ഇന്ത്യന്‍ സേനയെ ഇറാഖിലേക്ക് അയക്കണോ വേണ്ടയോ ?
പോയന്റ്
ഇന്ത്യ അവസരം പാഴാക്കരുത്
ഇന്ത്യ ഇറാഖിലേക്ക് സേനയെ അയക്കണോ വേണ്ടയോ എന്ന ചോദ്യം ഒരു യു.എന്‍. പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉയര്ന്നുവന്നിരിക്കുന്നു. അറബ് രാജ്യങ്ങളുടെ കൂടി പിന്തുണയോടെ പാസാക്കിയിരിക്കുന്ന ഈ പ്രമേയം ഇറാഖിലെ ജനാധിപത്യ പുനസ്ഥാപനപ്രക്രിയക്ക് ഒരു സാധുത നല്കിയിരിക്കുകയാണ്. ഇറാഖിന് മേല്‍, ഇത്തരത്തില്‍ ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് മാറിനിന്നുള്ള തീരുമാനം എടുക്കുക എന്നത് ആശാസ്യമല്ല.
ഇന്ത്യക്ക് ഒരു രാജ്യം എന്ന നിലയില്‍ അന്താരാഷ്ട്രരംഗത്ത് സ്വന്തം ശബ്ദം ഉറപ്പിച്ച് കേള്പ്പിക്കാനും ഇടം കണ്ടെത്താനുമുള്ള ഒരു സുവര്ണാവസരമാണിത്. അന്താരാഷ്ട്രരംഗത്ത് സജീവമായി ഇടപെടുക എന്നതിന്റെ അര്ത്ഥം, ഇന്ത്യയെ സംബന്ധിച്ചേടത്തോളം അതിന്റെ വിലപേശല്‍ ശക്തി വര്ധിപ്പിക്കുക എന്നതാണ്. ലോകത്തെ ഏറ്റവും വലിയ വിപണിയായി കരുതപ്പെടുന്ന ഈ രാജ്യത്തെ ഒരു സാമ്പത്തിക - രാഷ്ട്രീയ ശക്തിയായി മാറ്റാന്‍ സഹായിക്കുന്ന ഒരവസരമാണിത്. സ്വന്തം വിപണി സംരക്ഷിക്കാനും സ്വന്തം അജണ്ട ‘പുഷ്’ ചെയ്യാനും അതുമൂലം സാധിക്കും.
എന്നും ജനാധിപത്യമൂല്യങ്ങള്ക്ക് വില കല്പിച്ചിരുന്ന ഇന്ത്യ ഇറാഖിലെ ജനാധിപത്യ പുനസ്ഥാപനപ്രക്രിയയില്‍ സജീവമായി ഇടപെടുമ്പോള്‍ മറ്റുചില സാധ്യതകള്‍ കൂടെയുണ്ട്. മധ്യേഷ്യയിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍, ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുന്ന സാഹചര്യത്തില്‍, ഇറാഖിലെ ഇന്ത്യന്‍ സാന്നിധ്യം പല തരത്തിലും നിര്ണായകമാണ്. കേവലം പ്രസ്താവനാ വാചാടോപത്തിനപ്പുറം ക്രിയാത്മകമായ ഇടപെടലിലൂടെ മാത്രമേ ഇറാഖി ഭരണകൂടത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കൂ.
ഇറാഖ് തുറന്നുതരുന്ന സാമ്പത്തികസാധ്യതകള്‍ ഇന്ത്യക്ക് അവഗണിക്കാനാവുന്നതല്ല. നമ്മള് മിടുക്കു തെളിയിച്ച പല മേഖലകളിലും - ഉദാഹരണത്തിന്, ഊര്ജം, വാര്ത്താവിനിമയം, നിര്മാണം - ഇറാഖിന് ഇന്ന് പുറം രാജ്യങ്ങളുടെ സഹായം ആവശ്യമുണ്ട്. അത് ഇന്ത്യന്‍ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തും.
മറ്റൊന്ന് ഭീകരവാദത്തിനെതിരായ നമ്മുടെ പോരാട്ടങ്ങളെ അന്താരാഷ്ട്രരംഗത്തിന് ഇനി പഴയ പോലെ അവഗണിക്കാനാവില്ല എന്നതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ ലോകം മിക്കപ്പോഴും ഇന്ത്യയെ ഭീകരവാദത്തിന്റെ ഇരയായി കരുതുന്നില്ല. എന്നാല്‍ നമ്മുടെ അതിര്ത്തിക്കുപുറത്തുള്ള ഭീകരവാദ പ്രശ്നത്തെ അഭിമുഖീകരിക്കുകയും സജീവമായി ഇടപെടുകയും ചെയ്യാന്‍ തയാറാവുമ്പോള്‍ പഴയപോലെ ഇന്ത്യയെ അവഗണിക്കാന്‍ പാശ്ചാത്യലോകത്തിന് കഴിയാതെ വരും. അതു പാകിസ്ഥാന് പിന്തുണക്കുന്ന ഭീകരവാദത്തെ ചെറുക്കാന്‍ ഇന്ത്യക്ക് ഉപയോഗിക്കാനാവും.
മാത്രമല്ല, ശീതയുദ്ധാനന്തരം അമേരിക്ക ഇന്ത്യയോട് കൂടുതല്‍ അടുത്തിരിക്കുകയാണ്. ആ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും ഈ അവസരം സഹായിക്കും. അതിന്റെ അര്ത്ഥം, ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക സാധ്യതകള്‍ വര്‍ധിക്കുന്നു എന്നുതന്നെയാണ്.
കൗണ്ടര്‍ പോയന്റ്
വൃത്തികേടിന് എന്തിന് കൂടെ നില്ക്കണം?
ഇതാദ്യമായല്ല ഇറാഖിലേക്ക് ഇന്ത്യന്‍ സേനയെ അയക്കുന്ന നിര്ദേശം ഇന്ത്യക്കാരുടെ ചര്ച്ചയിലേക്ക് കടന്നുവരുന്നത്. എന്തുകൊണ്ട് വീണ്ടും വീണ്ടും ഈ വിഷയം ഒഴിയാബാധപോലെ, ഒരു ഇന്ത്യന്‍ മന്ത്രി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമ്പോഴോ ഒരു അമേരിക്കന്‍ പ്രതിനിധി ഡെല്ഹിയിലെത്തുമ്പോഴോ പൊന്തിവരുന്നു? എന്തുകൊണ്ടാണ് ഇന്ത്യ ഇറാഖിലെ വൃത്തികേടുകളില്‍ പങ്കെടുക്കണമെന്ന് പലരും വാശി പിടിക്കുന്നത്?
സ്വന്തം ദേശത്ത് ഇറാഖി അധിനിവേശത്തിനെതിരായി ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ ഇന്ത്യന്‍ പട്ടാളത്തിനായി ഏറ്റവുമധികം സമ്മര്ദ്ദം ചെലുത്തുന്നത് അമേരിക്കയും മറ്റ് NATO രാഷ്ട്രങ്ങളുമാണ്. ഒരു യു.എന്‍. പ്രമേയത്തിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ ഇറാഖി അധിനിവേശത്തിന് അന്താരാഷ്ട്ര സാധുത ലഭ്യമാക്കാന്‍ അമേരിക്ക ആവിഷ്കരിച്ച തന്ത്രങ്ങള്ക്ക് ഇന്ത്യ വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്നതാണ് പരമപ്രധാനമായ ഒരു ചോദ്യം.
ഇറാഖില്‍ സ്വന്തം പടയാളികള്‍ കൊല്ലപ്പെടുന്നത് അമേരിക്കയിലും മറ്റും രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകുന്നത് കൊണ്ട് ഈ യു.എസ്. തെരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ യു.എസ്. പട്ടാളക്കാരെ കൊലക്ക് കൊടുക്കുക എന്നത് ജോര്ജ് ബുഷിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ് എന്ന വസ്തുതയും മറക്കാതിരിക്കുക. ആ ചിന്തയില്‍ നിന്നാണ് ഇന്ത്യ പോലുള്ള സൈനികശക്തികളുടെ സാധ്യത ഉപയോഗിക്കപ്പെടേണ്ടതുണ്ട് എന്നുവരുന്നത്. അമേരിക്കക്കാരന് ഇറാഖി ജനതയുടെ സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമര്ത്താനുള്ള കൂലിക്കാരെയാണ് ഇന്ത്യയില്‍ നിന്നുവേണ്ടത്.
ഇറാഖിലെ ഇന്ത്യന്‍ പങ്കാളിത്തം ഇന്ത്യന്‍ സമ്പദ്ഘടനക്ക് തേനും പാലുമാകുമെന്നാണ് മറ്റൊരു വാദം. എന്നാല്‍ സത്യമെന്താണ്? സദ്ദാം ഹുസൈന് ഭരണകാലത്ത് ഇന്ത്യക്ക് ലഭിച്ചിരുന്ന സാധ്യതകള്‍ കുറവായിരുന്നില്ലെന്ന് മനസിലാക്കുക. സദ്ദാം ഭരണകാലത്ത് ഇന്ത്യന്‍ പൊതുമേഖലക്ക് നേരിട്ടാണ് കരാറുകള്‍ കിട്ടിയിരുന്നത്. ഇന്ന് ഇറാഖിലേക്ക് ഇന്ത്യ സേനയെ അയക്കണമെന്ന് സി.ഐ.ഐ. (Confederation of Indian Industries) ആവശ്യപ്പെടുന്നത് ഇറാഖിലെ നിര്മാണ പ്രക്രിയയില്‍ സ്വകാര്യമേഖലക്ക് സാധ്യതയുള്ളതുകൊണ്ട് മാത്രമാണ്. എന്നാല്‍ യാഥാര്ത്ഥ്യമെന്തെന്നുവെച്ചാല് ഒരു ഇന്ത്യന്‍ വ്യവസായിക്കും ഇറാഖില്‍ നേരിട്ട് കരാര്‍ ലഭിക്കില്ല. അമേരിക്കക്കാരന് നല്കുന്ന അപ്പക്കഷണം പെറുക്കിയെടുക്കാമെന്ന് മാത്രം. അത് ഇന്ത്യന്‍ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം സദ്ദാമിന്റെ കാലത്ത് ഇന്ത്യക്ക് ലഭിച്ചതിന്റെ പത്തിലൊന്നുപോലും ഈ കാലത്ത് കിട്ടില്ല.
മനുഷ്യാവകാശം സംബന്ധിച്ച യു.എന്‍. പ്രഖ്യാപനത്തില്‍ പറയുന്നത് ജനതക്ക്് സ്വയം നിര്ണയാവകാശത്തിന് അവകാശമുണ്ടെന്നാണ്. വളരെ മുമ്പേ ഇന്ത്യ അത് ഒപ്പിട്ടിട്ടുമുണ്ട്. എന്നാല്‍ ചൈന ടിബറ്റിനെ കീഴടക്കിയപ്പോള്‍ ടിബറ്റിന് വേണ്ടി വാദിച്ച ഇന്ത്യ ഇറാഖിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് നയം എടുക്കുന്നതെന്തുകൊണ്ട്? എന്നും അധിനിവേശത്തിന്റെ പക്ഷത്തായിരുന്ന അമേരിക്കയുടെ വൃത്തി കെട്ട കളികളില്‍ എന്തിന് ഇന്ത്യ പങ്കാളിയാകണം?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ