന്ന ഒരു പഴയ കപ്പല്
ഇ.പി. രാജഗോപാലന്
സൗഹൃദത്തില് ആത്മരതിയുടെ പ്രമേയം ഉണ്ട്. ക്ലോണിംഗിന്റെ തത്വം അതില് പ്രവര്ത്തിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കള് എന്റെ മനോഭാവത്തിന്റെ ഒരു കോശത്തില് നിന്ന് വളര്ന്നവരാണ്. എന്നെപ്പോലെയുള്ളവരെയോ ഞാന് നേടാന് ഇഷ്ടപ്പെടുന്ന ഗുണങ്ങളുള്ളവരെയോ ആണ് ഞാന് സുഹൃത്തുക്കളാക്കുന്നത്. ഒരേ തൂവല്പക്ഷികള് എന്ന നിരീക്ഷണത്തില് നേരുണ്ട്. നിരപേക്ഷമായ ഒന്നുമില്ലാത്തതുപോലെ സൗഹൃദവുമില്ല. നിന്റെ സുഹൃത്തുക്കളെക്കുറിച്ച് പറയൂ, നീയെന്താണെന്ന് ഞാന് പറഞ്ഞുതരാം എന്ന വാക്യത്തിലും തെളിയുന്നത് ഇത് തന്നെ. സൗഹൃദത്തില് വര്ഗപരതയുണ്ട്. “രാഷ്ട്രീയാഭിപ്രായങ്ങളിലെ വ്യത്യാസങ്ങള്ക്കപ്പുറം ഞങ്ങള് നല്ല സുഹൃത്തുക്കളായിരുന്നു” എന്ന് രാഷ്ട്രീയക്കാര് പറയാറുണ്ട്. ഇതിന്റെയര്ത്ഥം വിരുദ്ധചേരിയിലെന്ന് താന് കരുതുന്ന സുഹൃത്തിന്റെ രാഷ്ട്രീയത്തെ താനും കുറച്ചു പിന്താങ്ങുന്നുവെന്നാണ്. രാഷ്ട്രീയവ്യത്യാസം മുഴുവനായും നിലനിര്ത്തിക്കൊണ്ട് സൗഹൃദം സാധ്യമല്ല. ആളുകളുടെ വര്ഗപരമായ ഒരുമയുടെ ശില്പമാണ് സൗഹൃദം. ഫോക്ലോറിസ്റ്റുകള്, ഫോക് എന്ന ഗണം ഉണ്ടാകണമെങ്കില് സമാനരായ രണ്ട് പേരെങ്കിലും വേണം എന്നാണ് പറയാറ്. സമാനത എന്ന അംശത്തിന് എണ്ണത്തേക്കാള് പ്രാധാന്യമുണ്ട്. സൗഹൃദത്തിന്റെ ഈ രാഷ്ട്രീയമാണ് പണ്ടുമുതലേ സമൂഹത്തില് വലിയ തുറസുകളും സംവാദങ്ങളും ഉണ്ടാക്കിപ്പോന്നത്. പരസ്പരാശ്രിതത്വത്തിന്റെ മാനവികതയാണ് സൗഹൃദം. ഒരാള്ക്ക് ഒറ്റക്ക് കഴിയാത്തത് കൂട്ടുവേല കൊണ്ട് സാധിക്കും. കായികസഹായത്തേക്കാള് സൗഹൃദത്തിലുള്ളത് മാനസികമായ, വൈകാരികമായ പാരസ്പര്യമാണ്. രാഷ്ട്രീയ സംഘടന, പരോപകാരസംഘം, വിദ്യാലയം: ഇതിന്റെയൊക്കെ ആദര്ശാത്മകമായ അടിസ്ഥാനഘടന സൗഹൃദത്തിന്റെയാണ്- അതിന്റെ വികാസവും സ്ഥാപനവത്കരണവുമാണ്. അങ്ങനെയാണ് സൗഹൃദത്തിലെ ആത്മരതി സ്വാര്ത്ഥതയുടെ ഇടുക്കം ഭേദിക്കുന്നത്.
ഇപ്പറഞ്ഞതൊക്കെ ഇന്നലത്തെ കഥയാവുകയാണോ എന്ന് ചോദിക്കാനാണ് ഈ കുറിപ്പിന്റെ ഇനിയുള്ള ഭാഗത്ത് ഞാനൊരുമ്പെടുന്നത്.
മുതലാളിത്തത്തിന്റെ ആദ്യഘട്ടവും സൗഹൃദങ്ങളുടെ വികാസവും തമ്മില് ബന്ധമുണ്ട്. ഫ്യൂഡല് ബന്ധങ്ങളെക്കാള് മാനസികമാണ് മുതലാളിത്തത്തിലെ മനുഷ്യബന്ധങ്ങള് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. നമ്മുടെ നാട്ടില് ജാതിമതാതീതമായ ബന്ധങ്ങള് സാധ്യമാണ് എന്ന അധികജോലി കൂടി മുതലാളിത്തം നിര്വഹിക്കുന്നുണ്ട്. പൊതുസ്ഥാപനങ്ങളുടെ പ്രവര്ത്തനം ഇതിന്റെ ഭാഗമായാണ് വന്നത്. വാഹനങ്ങള്, വാര്ത്താവിനിമയ സൗകര്യങ്ങള് എന്നിവയെ കൂടി ചേര്ത്താണ് പൊതുസ്ഥാപനങ്ങള് എന്ന് പറയുന്നത്. ഈ വികാസം സൗഹൃദത്തിന്റെ ഒരുപാട് പുതിയ തുറകള്ക്ക് പിറവി കൊടുത്തു. പില്ക്കാല മുതലാളിത്തത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഉപഭോഗവാദമാണ് അതിന്റെ ബൃഹദാഖ്യാനം. ഉപഭോഗവാദം ഏകാന്തതയുടെ പുതിയ ഭാവങ്ങളിലേക്കാണ് നയിക്കുന്നത്. എനിക്ക് ബന്ധം ചന്തയോടാണ്. എന്തും ചന്തയില് കിട്ടും. ഇതാണെന്റെ കാഴ്ചപ്പാടിനെ നിര്ണയിക്കുന്നതും. എന്തിനേയും ചന്തയായി കാണാനും ഞാന് പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാലയത്തെ, ആരാധനാസ്ഥാനത്തെ, ഗ്രന്ഥപ്പുരയെ, പ്രണയവേളയെ -എല്ലാറ്റിനേയും പലതരം ചന്തകളായാണ് ഞാന് കാണുന്നത്.
പഠന-തൊഴില് മേഖലയിലെ കണ്സ്യൂമറിസത്തെയാണ് കരിയറിസം എന്നുപറയുന്നത്. ഈയവസ്ഥ സൗഹൃദം എന്ന ആശയത്തെ രണ്ടു രീതിയില് ബാധിക്കുന്നു. ഒന്ന്: സൗഹൃദം അനിവാര്യമല്ലെന്ന് തുടരേ ബോധ്യപ്പെടുത്തുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. വീട് (കഴിവതും സ്വന്തം), വാഹനം, തൊഴില്സ്ഥലം, ചന്ത- ഇതാണ് ജീവിതരഥ്യ. ഡിജിറ്റല് മീഡിയ ഒരാളിന്റെ ഏത് ചോദനയെയും - കായികം, കലാപരം, ആത്മീയം, രാഷ്ട്രീയം, ലൈംഗികം, രൂപനിഷ്ഠം -സംപ്രീതമാക്കത്തക്ക തരത്തില് വൈവിധ്യവത്കൃതവുമാണ്. സംസ്കാരത്തിന്റെ ആംഗലമായ കള്ച്ചര്, ‘കള്ട്ര’ എന്ന വാക്കില് നിന്ന് വന്നതാണ്. അര്ത്ഥം തോട്, വഴി എന്നൊക്കെ. ചാനല് എന്ന വാക്ക് ഗംഭീരമായ ഒരു പകരം വെപ്പായി മാറുന്നതിങ്ങനെയാണ്. രണ്ട്: സൗഹൃദത്തെ നിലനിര്ത്തിക്കൊണ്ട് തന്നെ അതിനെ സാമൂഹ്യധ്വനികള് ഇല്ലാതാക്കുക. സൗഹൃദത്തിന്റെ ആത്മരാഷ്ട്രീയത്തെ ചോര്ത്തിക്കളഞ്ഞ് അവിടെ ഉപഭോഗവാദത്തിന്റെ സാമര്ത്ഥ്യത്തെയും ആകര്ഷണീയതയേയും നിറക്കുന്നു. സൗഹൃദം താല്ക്കാലികവും സുഖാന്വേഷണത്തിന്റെ കേവലരൂപവുമായി മാറുന്നു.
ജനസംഖ്യ കൂടുന്നുവെങ്കിലും സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവരുന്നത് ഇങ്ങനെയാണ്. ചില അടുപ്പങ്ങള്ക്കപ്പുറം ഗാഢവും അന്യോന്യം കണ്ടെത്തുന്നതും പരസ്പരാശ്രിത്വത്തിന്റെ ഗ്യാരന്റിയുള്ളതുമായ ബന്ധങ്ങള് ഏതാണ്ട് പഴങ്കഥയായി തീര്ന്നിരിക്കുന്നു. ഇത് പഴയ തലമുറകള് ഞെട്ടിപ്പിക്കുന്ന ഒരു താരതമ്യ പഠനത്തിലൂടെയാണ് മനസിലാക്കുന്നതെങ്കില് നവയുവാക്കള്ക്ക് ഇത് ഒരു അവസ്ഥയാണ്. തെരഞ്ഞെടുക്കലിന്റെ പ്രശ്നം വരാതെ ഇതവര് അനുഭവിക്കുകയാണ്. അവരതിനെ ആദര്ശവത്കരിക്കുന്നുപോലുമുണ്ട്. ഒരു ഗൃഹാതുരഭാവവുമില്ലാതെ. കൃഷി-വ്യവസായ രൂപങ്ങളിലുള്ള ഉത്പാദനം ദുര്ബലമായിക്കൊണ്ടിരിക്കുന്ന കേരളം പോലൊരിടത്ത് സൗഹൃദത്തിന്റെ സ്വാഭാവിക സന്ദര്ഭങ്ങള് ആനുപാതികമായി കുറയുകയാണ്. കക്ഷിരാഷ്ട്രീയരംഗം ഒരു രീതിയിലും വിദ്യാരംഗം വേറൊരു രീതിയിലും കരിയറിസ്റ്റിക് ആവുന്നതും ഇതേ ഫലമുളവാക്കുന്നു. ഈ ശൂന്യതയിലേക്കാണ് സൗഹൃദമല്ലാത്ത സൗഹൃദങ്ങള് നടന്നുകയറുന്നത് - പിന്നെ ആടിത്തിമര്ക്കുന്നത്.
വാണിജ്യോത്പന്നങ്ങളുടെ നിര്ണയസീമക്കകത്താണ് ഇന്നത്തെ പല സൗഹൃദങ്ങളും നില്ക്കുന്നത്. പുതിയ തീന്പണ്ടങ്ങള്, ഉടുപ്പുകള്, വാഹനങ്ങള്, ഉപകരണങ്ങള്, പോപ്പ് കല, എന്നിവയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട അടുപ്പങ്ങളാണധികവും. ഒരു പൊതു ആശയത്തിന്റെ വികാസമോ നിര്വഹണമോ ആയി ബന്ധപ്പെട്ട കൊള്ളക്കൊടുക്കലുകളിലൂടെ ചരിത്രപരമാകുന്ന സൗഹൃദങ്ങളെ ഉത്പന്നങ്ങളുടെ പ്രചാരത്തില്/ പ്രചരണത്തില് നിന്നുണ്ടാകുന്ന പ്രതീത്യാത്മക സൗഹൃദങ്ങള്- virtual freindship ആദേശം ചെയ്തിരിക്കുന്നു.
ഇന്ത്യയില്, വിശേഷിച്ചും കേരളത്തില്, ആഗോളവത്കരണത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള സര്ഗാത്മകതാവിരോധത്തിനെതിരെ - അത് കൃഷി, വ്യവസായം, ആശയം, കല... തുടങ്ങി ഏത് രംഗവുമായിക്കൊള്ളട്ടെ - ഒന്നും ചെയ്യാനുള്ള ആശയബലമോ ആശ തന്നെയോ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്ക്കില്ല. അവ അപകടകരമാം വിധം എസ്റ്റാബ്ലിഷ്ഡായിരിക്കുന്നു- മതം കണക്കെ. അവര്ക്ക് പ്രവര്ത്തകരെ വേണ്ട, ചിന്തകരെ വേണ്ട- അനുയായികളെ മാത്രമേ വേണ്ടൂ. ഇത് തിരിച്ചറിഞ്ഞ് വേറൊരു ഭൂമികയുണ്ടാക്കാന് ആര്ക്കും കഴിയുന്നില്ല. അത്രമാത്രം ശക്തിയുണ്ട് ഇവിടെ സ്ഥാപനവത്കൃതമായ മതത്തിനും രാഷ്ട്രീയത്തിനും. എതിര്പ്പുകളെ ഒന്നുകില് അമര്ത്തിക്കളയുകയോ അല്ലെങ്കില് തട്ടിക്കൊണ്ടുപോയി വ്യവസ്ഥാനുകൂലമാക്കുകയോ ചെയ്യാനുള്ള സവിശേഷമായ സാമര്ത്ഥ്യം കാണിക്കുന്ന വന്പടയുടെ കയ്യിലാണ് കേരളത്തില് അധികാരം. പ്രകൃതിസ്ഥലത്തിന്റെ വന്ധ്യംകരണത്തില് തുടങ്ങി ആശയങ്ങളെ ഉപചാരവാക്കുകളാകുന്ന ബലികര്മത്തില് അവസാനിക്കുന്ന മാരകലീലയിലാണ് ഇന്ന് അധികാരം ജീവിക്കുന്നത്. ഇത് സ്വാഭാവിക സൗഹൃദങ്ങളെയും അവയുടെ അയവിനെയും സര്ഗശേഷിയെയും പൊറുപ്പിക്കുകയില്ല. അതിനാല് കേരളത്തിലെ യുവാക്കള് സൗഹൃദത്തെ തീറ്റ കുടി കമ്പനിയായും ശരീര പൂജയായും വാഹനവേഗതാസക്തിയായും മറ്റും വിവര്ത്തനം ചെയ്യുന്നു. ആത്മവിശകലനം ഒരിക്കലും നടത്താതെ അത്യധികം പ്രതീത്യാത്മകമായ - virtual ആയ - ഒരു ജീവിക്കലിന്റെ ഒറ്റയൊറ്റ വ്യക്തികളായിപ്പോവുകയാണ് ഇന്ന് യുവാക്കള്. യുവാക്കളാണ് ഏത് സമൂഹത്തിലെയും ഏറ്റവും സൗന്ദര്യമുള്ള ജനതയെന്നതിനാല് അവരുടെ ക്രമത്തിലേക്ക് മുതിര്ന്നവരും ആവും മട്ടില് ആകര്ഷിക്കപ്പെടുന്നു- കുട്ടികള് അവരെ മാതൃകയാക്കുക തന്നെ ചെയ്യുന്നു. ഒന്നിച്ചുകാണുമ്പോഴും അവര് ഒന്നിച്ചല്ല. അവരുടേത് companyയല്ല, crowd പോലുമല്ല, gang ആണ്. ഭാഷയുടെ ഒന്നിപ്പിക്കല് ശേഷി പോലും അവരെ സൗഹൃദത്തിന്റെ ഗാഢതലത്തിലേക്ക് നയിക്കുന്നില്ല.
virtual ആയ ഈയവസ്ഥ വലിയ പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്. ഒരു തരം സ്വപ്നത്തിലാണ് ഇപ്പോള് കേരളീയരെല്ലാം- പ്രത്യേകിച്ചും പുതിയ കേരളീയരായ കുട്ടികളും യുവാക്കളും. ആഗോളവത്കരണം ഇങ്ങനെ ഏകപക്ഷീയമായി പിഴപ്പിച്ച മറ്റൊരു ഇന്ത്യന് പ്രവിശ്യയില്ല. ഇതിന്റെ സാംസ്കാരികോത്പന്നങ്ങള് ഇവിടത്തെ ജീവിതവ്യവസ്ഥയിലും സജീവമാണ് - വിവാദ പ്രേമം, പരദൂഷണക്കൊതി, അറിവിനെ വിവരമാക്കി ചരിത്രമുക്തമാക്കാനുള്ള സാമര്ത്ഥ്യം, ആരെയും അംഗീകരിക്കാതിരിക്കല്, എങ്ങനെയും ജയിക്കാനുള്ള വെമ്പല് എന്നിവയെല്ലാം ഇതിന്റെ അടയാളങ്ങളാണ്. അസംതൃപ്തിയാണ് ഈ ജീവിതത്തിന്റെ പ്രത്യയശാസ്ത്രം. അതിന്റെ തുടര്ച്ചയിലാണ് ജീവിതം മുന്നോട്ടുപോകുന്നത് - മൂര്ത്തമായ പ്രതീക്ഷയെന്നൊന്ന് ഇല്ല. സൗഹൃദത്തിന് പകരം സ്വാര്ത്ഥത മേല്കൈ നേടുന്നതിന്റെ നേര്ഫലമാണിത്. യാഥാര്ത്ഥ്യത്തില് നിന്നകന്ന്, വര്ഗനില പരിശോധിക്കാതെ, ഏറ്റവും ‘കേമമായി’ - കേമത്തത്തിന്റെ വന്മാതൃകകളെ വീടുകെട്ടലും കല്യാണം നടത്തലും മുതല് ആശയവിശ്വാസം വരെയുള്ള കാര്യങ്ങളില് അനുകരിച്ച് - ജീവിക്കുന്ന ഒറ്റയൊറ്റ ആണിന്റെയും പെണ്ണിന്റെയും താമസസ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അസംതൃപ്തി ചരിത്രപരമായി സ്ഥാനപ്പെടുത്താനുള്ള നീക്കമൊന്നുമില്ല. അത് social discontent ആയി മാറുന്നില്ല- അതിനാല് എതിര്നീക്കങ്ങള് ഉണ്ടാവുന്നില്ല. അസംതൃപ്തിയില് നിന്ന് മാറാനാണ് സ്വപ്നത്തിലെ ജീവിതം. സ്വപ്നം മുറിയുമ്പോള്, യാഥാര്ത്ഥ്യത്തില് നിന്ന് അകലാനാവാതിരിക്കുമ്പോള് വഴി കടുത്തതാകുന്നു. ആത്മഹത്യകളുടെ പെരുക്കത്തിന്റെ സാമൂഹ്യശാസ്ത്രം ഇതാണ്. സൗഹൃദത്തിന്റെ ശക്തി കൊണ്ട് രക്ഷപ്പെട്ട ഒരുപാടുപേര് ഉണ്ടായിട്ടുണ്ട്. എന്നാല് അങ്ങനെയൊരു വ്യവസ്ഥ തന്നെ ഇല്ലാതായിരിക്കുമ്പോള് എന്താണ് മറുവഴി? മുപ്പത് - നാല്പത് വയസെങ്കിലുമായവര്ക്ക് സൗഹൃദകാലത്തിന്റെ ഓര്മകള് ചിലപ്പോള് പിടിവള്ളിയാവാറുണ്ട്. നവയുവാക്കള് കാണുന്നത് ശൈഥില്യത്തിന്റെ തിളക്കമാണ്. തങ്ങള് അസ്വസ്ഥരല്ലെന്നാണ് അവര്ക്ക് കാണിക്കേണ്ടത്. ആധുനികതയില് വാക്ക് അസ്വാസ്ഥ്യമെന്നും അസ്തിത്വദുഃഖമെന്നും സംത്രാസമെന്നുമായിരുന്നു. അവ ഫോക്ലോറായി തീര്ന്നു. ഇന്ന് അസ്വസ്ഥരല്ലെന്ന് സ്വയം ബോധ്യപ്പെടുത്താന് മദ്യമോ വിപണി സുഖങ്ങളോ തരുന്ന താത്കാലികസൗഹൃദമാണ് തുണ.
ഇതിനെ മറികടക്കാന് സൗഹൃദം, അസംതൃപ്തി എന്നീ ആശയങ്ങളെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയാണ് ഒന്നാമതായി വേണ്ടത്.
----------------------------
ഇ.പി. രാജഗോപാലന്: സാഹിത്യവിമര്ശകന്. കണ്ണൂര് ജില്ലയിലെ വെള്ളൂര് ഗവ. ഹയര് സെക്കണ്ടറി സ്കൂളില് ഇംഗ്ലീഷ് അധ്യാപകനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ