First published in Free Press, August 2004
< കേസ് സ്റ്റഡി 1 >
സയ്യിദ് അബ്ദുര് റഹ്മാന് ഗിലാനി: പാര്ലമെന്റ് ആക്രമണ കേസില് കുറ്റാരോപിതന്
(രാജ്യത്ത് പോട്ട പ്രകാരം രജിസ്റ്റര് ചെയ്ത ആദ്യത്തെ കേസ്)
ഗിലാനി: ഒരു രാഷ്ട്രീയ അജണ്ടയുടെ ഇര
പാര്ലമെന്റ് ആക്രമണകേസില് പോട്ട പ്രകാരം അറസ്റ്റിലായി പോട്ട സ്പെഷല് കോടതി വധശിക്ഷ വിധിച്ച ശേഷം ഡെല്ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഡെല്ഹി യൂണിവേഴ്സിറ്റി ലക്ചറര്, പ്രൊഫസര് സയ്യിദ് അബ്ദുര് റഹ്മാന് ഗിലാനി. ഇപ്പോള് അപ്പീലിന്മേലുള്ള വാദം സുപ്രീം കോടതിയില്.
$ അഡ്വ. നന്ദിത ഹക്സര്
2001 ഡിസംബര് 13ന് ഇന്ത്യന് പാര്ലമെന്റ് ആക്രമിക്കപ്പെട്ടു.
രണ്ടര വര്ഷം കഴിഞ്ഞു. ഇപ്പോഴും ആരാണ് ഇന്ത്യന് പാര്ലമെന്റ് ആക്രമിച്ചതെന്ന് അവ്യക്തം. അക്രമികള് ആറു പേരുണ്ടെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. പക്ഷെ അഞ്ച് ശരീരങ്ങള് മാത്രമേ കണ്ടെത്തിയുള്ളൂ. ആറാമത്തെയാള്ക്ക് എന്തുപറ്റി? ബുള്ളറ്റുകള് തുളച്ച് കയറി വികൃതമാക്കിയ അഞ്ച് ശരീരങ്ങള് ടിവിയിലൂടെയും പത്രങ്ങളിലൂടെയും ജനങ്ങള് കണ്ടിരുന്നു. പൊലീസുകാര് പത്രക്കാരോട് പറഞ്ഞ അവരുടെ പേരുകള് ഇതായിരുന്നു. മുഹമ്മദ്, ഹൈദര്, ഹംസ, രാജ, റാണ. അന്നത്തെ ആഭ്യന്തരമന്ത്രി ലാല് കൃഷ്ണ അദ്വാനി പ്രസ്താവിച്ചു- “ആ അഞ്ചുപേര് പാകിസ്ഥാനികളെപ്പോലിരുന്നു”. തുടര്ന്ന് ഗൂഡാലോചന കുറ്റത്തിനും അക്രമികള്ക്ക് ഒത്താശ ചെയ്തു എന്ന കുറ്റത്തിനും നാലുപേരെ അറസ്റ്റുചെയ്തു. അഫ്സല്, ഷൗക്കത്ത്, ഗിലാനി, ഷൗക്കത്തിന്റെ ഭാര്യ അഫ്സാന് - ഇതില് സയ്യിദ് അബ്ദുര് റഹ്മാന് ഗിലാനി ഡെല്ഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകന്.
ഇതോടെ ഇന്ത്യയും തീവ്രവാദത്തിന്റെ ഇരയാണെന്ന് അമേരിക്കയേയും സുഹൃത്തുക്കളേയും ബോധിപ്പിക്കാന് ഡിസം.13ന് ശേഷം ഇന്ത്യന് ഗവണ്മെന്റിന് കഴിഞ്ഞു. ഉപഭൂഖണ്ഡത്തിലെ സ്വതവേ കലുഷിതമായ സുരക്ഷാ അന്തരീക്ഷത്തെ പൊട്ടിത്തെറിക്കാവുന്ന ഒരു അവസ്ഥയിലേക്ക് ഡിസം.13 കൊണ്ടെത്തിച്ചു. ഇന്ത്യാ- പാകിസ്ഥാന് അതിര്ത്തിയിലെ ഏഴു ലക്ഷത്തോളം സൈനികരെയും അതീവ ജാഗ്രതയില് നിര്ത്തി. യുദ്ധം ഏതാനും ദിവസങ്ങള് മാത്രം അകലെയാണെന്ന തോന്നല് വ്യാപകമായി. തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ പേരില് തീവ്രവാദം തടയല് നിയമം (പോട്ട) യാതൊരു ദേശീയ സമവായവുമില്ലാതെ തന്നെ പാര്ലമെന്റില് അവതരിപ്പിക്കപ്പെട്ടു. (നിയമം പാസാക്കാന് രാജ്യസഭയില് ഭൂരിപക്ഷമില്ലാതിരുന്ന ബി.ജെ.പി., 25 വര്ഷത്തിനുശേഷം ആദ്യമായി രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനം ഇതിനായി വിളിച്ചു.) അങ്ങനെ പോട്ട പ്രകാരം രാജ്യത്ത് രജിസ്റ്റര് ചെയ്ത ആദ്യത്തെ കേസായി പാര്ലമെന്റ് ആക്രമണം.
വര്ഷം ഒന്നുകഴിഞ്ഞു. 2002 ഡിസംബര് 17.
പോട്ട പ്രത്യേക കോടതി അഫ്സല്, ഷൗക്കത്ത്, ഗിലാനി എന്നിവരെ വധശിക്ഷക്ക് വിധിക്കുന്നു. അഫ്സാനെ അഞ്ചുവര്ഷം കഠിന തടവിനും. കേസ് അപ്പീലിന് ഡെല്ഹി ഹൈക്കോടതിയില് എത്തുന്നു.
പത്തുമാസം കഴിഞ്ഞു. 2003 ഒക്ടോബര് 29.
ഡെല്ഹി ഹൈക്കോടതി വിധി.
അബ്ദുര് റഹ്മാന് ഗിലാനിയേയും അഫ്സാന് ഗുരുവിനെയും വെറുതേ വിടുന്നു. അഫ്സലിന്റെയും ഷൗക്കത്തിന്റെയും വധശിക്ഷ ശരിവെച്ചു.
എന്തുകൊണ്ടാണ് ഡെല്ഹി ഹൈക്കോടതി അഫ്സാനൊപ്പം ഗിലാനിയെയും കുറ്റവിമുക്തമാക്കിയത്? പോട്ട സ്പെഷല് കോടതി രണ്ട് വധശിക്ഷ നല്കിയ ആള് (ഒരു വധശിക്ഷ ‘ഗൂഡാലോചന കുറ്റത്തിനും’ മറ്റൊന്ന് ‘ഗവണ്മെന്റിനെതിരെ യുദ്ധം നടത്തിയതിനും’) നിരപരാധിയാണെന്നാണോ? ഹൈക്കോടതി പറയുന്നത് ഗിലാനി നിരപരാധിയാണെന്നാണ്. ഹൈക്കോടതി വിധി പറയുന്നു-- “(കോടതിക്കുമുന്നില് ഹാജരാക്കിയ) ഏക തെളിവ് വിദൂരത്തില് പോലും ഗിലാനിക്ക് കുറ്റത്തില് പങ്കുണ്ടെന്ന് തെളിയിക്കാനുതകുന്നതല്ല”.
അങ്ങനെയാണെങ്കില് എന്തുകൊണ്ടാണ് ഗിലാനിയെ തീവ്രവാദവിരുദ്ധ നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്ത് രണ്ടുവര്ഷത്തോളം ജയിലിലിട്ടത്? അയാള് ഒരു നിരോധിക്കപ്പെട്ട സംഘടനയിലും അംഗമായിരുന്നില്ല; അയാള്ക്കെതിരെ ഒരു തെളിവും നിരത്താന് വാദിഭാഗത്തിന് കഴിഞ്ഞില്ല. അയാള് ഒരിക്കലും ഒരു കുറ്റസമ്മതവും (confessional statement) നല്കിയിട്ടുമില്ല. പിന്നെയും എന്തുകൊണ്ട്?
രാഷ്ട്രീയ അജണ്ടയുടെ ഇര
ഡെല്ഹി യൂണിവേഴ്സിറ്റിയില് പഠിപ്പിക്കുന്ന ഏക കാശ്മീരി മുസ്ലീം പ്രൊഫസറാണ് അബ്ദുര് റഹ്മാന് ഗിലാനി. 15 വര്ഷങ്ങള്ക്കുമുമ്പ് ഗിലാനി ഡെല്ഹിയില് വന്നു. പഠനകാലത്ത് യൂണിവേഴ്സിറ്റിയില് നിന്ന് സ്വര്ണമെഡലും പിന്നീട് ഗവേഷണത്തിന് ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില് നിന്ന് ക്ഷണവും ഗിലാനിയെ തേടിയെത്തിട്ടുണ്ട്. ഡെല്ഹി സക്കീര് ഹുസൈന് കോളജില് അറബി അധ്യാപകനായി ജോലി. ഉറുദു കവിതകളോടും ചിത്രകലകളോടും അങ്ങേയറ്റം താത്പര്യം പുലര്ത്തുന്ന ഗിലാനി അനേകം സുഹൃത്തുക്കളുണ്ടായിരുന്ന സഹൃദയനായ ഒരു ചെറുപ്പക്കാരനായിരുന്നു. “ഡെല്ഹി യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാര്ത്ഥികളും അദ്ദേഹത്തെ അറിയുന്നത് മതേതര മൂല്യങ്ങള്ക്കുവേണ്ടിയും സ്വാതന്ത്ര്യ- നീതി നിഷേധങ്ങള്ക്കെതിരെയുള്ളതുമായ എല്ലാ മീറ്റിംഗുകളിലും റാലികളിലും മുടങ്ങാതെ പങ്കെടുക്കുകയും ഐക്യദാര്ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന മനുഷ്യന് എന്ന നിലയിലാണ്” - ഡെല്ഹി യൂണിവേഴ്സിറ്റിയില് അദ്ദേഹത്തിന്റെ സഹപ്രവര്ത്തകനായ ചരിത്രകാരന് കുമാര് സഞ്ജയ് സിംഗ് പറയുന്നു.
എന്നാല്, ഗിലാനിയെ അറസ്റ്റ് ചെയ്തപ്പോള് പൊലീസ് വിശേഷിപ്പിച്ചത് അക്രമണത്തിനു പിന്നിലെ ‘വിദ്യാസമ്പന്നനായ ബുദ്ധികേന്ദ്രം’ (educational mastermind) എന്നാണ്. പൊലീസും മാധ്യമങ്ങളും ചമച്ച കഥകളിലെ മുഖ്യവില്ലനായിരുന്നു ഡെല്ഹി യൂണിവേഴ്സിറ്റിയിലെ ഈ അധ്യാപകന്. അറസ്റ്റിലായ അഫ്സലില് നിന്നും ഷൗക്കത്തില്നിന്നും അഫ്സാന് ഗുരുവില് നിന്നും ഒറ്റപ്പെടുത്തിയാണ് ഗിലാനിക്കെതിരെ പൊലീസും മാധ്യമങ്ങളും കുറ്റാരോപണങ്ങള് അഴിച്ചുവിട്ടത്. ഗിലാനിയായിരുന്നു ശത്രുതയുടെയും വിദ്വേഷത്തിന്റെയും പ്രധാന ഇര. ഗിലാനി പ്രതിനിധീകരിക്കുന്നത്, കാശ്മീരികളെ മുഴുവന് ജിഹാദികളും മൗലികവാദികളുമായി മുദ്രയടിക്കാനുള്ള ഗവണ്മെന്റ് ശ്രമത്തെ അസാധ്യമാക്കുന്ന, കാശ്മീരിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായങ്ങളായതുകൊണ്ടാവാം ഇത് സംഭവിച്ചത്. അദ്ദേഹം വരുന്നത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില് നിന്നാവാം. പക്ഷെ വിദ്യാഭ്യാസനവീകരണങ്ങളുടെ കാര്യത്തില് താഴ്വരയില് ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു കുടുംബമാണിത്. ഗിലാനിയുടെ ഏറ്റവും വലിയ കുറ്റം അയാള് വിദ്യാസമ്പന്നനായ മതേതരവിശ്വാസിയായ ഒരു മുസ്ലിമായി പോയതാണ്. മതന്യൂനപക്ഷങ്ങളിലെ പുരോഗമന വിശ്വാസികളുടെ നേര്ക്കാണ് തീവ്രവലതുപക്ഷത്തിന്റെ രോഷം ഏറ്റവും ശക്തമായി നില്ക്കുന്നതെന്ന് തെളിയിക്കുന്ന അനേകം സംഭവങ്ങളില് ഏറ്റവും പ്രകടമായ ദൃഷ്ടാന്തമാണ് ഗിലാനി കേസ്. ദേശീയ രാഷ്ട്രീയത്തിലെ സമീപകാലചരിത്രം വിശകലനം ചെയ്യുമ്പോഴാണ് ഇത് വളരെ കൃത്യമായി രൂപപ്പെടുത്തിയ ഒരു രാഷ്ട്രീയ അജണ്ടയാണെന്ന് നമുക്ക് മനസിലാകുക.
ഗിലാനിക്ക് വേണ്ടി ഒരു ഡിഫന്സ് കമ്മിറ്റി
ഗിലാനിയുടെ നിരപരാധിത്വം മനസിലാക്കിയ ഒരു കൂട്ടം സുഹൃത്തുക്കളും സോഷ്യലിസ്റ്റുകളും അഭിഭാഷകരും ഗിലാനിക്ക് വേണ്ടി പൊരുതാന് ഇറങ്ങി. വിചാരണവേളയിലും മാധ്യമങ്ങള് ശത്രുതാപരമോ ഒട്ടൊക്കെ നിസംഗത പുലര്ത്തുന്നതോ ആയ നിലപാടാണ് സ്വീകരിച്ചുപോന്നത്. ഈ മാധ്യമങ്ങളായിരുന്നു ഗിലാനിക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതും. ഈ സാഹചര്യത്തില് ഭീകരതയെ നേരിടുന്നതിനിടയില് ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് പൊതുധാരണ ശക്തമാക്കേണ്ടതുണ്ടെന്നും നീതിപൂര്വമുള്ള വിചാരണക്ക് വേണ്ടിയുള്ള അവകാശം ബലപ്പെടുത്തണമെന്നുമുള്ള ആവശ്യം പൊന്തിവന്നു. അങ്ങനെയാണ് ഗിലാനിക്ക് വേണ്ടി ഒരു ഓള് ഇന്ത്യ ഡിഫന്സ് കമ്മിറ്റി ഉണ്ടായത്. പ്രശസ്ത അക്കാദമീഷ്യനായ രജനി കോത്താരി ചെയര്മാനായുള്ള കമ്മിറ്റിയില് സുരേന്ദ്ര മോഹന്, അരുണാ റോയ്, അരുന്ധതി റോയ്, ബാബു മാത്യു, പ്രഭാഷ് ജോഷി, സന്ദീപ് പാണ്ഡെ, സഞ്ജയ് കാക്, വൈ.പി. ചിബര്, കുമാര് സഞ്ജയ് സിംഗ് തുടങ്ങിയവരും അംഗങ്ങളായിരുന്നു. പൊലീസിന്റെയും ഭരിക്കുന്ന തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെയും പേരില് ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നു എന്ന യാഥാര്ത്ഥ്യം ജനങ്ങളിലെത്തിക്കാനായിരുന്നു ഇങ്ങനെയൊരു കമ്മിറ്റി.നാഷണല് ഷോവനിസത്തിന്റെ അള്ത്താരയില് ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നത് ജനാധിപത്യത്തിലെ പൗരന്മാര് അറിയേണ്ടതുണ്ട്. അയാള്ക്ക് ഒരു ന്യായ വിചാരണ (fair trial) കിട്ടാനുള്ള അവകാശമുണ്ട്.
പോട്ട സ്പെഷല് കോടതി ജഡ്ജ് എസ്.എന്. ധിന്ഗ്ര മുന്വിധിയോടെയാണ് കേസ് പരിഗണിച്ചത്. ഇത് ജവഹര്ലാല് നെഹ്രു യൂണിവേഴ്സിറ്റിയിലേയും ഡെല്ഹി യൂണിവേഴ്സിറ്റിയിലേയും അധ്യാപകരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഒരു തുറന്ന കത്ത് എഴുതുന്നതില് വരെയെത്തിച്ചു.
ഈ കോടതി പിന്നീട് ഗിലാനിയടക്കം കേസിലുള്പ്പെട്ടിരുന്ന മൂന്ന് കാശ്മീരികള്ക്കും വധശിക്ഷ നല്കി. അഫ്സാന് ഗുരു എന്ന സിക്ക് സ്ത്രീക്ക് അഞ്ചുവര്ഷം തടവും. വിധി സ്വാഗതം ചെയ്തുകൊണ്ട് ശിവസേന കോടതി മുറിക്ക് പുറത്ത് പടക്കം പൊട്ടിച്ചു.
ഈ കോടതി വിധിയോടെ ഒരു നിരപരാധിയെ തൂക്കിക്കൊന്നേക്കാം എന്ന് ഏകദേശം ഉറപ്പായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിശേഷിപ്പിച്ച് അഭിമാനം കൊള്ളുന്ന ഒരു രാജ്യത്തിന് ഇതിലും വലിയ ഒരു നാണക്കേട് ഉണ്ടാകാനില്ല. ഫാഷിസത്തിന്റെ വിജയം ഈ രാജ്യത്ത് കാണേണ്ടവര് എങ്ങനെ ‘രാജ്യസ്നേഹം’, ‘രാജ്യദ്രോഹം’ എന്നിവ യഥേഷ്ടം അവരുടെ രാഷ്ട്രീയ അജണ്ടക്ക് വേണ്ടിയുപയോഗിക്കുന്നു എന്ന് ഗിലാനി കേസിന്റെ വിചാരണ തെളിയിച്ചു. (ഈ രാജ്യത്തും ആട്ടിന് തോലണിഞ്ഞ ചെന്നായയുടെ രൂപത്തില് ഫാഷിസം കയറി വരുന്നു- ബഹുഭൂരിപക്ഷം ജനങ്ങളെയും നിശബ്ദരാക്കിക്കൊണ്ട്.) ഫാഷിസം എന്റെ രാജ്യത്തും.
എന്റെ മനസില് അഗാധമായ, പൊള്ളുന്ന ലജ്ജ തോന്നുന്നു- സ്പെഷല് ബ്രാഞ്ച് പൊലീസുകാര് അഫ്സലിന്റെയും ഷൗക്കത്തിന്റെയും ശരീരത്തില് മൂത്രമൊഴിച്ചു എന്ന് കേള്ക്കുമ്പോള്; സ്പെഷല് കോടതി ജഡ്ജ് ഗര്ഭിണിയായ അഫസാനെ കോടതി മുറിയില് വെച്ച് പരിഹസിച്ചു എന്ന് കേള്ക്കുമ്പോള്; ഈദ് നമസ്കാരം ചെയ്യാന് ഗിലാനിയെ ജയില് അധികാരികള് അനുവദിക്കാതിരുന്നു എന്ന് കേള്ക്കുമ്പോള്... ദേശീയ മനുഷ്യാവകാശ കമ്മീഷന് വരെ പ്രതികരിച്ചില്ല. മാധ്യമങ്ങള് പൊലീസിന്റെ തൂലിക മാത്രമായി. മതേതരത്വവും ജനാധിപത്യമൂല്യവും വാതോരാതെ പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്ട്ടികള് നിശബ്ദരായിരുന്നു. ഗിലാനിയെ വധിക്കാന് തിഹാര് ജയിലില് ഒരു ശ്രമമുണ്ടായപ്പോള് അതുപോലും ഒരു വാര്ത്തയല്ലായിരുന്നു. ഇതെല്ലാം നടന്നത് ‘ദേശീയത’യുടെ പേരിലായിരുന്നു. കപടമായ അര്ത്ഥത്തില് തലങ്ങുംവിലങ്ങും പ്രയോഗിക്കപ്പെടുന്ന ‘ദേശീയത’ എന്ന വികാരം ഇന്ന് വലതുപക്ഷ ഫാഷിസ്റ്റുകള് അവരുടെ വളര്ച്ചക്ക് സൃഷ്ടിച്ചെടുക്കുന്ന ഒരു പുകമറയാണ്. ഇവിടെ ഭീഷണിയിലുള്ളത് ഇന്ത്യന് ജനാധിപത്യമാണ്; അതിന്റെ മൂല്യങ്ങളാണ്.
ഡിസംബര് 18, 2002ല് പോട്ട കോടതിയില് നിന്ന് വധശിക്ഷ കേട്ട ശേഷം പ്രഭാവത്തോടെ, തികഞ്ഞ രാഷ്ട്രീയ വ്യക്തതയോടെ ഗിലാനി പറഞ്ഞു: “നിരപരാധികളെ ശിക്ഷിക്കുന്നതുകൊണ്ട് നിങ്ങള്ക്ക് വികാരങ്ങളെ അടിച്ചിരുത്താനാവില്ല. നീതി നടപ്പിലായാലേ സമാധാനമുണ്ടാവൂ. ജനങ്ങള്ക്ക് നീതി നല്കുകയെന്നത് ഒരു ജനാധിപത്യ മൂല്യമാണ്. ഇന്ത്യന് ജനാധിപത്യമാണ് ഇന്ന് ഭീഷണിയില്”.
ഗിലാനിക്കു നല്കിയ വധശിക്ഷ കാശ്മീരികളെ ഞെട്ടിച്ചു. മൂന്നുദിവസം തുടര്ച്ചയായി ബന്ദ് നടത്തിയാണ് കാശ്മീരികള് പ്രതികരിച്ചത്. ഗിലാനിക്ക് ഒരു ന്യായ വിചാരണ കിട്ടിയാല് അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് അവര് വിശ്വസിച്ചു.
കാശ്മീരികള്ക്കൊപ്പം രാജ്യത്തെ വിവിധഭാഗങ്ങളില് നിന്ന് ഗിലാനിക്ക് ഒരു ന്യായവിചാരണക്കുള്ള ആവശ്യം ഉയര്ന്നു വന്നു. ഡെല്ഹിയിലെ മൂന്ന് യൂണിവേഴ്സിറ്റികളിലെ അധ്യാപകര്ക്കൊപ്പം ബംഗാളിലെ 9 യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന ഓള് ബംഗാള് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും രംഗത്തുവന്നു. ഗിലാനിക്ക് ന്യായവിചാരണ ആവശ്യപ്പെട്ടുകൊണ്ട് 50,000ത്തോളം പോസ്റ്റ് കാര്ഡുകള് ആഭ്യന്തരമന്ത്രിക്ക് വിവിധ യൂണിവേഴ്സിറ്റികളില് നിന്ന് അയച്ചു. ആംനസ്റ്റി ഇന്റര്നാഷണല് മുതല് നോം ചോംസ്കി വരെയുള്ളവര് ഗിലാനിക്ക് വേണ്ടി സംസാരിച്ചു.
അപ്പീല് ഹൈക്കോടതിയിലെത്തിയപ്പോഴാണ് സീനിയര് സുപ്രീം കോടതി അഭിഭാഷകനും മുന് കേന്ദ്ര നിയമമന്ത്രിയുമായ രാം ജെത് മലാനി ഗിലാനിക്ക് വേണ്ടി വാദിക്കാന് രംഗത്ത് വരുന്നത്. അദ്ദേഹം കോടതിയില് പറഞ്ഞു: “കീഴ്ക്കോടതിയില് ഗിലാനിക്ക് ഒരു നിമിഷം പോലും ന്യായ-വിചാരണ കിട്ടിയിട്ടില്ല. ഞാന് ഗിലാനിക്ക് വേണ്ടി വാദിക്കാന് കാരണം അയാള് നിരപരാധിയാണെന്നും ഒരു തെളിവുപോലും അയാള്ക്കെതിരെ ഇല്ലെന്നും ധാര്മികമായി ബോധ്യപ്പെട്ടതിന് ശേഷമാണ്”.
പക്ഷെ ശിവസേനക്കാര് രാം ജെത്മലാനിയുടെയും ഗിലാനിക്ക് വേണ്ടി വാദിക്കുന്ന മറ്റ് അഭിഭാഷകരുടെയും വീടുകള്ക്ക് മുന്നില് ധര്ണയും സമരങ്ങളും നടത്തി. അവരെ രാജ്യദ്രോഹികളെന്ന് വിളിച്ചു.
ഡിഫന്സ് കമ്മിറ്റിയുടെയും അഭിഭാഷകരുടെയും ശ്രമഫലമായി ഒടുവില് ഹൈക്കോടതി ഗിലാനിയെ കുറ്റവിമുക്തനാക്കി. രാജ്യത്തെ ജനാധിപത്യ വിശ്വാസികള് കോടതിവിധിയെ ഇന്ത്യന് ജനാധിപത്യത്തിന്റെ വിജയമായി പ്രശംസിച്ചു. നീതി നടപ്പിലായെന്ന് ഇംഗ്ലീഷ് പത്രങ്ങള് മുഖപ്രസംഗമെഴുതി. ഒരര്ത്ഥത്തില് കോടതി വിധി ഒരത്ഭുതം തന്നെയാണ്; തികച്ചും നിരപരാധിയാണെങ്കില് കൂടി ഇന്ത്യന് പാര്ലമെന്റ് ആക്രമണകേസില് വധശിക്ഷ കിട്ടിയ ഒരു കാശ്മീരി മുസ്ലീം കുറ്റവിമുക്തനാക്കപ്പെടുമെന്ന് നമ്മളില് എത്രപേര് വിശ്വസിച്ചു?
പക്ഷെ ഗിലാനിയെ സംബന്ധിച്ച് അയാള്ക്ക് എന്നിട്ടും നീതി കിട്ടിയില്ലായിരുന്നു. മേല്പറഞ്ഞ ജനാധിപത്യവിശ്വാസികള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഗിലാനി താന് പുറത്തുവന്നതിന് ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനത്തില് പറഞ്ഞത്. ഇന്ത്യന് ജനാധിപത്യത്തെയോ ജുഡീഷ്യറിയെപ്പോലുമോ പുകഴ്ത്തുകയല്ല ഗിലാനി ചെയ്തത്- ‘പൊലീസിലെ ക്രിമിനല്വത്കരണവും കോടതികളുടെ രാഷ്ട്രീയവു’മാണ് ഗിലാനി സംസാരിച്ചത്. തീഹാര് ജയിലിലെ തന്റെ രണ്ടുവര്ഷത്തെ തടവിനിടയില് നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് ആളുകളെ ഗിലാനി കാണാനിടയായിരുന്നു. അതില് മിക്കവരും മുസ്ലീങ്ങളും അതില് തന്നെ കൂടുതലും കാശ്മീരി മുസ്ലീങ്ങളുമായിരുന്നു. “അഭിഭാഷകരില്ലാതെ, ന്യായ-വിചാരണ കിട്ടാതെ തടവില് കഴിയേണ്ടി വരുന്ന ഇത്തരം നൂറുകണക്കിന് നിരപരാധികളെ സഹായിക്കാനാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം”. ഗിലാനി പത്രസമ്മേളനത്തില് പറഞ്ഞു.
ഗിലാനിയുടെ പ്രസ്താവന വിരളമായ ഒരു ധൈര്യപ്രകടനമാണെന്ന് പല ഇന്ത്യാക്കാരും വിശ്വസിച്ചു. ഇന്ത്യന് ജനാധിപത്യത്തില് സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ തീവ്രവാദത്തിന്റെ കടന്നാക്രമണത്തെക്കുറിച്ച് ശക്തമായ ഭാഷയില് ഗിലാനി സംസാരിച്ചപ്പോള് പ്രസ് കോണ്ഫറന്സില് സന്നിഹിതരായിരുന്ന സീനിയര് പ്രൊഫസര്മാര് വരെ വലിയ ഹര്ഷാരവത്തോടെയാണ് അത് വരവേറ്റത്. പക്ഷെ വേറെ കുറേപ്പേര് ഗിലാനി ‘കൂടുതല്’ സംസാരിക്കുന്നെന്നും ഇനി ഒതുങ്ങിക്കൂടി കോളജില് പോയി ക്ലാസെടുത്ത് സാധാരണജീവിതം നയിക്കണമെന്നും ഉപദേശിച്ചു.
പക്ഷെ ഗിലാനിയേയും അയാളുടെ ഡിഫന്സ് കമ്മിറ്റിയേയും അഭിഭാഷകരെയും സംബന്ധിച്ച് ഹൈക്കോടതി വിധി വഴി നീതിനിര്വഹണം പൂര്ണമല്ലായിരുന്നു. ഇതില് ഏറ്റവും പ്രധാനം ഒരു നിരപരാധിയെ അറസ്റ്റ് ചെയ്ത്, കേസിലുള്പ്പെടുത്തി, രണ്ടുവര്ഷത്തോളം പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥര്ക്കെതിരെ കോടതിവിധി ഒരു നടപടിയും ആവശ്യപ്പെടുന്നില്ല എന്നതാണ്. ഒപ്പം, ഗിലാനിയെ വധശിക്ഷക്ക് വിധിച്ച പോട്ട പ്രത്യേക കോടതി ജഡ്ജ് എസ്.എന്. ധിന്ഗ്ര തികച്ചും ശത്രുതാപരമായി കുറ്റാരോപിതരെ കണ്ടതിനെതിരെ യാതൊരു പരാമര്ശവും ഹൈക്കോടതി വിധിയിലില്ല. നീതിക്ക് വേണ്ടിയും ജനാധിപത്യമൂല്യങ്ങള്ക്ക് വേണ്ടിയും ഭാവിയില് നടക്കാവുന്ന സമരങ്ങള്ക്ക് സഹായകമാവുന്ന രീതിയിലല്ല ഹൈക്കോടതി വിധിയുണ്ടായിട്ടുള്ളത്. മാധ്യമങ്ങള് മുഴുകിയിരിക്കുന്ന നിരുത്തരവാദപരമായ പത്രപ്രവര്ത്തനത്തെ വിലക്കുന്ന രീതിയിലോ ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധത നഷ്ടപ്പെടുത്തി രാഷ്ട്രീയ അജണ്ടകള് മാത്രം നടപ്പാക്കുന്ന പൊലീസിന് താക്കീത് നല്കാനോ കോടതി വിധിക്ക് കഴിഞ്ഞില്ല. ഇവിടെ ഭീഷണിയിലായിരിക്കുന്നത് ഇന്ത്യന് ജനാധിപത്യം തന്നെയാണ്. രാഷ്ട്രീയക്കാരും പൊലീസും മാധ്യമവും ജനാധിപത്യമൂല്യങ്ങള് കാറ്റില് പറത്തുന്നു- അവര് നിയമം ലംഘിക്കുന്നു; ഭരണഘടന പോലും. ഗിലാനിയെ പീഡിപ്പിച്ച ഒരു സീനിയര് പൊലീസുദ്യോഗസ്ഥന് ‘എന്കൗണ്ടര്’ കൊലപാതകങ്ങളിലും മറ്റൊരു സീനിയര് ഓഫീസര് അഴിമതി കേസുകളിലും കുറ്റാരോപിതരാണ്. ദേശീയസുരക്ഷയുടേയും തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിന്റേയും പേരില് ഇന്ത്യയില് പൊലീസും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും നിശബ്ദമായി പരിവര്ത്തനം ചെയ്യപ്പെടുകയാണ്.
ഗിലാനിയും കുടുംബവും: നീതിക്കുള്ള അന്വേഷണം
ഗിലാനിയുടെ കുടുംബം കഴിഞ്ഞ രണ്ടരവര്ഷം ഏറ്റുമുട്ടിയ ജീവിത യാഥാര്ത്ഥ്യങ്ങള് ഭീകരമായിരുന്നു. 2001 ഡിസംബര് 14ന് (പാര്ലമെന്റാക്രമണത്തിന്റെ പിറ്റേന്ന്) റംസാന് മാസത്തിലെ ഇഫ്താറിന്റെ സമയത്തും ഗിലാനി വീട്ടില് തിരിച്ചെത്തിയില്ല. പകരം അഞ്ചാറ് പൊലീസുകാര് വന്നു. അവര് ഗിലാനിയുടെ ഭാര്യ അരീഫയേയും അഞ്ചുവയസും എട്ടുവയസും പ്രായമായ കുട്ടികളേയും ബലമായി കാറില് കയറ്റി. ആ രാത്രിയില് അരീഫയും കുട്ടികളും ഗിലാനിയെ കണ്ടു. എണീറ്റുനില്ക്കാന് കെല്പില്ലാതെ കൈകളും കാലുകളും തളര്ന്നുകിടക്കുകയായിരുന്നു അദ്ദേഹം. താനൊരിക്കലും ചെയ്യാത്ത കുറ്റങ്ങള് അയാളെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
ഇതിനകംതന്നെ വല്ലാതെ പീഡിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ധൈര്യം കെടുത്തുന്നതിനുവേണ്ടിയായിരുന്നു ഭാര്യയേയും കുട്ടികളേയും അയാളുടെ മുമ്പില്കൊണ്ടുവന്നത്. കുറ്റം സമ്മതിക്കാത്ത പക്ഷം അവരെ കൊന്നുകളയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. തന്റെ ഭര്ത്താവിനെ ഒന്നുമെഴുതാത്ത പേപ്പറുകളില് ഒപ്പിടുവിക്കുന്നത് അവര് കണ്ടു. അരീഫയേയും കുട്ടികളേയും വീട്ടിലേക്ക് തിരികെപ്പോവാന് അനുവദിച്ചു. പക്ഷെ ആ ദാരുണമായ രംഗത്തിന്റെ ഓര്മകള് ആ കുട്ടികള്ക്ക് മായ്ക്കാന് കഴിയുന്നതിലും ശക്തമായിരുന്നു. ഭയവും സംശയവും മുന്വിധിയും ഭരിക്കുന്ന ഒരു ലോകത്തേക്ക് അവര് പെട്ടെന്ന് പ്രവേശിച്ചത് അന്നായിരുന്നു.
അരീഫയും കുട്ടികളും അവര് താമസിച്ചിരുന്ന വാടകവീട്ടില് നിന്ന് പുറത്താക്കപ്പെട്ടു. ഡെല്ഹിയിലെ സ്കൂളുകളില് കുട്ടികള്ക്ക് അഡ്മിഷന് നിഷേധിക്കപ്പെട്ടു. ഹൈക്കോടതി വിധിക്ക് ശേഷവും ഗിലാനി കുറ്റവിമുക്തനാക്കപ്പെട്ടിട്ടും സമൂഹം അയാളുടെ കുടുംബത്തെ ഏതോ മഹാ അപരാധം ചെയ്തവരെപ്പോലെയാണ് കാണുന്നത്. അവര് ഇപ്പോള് താമസിക്കുന്ന വീടും ഒഴിഞ്ഞുകൊടുക്കാന് വീട്ടുടമസ്ഥന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗിലാനി കോളജില് പഠിപ്പിക്കാന് പോകുമ്പോഴും പുതുവര്ഷത്തില് കുടുംബത്തോടൊപ്പം ഗോവയില് പോകുമ്പോഴും പൊലീസ് പിന്തുടരുകയാണ്. കഠിനപ്രയത്നത്തിലൂടെയാണ് അടുത്തിടെ ഗിലാനിയുടെ കുട്ടികള്ക്ക് ഡെല്ഹിയിലെ ഒരു സ്കൂളില് അഡ്മിഷന് കിട്ടിയത്. ഭരണകൂട അധികാരം പൗരന് നേരെ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇന്ത്യന് ഭരണഘടനയില് മനുഷ്യാവകാശങ്ങളുള്ളതെന്ന് സ്കൂളില് ടീച്ചര് പഠിപ്പിക്കുമ്പോള് എന്തായിരിക്കും അവരുടെ മനസില്?
ഇന്ത്യന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു നിര്ണായകമായ സംഭവം തന്നെയാണ് പാര്ലമെന്റാക്രമണം. പക്ഷെ ഇന്ത്യന് ജനാധിപത്യത്തേക്കുറിച്ച് കുറെയേറെ കാര്യങ്ങള് അത് ജനങ്ങളോട് പറയുന്നുമുണ്ട്.
- ഒന്ന്, അതിലാഘവത്തോടെ നടത്തിയ പൊലീസ് അന്വേഷണം.
- രണ്ട്, സ്വന്തമായി ഒരന്വേഷണവും നടത്താതെ പൊലീസ് പറയുന്നത് മാത്രം റിപ്പോര്ട്ട് ചെയ്ത മാധ്യമങ്ങള്.
- മൂന്ന്, നിരുത്തവാദപരമായി രാഷ്ട്രീയക്കാര് നടത്തിയ പ്രസ്താവനകളും രാഷ്ട്രീയ മുതലെടുപ്പും.
നന്ദിത ഹക്സര്: സുപ്രീം കോടതിയില് സീനിയര് അഭിഭാഷക. ഗിലാനിയുടെ അഭിഭാഷകരിലൊരാളും ഗിലാനിക്ക് വേണ്ടി രൂപീകരിച്ച ഓള് ഇന്ത്യാ ഡിഫന്സ് കമ്മിറ്റിയിലെ അംഗവുമാണ് ഇവര്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ