2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

Free Press , July 2004 കീവേഡ്‌സ്

0 comments
First published in Free Press, July 2004
കീവേഡ്‌സ്
പി.എം. ഗിരീഷ്

>> നിത്യജീവിതത്തില്‍ നാമുപയോഗിക്കുന്ന വാക്കുകളുടെ രാഷ്ട്രീയം <<


‘അധികാരം’
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേലോ ഒരു സമൂഹത്തിന് മേലോ ഉള്ള നിയന്ത്രണമാണ് സാമാന്യമായ അര്‍ത്ഥത്തില്‍ അധികാരം. ഇത് തന്നെയല്ലേ ശക്തി? ഒരര്‍ത്ഥത്തില്‍ ശരിയാണ്. എങ്കിലും ചില്ലറ വ്യത്യാസങ്ങളുണ്ട്. അന്യരുടെ പെരുമാറ്റത്തെ നിയന്ത്രിക്കാന്‍ വ്യക്തിക്കോ കൂട്ടായ്മക്കോ ഉള്ള കഴിവാണ് ശക്തി. ഭരണകൂടം, നീതിന്യായം, പൊലീസ്, തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങള്‍ വഴിയാണ് അധികാരം സ്ഥാപിക്കപ്പെടുന്നത്. അധികാരത്തിന് സാമൂഹികമായി സാധുത ഏറും.
അധികാരത്തിന് ധാരാളം കാരണങ്ങള്‍ കാണാം. അഭിമാന ബോധമാണ് അതിലൊന്ന്. ഒരു വ്യക്തിക്ക് അഥവാ സമൂഹത്തിന് ഉള്ള ഉയര്‍ന്ന അഭിമാനം കൂടുതല്‍ അധികാരത്തെ കാണിക്കുന്നു. കേരളത്തിലെ സവര്‍ണജാതിക്കാര്‍ സാമൂഹികമായി ഉയര്‍ന്ന അഭിമാനമുള്ളവരാണ്. എന്നാല്‍ കീഴ്ജാതിക്കാര്‍ക്ക് തങ്ങളുടെ ജാതിയെക്കുറിച്ച് അപകര്‍ഷതാബോധമാണുള്ളത്. ഉയര്‍ന്ന ജാതിക്കാര്‍ ‘നാരായണന്‍ നമ്പൂതിരി’, ‘മണി അയ്യര്‍’, ‘അനില്‍ മേനോന്‍’, ‘രാമന്‍ നായര്‍’ എന്ന മട്ടില്‍ ജാതിപേര്‍ പേരിനൊപ്പം ചേര്‍ക്കുമ്പോള്‍ കീഴ്ജാതിക്കാര്‍ക്ക് അത്തരമൊരു സാധ്യതയില്ല. മാത്രമല്ല, സവര്‍ണരെ നമുക്ക് ജാതിപേര്‍ വിളിക്കാം. അവര്‍ അതില്‍ അഭിമാനം കൊള്ളുന്നു. കീഴ്ജാതിപേര്‍ ‘തെറിവിളി’യായി പോയി. അതിനാല്‍ ഇതൊരു അധികാര മേധാവിത്വത്തിന്റെ പ്രശ്‌നമായി പോകുന്നു. എന്തിനധികം പറയുന്നു, ദാരിദ്ര്യം പോലും നമുക്ക് തെറിയാണ്. പിച്ച (ഭിക്ഷയെടുക്കുന്നവന്‍), ചെറ്റ (കുടിലില്‍ താമസിക്കുന്നവന്‍), പെറുക്കി (ചവറ് വിറ്റ് ജീവിക്കുന്നവന്‍) എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവിടെ സമ്പന്നര്‍ക്കാണ് ഉയര്‍ന്ന അഭിമാനമുള്ളത്.
നമുക്ക് നേരിട്ട് മനസിലാക്കാനാവുന്ന അധികാരം, പെട്ടെന്ന് തിരിച്ചറിയാനാവാത്ത അധികാരം എന്നിങ്ങനെ അധികാരത്തെ രണ്ടായി തരം തിരിക്കാം. ആദ്യത്തേതിനെ പ്രത്യക്ഷാധികാരമെന്നും രണ്ടാമത്തേതിനെ നിഗൂഢാധികാരമെന്നും വിളിക്കാം. പൊലീസും കോടതിയുമൊക്കെ നിയമപരമായി പ്രയോഗിക്കുന്ന അധികാരം പ്രത്യക്ഷത്തില്‍ തന്നെ അറിയാം. എന്നാല്‍ ഹൈന്ദവരഹസ്യ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി ബി.ജെ.പി. സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗിച്ചിരുന്നത്, ചരിത്രപുസ്തകങ്ങള്‍ മാറ്റിയെഴുതിയിരുന്നത് ഇതെല്ലാം നിഗൂഢമായ അധികാരത്തിന്റെ തെളിവുകളാണ്.
പ്രത്യക്ഷത്തില്‍ ഉള്ള അധികാരം തന്നെ പല വിധത്തിലാകാം. ചിലര്‍ തന്റെ മേല്‍ മറ്റൊരാള്‍ അധികാരം ചെലുത്തുന്നതില്‍ സന്തോഷിക്കുന്നവരാണ്. ഇവരെ തൊമ്മിയെന്ന് വിളിക്കാം. (സക്കറിയയോട് കടപ്പാട്). ആജ്ഞ അനുസരിക്കാനേ ഇവര്‍ക്കറിയൂ. ഇതിനെ നമുക്ക് അഭിലാഷാധികാരം എന്നുവിളിക്കാം. തൊമ്മികള്‍ വളരെ വിധേയത്വമുള്ളവരായിരിക്കും. ജ്ഞാനം അഥവാ അറിവ് അധികാരത്തെ നിര്‍ണയിക്കുന്ന മറ്റൊരു ഘടകമാണ്.
കാരണങ്ങള്‍ പലതുണ്ടെങ്കിലും സാമൂഹികബന്ധങ്ങളിലൂടെയല്ലാതെ അധികാരം പ്രത്യക്ഷമാകുകയില്ല. എന്നുവെച്ച് സാമൂഹിക ബന്ധങ്ങളാണ് അധികാരം എന്നര്‍ത്ഥമില്ല. അധികാരത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹികബന്ധങ്ങള്‍ നിലനില്‍ക്കുന്നത്.
മുകളില്‍ നിന്ന് താഴോട്ട് മാത്രം പ്രസരിക്കുന്ന ഒന്നാണ് അധികാരം എന്ന ധാരണ പൂര്‍ണമായും ശരിയല്ല. അധികാരബന്ധങ്ങള്‍ ബഹുമുഖമാണ്. അത് താഴെ നിന്ന് മുകളിലേക്കും ആകാം. വളരെ നേര്‍ത്തൊരു  കുഴലില്‍ കൂടി ദ്രാവകത്തിന് മുകളിലേക്ക് കയറിപ്പോകാനുള്ള പ്രവണതയുണ്ട്. ശാസ്ത്രഭാഷയില്‍ ഇതിനെ ‘കാപ്പിലറി’ എന്നുവിളിക്കുന്നു. അധികാരവും ഇപ്രകാരമാണ് (മിഷേല്‍ ഫൂക്കോ). കര്‍തൃത്വരൂപവത്കരണമാണ് അധികാരത്തിന്റെ പ്രധാനപ്രത്യക്ഷീകരണം. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. സമൂഹത്തിന് ഭീഷണിയാണെന്ന് തോന്നുന്ന ആളുകളെ അകറ്റിനിര്‍ത്തലാണ് അതിലൊന്ന്. 1982ല്‍ ഒമ്പതാം ഏഷ്യന്‍ ഗെയിംസ് (ഏഷ്യാഡ്) നടന്നപ്പോള്‍ നഗര ശുചീകരണത്തിന്റെ ഭാഗമായി ന്യൂഡെല്‍ഹിയിലെ  ‘ഭിക്ഷക്കാരെ’യും ‘തെരുവുതെണ്ടി’കളെയും ചേരിപ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത് ഉദാഹരണമാണ്. മാത്രമല്ല, ചേരിപ്രദേശങ്ങള്‍ക്കു ചുറ്റും ആകര്‍ഷകമായ കൂറ്റന്‍ പരസ്യപ്പലകകള്‍ നാട്ടുകയും ചെയ്തു. അധികാരവര്‍ഗത്തിന്റെ ഇന്ത്യന്‍ ദരിദ്രരോടുള്ള മനോഭാവത്തിന്റെ പ്രത്യക്ഷമായ തെളിവുകൂടിയായിരുന്നു ഇത്. മുഖ്യധാരാ സംസ്‌കാരത്തില്‍ ദാരിദ്ര്യത്തിന് സ്ഥാനമില്ലല്ലോ!
ശാസ്ത്രീയമായ വിഭജനമാണ് മറ്റൊന്ന്. എന്താണ് ‘നോര്‍മല്‍’ എന്നും ‘അബ്‌നോര്‍മല്‍’ എന്നും തിട്ടപ്പെടുത്തുന്നത് ശാസ്ത്രീയബോധമാണ്. വൈദ്യപരിശോധനയിലൂടെയും മറ്റും ആളുകളെ രോഗമുള്ളവരെന്നും ഇല്ലാത്തവരെന്നും തിരിച്ച് തട്ടുകളാക്കുന്നത് ഉദാഹരണം. ലിംഗം, ആരോഗ്യം, ജാതി, മതം എന്നിങ്ങനെയുള്ള അനേകം ഘടകങ്ങളെ മുന്‍നിര്‍ത്തി വ്യക്തികള്‍ നോര്‍മല്‍ ആണെന്ന്് കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത്തരം നോര്‍മല്‍ ആയ മനുഷ്യനേ മനുഷ്യസമൂഹത്തില്‍ സ്ഥാനമുള്ളൂ. അവനേ, നിയമപരമായി, സമൂഹഭാഗമാകുന്നുള്ളൂ. അങ്ങനെ സമൂഹം ഓരോരുത്തരിലും കര്‍തൃത്വത്തെ സൃഷ്ടിച്ചെടുക്കുന്നു.
അധികാരത്തിന്റെ ഘടന ഇങ്ങനെയൊക്കെയാണെങ്കിലും എവിടെ അധികാരമുണ്ടോ അവിടെ പ്രതിരോധവുമുണ്ടാകും. 

Free Press >> കവിത

0 comments
First published in Free Press, July 2004 


അതിഥികളുടെ വസന്തം

എം.ആര്‍. വിഷ്ണുപ്രസാദ്

അതിഥികളേ വരൂ...
എന്റെ മുറിയില്‍ വസന്തം നിറയ്ക്കൂ...
ഫലസമൃദ്ധമായ ചിരികൊണ്ടും,
പ്രകാശഭരിതമായ നോട്ടം കൊണ്ടും
നമുക്കിവിടെ സൂര്യോദയങ്ങള്‍ തീര്‍ക്കാം.
വരൂ.. വരൂ...
നിഴലുകളെ മറന്നേയ്ക്കൂ..
അവയുടെ അവസാനിക്കാത്ത നീളങ്ങളേയും.
മുറിയുടെ തണലിലേക്ക് സ്വാഗതം.
അപരിചിത സുഗന്ധങ്ങളുമായി
കടന്നുവരുന്ന അതിഥികള്‍ക്കായി
എന്റെ മുറി രണ്ടു കണ്ണും തുറന്നിരിക്കുന്നു.
വരൂ.. വരൂ...
വഴികളെ മറന്നേയ്ക്കൂ...
അവയുടെ ഭയാനകമായ അപകട സൂചനകളേയും.
സിമന്റുതറയില്‍ നിന്നും
ഇലകളുടെ ഉത്സവം.
ഒരു തീന്‍ മേശ നിറയെ
മുന്തിരിവള്ളികളുടെ ആഹ്ലാദം.
ജാലകച്ചിറകുകള്‍ വിടര്‍ത്തി
മുറി കാത്തിരിക്കുന്നു.
വരൂ... വരൂ...
എല്ലാ ദൂരങ്ങളെയും മറന്നേയ്ക്കൂ...
ദൂരങ്ങള്‍ക്കിടയില്‍ എപ്പോഴോ, എപ്പോഴോ
നിശ്ചലമായ ചുമടുതാങ്ങികളേയും.
അതിഥികളേ...
ആപ്പിള്‍ചുവപ്പ്
മുന്തിരിക്കറുപ്പ്
ഓറഞ്ചുകളുടെ സന്ധ്യ.
ഇതാ പച്ചപ്പിന്റെ ഇരിപ്പിടങ്ങള്‍ സ്വന്തമാക്കൂ...
ഹായ്! ഒരു മുറിയാകെ അതിഥികളുടെ വസന്തം.
അങ്ങനെ,
അതിഥികളുടെ തീരാവസന്തം
മുറി നിറക്കുമ്പോള്‍, ഞാന്‍
മുറ്റത്തെ വെയിലില്‍ കസേരയിട്ടിരിക്കുന്നു!
ആണികള്‍ ഇളകിത്തുടങ്ങിയ
ഈ കസേരയാണ് എന്റെ സമയമെന്ന്
ഇവരറിയുന്നില്ലല്ലോ!

-------------------
എം.ആര്‍. വിഷ്ണുപ്രസാദ് : കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ത്ഥി.

Free Press_ interview

0 comments
First published in Free Press, July 2004


ഇന്റര്‍വ്യൂ

അഡ്വ. ജവാങ്ങ് സുംപ

പേര്                       : ജവാങ്ങ് സുംപ
താമസം  : തിറാപ് ജില്ല,  അരുണാചല്‍ പ്രദേശ്
ട്രൈബ്   : നോക്ടേ - നാഗാ
ഭാഷ                       : ഓലോ
ഗ്രാമം                     : ലാജു (പകുതി മ്യാന്‍മറിലും പകുതി ഇന്ത്യയിലും)
വയസ്   : 35നും 40നും ഇടക്ക്
തൊഴില്‍                : വക്കീല്‍പ്പണി
കുടുംബം               : ഭാര്യ (ആരോഗ്യവകുപ്പില്‍ ക്ലര്‍ക്ക്),  മൂന്ന് പെണ്‍മക്കള്‍

തിറാപ് ജില്ലയിലെ ഏക വക്കീലാണ് ജവാങ്ങ് സുംപ. ഇന്ത്യയില്‍ ഒരു പക്ഷെ എത്തിപ്പെടാന്‍ ഏറ്റവും വിഷമമുള്ള ഭൂപ്രദേശങ്ങളിലൊന്നാണ് തിറാപ്.  വികസനം ഇന്നും ഒരു മരീചിക മാത്രമാണ് , മ്യാന്‍മാറുമായി അതിര്‍ത്തി പങ്കുവെക്കുന്ന അരുണാചല്‍ പ്രദേശിലെ ഈ ജില്ലക്ക്. മാംഗ്ലോയിഡ് വംശത്തില്‍പ്പെട്ട നാഗാ ആദിവാസി ഗോത്രക്കാര്‍ ഇവിടെ താമസിക്കുന്നു. കുടിയേറ്റം നിയമം മൂലം നിഷേധിച്ചതുകൊണ്ടാവാം, പുറത്തുനിന്നുള്ള ജനങ്ങള്‍ വളരെ കുറവാണ്. സ്‌കൂളുകള്‍ കുറവ്, ആശുപത്രികള്‍ ഒന്നും തന്നെയില്ല. ജും കൃഷിരീതി (കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നു; പിറ്റേ വര്‍ഷം വേറെ ഇടം തേടി കൃഷിയിറക്കുന്ന രീതി) പ്രാബല്യത്തിലുള്ള ഈ സ്ഥലത്ത്  അത്യാഗ്രഹത്തിനുവേണ്ടി കൃഷി ചെയ്യുന്നില്ലാത്തതുകൊണ്ടാകാം, സമ്പന്നര്‍ തുലോം കുറവ്.  വലിയ മലകളും അവയെ ചുറ്റിയൊഴുകുന്ന പുഴകളുമാണ് ഗ്രാമങ്ങളുടെ അതിര്‍ത്തികള്‍. ഉരുള്‍ പൊട്ടലും പ്രളയവും വാര്‍ഷികവിരുന്നുകാര്‍.
നാലുവര്‍ഷം മുമ്പുമാത്രമാണ്  തിറാപിനെ Disturbed Area Act പ്രകാരം പ്രശ്‌നബാധിതപ്രദേശമായി പ്രഖ്യാപിച്ചത്. നാഗാ ദേശീയസമരം തിറാപിലേക്കും ബാധിക്കും എന്ന ഭയത്തിന്റെ പേരിലായിരുന്നു ഈ പ്രഖ്യാപനം. പക്ഷെ പട്ടാളത്തിനെതിരെ ഇവിടുത്തെ സാധാരണക്കാര്‍ക്ക് സങ്കടങ്ങള്‍ കുറേ നിരത്താനുണ്ട്.  Counter insurgency-യുടെ പേരില്‍ അനേകം പാവങ്ങളെ അവര്‍ പീഡിപ്പിക്കുന്നുവെന്നാണ് മുഖ്യപരാതി. പത്രമാധ്യമങ്ങളില്ല, പട്ടാളത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാമൂഹികപ്രവര്‍ത്തകരില്ല, എന്തിന് ഒരു വക്കീല്‍ പോലുമില്ല - ഇതായിരുന്നു രണ്ടുവര്‍ഷം മുമ്പ് തിറാപ്.  ഇന്ന് തിറാപ്പിന് സ്വന്തം വക്കീലിനെ കിട്ടിയിരിക്കുന്നു. തെളിവില്ലാതെ ആളുകളെ അറസ്റ്റ് ചെയ്താല്‍, ശാരീരികപീഡനമേല്‍പിച്ചാല്‍, മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചാല്‍ തിറാപുകാര്‍ ഓടിച്ചെല്ലുന്നത് ജവാങ്ങ്  സുംപയുടെ അടുത്തേക്കാണ്. ജില്ലാ ആസ്ഥാനമായ കോന്‍സയില്‍ വെച്ച് ജവാങ്ങ് സുംപയുമായി വിനോദ് കെ. ജോസ്  നടത്തിയ അഭിമുഖത്തില്‍ നിന്ന്...

തിറാപിന്റെ ഏക വക്കീല്‍
      എന്തുകൊണ്ടാണ് നിങ്ങളുടെ മുഖ്യ എതിര്‍കക്ഷികളായി പട്ടാളവും പൊലീസും വരുന്നത്? അതിര്‍ത്തി രക്ഷിക്കുന്ന സൈനികര്‍ എന്തുതെറ്റാണ് നിങ്ങളോട് ചെയ്തത്?
 സുഹൃത്തേ, നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പട്ടാളക്യാമ്പുണ്ടോ? യൂണിഫോമിട്ട് ആയുധവും ചുമന്നു നടക്കുന്ന സൈനികരെ നിങ്ങള്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ഞാന്‍ മനസിലാക്കിയിടത്തോളം മലയാളികള്‍ അങ്ങനെയൊരു കാഴ്ച കേരളത്തില്‍ കണ്ടിട്ടുണ്ടാവില്ല. ശരിയല്ലേ...?
 ശരിയായിരിക്കാം. പക്ഷെ, അതുകൊണ്ട്?
 അതുകൊണ്ടുതന്നെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു മനസിലാകുമോ എന്നെനിക്കറിയില്ല. ഒരു പക്ഷെ നിങ്ങളുടെ സിനിമയും മാധ്യമങ്ങളും പറയുന്നതുപോലെ കാല്‍പനികമായ ഒരു ഇമേജല്ല പട്ടാളത്തെക്കുറിച്ച് ഏതെങ്കിലുമൊരു സംഘര്‍ഷപ്രദേശത്തുള്ളവര്‍ക്കുള്ളത്. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തുന്ന, അതിഥികള്‍ വരുമ്പോള്‍ അവരെ ചോദ്യം ചെയ്യുന്ന, കളിസ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഉത്സവസ്ഥലങ്ങളിലും കല്യാണപന്തലിലും തോന്നുന്നതുപോലെ കയറിയിറങ്ങുന്ന, വെറും സംശയത്തിന്റെ പേരില്‍ പിടിച്ചുകൊണ്ട് പോവുന്ന, ശാരീരിക മര്‍ദ്ദനം ഏല്‍പ്പിക്കുന്ന, ചിലപ്പോള്‍ കൊല്ലുന്ന, ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിക്കുന്ന ഒരു പട്ടാളത്തെയാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങളാരും പട്ടാളത്തിനെതിരല്ല. അതിര്‍ത്തി കാക്കല്‍ അവരുടെ കടമയാണ്. പക്ഷെ അവര്‍ നിയമത്തിനതീതരല്ല. അതുമാത്രമേ ഞാന്‍ പറയുന്നുള്ളു. അവര്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടത്താന്‍ പാടില്ല. പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത നിരക്ഷരരായ എന്റെ ജനങ്ങളെ തോക്കിന്റെ ബലത്തില്‍, മൂന്നാം മുറയുടെ ഭാഷയില്‍ നേരിടുന്നതുകൊണ്ടാണ് ഞാനെടുക്കുന്ന മിക്കവാറും കേസുകളില്‍ പട്ടാളവും പൊലീസും എതിര്‍ഭാഗക്കാരാകുന്നത്.
 ഇത്രയും പിന്നാക്കം നില്‍ക്കുന്ന ഒരു സ്ഥലത്തുനിന്ന് പഠിച്ച് അഭിഭാഷകനാകുക എന്നത്....?
 ഞാന്‍ തിറാപ് ജില്ലയിലെ ലാജുവില്‍ നിന്നാണെങ്കിലും എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ദേവമാലി(ആസാമിനടുത്ത്)യിലായിരുന്നു. അച്ഛന്‍ ആരോഗ്യവകുപ്പില്‍ ഒരു ഗുമസ്തനായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് എനിക്ക് ഗ്രാമത്തിനുപുറത്തുപോകാന്‍ പറ്റിയതും സ്‌കൂളിലും കോളജിലും പഠിക്കാന്‍ സാധിച്ചതും. നിയമം പഠിച്ചത് ആസാമില്‍ നിന്നാണ്; ഗുവാഹതി യൂണിവേഴ്‌സിറ്റി ലോ കോളജില്‍ നിന്ന്.
സുഹൃത്തുക്കളും അധ്യാപകരും എന്നോട് പറഞ്ഞത് ഗുവാഹതി ഹൈക്കോര്‍ട്ടിലോ ഡെല്‍ഹിയില്‍ പോയി സുപ്രീം കോര്‍ട്ടിലോ പ്രാക്ടീസ് ചെയ്യാനാണ്. ഒരു കരിയര്‍ ഉണ്ടാക്കുക, പേരുണ്ടാക്കുക, ജീവിതം കെട്ടിപ്പടുക്കുക തുടങ്ങി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അവരെല്ലാവരും അങ്ങനെ ഉപദേശിച്ചത്.
പിന്നെന്തുകൊണ്ടാണ് തിറാപിലെ ആദ്യവക്കീലായി, ജയിലും കോടതിയുമില്ലാത്ത തിറാപില്‍ തന്നെ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചത്?
എന്റെ ആദ്യത്തെ ആഗ്രഹവും ഗുവാഹതിയിലോ ഇറ്റാനഗറിലോ (അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനം) പ്രാക്ടീസ് ചെയ്യാനായിരുന്നു. ഗുവാഹതി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ച ശേഷം ഗ്രാമത്തില്‍ ചെലവഴിച്ച സമയമാണ് എന്റെ തീരുമാനം മാറ്റിയത്. പഠനം പുറത്ത് പല സ്ഥലങ്ങളിലുമായിരുന്നതുകൊണ്ട് ലാജുവില്‍ ഞാനൊരു വിരുന്നുകാരന്‍ മാത്രമായിരുന്നു. പക്ഷെ എപ്പോഴും ഞാനെന്റെ ഗ്രാമത്തെയും നിഷ്‌കളങ്കരായ എന്റെ ജനങ്ങളെയും സ്‌നേഹിച്ചിരുന്നു. പക്ഷെ ഹൈക്കോര്‍ട്ടില്‍ എന്റോള്‍ ചെയ്ത ശേഷമുള്ള, അഭിഭാഷകനായുള്ള ആ വരവ് പലതിനേയും വേറൊരു കണ്ണോടുകൂടി നോക്കി കാണുവാന്‍ എന്നെ സഹായിച്ചു; പ്രത്യേകിച്ച് പട്ടാളത്തെ.
ഞങ്ങളുടെ പ്രധാന ഉത്സവമായ റോങ് ഹോന്‍ (വിളവെടുപ്പുത്സവം) കൂടി കണക്കാക്കിയാണ് ആ പ്രാവശ്യം ഞാന്‍ ലാജുവില്‍ വന്നത്. പട്ടാളത്തിന്റെ ക്രൂരതകളെക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുള്ളതല്ലാതെ ഞാനൊരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലായിരുന്നു. ഉത്സവത്തിന്റെ തലേന്ന് ആസാം റൈഫിള്‍സ് (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുള്ള പാരാമിലിട്ടറി ഫോഴ്‌സ്) ഞങ്ങളുടെ ഗ്രാമത്തില്‍ കയറി വന്നു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഫോര്‍ നാഗാലിം (NSCN) കുന്നുകളിലെവിടെയോ ആയുധം കുഴിച്ചിട്ടിട്ടുണ്ട്; അതുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നറിയുകയാണ് ആസാം റൈഫിള്‍സിന്റെ ആഗമനോദ്ദേശം; ഇതാണവര്‍ പറഞ്ഞത്. ഗ്രാമത്തിലെ എല്ലാവരെയും അവര്‍ വിളിച്ചുകൂട്ടി. സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം ഇരുനൂറ്റിയമ്പതോളം പേര്‍ വരും ഞങ്ങളുടെ ഗ്രാമത്തില്‍. എല്ലാവരെയും റോഡിന്റെ സൈഡില്‍ ഇരുത്തി. രാവിലെ മുതല്‍ ഒരു തുള്ളി വെള്ളം കുടിക്കാന്‍ അനുവദിക്കാതെ.
ചില ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ തുടങ്ങി. നാഭിക്കും തലക്കും തോക്കുകൊണ്ട് കുത്തുകയും അടിക്കുകയും ചെയ്തു. ഞാന്‍ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു- “തെളിവില്ലാതെ നിങ്ങള്‍ക്കാരെയും ഒരു പീഡനവും ഏല്‍പിക്കാന്‍ അനുവാദമില്ല”. ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല, എന്നെയും തല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പീഡനമുറ കൂടുക മാത്രമാണ് ചെയ്തത്. ചിലര്‍ക്ക് ഇലക്ട്രിക്ക് ഷോക്കുകൊടുത്തു. കത്തിക്കാന്‍ അടുക്കിവച്ചിരുന്ന വിറകുകഷണം കൊണ്ടാണ് പ്രായമുള്ളവരെപ്പോലും തല്ലിയത്. ഞങ്ങളുടെ 80 വയസുള്ള ഗ്രാമബുര ചോരയൊലിപ്പിച്ച് കിടക്കുന്നത് എനിക്കു നല്ല ഓര്‍മയുണ്ട്. ‘നിങ്ങള്‍ക്ക് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അവരെ അറസ്റ്റുചെയ്യൂ’. ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ അവരുടെ പക്കല്‍ തെളിവുകളൊന്നുമില്ലായിരുന്നു. എങ്കിലും കുറച്ച് ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി ബാക്കിയുള്ളവരെ രാത്രിയായപ്പോഴേക്കും ഗ്രാമത്തിലേക്ക് തിരിച്ചയച്ചു. ഞങ്ങള്‍, നാഗാവാസികള്‍, ഒരു ഉത്സവ തലേദിവസം ഇത്രയും സങ്കടകരമായ ഒരു സംഭവം നടന്നതുകൊണ്ട് ആ വര്‍ഷം ഉത്സവം ആഘോഷിക്കുന്നില്ല എന്ന് തീരുമാനിച്ചു.
ഉത്സവദിവസം കാലത്തുതന്നെ വീണ്ടും അവരെത്തി. ആസാം റൈഫിള്‍സ് കമാന്‍ഡര്‍ ചോദിച്ചു, “നിങ്ങള്‍ എപ്പോഴെങ്കിലും സിനിമാപ്രദര്‍ശനം കണ്ടിട്ടുണ്ടോ? അതിനിടക്ക് ‘ഇടവേള’ എന്നെഴുതിക്കാണിക്കും; ഒരു ചെറിയ ബ്രേക്ക്. ഇടവേളക്കുശേഷമുള്ള രണ്ടാം ഭാഗമാണിന്ന്”. 
ആ പ്രഭാതവും ഭയത്തോടെ തന്നെ തുടങ്ങി. എണ്‍പതോളം പുരുഷന്‍മാരെ മാറ്റി നിര്‍ത്തി. ഞാനും ആ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെക്കൊണ്ട് കാടുവെട്ടിത്തെളിപ്പിച്ചു. NSCN ആയുധം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങള്‍ എന്തിന് ആ പണി ചെയ്യണം? പട്ടാളത്തിന് കാടുവെട്ടിത്തെളിച്ച് അന്വേഷണം നടത്തണമെങ്കില്‍ അവര്‍ സ്വയം ചെയ്യണം; തോക്കുകയ്യിലുണ്ടെന്ന് പറഞ്ഞ് ഞങ്ങളെക്കൊണ്ട് സൗജന്യവേല ചെയ്യിപ്പിക്കാനാവില്ല. എന്തുകൊണ്ട് അവര്‍ ഞങ്ങളുടെ ഉത്സവം അലങ്കോലപ്പെടുത്തി? അതിനവര്‍ക്ക് ആര് അവകാശം കൊടുത്തു? ഞങ്ങളെ തല്ലാന്‍ എന്തവകാശമാണ് അവര്‍ക്കുള്ളത്? തെളിവുകളില്ലാതെ ആളുകളെ എങ്ങനെയവര്‍ പിടിച്ചുകൊണ്ടുപോകും? - എന്റെ മനസില്‍ ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു.  ഈ പീഡനങ്ങള്‍ക്കു നടുവിലാണല്ലോ എന്റെ നാട്ടുകാര്‍ ജീവിക്കുന്നത് എന്ന ചിന്ത എന്നെ കൂടുതല്‍ അലോസരപ്പെടുത്തി. എന്തുചെയ്യണമെന്നറിയാതെ, ഒരു വക്കീല്‍ പോലുമില്ലാതെ നിസഹായരായ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ അവിടത്തുകാരനായ ഞാന്‍ ഗുവാഹതിയിലോ ഇറ്റാനഗറിലോ ഡെല്‍ഹിയിലോ പോയി അഭിഭാഷകനായി ജോലി നോക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് ഞാന്‍ കോന്‍സയില്‍ തന്നെ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചത്; തിറാപിലെ ആദ്യവക്കീലായി.
പ്രവര്‍ത്തനങ്ങള്‍...?
പട്ടാളത്തിന്റെ ലക്കും ലഗാനുമില്ലാത്ത റെയ്ഡുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് തോന്നി. ഇതൊന്നും ഒരൊറ്റ വക്കീലിനെക്കൊണ്ട് മാത്രം ചെയ്യാവുന്ന കാര്യമല്ല; അതൊരു മുന്നേറ്റമായി വരണം. പ്രാരംഭനടപടിയായി ഒരു മനുഷ്യാവകാശസംഘടനയുണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെ 20 പേരുമായി തിറാപ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ രൂപം കൊണ്ടു. അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നടക്കുന്ന ഏത് അതിക്രമത്തെയും കുറിച്ച് പുറത്തെ മാധ്യമങ്ങളില്‍ വരുത്തുക; ജയിലിലുള്ളവരുടെ കേസേറ്റെടുക്കുക; തെളിവില്ലാതെ ആളുകളെ പിടിച്ചുകൊണ്ടുപോവുന്നത് നിര്‍ത്തിക്കുക; മനുഷ്യാവകാശങ്ങളേക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധ്യപ്പെടുത്തുക... തുടങ്ങി കുറെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തിറാപ് ജില്ലയില്‍ കൂടിവരുന്ന കസ്റ്റഡി മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ഞങ്ങള്‍ ദേശീയ മനുഷ്യാവകാശകമീഷന് പരാതി നല്‍കി. (അരുണാചല്‍ പ്രദേശ് സംസ്ഥാനത്തുനിന്ന് ദേശീയ മനുഷ്യാവകാശ കമീഷന് ലഭിക്കുന്ന ആദ്യത്തെ പരാതിയാണിത്.) നാല്‍പതു ദിവസത്തിനകം നാലുകസ്റ്റഡി മരണങ്ങളാണ് ഞങ്ങളുടെ ജില്ലയില്‍ നടന്നത്.
 നിങ്ങള്‍ക്കെതിരെ ഭീഷണികളുണ്ടാവില്ലേ?
ഉണ്ട്. അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞു. ജില്ലയിലുള്ളവരെ ജാമ്യപത്രവുമായി പോയി ഇറക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ഭീഷണിപ്പെടുത്താറുണ്ട്. ആസാം റൈഫിള്‍സ് ഇടക്കിടക്ക് വീട്ടില്‍ കയറി വരും; (അവരുവിളിക്കുന്ന) ‘പതിവു റെയ്ഡി’നുവേണ്ടി. പക്ഷെ എനിക്കു പേടിയില്ല. ഞാന്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയാണ് ഒച്ചയുണ്ടാക്കുന്നത്. പട്ടാളവും പൊലീസും ചെയ്യുന്ന അതിക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഞാനിത്രയേ പറയാന്‍ ശ്രമിക്കുന്നുള്ളൂ- പട്ടാളമല്ല നേരും തെറ്റും തീരുമാനിക്കേണ്ടതും വിധി കല്‍പിക്കേണ്ടതും. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് നമ്മുടെ നാട്ടില്‍ കോടതികള്‍. പൊലീസിനും പട്ടാളത്തിനും ഒരാളുടെ ശരീരത്തില്‍ തൊടാന്‍ പോലും അധികാരമില്ല. പിന്നെയല്ലേ, കൊല്ലാനും ലൈംഗികപീഡനമേല്‍പിക്കാനും. പ്രതികരിക്കണം. മിണ്ടാതിരിക്കരുത്; നിശബ്ദരായിരുന്നാല്‍ അടിമത്തമാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അവകാശങ്ങള്‍ക്കുവേണ്ടി പോരാടണം. അതിന് വക്കീല്‍ ബിരുദം വേണമെന്നൊന്നുമില്ല. പ്രതിബദ്ധതയും നാലഞ്ചുപേരുള്ള ഒരു ഗ്രൂപ്പും മതി.