2009, ജനുവരി 22, വ്യാഴാഴ്‌ച

ലങ്കയിലും സൈന്യത്തിന്റ കൂട്ടക്കുരുതി



ഗാസയില്‍ ഇസ്രായേല്‍ സൈന്യം ആശുപത്രികളില്‍ അടക്കം രാസായുധം പ്രയോഗിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ സൈന്യം എല്‍ ടി ടി ഇ മേഖലയിലെ ആശുപത്രികളിലും ഷെല്ലാക്രമണം നടത്തി.


സുരക്ഷിത സ്ഥാനമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍കാലിക ആശുപത്രിയിലേക്ക് ശ്രീലങ്കന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ 20 രോഗികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി മുതല്‍ ഒട്ടേറെ തവണ സൈന്യം ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന് പ്രദേശത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വല്ലിപ്പുനം സ്കൂളില്‍ മുല്ലത്തീവ് ആശുപത്രി അധികൃതര്‍ നടത്തി വന്ന തീവ്രപരിചരണ വിഭാഗമാണ് ഷെല്ലിംഗില്‍ തകര്‍ന്നത്. ചൊവ്വാഴ്ചയ്ക്കു ശേഷം ശ്രീലങ്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 66 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടെന്ന് എല്‍ ടി ടി ഇ അനുകൂല വെബ്സൈറ്റ് വെളിപ്പെടുത്തി. അതേസമയം, പ്രധാന പ്രവര്‍ത്തന കേന്ദ്രമായി പുലികള്‍ ഉപയോഗിച്ചിരുന്ന കെട്ടിടം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. ഭൂഗര്‍ഭ ബങ്കറുകളും ഓഡിറ്റോറിയവുമുള്ള കെട്ടിടത്തില്‍ ശ്രീലങ്കയുടെ സൈനികവിന്യാസം രേഖപ്പെടുത്തുന്ന ഒട്ടേറെ ഭൂപടങ്ങളുണ്ടായിരുന്നുവെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയക്കര പറഞ്ഞു. പുലികളുടെ താവളങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടങ്ങളും കണ്ടെടുത്തു. പുലികള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കെട്ടിടത്തില്‍ നിന്ന് മാറ്റിയെന്നും ഇവര്‍ പുതിയ കമാന്‍ഡ് സെന്റര്‍ ആരംഭിച്ചിരിക്കാമെന്നും നനയക്കര പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും ദുരിതാശ്വാസ പ്രവര്‍ത്തകരെയും മേഖലയിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ സൈന്യവും പുലികളും നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. പുലികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശം ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണത്തോടെ ചുരുങ്ങിവരികയാണ്. പ്രദേശത്തെ സാധാരണ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥലത്തേക്കു മാറാന്‍ ആവശ്യപ്പെട്ട് സൈന്യം പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ലഘുലേഖയില്‍ സുരക്ഷിത സ്ഥാനമായി പ്രഖ്യാപിച്ച ഗ്രാമത്തിലെ ആശുപത്രിയിലേക്കാണ് ഒരു മണിക്കൂറിനുള്ളില്‍ സൈന്യം ഷെല്‍ ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചയോടെയും ആശുപത്രിക്കു നേരെ സൈന്യം ആക്രമണം നടത്തിയെന്നും മരിച്ചവരുടെ എണ്ണം കണക്കാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ആക്രമണത്തിനിടെ ബങ്കറുകളില്‍ അഭയം തേടാന്‍ കഴിഞ്ഞവര്‍ മാത്രമാണ് സൈനികാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും എല്‍ ടി ടി ഇ അനുകൂല സംഘടനയായ തമിള്‍നെറ്റ് പറഞ്ഞു. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാളെ ശ്രീലങ്കന്‍ സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം കൊലപ്പെടുത്തിയതായി എല്‍ ടി ടി ഇ കുറ്റപ്പെടുത്തി. അംപാര ജില്ലയിലെ പൊത്തുവില്‍ അല്‍ക്കുത്ത വീഥിയിലെ വിറക് കച്ചവടക്കാരനായ കാസിം ബാവ ഇഖ്ബാലിനെയാണ് സൈന്യം വെടിവച്ചുകൊന്നത്. എല്‍ ടി ടി ഇയുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീലങ്കന്‍ സൈന്യത്തിലെ രണ്ട് പ്രത്യേകദൌത്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ