First Published in Free Press, July 2004
കവിയരങ്ങ്, കസെറ്റ്, ചൊല്ക്കാഴ്ച
ഡി. വിനയചന്ദ്രന്
കവിയരങ്ങ്, കസെറ്റ്, ചൊല്ക്കാഴ്ച... വസ്തുനിഷ്ടമല്ലാത്ത കോലാഹലങ്ങളാണ് ഇവയെപ്പറ്റി നിലവിലുള്ളത്. കവിത വായനക്കാരനിലെത്തിക്കാനുള്ള എല്ലാ മാധ്യമങ്ങളെയും അംഗീകരിക്കുകയാണു വേണ്ടത്. അച്ചടിവായന, കേള്വി, ശബ്ദലേഖനം, ദൃശ്യലേഖനം എന്നിവയ്ക്കു ഭിന്നമായ സാക്ഷാല്ക്കാരമാണുള്ളത്. പാടുന്നതു മാത്രമല്ല പതിഞ്ഞ ഒച്ചയിലുള്ളതും ഗദ്യത്തിലുളളവയും കഥയും നോവലും കസെറ്റിലാക്കാന് പറ്റും. കവിതയെ മററു ജീവിത-കലാ-സാഹചര്യങ്ങളുമായി അതിന്റെ ധ്വനി വ്യാവര്ത്തിക്കാനും ധ്വനി സമ്പന്നമാക്കാനും വേണ്ടിയാണ് ദൃശ്യവല്ക്കരിക്കേണ്ടത്.
എന്തെങ്കിലും എഴുതി മധുര ശബ്ദത്തില്‍ പാടിയാല്‍ അതു കവിതയാവുകയില്ല. നല്ല കവിത പാടിയതു കൊണ്ടു മോശമാവുകയുമില്ല. എല്ലാ കവിതയും പാടാനുള്ളതല്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. ഗാനത്തിനു പകരമല്ല. ഇന്നു കാവ്യപാരായണത്തില്‍ വൃത്തനിബദ്ധമായ കവിതകള്‍ മാത്രം ഉള്പ്പെടുത്തിയിട്ടുളളതു ശരിയല്ല. ഗദ്യ കവിതകള്ക്കും മുക്തഛന്ദസ്സിലുള്ള കവിതകള്ക്കും അവസരമുണ്ടാകണം.
ഒരു ജീവല്‍ ഭാഷ എന്ന നിലയ്ക്ക് മലയാള കവിത പാരമ്പര്യ വൃത്തങ്ങളും വായ്ത്താരി വിരുത്തങ്ങളും ദണ്ഡക രൂപങ്ങളും ഗദ്യഭേദങ്ങളും പ്രയോഗിക്കുന്നു. വൈകാരിക സങ്കീര്ണ്ണത ആവിഷ്കരിക്കാന്‍ ഇവ എല്ലാം നിലനില്ക്കണം. അവയുടെ സഹജവും സ്വാഭാവികവുമായ ആവിഷ്കരണ സാധ്യതകള്‍ ഉണ്ടാവണം. ഓരോ ഭാഷയിലും പ്രതിഭാശാലികള്ക്ക് ഉണര്ത്തിയെടുക്കാവുന്ന കോടിക്കണക്കിന് ഈണക്കങ്ങളും വൃത്ത വിശേഷങ്ങളും ലീനമായിട്ടുണ്ട്. മനുഷ്യന്റെ വര്ത്തമാന ഭാഷ വേണ്ടത്ര കവിതയില്‍ ഇനിയും വന്നിട്ടില്ല. ചില ചെറുപ്പക്കാര്‍ ഗദ്യത്തെ പദ്യമാക്കി വായിക്കുന്നതും വികൃതമാണ്. മനസ്സില്‍ വായിക്കാവുന്നതാണ് എല്ലാ കവിതയും. പക്ഷെ ഉറക്കെ ഉച്ചരിക്കാനുള്ളതാണു വാക്ക്. അതു പറയുന്നതു കൊണ്ടും ചൊല്ലുന്നതു കൊണ്ടും ദോഷമില്ല. ഓരോ കവിതയുടെയും അര്ത്ഥ സംവേദനത്തിന് ആവശ്യമായ ഒച്ചയും ഈണവും താളവും നാടകീയതയുമേ നല്കാവൂ. കവിതകളുടെ രംഗാവിഷ്കരണം മറ്റൊരു രംഗ രൂപമാണ്. പുതു കവിതകള്‍ ഭാഷയുടെ കുടുംബ പാരമ്പര്യമാര്ജ്ജിച്ചിട്ടു വേണം കോളനികള്‍ സ്ഥാപിക്കേണ്ടത്.
ഉദാസീനമായ ലളിത ഗാനം, ഉപരിപ്ലവമായ സൊറ പറച്ചില്‍, കൃത്രിമമായ കഷായക്കുറിപ്പുകള്‍-ഇവ മൂന്നും വര്ജ്ജിക്കേണ്ടതാണ്. വി.മധുസൂധനന് നായര്‍, കുഞ്ഞുണ്ണി മാസ്റ്റര്‍, കെ.ജി. ശങ്കരപ്പിള്ള എന്നിവരെ അനുകരിച്ച് ഈ മൂന്നു വഴികളിലും ധാരാളം അപരാധികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ മികവ് അനുകര്ത്താക്കള്ക്കില്ല താനും. നമ്മുടെ പുരോഗമന രചനകളെന്നു പറയുന്നതില്‍ ഭൂരിപക്ഷവും ജഡമായ പദ്യങ്ങളാണ്. ഏ.ആറിന്റെ കാലത്തേ നിന്ദിച്ച മട്ടിലുള്ളവ. പക്ഷെ അവയുടെ ആനയും അമ്പാരിയുമായി നടക്കുന്നവരാണ് സഹപത്രാധിപന്മാര് പലരും.
വാമൊഴിവഴക്കത്തെയും വരമൊഴിവഴക്കത്തെയും സമന്വയിക്കുക, വികാരത്തിന്റെയും ഭാഷണത്തിന്റെയും അകല്ച്ച ഇല്ലാതാക്കുക, ധ്വനി നഷ്ടപ്പെടാതെ സംവേദന ക്ഷമത വര്ദ്ധിപ്പിക്കുക, നൂതനമായ ഘടനകളും വൃത്ത വിശേഷങ്ങളും സൃഷ്ടിക്കുക എന്നിവയാണ് പ്രതിഭാശാലികള്‍ ചെയ്യേണ്ടത്.
ഗദ്യ പദ്യ ദണ്ഡകഭേദങ്ങള് എഴുതുന്ന കവിയുടെ സ്വാതന്ത്ര്യത്തിനു വിടേണ്ടതാണ്. പദ്യം മാത്രമെന്നോ ഗദ്യം മാത്രമെന്നോ എന്ന അന്ധവിശ്വാസം വേണ്ടാ. സുഗതകുമാരി പ്രായേണ പദ്യത്തിലും അയ്യപ്പന് ഗദ്യത്തിലും എഴുതുന്നതു കൊണ്ടു ദോഷമില്ല. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, ഡി.വിനയചന്ദ്രന്, ബാലചന്ദ്രന് ചുള്ളിക്കാട് എന്നിവര്‍ എല്ലാ ഘടകങ്ങളും വഴിക്കു വഴിയേ ഉപയോഗിക്കുന്നു. മനസ്സിന് അത്തരം അയവും പകര്ന്നാടാനുള്ള ശേഷിയും ഉള്ളതാണ് നല്ലത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ