2010, ഏപ്രിൽ 18, ഞായറാഴ്‌ച

Free Press Cover story _ July 2004_KEN

First Published in Free Press, July 2004

നെല്ലും ചോളവും കുറവ് കഴുതകള് സമൃദ്ധം


കെ. ഇ. എന്.

ഒന്ന്
കേരളമിപ്പോള് 'അമേരിക്കാവത്കരണത്തിന്റെ' അടുക്കളയാണ്. മധ്യവര്ഗ കേരളം ഇപ്പോള് 'വാ പൊളിക്കുന്നത്' 'അമേരിക്ക ഹാ എത്ര ആശ്വാസം' എന്നലറി പുളക്കാനാണ്. 'അടുക്കള ദേവാലയം, വെപ്പുപാത്രം ദൈവം' എന്ന് മുമ്പ് പറഞ്ഞത് വിവേകാനന്ദനാണ്. എന്നാലിപ്പോള് നമ്മുടെ അടുക്കളയെ അമേരിക്ക അവരുടെ സ്വന്തം 'അടര്ക്കളമാക്കി' മാറ്റുകയാണ്. പ്രണയത്തിന്റെ പൂവ് വിരിയുന്നത് പോലും പുഴുവരിക്കുന്ന 'കാഡ്ബറീസി'നുള്ളിലാണ്. എന്തുകൊണ്ടൊരു കടലമിഠായിക്ക് ചുറ്റും പ്രണയക്കിളികള് പറന്നു നടക്കുന്നില്ല? കണ്ണ് തുറക്കുംമുമ്പ് പിറവിയില് വെച്ച് തന്നെ ഇത്തരം ചോദ്യങ്ങള് കലങ്ങിപ്പോവുന്നു. യുദ്ധകാലത്തുപോലും 'പാകിസ്ഥാന്റെ വെടിയുണ്ട ഭാരതമക്കള്ക്കെള്ളുണ്ട' എന്ന് അന്ന് വിദ്യാര്ത്ഥികളായിരുന്നവര് ആര്ത്ത് വിളിച്ചിരുന്നു. എന്നാലിന്ന് സമാധാനകാലത്തുപോലും കേരളത്തിന്റെ ആകാശത്തില് മിന്നുന്നത് കാഡ്ബറീസിന്റെ ഫൈവ് സ്റ്റാറുകളാണ്. കേരളം അര്ധരാത്രിയില് വിലക്കുകളെല്ലാം ഭേദിച്ച് കണ്ണ് തുറക്കുന്നത് അമേരിക്കയുടെ ഹൃദയത്തിലേക്കാണ്. സിംഹങ്ങള്ക്കു പകരം സമ്മാനക്കൂപ്പണുകളില് ഭാഗ്യനക്ഷത്രം തെളിയുന്നത് സ്വപ്നം കാണുന്ന ഒരു തലമുറയാണ് 'കാലുയര്ത്തി' നില്ക്കുന്നത്! അവരിലധികവും കൊതിക്കുന്നത് നവലോകത്തിന്റെ തിളക്കമല്ല മറിച്ച് ഒരപ്പൂപ്പന് താടിപോലെ പറന്നു നടക്കാന് പാകത്തില് അബോധ വന്യതകളുടെ ഒരാകാശമാണ്. ഗുഹ്യഭാഗങ്ങളുടെ ക്ലോസപ്പ് ഷോട്ടുകള്ക്കും, രതിവൈകൃതങ്ങളുടെ കശാപ്പുശാലകള്ക്കും ഇടയില് വെച്ചാണ് 'അബുഗരീബ് തടവറകള്' ഉണ്ടാകുന്നത്. മൂലധന മാരകത മാനസികരോഗമായി മാറുമ്പോഴാണ് തടവറകള് കാമത്തിന്റെ കൊലക്കളങ്ങള് കൂടിയാവുന്നത്. ഹൃദയത്തില് 'അമേരിക്കനിസ'ത്തെ ആശ്ലേഷിക്കുന്ന മലയാളി 'ഒരു ചെറിയ കുഞ്ഞിന്റെ ചുണ്ടും ഇറച്ചിതന്നെയാണെന്ന' പുത്തന് കാമവേദാന്തത്തില് പുളയ്ക്കുന്നവരാണ്. അവര്ക്കെന്ത് പ്രണയം? ഒന്ന് വെച്ചാല് നൂറ്! 'എല്ലാം പണം നടത്തും ഇന്ദ്രജാലം!'
രണ്ട്
ദ്രോണര് മുമ്പ് ഒരു ഏകലവ്യന്റെ പെരുവിരല് മാത്രമേ മുറിച്ചിരുന്നുള്ളു. ഏകലവ്യന്മാരുടെ പിന്മുറക്കാര്ക്ക് ഇന്ന് നഷ്ടപ്പെടുന്നത് ഒരു കൈ മുഴുവനുമാണ്. ജനാധിപത്യം സാധ്യമാക്കിയ അവകാശങ്ങളുടെ ഒരു സമാന്തരലോകമാണ് അസ്തമിച്ചുകൊണ്ടിരിക്കുന്നത്. കൃഷിയും വ്യവസായവും തകരുകയും, രാഷ്ട്രീയ തിരസ്കാരത്തിന്റെ തത്വശാസ്ത്രം വളരുകയും ചെയ്യുന്ന സമകാലീന കേരളം സര്വനാശത്തിലേക്കാണ് കുതിക്കുന്നത്. 'ദാഹിക്കുന്നൂ ഭഗിനീ, കൃപാരസമോഹനം കുളിര് തണ്ണീര്...' എന്നത് പഴയ കേരളത്തിന്റെ ത്രസിക്കുന്ന നന്മയായിരുന്നു. മനുഷ്യര് പരസ്പരം പങ്കുവെച്ച പാരസ്പര്യത്തിന്റെ പുളകമായിരുന്നു. ഇന്ന് ബഹുരാഷ്ട്രകുത്തകകളുടെ കുപ്പികളില് കിടന്ന് നിലവിളിക്കുന്ന 'വെള്ളം' ക്രൂരരസഭീകരം ചുടുകണ്ണീരാണ്! മുമ്പ് കുമാരനാശാന്റെ ഭിക്ഷുവിന് ചണ്ഡാലയുവതി ദാഹം തീരെ വെള്ളം കൊടുത്തപ്പോള് അയാളുടെ ഉള്ളം പറഞ്ഞത്
'പുണ്യശാലിനീ, നീ പകര്ന്നീടുമീ-ത്തണ്ണീര് തന്നുടെയോരോരോ തുള്ളിയും/ അന്തമറ്റ സുകൃത ഹാരങ്ങള് നി-/ന്നന്തരാത്മാവിലര്പ്പിക്കുന്നുണ്ടാവാം.' എന്നത്രേ! എന്നാലിന്ന് കുപ്പി ഒന്നിന് 15 രൂപ കൊടുത്താല് മതി. സ്നേഹപ്രകടനം വേണ്ട. അന്തരാത്മാവും ബഹിരാത്മാവും പണം മാത്രം. ഗംഗ മാത്രമല്ല പെരിയാറും വില്പ്പനക്ക് സന്നദ്ധമായിക്കൊണ്ടിരിക്കുന്നു.
കമ്പോളത്തിന്റെ പൊള്ളത്തരങ്ങള്ക്കും നടപ്പു കാലത്തിന്റെ പൊങ്ങച്ചങ്ങള്ക്കും മുമ്പില് കുനിഞ്ഞു നില്ക്കുന്ന മനുഷ്യര്ക്ക് വേണ്ടത് മഹത്തായ ആദര്ശങ്ങളല്ലെന്നും, നീന്തി തുടിക്കാനും, മുങ്ങി മരിക്കാനും സൗകര്യമുള്ള മോഹങ്ങളുടെ മഹാസമുദ്രങ്ങളാണെന്നും മാധ്യമക്കച്ചവടക്കാര് തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. കമ്പോളം കയ്യേറി തകര്ത്തൊരു ജീവിതത്തിന്റെ വ്യാജ സാന്ത്വനമാണ് സമ്മാനം. അതിന്ന് തിരിച്ചറിവുകളെ മുഴുവന് കരിക്കുന്ന ഒരു അമ്ലമഴയാണ്. അതിന്ന് വിവേകത്തെ മുഴുവന് വെല്ലു വിളിക്കുന്ന ഒരു 'തംബോല'യാണ്. ഒന്ന് വെച്ചാല് രണ്ട്, ആന മയില് ഒട്ടകം. ഉത്സവപ്പറമ്പുകളില് നിന്നുയര്ന്ന 'അധോലോക ശബ്ദങ്ങള്ക്ക്' മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള് സാംസ്കാരിക മാന്യത നല്കിയിരിക്കുന്നു. മുമ്പ് തലയില് മുണ്ടിട്ടാണ് ഉത്സവപ്പറമ്പുകളില് പോലും മാന്യന്മാരെന്ന് സ്വയം കരുതുന്നവര് 'തംബോല'കളിച്ചത്. 'കിലുക്കികുത്തിലും' 'നാടകുത്തിലും' പണം വെക്കുമ്പോള് തന്നെ അറിയുന്ന ആരെങ്കിലും ചുറ്റിലുണ്ടോ എന്നവര് തിരിഞ്ഞ് നോക്കിയിരുന്നു. എന്നാലിന്ന് ഏത് മാന്യനും ഒട്ടും ചൂളാതെ ഉടുതുണിയുരിഞ്ഞ് സമ്മാനങ്ങള്ക്കു വേണ്ടി 'കുളത്തില്' ചാടാം! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളത്തിലെ മാധ്യമ മുതലാളിമാര് പത്തൊമ്പതാം നൂറ്റാണ്ടിലെ സര്വ അല്പത്തരങ്ങള്ക്കും സ്ഥാനക്കയറ്റം നല്കിയിരിക്കുന്നു. പിറക്കാനിരിക്കുന്ന 'ഭാവി' കാലത്തെ മാത്രമല്ല, സ്വന്തം ഭൂതകാലത്തെകൂടിയാണ് ഇന്നവര് പരിഹസിക്കുന്നത്. ബ്യൂട്ടി പാര്ലറിനും, ഫാഷന് പരേഡിനും, സ്പോക്കണ് ഇംഗ്ലീഷിനും ആള്ദൈവങ്ങള്ക്കും നെറ്റ് മാര്ക്കറ്റിംഗിനും നറുക്കെടുപ്പുകള്ക്കും തീറ്റമേളകള്ക്കും കുട്ടി-പട്ടി പ്രദര്ശനങ്ങള്ക്കും ഇടയിലേക്ക് ഒരു തംബോലച്ചേട്ടനും മറ്റൊരു സമ്മാനമഴചേച്ചിയും കൂടി പുതുതായി ഇതാ എത്തിച്ചേര്ന്നിരിക്കുന്നു.
ജീവിത മൂല്യങ്ങള്ക്കു മുമ്പില് വാണിജ്യ മൂല്യങ്ങള് മുമ്പും വഴി മുടക്കി നിന്നിരുന്നു. അന്നും ലാഭചിന്ത ജീവിത ചിന്തക്കൊപ്പമോ അതിനല്പം മുകളിലോ ആയി നില നിന്നിരുന്നു. അന്നും മനുഷ്യര് ശരിയായ വഴിവിട്ട് 'എളുപ്പവഴികളിലേക്ക്' ഒരുപാട് തവണ വഴുക്കിയിരുന്നു. അപ്പൊഴൊക്കെയും ഏതോ കൊള്ളരുതായ്മകളിലേക്കാണ് തങ്ങള് താഴ്ന്ന് പോകുന്നതെന്ന് ഉള്ളിന്റെയുള്ളില്വെച്ചവര് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിരുന്നു. അധ്വാനിക്കാതെ ലഭിക്കുന്ന പണവും അര്ഹതയില്ലാത്ത പ്രശസ്തിയും കിരീടത്തിലെ തൂവലുകളായല്ല മറിച്ച് മുള്ക്കിരീടങ്ങളായാണ് അന്നൊക്കെ മനുഷ്യര് പൊതുവില് പരിഗണിച്ചിരുന്നത്. എന്നാലിപ്പോള് ചൂതാട്ട സംസ്കാരത്തിന്റെ ചുഴലിക്കാറ്റില് മൂല്യങ്ങളൊക്കെ തകിടം മറിയുകയാണ്.
വായന ശരാശരി മലയാളിക്ക് ഇന്നലെവരെ അറിവിന്റെയും അനുഭവത്തിന്റെയും ലോകങ്ങളിലേക്ക് തുറന്നു വെച്ച വാതിലുകളായിരുന്നു. അസ്വസ്ഥതകള്ക്കൊപ്പം അതവര്ക്കേറെ ആവേശവും ആഹ്ലാദവും പകര്ന്നു നല്കിയിരുന്നു. വാക്കുകള്ക്കിടയില് വെച്ചവര് അന്ന് അതിര്ത്തികള് മുറിച്ച് കടന്നിരുന്നു. വായനകള്ക്കിടയില് വെച്ചവര് വിവരങ്ങള്ക്കൊപ്പം വിസ്മയങ്ങളുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. 'മാധ്യമങ്ങള്' അറിയാനും അറിയിക്കാനുമുള്ള ജനാധിപത്യ ബോധത്തിന്റെ പാഠശാലയാണെന്നവര് മനസ്സിലാക്കിയിരുന്നു. ജനാധിപത്യ മാധ്യമങ്ങളുടെ ചരിത്രം അധികാര വ്യവസ്ഥയുമായുള്ള മല്പ്പിടുത്തങ്ങളുടെ ജ്വലിക്കുന്ന മാതൃകകളായിരുന്നു. 1780-ല് 'ബംഗാള് ഗസറ്റ്' എന്ന പത്രം തുടങ്ങിയ ജയിംസ് ഹിക്കി മുതല്, 1905-ല് വക്കം മൗലവിയുടെ നേതൃത്വത്തിലാരംഭിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള വരെ പത്രപ്രവര്ത്തനത്തിന്റെ പേരില് നാടുകടത്തപ്പെട്ട ചരിത്രമാണ് നമുക്കുള്ളത്. ഇംഗ്ലീഷുകാരനായ ഹിക്കിയും ഇന്ത്യാക്കാരനായ രാമകൃഷ്ണപ്പിള്ളയും സത്യം പറഞ്ഞതിനാണ് ശിക്ഷിക്കപ്പെട്ടത്. സത്യം നിങ്ങളെ സമ്പന്നരാക്കുകയില്ല, അത് പക്ഷെ നിങ്ങളെ സ്വതന്ത്രരാക്കും എന്നതായിരുന്നു അവരുടെ ജീവിത സമീപനം. 'ഈശ്വരന് തെറ്റ് ചെയ്താല് ഞാനതും റിപ്പോര്ട്ട് ചെയ്യും' എന്ന് സ്വദേശാഭിമാനി പ്രഖ്യാപിച്ചത് ശിക്ഷകള് മുന്നില് കണ്ടു കൊണ്ടാണ്. ശരിയായ ഒരു കാര്യം ഒരു ബാലന് പറഞ്ഞാലും നാം സ്വീകരിക്കണം; പക്ഷേ യുക്തിക്കു നിരക്കാത്ത ഒരു കാര്യം ബ്രഹ്മാവു പറഞ്ഞാലും പുല്ലുപോലെ തള്ളിക്കളയണമെന്ന വസിഷ്ഠന്റെ വാക്കുകളായിരുന്നു നമ്മുടെ നവോത്ഥാന ചിന്തകരെ അന്ന് നയിച്ചിരുന്നത്. കേരളം ഏറ്റവും കൂടുതല് വായനക്കാരുള്ള ഒരു സാംസ്കാരിക കേന്ദ്രമായി മാറിയത് സമ്മാനമഴകൊണ്ട് നനഞ്ഞിട്ടല്ല, തംബോല കളിച്ച് തടിച്ചിട്ടല്ല. മാധ്യമ മുതലാളിമാരുടെ സമ്മാനങ്ങള് കണ്ട് കൊതിച്ചിട്ടുമല്ല. മറിച്ച്, സാമ്രാജ്യത്വ വിരുദ്ധതയുടെയും നവോത്ഥാന സംരംഭങ്ങളുടെയും, കര്ഷകരും തൊഴിലാളികളും നടത്തിയ സമരങ്ങളുടെയും വിയര്പ്പും ചോരയും വീണ വഴികളില് വെച്ചാണ് മലയാളികള് വായനക്കാരായത്. സര്വകലാശാലകളിലെ പണ്ഡിതന്മാരല്ല നാട്ടിന് പുറത്തെ പട്ടിണിപ്പാവങ്ങളാണ് കേരളത്തിലുടനീളം ഇന്നും തലയുയര്ത്തി നില്ക്കുന്ന 'ഗ്രാമീണ വായനശാലകള്' കെട്ടിപ്പൊക്കിയത്. ഇന്നും ആ വായനശാലകള് അറിയപ്പെടുന്നത് 'കര്ഷക വായനശാല' 'തൊഴിലാളി വായനശാല' 'ഗ്രാമീണ വായനശാല' തുടങ്ങിയ 'നാടന് പേരുകളില്' തന്നെയാണ്. ഒരേ സമയം അവ ഗ്രാമത്തിന്റെ സര്വകലാശാലയും അതേസമയം സമരകേന്ദ്രങ്ങളുമായിരുന്നു. വായനശാലകളിലേക്ക് അന്ന് മനുഷ്യര് കടന്നു വന്നത് പൂരിപ്പിക്കാനുള്ള കൂപ്പണുകള് തേടിയായിരുന്നില്ല, മറിച്ച് വിമോചനത്തിന്റെ വഴി തിരക്കിയായിരുന്നു. അന്നവര് കുളിര്മ കൊണ്ടത് സമ്മാനമഴ കൊണ്ടല്ല, മറിച്ച് 'സ്വപ്ന മഴയില്' നനഞ്ഞുകൊണ്ടായിരുന്നു. 'നിന്റെ വന്ദേമാതരങ്ങളും ക്രിക്കറ്റ് വിജയങ്ങളും ഫാഷന് പരേഡുകളും താന്ത്രിക പെയിന്റിങ്ങുകളും കൊണ്ടു ചുട്ടു കളയുക'(സച്ചിദാനന്ദന്) എന്ന് നിസ്സംശയം നിവര്ന്ന് നിന്ന് പറയാന് എഴുപതുകളില് പോലും നമുക്ക് കഴിഞ്ഞിരുന്നു. കാരണം അന്ന് നമ്മളിലേറെപ്പേര് വിമോചനത്തെ സംബന്ധിച്ച് ജ്വലിക്കുന്ന സ്വപ്നങ്ങള് സൂക്ഷിക്കുന്നവരായിരുന്നു. എന്നാലിന്ന് നമ്മളിലധികം പേരും 'തംബോല'കളില് തപസിരിക്കുന്നവരാണ്!
മൂന്ന്
മതബോധത്തിന്റെ പഴയ ശബ്ദകോശങ്ങളില് 'മക്കയും' 'കാശി'യും......മരിക്കാന് പറ്റിയ പുണ്യം പൂക്കുന്ന സ്ഥലങ്ങളായിരുന്നു. എന്നാലിന്ന് സൂപ്പര് മാര്ക്കറ്റുകളാണ് പുണ്യസ്ഥലങ്ങളെന്ന്, അതുതന്നെയാണ് പുതിയ അദ്ധ്യാത്മവിദ്യാലയങ്ങളെന്ന് വാണിജ്യ പ്രമാണിമാര് ശഠിക്കുന്നു. മധ്യവര്ഗ മലയാളികളിലധികവും അദൃശ്യസമ്മര്ദ്ദങ്ങളുടെ ഇരകളായി സൂപ്പര്മാര്ക്കറ്റുകളെ സ്വന്തം ചരമശയ്യകളാക്കി മാറ്റുന്നു. മുമ്പ് മാര്ക്കറ്റില് പോവാന് വല്ലാത്ത മടിയായിരുന്നു. പോകുന്നതിന് മുമ്പ് വാങ്ങാനുള്ള സാധനങ്ങളുടെ ചീട്ട് തയ്യാറാക്കുന്ന സമയം മുതല് എന്തൊക്കെ സാധനങ്ങള് ഒഴിവാക്കാമെന്ന് വീട്ടുകാര് തമ്മില് കൂടിയാലോചിക്കുകയും തര്ക്കിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള് 'സൂപ്പര് മാര്ക്കറ്റുകള്' കുടുംബസമേതം, വാങ്ങിക്കൂട്ടാനും, കണ്നിറയെ കാണാനുമുള്ള ഉല്ലാസയാത്രക്കുള്ള പ്രചോദനകേന്ദ്രങ്ങളായി തീര്ന്നിരിക്കുന്നു! മധ്യവര്ഗ മനുഷ്യര്ക്കിടയില് ഫാഷനായി മാറിയ 'വല്ലാത്ത തിരക്കില്' ഒരു 'തിരക്ക്' ഷോപ്പിംഗ് കോംപ്ലക്സുകളിലാണ് തിളച്ചു തീരുന്നത്! ജീവിതമിപ്പോള് ആര്ത്തിപണ്ടാരങ്ങളുടെ ആക്രാന്തങ്ങളാല് ആഭാസഭരിതമാണ്. 'കൂടുതല് കൂടുതല് വാങ്ങൂ' എന്ന ഉപഭോഗമന്ത്രത്തിനു മുമ്പില് മനസുകൊണ്ടെങ്കിലും ഒന്ന് കൈകൂപ്പിപ്പോകുന്നൊരു മാനസികാവസ്ഥയിലേക്ക് മധ്യവര്ഗ മനുഷ്യര് വഴുതിക്കൊണ്ടിരിക്കുന്നു. 'ഇന്റലിജന്റ് സൂപ്പര് മാര്ക്കറ്റ്' എന്ന ആല്വിന് ടോഫ്ളറുടെ പരികല്പനക്ക്, ആത്മീയപാപ്പരത്തം ബാധിച്ചു കഴിഞ്ഞവര് സ്വന്തം ജീവിതംകൊണ്ട് സര്ട്ടിഫിക്കറ്റുകള് നല്കി കഴിഞ്ഞിരിക്കുന്നു.
കൈനനയാതെ മീന്പിടിക്കാനുള്ള മോഹം നാളെ ഉമിനീര് പുരളാതെ ഭക്ഷണം കഴിക്കാനുള്ള സ്വപ്നമായിത്തീരുമോ? 'ഭൗതികതൃപ്തിതന് മധ്യമേഖലയില് മയങ്ങിമേവാതെ' എന്ന വൈലോപ്പിള്ളിയുടെ ആഹ്വാനവും 'ഇത്തിരിപ്പോരും മെയ്യിന് സര്വം പോര മാനുഷസത്ത പുലര്ത്താന്' എന്ന അദ്ദേഹത്തിന്റെ അസന്ദിഗ്ധമായ സമീപനവും നാളെ ഒരാന്റീക് ഉരുപ്പടിയായി സൂപ്പര്മാര്ക്കറ്റിന്റെ പുരാവസ്തുശേഖരണ കൗണ്ടറില് സ്ഥാനം പിടിക്കുമോ? അത്തരമൊരവസ്ഥയുടെ തീവ്രമായ ആഘാതമാണ് വി ആര് സൂധീഷിന്റെ 'കൊകൊകൊക്കരക്കോ' എന്ന കഥയില് തിളച്ചു മറിയുന്നത്. മനുഷ്യര് വെറും മാംസക്കെട്ടായി മാറുന്ന ഒരു കാലത്തിന്നെതിരെയുള്ള കലാപവും അത്തരമൊരവസ്ഥയുടെ കിതക്കുന്ന ഒരാമുഖവുമാണ് കൊകൊകൊക്കരക്കോ. 'ബ്രോയ്ലര് കോഴികളെക്കുറിച്ച് ആലോചിച്ച് നോക്കൂ. അവറ്റകളെ ലോറിയിലാണ് കൊണ്ടുവരുന്നത്. ലോറിയിലായാലും കടയിലായാലും കമ്പിവലക്കൂട്ടില്ത്തന്നെ. ഒന്ന് നിവരാനോ ചിറകു കുടയാനോ ആവാതെ ഞെങ്ങിഞെരുങ്ങി തമ്മില് ചവുട്ടിക്കൂടുന്ന ഇറച്ചിക്കൂട്ടങ്ങള്. വെറും മാംസമായി കഴിഞ്ഞുകൂടുന്ന ഈ ജീവികളുടേത് ജീവിതമാകുമോ? ജീവനുള്ളതുകൊണ്ട് ആകണം. കൂട്ടിലേക്ക് നീണ്ടു വരുന്ന കമ്പിക്കൊളുത്ത് മരണമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലും അവയ്ക്ക് ലഭിക്കാത്തത് ദൈവകാരുണ്യംകൊണ്ടാകണം.' 'കമ്പിക്കൊളുത്തില് കുരുങ്ങി ഒരു ബ്രോയ്ലര് കൂട്ടില്നിന്നും പിടഞ്ഞുനീങ്ങിയാലും മറ്റ് അവറ്റകള്ക്കൊന്നും ഒരു പിടച്ചിലുമില്ല. ഒരുതരം മന്ദന് നില്പാണ്'. സത്യത്തില് ജനാധിപത്യം അരാഷ്ട്രീയം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് സമൂര്ത്തമായ ജീവിത സത്യത്തോട് ബ്രോയ്ലര് കോഴികളെപ്പോലെ മനുഷ്യര് പുലര്ത്തുന്ന മന്ദന് നിലപാടുകളല്ലാതെ മറ്റെന്താണ്. സ്വയമവസാനിക്കുമ്പോള് പോലും ഒന്ന് പിടയാനോ കുതറാനോ തുനിയാത്ത 'നിസ്സഹായതയുടെ' ആഘോഷമാണ്, തത്വശാസ്ത്രങ്ങളുടെ അകമ്പടിയോടെ അരാഷ്ട്രീയവാദമെന്ന അസംബന്ധനാമത്തില് ഇന്ന് നമുക്കുമേല് അടിച്ചേല്പ്പിക്കപ്പെടുന്നത്.
വിപണി മനുഷ്യജീവിതത്തില് ചെലുത്തുന്ന നിഷേധാത്മക സ്വാധീനത്തിന്റെ ഫലമായി മനുഷ്യബന്ധങ്ങളും വില്പനക്കുള്ള ചൂടുള്ള ചരക്കുകളായി തീര്ന്നിരിക്കുന്നു. ഒറ്റത്തലത്തില് ഒതുങ്ങുന്ന 'പരന്ന ജീവിത'മാണ് വിജയിക്കുന്ന ജീവിതത്തിന്റെ മികച്ച മാതൃകയായി 'ബന്ധങ്ങളുടെ വിപണിയില്' പരസ്യത്തിന് വെച്ചിരിക്കുന്നത്! വിപണിയില് കുന്നുകൂടിക്കിടക്കുന്ന വിചിത്രമായ വസ്തുക്കള് സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് നമ്മുടെ മികച്ച സ്വപ്നം! വിപണിയുടെ വഴിയോരങ്ങളില് അതിശയിച്ചു നില്ക്കുന്നവര് മനുഷ്യബന്ധങ്ങളുടെ ലോകത്തിലേക്കുള്ള വഴി മറന്നു പോകുന്നു!
കൊല്ലങ്ങള് കഴിഞ്ഞ് കണ്ടുമുട്ടുമ്പോള്പോലും സുഹൃത്തുക്കള്ക്ക് കൈമാറാനുള്ളത് ഒന്നുരണ്ട് 'ഹല്ലോ'യും പിന്നെ കുറച്ച് 'എന്തൊക്കെയുണ്ട്' എന്നതുമാണ്. ഉപചാരവാക്കുകളില് 'ശാശ്വതവിശ്രമം' കൊള്ളുന്ന സ്വഭാവം മനുഷ്യബന്ധങ്ങള്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ ചെറുതെങ്കിലും അവഗണിക്കാനാവാത്ത ഒരടയാളമാണ്. ഒന്നും പറയാതെ പിരിഞ്ഞുപോകുമ്പോള് സര്വതും വിശദമായി എഴുതാമെന്നു പറയുകയും എഴുതുമ്പോള് എല്ലാം നേരില് കാണുമ്പോള് വിസ്തരിച്ചു പറയാമെന്ന് എഴുതുകയുമാണ് ഇപ്പോള് പതിവ്! പറയുന്നവര് പറയുന്ന കാര്യത്തില് പൂര്ണ്ണമായി ഏകാഗ്രരാകാതിരിക്കുമ്പോള് പറയുന്നതിന് ജീവനുണ്ടാകില്ല. കേള്ക്കുന്നവര് ഇതുപോലെ കേള്ക്കുന്നതില് ഏകാഗ്രരാകാതിരിക്കുമ്പോള് പറയുന്നതിന് ജീവനുണ്ടാകില്ല. അപ്പോഴാണ് അതിസന്തോഷകരമാകേണ്ട പരസ്പര സാമീപ്യം പോലും അസഹനീയമായ ബോറടിയായി തീരുന്നത്. ഏകാഗ്രമാവുക എന്ന ബാധ്യത ഏറ്റെടുക്കാതിരിക്കുമ്പോള് അതിനു നാം അനുഭവിച്ചു തീര്ക്കേണ്ട ശിക്ഷകൂടിയാണ് ബോറടി.
'ഏകാഗ്രതകളെ' സാംസ്കാരികമായ കരുതലുകളെ തകര്ക്കുന്നതിനാണ് മുമ്പ് മുഖ്യമായും വിപണി നേതൃത്വം കൊടുത്തത്. ഇന്ന് 'പുതിയ വിപണി' ഏകാഗ്രതകളെകൊണ്ട് സ്വന്തം വിടുപണി ചെയ്യിക്കുന്നതിനാണ് മുഖ്യമായും ശ്രമിക്കുന്നത്. 'ചൂതാട്ട സംസ്കാരത്തിന്റെ' ചളിക്കുഴികളിലേക്ക് വീണുകൊണ്ടിരിക്കുന്നതിന്റെ വിളംബരശബ്ദമാണ് തംബോലകളില് നിന്നും മുഴങ്ങുന്നത്. മാധ്യമവിഷത്തിന്റെ അകത്തളങ്ങളില് വെച്ച് ഒരു ജീവിതം അവസാനിച്ചു പോകുമോ എന്ന ഭീതിദമായ ആശങ്കയേയാണ് സത്യമായും നാമിപ്പോള് അഭിമുഖീകരിക്കുന്നത്. 'പത്ര സമ്മാനങ്ങള്' തിരിച്ചറിവുകളെ കൊല്ലുന്ന കെണികളാണെന്ന്, അവരുയര്ത്തിയ പച്ചിലകള് അറവുപുരകളിലേക്കുള്ള സ്നേഹപൂര്വ്വമായ ഒരു ക്ഷണമാണെന്ന്, ആനമയിലൊട്ടകവും കിലുക്കിക്കുത്തുമല്ല വായനയെന്ന് എത്രവേഗം തിരിച്ചറിയുന്നുവോ, അത്രയും നന്ന്. ഇപ്പോള് മാധ്യമമുതലാളിമാര് നിര്വഹിക്കുന്നത് കൊല്ലുന്നതിന് മുമ്പുള്ള ഒരു ഇക്കിളിയാണ്. ഒരു ജന്തുവിനെ കൊല്ലുന്നതിന് മുമ്പ് അതിനോട് മര്യാദയോടെ പെരുമാറണമെന്ന് എസ്കിമോകള് കരുതിയിരുന്നു. മറിച്ച് ചെയ്താല് കൊല്ലപ്പെട്ട ധ്രുവക്കരടിയുടെ പ്രേതം കരടികളുടെ സ്വര്ഗ്ഗത്തില് ചെന്ന് അക്കാര്യം ഉണര്ത്തിക്കും. അതോടെ കരടികള് എസ്കിമോകള്ക്ക് ഭക്ഷണം കഴിക്കാന് വേണ്ടി സ്വയം കൊല്ലപ്പെടാന് ഒരിക്കലും കൂട്ടാക്കുകയില്ല!
നാല്
'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണു വേണം'. മുമ്പത് ഒരു ജനസമൂഹത്തിന്റെ മുഴുവന് മോഹമായിരുന്നു. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം പൂത്ത മരങ്ങള് മാത്രം'. അങ്ങിനെ എത്രയോ കാല്പനിക കിനാവുകളും നമുക്കുണ്ടായിരുന്നു. പ്രബുദ്ധമായ പ്രക്ഷുബ്ധതയുടെ പതാക ഉയരത്തില് പറത്തി തീ പറക്കുന്ന അസംഖ്യം പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം കൊടുത്ത സമരധീരരുടെ ജ്വലിക്കുന്ന സ്മരണകള് മലയാളിയുടെ ശക്തിയായിരുന്നു. 'ചോര തുടിക്കും ചെറുകയ്യുകളെ പേറുക വന്നീ പന്തങ്ങള്' എന്ന് പാടിയ വൈലോപ്പിള്ളിയും, 'കുഴിവെട്ടി മൂടുക വേദനകള്, കുതികൊള്ക ശക്തിയിലേക്ക് നമ്മള്' എന്ന് പാടിയ ഇടശ്ശേരിയും മലയാളിക്കാവേശമായിരുന്നു. കേരളം മതേതരത്വത്തിന്റെ മികച്ച മാതൃകകളിലൊന്നായത് സമസ്ത അസമത്വങ്ങള്ക്കെതിരെയും മല്പ്പിടുത്തം നടത്തിയാണ്. 'നിങ്ങളുടെ വന്ദേമാതരങ്ങളും ക്രിക്കറ്റ് വിജയങ്ങളും ഫാഷന് പരേഡുകളും താന്ത്രിക് പെയിന്റിങ്ങുകളും കൊണ്ടുപോയി ചുട്' എന്ന് 70കളില് സച്ചിദാനന്ദനെഴുതുമ്പോള്, ഒരു കാല് നൂറ്റാണ്ടിനു ശേഷം കോണിബയോവിലും, സൗന്ദര്യ മത്സരത്തിലും, മറ്റെല്ലാ ആഭാസ അടിപൊളികളിലും ആടി തിമിര്ക്കുന്ന ഒരു പൊങ്ങു സമൂഹം പിറക്കുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കുകയില്ല. ഐക്യകേരളമുണ്ടായത് 'മലയാളത്തനിമയുടെ' അകത്തളങ്ങളില് വെച്ചായിരുന്നെങ്കില്; ഇന്ന് മലയാളിയുടെ 'നവമാന്യത' പൂക്കുന്നത് ആംഗല പൊങ്ങച്ചങ്ങളില് വെച്ചാണ്. ഐക്യ ഗീതികളിലല്ല, സങ്കുചിതത്വത്തിന്റെ ചങ്ങല കിലുക്കങ്ങളിലാണ് ഇപ്പോള് മലയാളികളില് പലരും പുളകം കൊള്ളുന്നത്. നരച്ച പഴയ ജാതിക്കൊപ്പം, തിളങ്ങുന്ന നവജാതികളും ശക്തിയാര്ജിച്ചുകൊണ്ടിരിക്കുന്നു. 'തൊട്ടുകൂടാത്തവര്, തീണ്ടിക്കൂടാത്തവര് ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളോര്' പെരുകുകതന്നെയാണ്! 'സ്നേഹം നരകത്തിന് നടുവില് സ്വര്ഗ ഗേഹം പണിയും പടുത്വം' എന്ന വിവേകമാണ് ഭ്രാന്തമായ മത്സരത്തിന്റെ കുത്തിയൊഴുക്കില് ഒലിച്ചു പോകുന്നത്. സ്വന്തം മണ്ണില് നിന്നും ഭാഷയില് നിന്നും, ബന്ധങ്ങളില് നിന്നും നാടുകടത്തപ്പെടുന്നവര്, കടമ്മനിട്ടയുടെ 'കിരാതവൃത്തത്തിലെ' കാട്ടാളനെപ്പോലെ ''എവിടെന്റെ കിനാക്കള് വിതച്ചോ-/ രിടിമിന്നലു പൂക്കും മാനം...'' എന്ന് വിളിച്ചു കേഴാന് പോലും കഴിയാത്തവരായി മാറിക്കൊണ്ടിരിക്കുന്നു.
കറുത്തമ്മ പൊട്ടിച്ചിരിച്ചു. പരീക്കുട്ടിയും പൊട്ടിച്ചിരിച്ചു. നീണ്ടു നീണ്ട ചിരി. എങ്ങിനെ, എന്തിനായി അവര് അങ്ങിനെ ചിരിച്ചു? എന്തോ അടക്കാന് വയ്യാതെ അവര് ചിരിക്കുകയാണ്' (ചെമ്മീന് - തകഴി). ഇന്ന് മാറാട്ട് ചിരികളില്ല. മുരള്ച്ചകള്ക്കാണ് കേരളത്തില് മാര്ക്കറ്റ്.
മനുഷ്യര് മനുഷ്യരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അവസ്ഥകളെത്തന്നെ അസാധ്യമാക്കും വിധം കേരളീയ സമൂഹവും ഒരു കീഴ്മേല് മറിച്ചിലിന്റെ പിടച്ചിലുമായാണ് ഇപ്പോള് കിതയ്ക്കുന്നത്. 'ഇങ്ങനെ പോയാല്' എന്ന ഭീതി ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യരെ മുഴുവന് പിടികൂടി കഴിഞ്ഞിരിക്കുന്നു. 'വലുതാവുന്നൂ നോക്കിനില്ക്കെയീ/ ച്ചോരത്തുള്ളി ഭൂഗോളത്തോളം/ വലുതാവുന്നൂ ഭയം/ രാത്രിയില് കടല് പോലെ' (സച്ചിദാനന്ദന്). മറുനാടന് മലയാളി അയക്കുന്ന മണിയോര്ഡറുകളിലും, അയല് സംസ്ഥാനങ്ങളില് നിന്നുള്ള ഇറക്കുമതിയിലുമായി എത്രകാലം ഇനിയും മലയാളി പരിക്കൊന്നും കൂടാതെ പുലരുമെന്ന് പ്രവചിക്കാനാവില്ല. മണലാരണ്യങ്ങളിലെ ഷെയ്ക്കുമാര് ഒരു ദിവസം കണ്ണുരുട്ടിയാല് മലയാളിയുടെ പൊങ്ങച്ചത്തിന്റെ സ്കൂള് പൂട്ടേണ്ടി വരും. 1409ല് പ്രസിദ്ധ ചൈനീസ് സഞ്ചാരി മഹ്വാന് ഇവിടം സന്ദര്ശിച്ച് രേഖപ്പെടുത്തിയത് 'നെല്ലും ചോളവും സമൃദ്ധം, കഴുതകള് കുറവ്' എന്നായിരുന്നു. 2004ലെ സ്ഥിതി വ്യത്യസ്തമാണ്. നെല്ലും ചോളവും സമൃദ്ധമല്ല. എന്നാല് രണ്ടര്ത്ഥത്തിലുള്ള 'കഴുതകളും' സമൃദ്ധമാണ്. 'സിംഹങ്ങളായി നടിക്കുന്ന കഴുതകളും'; കഴുതകളായി കഴിയേണ്ടി വരുന്ന പാവം സിംഹങ്ങളും! കെട്ടിടം കൃഷിയും റിയല് എസ്റ്റേറ്റ് വ്യവസായവും ബ്ലേഡ് കമ്പനികളും സമ്മാനമഴകളുംകൊണ്ടുകൊഴുത്തവര്ക്ക് മേല്കയ്യുള്ളൊരു സമൂഹത്തില് ഉപഭോഗസംസ്കാരം ഉടുതുണിയുരിഞ്ഞ് തുള്ളും! അത്തരമൊരു സമൂഹത്തില് സന്തോഷം ഒരു 'പാക്കറ്റും' സ്വപ്നം ഒരു ബക്കറ്റുമായി മാറും! 'മണിമാരന് തന്നത് പണമല്ല പൊന്നല്ല/ മധുരക്കിനാവിന്റെ കരിമ്പിന് തോട്ടം/ കണ്ണുനീര് തേവിതേവി കരളിതില് നിര്മ്മിച്ച/ കനകക്കിനാവിന്റെ കരിമ്പിന് തോട്ടം...' എന്ന് മുമ്പ് പി ഭാസ്കരന് പാടി. ഇന്ന് ആ കിനാവിന്റെ കരിമ്പിന് തോട്ടത്തില് മൂലധന മൂല്യങ്ങളുടെ മദയാനകളാണ് കുത്തിമറിയുന്നത്. പതിനായിരങ്ങളെ കൊന്നും ഒരു ഡോളര് അവര് രക്ഷിക്കും!
പഴയ ഭ്രാന്താലയം ഇപ്പോള് ഒരു ഭ്രാന്തുദ്പാദന കേന്ദ്രമായി മാറുകയാണോ? സംവാദ ഭരിതമായിരുന്ന ഒരു പ്രബുദ്ധ സമൂഹം ഇപ്പോള് വിവാദരതിയില് അഭിരമിക്കുകയാണോ? മതമേതായാലും മനുഷ്യന് നന്നായാല് മതി എന്ന ലിബറല് കാഴ്ചപ്പാട് കടലെടുത്ത് പോകുകയാണോ? എന്തുകേട്ടാലും അതെക്കുറിച്ച് ഞാനാലോചിക്കട്ടെ എന്ന് വിവേകപൂര്വം പ്രതികരിച്ചിരുന്നവരിലൊരു വിഭാഗമെങ്കിലും ഇപ്പോള് 'എട് വാള് കൊട് വെട്ട്' എന്ന സമീപനത്തിലേക്ക് തിരിച്ചു പോവുകയാണോ? തലചുറ്റിക്കുന്ന ചോദ്യങ്ങള്ക്കു മുമ്പിലും തല ഉയര്ത്തിപ്പിടിച്ചവര് തലതാഴ്ത്തേണ്ടി വരുന്ന ഒരവസ്ഥയിലാണ് കേരളം ഇപ്പോള് എത്തി നില്ക്കുന്നത്. ഇത് പെട്ടന്ന് അമ്പരപ്പിക്കും വിധം നമുക്ക് മേല് പൊട്ടിവീണ ഒരപകടമല്ല.
നമുക്കിടയില് പതുക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന പുനരുത്ഥാനവത്കരണത്തിന്റെയും അരാഷ്ട്രീയവത്കരണത്തിന്റെയും അനിവാര്യമായ ഫലമാണ് ഇപ്പോള് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
------------------------------------------
കെ.ഇ.എന്.: എഴുത്തുകാരനും വിമര്ശകനും. കോഴിക്കോട് ഫറൂഖ് കോളജില് മലയാളാധ്യാപകന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ