2010, ഏപ്രിൽ 20, ചൊവ്വാഴ്ച

Free Press , August 2004 കീവേഡ്‌സ്

First published in Free Press, August 2004

കീവേഡ്‌സ്

പി.എം. ഗിരീഷ്

ജനകീയ സംസ്കാരം

ജ്ഞാനം, സാങ്കേതികത, മൂല്യവിശ്വാസം, ആചാരം, പെരുമാറ്റം, ഭാഷ, വസ്ത്രം എന്നിങ്ങനെ പൊതുവായിട്ടുള്ള സംഗതികളാണ് സാമാന്യേന സംസ്കാരം. ജോര്ഡന് മാഷലിനെ പോലുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാര് സംസ്കാരത്തെ രണ്ടായി തരം തിരിക്കുന്നു. ഉന്നതമായ സംസ്കാരമാണ് അതിലൊന്ന്. മറ്റൊന്ന് ജനകീയ സംസ്കാരമാണ്. അദ്ദേഹം പറയുന്ന ഉന്നത സംസ്കാരം ഉപരിവര്ഗത്തിന്റെ പ്രാതിനിധ്യമുള്ള മുഖ്യധാരാ സംസ്കാരം തന്നെയാണ്. കേരളത്തില് ഇത് സവര്ണരുടെ സംസ്കാരമാകുന്നു. ആധുനിക സംസ്കാരത്തില് അന്യമത സംസ്കാരങ്ങള് കൂടി പങ്കു കൊള്ളുന്നതാണ് ഉപരിവര്ഗത്തിന്റെ സംസ്കാരം. അതില് പോലും സവര് സംസ്കാരത്തിന്റെ ചിഹ്നങ്ങള് കാണാം. ക്രിസ്ത്യാനികള് ഉദാഹരണം. കേരളത്തില് ക്രൈസ്തവസഭകള് പാശ്ചാത്യവത്കരണത്തിന് വിധേയമാകുന്നതിന് മുമ്പ് സവര്ണരുടെ സാമൂഹികാചാരങ്ങള് പലതും സ്വാംശീകരിച്ചിട്ടുണ്ടായിരുന്നു. ഇത് അവരെ സമൂഹത്തിന്റെ മേലേക്കിടയിലെത്താന് സഹായിച്ചു. ചെന്നെത്തുന്ന സമൂഹങ്ങളിലെ മുഖ്യധാരാ സംസ്കാരത്തെ ഉള്ക്കൊള്ളുന്ന കാര്യത്തില് ക്രിസ്ത്യാനികള് പൊതുവെ മുന്പന്തിയിലാണ്. മുഖ്യധാരാ സംസ്കാരത്തോടൊപ്പം അടിസ്ഥാനമേഖലയെയും സ്പര്ശിച്ചുകൊണ്ട് മുന്നേറുന്ന നയമാണ് ക്രിസ്ത്യാനികളുടേത്. അതവരുടെ മതത്തെ കൂടുതല് ജനകീയമാക്കുന്നു.

ജനകീയ സംസ്കാരം എന്തെന്ന് നിര്വചിക്കുന്നതിനേക്കാള് അതിന്റെ പ്രായോഗികതയെയാണ് റെയ്മണ്ട് വില്യംസ് ലക്ഷ്യമാക്കുന്നത്. ജനകീയം എന്നത് അദ്ദേഹത്തിന് ഒരു രാഷ്ട്രീയ സംജ്ഞയാണ്. ജനകീയ സംസ്കാരത്തെ തന്നെ അദ്ദേഹം രണ്ടായി തരംതിരിക്കുന്നു. ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിനായി മനപൂര്വമുണ്ടാക്കുന്ന ജനകീയ സംസ്കാരമാണ് ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ, വളരെ തരംതാണ ലക്ഷ്യത്തോടെ ഉണ്ടാക്കിയെടുക്കുന്നതാണ്. പോപ്പുലര് ജേണലിസം, പോപ്പുലര് സിനിമകള് എന്നിവ ആദ്യത്തേതിന് ഉദാഹരണം. പ്രേക്ഷകന്റെ താത്പര്യമനുസരിച്ച് ഓരോ എപ്പിസോഡിലും വേണ്ട മാറ്റങ്ങള് വരുത്തി നിര്മിക്കപ്പെടുന്ന മലയാള സീരിയലുകളും പൈങ്കിളി സാഹിത്യവുമാണ് തരംതാണ ജനകീയ സംസ്കാരത്തിന്റെ ഉല്പ്പന്നങ്ങള്. ഒരു തരം അതിസരളമായ സംവേദനീയതയാണ് ഇവയുടെ പൊതുസ്വഭാവം. കമ്പോളത്തിന്റെ ആവശ്യമനുസരിച്ച് നിര്മിച്ചെടുക്കുന്ന ഉപഭോഗവസ്തുക്കള് തന്നെയാണിവ. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നേരത്തെ സൂചിപ്പിച്ച ജനകീയ സംസ്കാരങ്ങള് തമ്മില് അതിവ്യാപനം ചെയ്തു കാണുന്നുണ്ട്. കമ്പോള താത്പര്യം എത്രത്തോളം മലയാള സിനിമയെ കീഴടക്കിയിട്ടുണ്ട് എന്നതിന്റെ ഉത്തമദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ് ഫാസിലിന്റെ ഹരികൃഷ്ണന്സ് എന്ന സിനിമ. മമ്മൂട്ടി, മോഹന്ലാല് എന്നിങ്ങനെ രണ്ട് സൂപ്പര് താരങ്ങളെ അണിനിരത്തി നിര്മിച്ച ചിത്രം കേരളത്തിലെ വ്യത്യസ്ത പ്രാദേശികസംസ്കാരത്തില് താരങ്ങള്ക്കുള്ള കമ്പോളമൂല്യത്തെ ചൂഷണം ചെയ്യാന് വേണ്ടിയായിരുന്നു ഇരട്ട ക്ലൈമാക്സ് എന്ന കലാ തന്ത്രം സ്വീകരിച്ചത്. കേരളത്തിലെ ജനകീയ സംസ്കാരത്തിന്റെ പൊതു അഭിരുചിയെ ലക്ഷ്യമാക്കിയാണ് സാധാരണയായി പോപ്പുലര് സിനിമകള് നിര്മിക്കപ്പെടുന്നത്. എന്നാല് സിനിമ ഒരു പടി കൂടി മുന്നോട്ടുകടന്നു. ഇരട്ട ക്ലൈമാക്സ് വിവാദമായത് ജനകീയമായ പൊതുശീലങ്ങളില് നിന്ന് പെട്ടെന്ന് വ്യതിചലിക്കാന് കഴിയാതെ പോയ ജനങ്ങളുടെ ആസ്വാദനക്ഷമത മൂലമായിരുന്നു.

ജനകീയ സംസ്കാരം ഒരു രാഷ്ട്രീയ വിഷയമാണ്. കാരണം, മറ്റുള്ളവരില് നിന്ന് വ്യത്യസ്തമായി ഒരു ജനവിഭാഗം തങ്ങള്ക്കുമാത്രമായി ഉണ്ടാക്കിയെടുക്കുന്ന സംസ്കാരമാണ് ജനകീയ സംസ്കാരം. അപ്പോള് ഫോക്ലോര് പോലുള്ള സാംസ്കാരിക പഠനം ജനകീയ സംസ്കാരത്തിന്റെ ഭാഗമായാണ് പഠിക്കപ്പെടേണ്ടത്. എന്നാല് കേരളത്തിലെ ഫോക്ലോറിസ്റ്റുകള് ഫോക്ലോറിനെ അത്ര പോപ്പുലറാക്കുന്നില്ല. അവരുടെ വാദം നോക്കുക. ജനം എന്ന സാമാന്യാര്ത്ഥമല്ല ഫോക്. സമൂഹത്തിലെ ഉന്നതമേഖലയില് പെട്ടവരില് നിന്ന് വിഭിന്നമായ ജീവിതം നയിക്കുന്ന നിമ് മേഖലയില് പെട്ട സാമാന്യ ജനങ്ങളാണ് ഫോക്. പരിഷ്കൃത സമൂഹത്തിലെ അപരിഷ്കൃത ഘടകമാണത്. സാക്ഷരസമൂഹത്തിലെ നിരക്ഷരരാണവര്. പാരമ്പര്യത്തിന്റെ വഴിക്കാണ് അവരുടെ ജീവിതം. (വിഷ്ണു നമ്പൂതിരി, 1984, പുറം 12). സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാന് നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ജനപ്രിയ രാഷ്ട്രീയത്തിന്റെ ഭാഗമല്ല ഫോക്ലോര് എന്ന് കേരളത്തിലെ ഫോക്ലോറിസ്റ്റുകള് കരുതുന്നു. ജനപ്രീതിയുള്ള അനേകര് വിശ്വസിക്കുന്ന പ്രമാണമല്ല ഇവിടെ ഫോക്ലോര് എന്ന അവസ്ഥ വരുന്നു.

മനുഷ്യസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ് ജനകീയസംസ്കാരം. ഒരു ജനതതിയുടെ ആധികാരികമായ ആവിഷ്കാരവും പ്രകടനവുമാണ് അത്. സാമൂഹിക ഐക്യത്തെയും അതിര് വരമ്പിനെയും തുറന്നുകാണിക്കാന് ജനകീയ സംസ്കാരത്തിനാകുന്നു. അതിനാല് ജനകീയ സംസ്കാരത്തെ പരിഗണിക്കാതെ സാംസ്കാരിക പഠനങ്ങള് പൂര്ണമാവുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ