First published in Free Press, July 2004
മത്സ്യകന്യകന്
സവിജ
എന്റെ രാവിലെകളെ കൂകിയുണര്ത്താനെത്തുന്നവന്‍... പതിഞ്ഞ കൂവലായി ചിലപ്പോള്‍ ഉയരെയുച്ചത്തില്. അവധി ദിവസങ്ങളില്‍ എന്റെ എട്ടുമണിയുറക്കങ്ങളെ ഒരു കൂവലിന്റെ ആലസ്യത്തിലേക്കുണര്ത്തിവിടും അവ...
അവന്റെ കടല്ക്കുട്ട നിറയെ കണ്ണുതള്ളി പിടഞ്ഞുപിടഞ്ഞു നിശ്ചലമായ ഐസിലാഴ്ന്ന മത്സ്യരൂപങ്ങള്‍... കടല്ക്കുട്ട പേറുന്നത് കടല്‍ മണത്തെയാണ്. തൊണ്ടെടുക്കാത്ത കക്കക്കൂടയില് വെള്ളം നിറക്കുമ്പോള്‍ പതഞ്ഞുപൊങ്ങുന്ന കടല്മണം. എന്റെ ചില്ലുകൂട്ടിലെ സ്വര്ണമത്സ്യങ്ങള്ക്ക് പുച്ഛമാണ് കടല്ക്കുട്ടയെയും അവന്റെ പതിഞ്ഞ കൂക്കിനെയും. ചില്ലുകൂടിന്റെ ശുദ്ധജല ശബളിമയില്‍ പടര്‍ന്ന പച്ചപുല്ലിന്റെയും അലങ്കാരവസ്തുക്കളുടെയും ധാരാളിത്തത്തില്‍ അവര്‍ കടല്ക്കുട്ടയെ നോക്കി പരിഹസിച്ചാര്ത്തു.ലളിതാസഹസ്രനാമം തഴുകിയുണര്ത്തുന്ന കോളനിയുടെ ടാര്പാതകളെ അവന്റെ കടല്ക്കുട്ടയില് നിന്നിറ്റുവീഴുന്ന ഊരുവെളളം നേര്രേഖകളാക്കി. ജനല്ചില്ലു മലര്ക്കെ തുറക്കുമ്പോള്‍ എനിക്കുള്ള കണിക്കാഴ്ചയായ് അവനവിടെയുണ്ടാകും, നിത്യവും. ഞാനോര്ത്തുപോയിട്ടുണ്ട്, ഒരാള്‍ എങ്ങനെയാണ് മത്സ്യകന്യകന്റെ കുപ്പായമണിയേണ്ടത്? സര്‍ക്കാര്‍ ഭാഷയില്‍ യോഗ്യതകള്‍ -- ആദ്യമായ് പതിഞ്ഞതും ചിലപ്പോള്‍ തുളച്ചുകയറുന്നതുമായ കൂക്കലുകള്‍ പരിശീലിക്കണം. വീട്ടുകാരെ കൂകിയുണര്ത്തി ആഴ്ചകള്‍ പഴക്കമുള്ള കടല്മത്സ്യത്തിന്റെ പിടിപ്പു വിശേഷം പറഞ്ഞ് രാവിലെ വീട്ടമ്മമാരുടെയും മദ്ധ്യാഹ്നങ്ങളില്‍ അവരുടെ കുടുംബത്തിന്റെയും വിശപ്പിനെ തൃപ്തിപ്പെടുത്തണം. പിന്നെ തെറുത്തുകയറ്റിയ കടും നിറമുള്ള മലപ്പുറം മുണ്ടിന്റെ മറയ്ക്കപ്പുറം തന്റെ തുടകളെ കാണിച്ച് സൈക്കിള്‍ ചക്രത്തെ ആഞ്ഞുചവിട്ടിക്കൊണ്ട് ഇടവഴികള്‍ താണ്ടണം. എന്നിരുന്നാലും കടല്‍ മണത്തെ കഴുകിത്തുടച്ച് വൈകുന്നേരങ്ങളില്‍ ഇച്ചിരി പൗഡറും പൂശി മുടിചീകിയിടര്ത്തി വഴിവക്കിലേക്കിറങ്ങുമ്പോള് പരിചിതമുഖങ്ങള്‍ ചിരിയോടൊപ്പം തള്ളവിരലും ചൂണ്ടുവിരലും നാസാദ്വാരങ്ങളില്‍ ചേര്‍ത്തടയ്ക്കാന്‍ വെപ്രാളപ്പെടുന്നു... അവന്റെ കടല്‍ മണം.
ആദ്യമാദ്യം കടല്ക്കുട്ടയുമായുള്ള അവന്റെ വരവും എന്റെ പ്രഭാതകണിക്കാഴ്ചകളും തികച്ചും ആകസ്മികങ്ങളായിരുന്നു. പിന്നെപ്പിന്നെ എന്തോ ഞാന്‍ അവന്റെ കടല്ക്കുട്ടയുടെ മണവും അവന്റെ വാഹനത്തിന്റെ ചെറുഞരക്കങ്ങളെയും സിഗ്നലുകള്‍ പോലെ പിടിച്ചെടുത്ത് കൃത്യമായ് അവന്റെ മുന്നിലെത്തിത്തുടങ്ങി. കടല്ക്കുട്ടയിലെ മത്സ്യങ്ങളെ കൊടുത്തുതീര്ക്കുന്നതിന്റെ വെപ്രാളത്തിനിടയ്ക്കുകൂടിപ്പോലും മുണ്ടൊന്നു തെറുത്തുകയറ്റി അവനെനിക്കുനേരെ ഒരുകാക്കക്കണ് നോട്ടമയക്കും. ഞാന്‍ ജനല്‍പ്പാളി പാതിയുന്തിക്കൊണ്ട് കര്ട്ടണ് വലിച്ചിടുന്ന ഭാവേന അവന്റെ നേരെ അലസമായൊരു നോട്ടമോ പുഞ്ചിരിയോ അയച്ചൊന്നുമറിയാത്ത ഭാവത്തില്‍ മുറിക്കുള്ളില്‍ മറയും.
ദിവസങ്ങളിങ്ങനെയൊക്കെ കടന്നു പോയി. രാവിലെ കോളേജിലേക്കും വൈകിട്ട് നഗരത്തിലെ ലൈബ്രറിയിലേക്കും പിന്നെ കറങ്ങുന്ന സുഹൃദ്കൂട്ടങ്ങളിലേക്കും ബീച്ചിലെ സൂര്യാസ്തമയങ്ങളിലേക്കും എന്റെ പകലുകളും സായാഹ്നങ്ങളും പടര്ന്നു. പിന്നെ പരീക്ഷയുടെയും പ്രൊജക്ട് വര്ക്കിന്റെയും തിരക്കിലായി. ഞാന്‍ മനപ്പൂര്‍വം അതിനായി തിരഞ്ഞെടുത്തത് സമുദ്രശാസ്ത്രമായിരുന്നു. കടലടിത്തട്ടിനെക്കുറിച്ചുളള ആധികാരികമായ പഠനം. ക്ലാസുനടക്കുമ്പോഴും അധ്യാപകന് കടലിനടിത്തട്ടിനെയും അവിടുത്തെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും പറ്റി പറയുമ്പോഴും എന്റെ മനസ്സ് അവനെയും അവന്റെ കടല്മണം മാറാത്ത മീന്കുട്ടയെയും ചുറ്റിപ്പറ്റി നടന്നു. കടല്‍ ശംഖുകളെക്കുറിച്ച്, പവിഴപ്പുറ്റുകളുടെ വിവിധ കോളനികളെക്കുറിച്ച്, ചിപ്പികളെക്കുറിച്ച്, കടല്‍മണല്‍ തരംതിരിവുകളെയും കടല്വെള്ളസാന്ദ്രതാക്രമീകരണങ്ങളെയും കുറിച്ച്, അധ്യാപകനേക്കാള്‍ അവനെല്ലാം അറിയാമെന്നു ഞാന്‍ ഊഹിച്ചു. ആകസ്മികമെന്ന മട്ടില്‍ ഞാനുണ്ടാക്കിയ ഒരു കൂടിക്കാഴ്ച സത്യത്തില്‍ അവനോടെല്ലാം ചോദിക്കാനുദ്ദേശിച്ചുളളതായിരുന്നു. ഇരുമ്പുഗേറ്റ് വലിച്ചുതുറന്നു ഞാന്‍ നടന്നു വരുന്നതുകണ്ടപ്പോള് തന്നെ അവന് മുണ്ടൊന്നു തെറുത്തുകയറ്റി ഒരു ചിരി അമര്ത്തി വെച്ച് എന്നെത്തന്നെ നോക്കിനില്പ്പായി. അവനില്‍ നിന്ന് മത്സ്യം വാങ്ങി അകത്തേക്കുപോയ അമ്മയെന്നെ രൂക്ഷമായൊന്നു നോക്കി. അതവഗണിച്ച് ഞാനവന്റെ കടല്ക്കുട്ടയെയൊന്നു തൊട്ടു. ആര്ത്തിരമ്പി വരുന്ന തിരമാലകളുടെ മണം, നമുക്കൊരുപാടു പ്രിയപ്പെട്ടവരുടെ നിമജ്ജനമേറ്റു വാങ്ങിയ കടലിന്റെ മണം, പാറയില്‍ തലതല്ലിയടിച്ചു പിളര്ന്ന തിരമാലകളുടെ, വിരഹകാമുകന്മാരുടെ കണ്ണീരുപ്പിന്റെ, മുക്കുവക്കുട്ടികളുടെ മലവിസര്ജ്യത്തിന്റെ മണം.
ഐസില്‍ കുതിര്‍ന്ന മത്സ്യഗന്ധങ്ങളെയവഗണിച്ച് ഇറ്റിറ്റുവീഴുന്ന മീന്വെള്ളത്തെ ഉടുവസ്ത്രങ്ങളിലേറ്റുവാങ്ങി അമ്പരന്ന മട്ടില്‍ കുട്ട ചേര്ത്തുപിടിച്ചുള്ള എന്റെ നില്പ്പുകണ്ട് ഒരു നിമിഷം അവനും വല്ലാതായിരിക്കണം. തന്റെ സൈക്കിള്‍ പിടിച്ചുകുലുക്കി അവനതറിയിക്കുകയും ചെയ്തു. സ്വയം മറക്കാന്‍ ഒന്നൊന്നു ആഞ്ഞുകൂക്കി അവന് സ്ഥലം കാലിയാക്കി. കോളനിയിലെ മറ്റു വീടുകളിലെ ജനല്പ്പാളികളിലൂടെ പ്രത്യക്ഷപ്പെട്ട ഒരുപാട് അമ്പരന്ന മുഖങ്ങളെ പുച്ഛിച്ചുതള്ളി പിന്നെയും കടലിന്റെയാഴങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള ഒരു പഴയ കവിതാശകലം മൂളി ഞാനകത്തേക്കു നടന്നു.
ഏതോ വനിതാമാസികയുടെ താളില്‍ കടല്‍ ഗുഹകള്‍ എന്ന നോവല്പ്പേരില് കണ്ണുടക്കിയപ്പോള്‍ ഞാന്‍ അവയെ സങ്കല്പ്പിച്ചുനോക്കി. അടിത്തട്ടില്‍ സാമാന്യം ഒരു വലിയ ഗുഹ. ഒന്നിന്റെ വാതില്‍ ഇത്തിരി വായ്വട്ടമുള്ളതാണ്. അതില്‍ പൂപ്പു വീണു തോരണം ചാര്ത്തിയതുപോലെ ഞാന്നു കിടപ്പുണ്ട്. ഞാന്‍ പതുക്കെ കടല്ത്തറയിലമര്ത്തിച്ചവിട്ടി പൂപ്പു തോരണങ്ങളെ വകഞ്ഞുമാറ്റി അകത്തേക്കു നടന്നു. ഇണചേരുന്ന മത്സ്യങ്ങളെ കൊത്തിയ ചിത്രത്തൂണുകള്‍ നിറഞ്ഞ ഇടനാഴിയാണു മുന്പില്‍. പതുക്കെ മുന്നോട്ടു നീങ്ങിയപ്പോള്‍ മുള്ളന്‍ മത്സ്യത്തിന്റെ ഒരുകൂട്ടം കമാനം പോലെ. അതു കടന്ന് വിശാലമായ തളത്തില്‍... അവിടെ ചപ്രമഞ്ചത്തില്‍ സമുദ്രകന്യകള്ക്കു നടുവില്‍ കിന്നരിയും തലപ്പാവും ചൂടി അവനങ്ങനെ ചാഞ്ഞിരിപ്പാണ്. എന്നെ കണ്ടതും ഒരു രാജകുമാരന്റെ ചിരപരിചിതമായ സൗമ്യ ചലനങ്ങളിലൂടെ അവനെന്നെ അങ്ങോട്ടാനയിച്ചു. ഈര്പ്പമുറ്റി നിന്ന കിടക്കയില്‍ ഞാന്‍ പതുക്കെയൊന്നമര്ന്നു. ചിപ്പി മാലകളും തൊങ്ങലുകള് വെച്ച കൈത്തണ്ടകളും കുലുക്കി അവനെന്നെ മൃദുവായൊന്നു തൊട്ടു. പെട്ടെന്നാണ് രാജ കിങ്കരന്മാര് ഉറക്കെ ആക്രോശിച്ച് കൊണ്ടങ്ങോട്ട് കടന്നു വന്നത്. അവരിലൊരുത്തന്‍ ഉച്ചത്തില്‍ അലറിക്കൊണ്ടെന്നെ തള്ളി മാറ്റി. ഞാന്‍ ഇരുമ്പുഗേറ്റില്‍ മുഖമടിച്ചു വീണു.
അച്ഛന്റെ മുഖം ദേഷ്യം കൊണ്ട് വികൃതമായിരുന്നു. കാഴ്ച കണ്ട് കോളനിക്കാരും തെല്ലൊന്നമ്പരന്ന് വല്ലാത്തൊരവസ്ഥയില്‍ സൈക്കിള്‍ ചാരിക്കൊണ്ടവനും.... മുഖം താഴ്ത്തി സൈക്കിളുന്തിക്കൊണ്ട് ഉറക്കെ കൂകുവാന്‍ അവന് നടത്തിയ ശ്രമം പതിഞ്ഞ ഒരു മൂളലോ ഞരക്കമോ ഒരു ഇടര്ച്ചയോ ഒക്കെയായ് അന്തരീക്ഷമൊട്ടാകെ പ്രതിധ്വനിച്ചു. കഷ്ടപ്പെട്ട് വലിഞ്ഞെഴുന്നേറ്റ് അടിയേറ്റ് തിണര്ത്ത കവിളുമായ് ഞാന്‍ മുറിയിലേക്കോടി. അന്നു വൈകിട്ട് അടുത്ത ബന്ധുസുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ എനിക്കുള്ള തിരക്കുപിടിച്ച വിവാഹാലോചന ചര്ച്ച നടന്നു. അതിനു ശേഷം എവിടെയോ വെച്ച് ചുമരിലേക്ക് ചെവിയടുപ്പിച്ച് വിവാഹത്തിനു മുന്പേ എനിക്ക് അവശ്യം നടത്തേണ്ടുന്ന മനശാസ്ത്ര കൗണ്സിലിങ്ങിനെക്കുറിച്ചുള്ള അടക്കം പറച്ചിലും ഞാന്‍ കാതു കൂര്പ്പിച്ച് പിടിച്ചെടുത്തു. കടല്മണത്തോടും കടല്ക്കുട്ടയോടുമുള്ള എന്റെ ആകര്ഷണത്വത്തില് എന്ത് അസ്വാഭാവികതയാണാവോ ഇവര്‍ കാണുന്നത്?
ഒരാഴ്ചയോളം ദൂരെ മലനിരകളിലെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഞാന്‍. പച്ച പുതച്ച കുന്നും പതിഞ്ഞ കാറ്റാടി മരത്തെ തഴുകിയുള്ള കാറ്റും വെള്ളിമേഘങ്ങളുടെ വിളര്ത്ത ആകാശക്കാഴ്ചയുമെല്ലാം എനിക്ക് അതിവേഗം മടുത്തു. കടലിരമ്പം കേള്ക്കാതെ, കടല്ക്കാറ്റു തട്ടാതെ, കടല്‍ മണലില്‍ കാലുപുതയാതെ എനിക്കുവയ്യെന്നായി. ഒടുവില്‍ എന്റെ ശാഠ്യത്തിനു വഴങ്ങി അവരെന്നെ വീട്ടില്‍ തിരിച്ചെത്തിച്ചു. തുടര്ന്നുള്ള പ്രഭാതത്തില്‍ അവന്റെ കൂക്കലുകള്ക്കായ് കാതോര്ത്തു ഞാന്‍ കിടന്നു. പത്തു പത്തരയായിട്ടും അതുണ്ടായില്ല, അതുമാത്രം. എനിക്കു ചുറ്റുപാടുള്ളതെല്ലാം പതിവുപോലെ നടക്കുന്നു. പക്ഷേ ഇതു മാത്രം... ഉച്ചയോടെ സമയം കളയാനായ് കഴിഞ്ഞ ഒരാഴ്ചത്തെ പത്രങ്ങളെടുത്തു മറിച്ചു നോക്കി. എട്ടു കോളം തലക്കെട്ടില്‍ നഗരത്തിനു പുറത്തെ ഒരു കടല്‍ തീരത്തു നടന്ന അറും കൂട്ടക്കൊലയുടെ വാര്ത്തയും ചിത്രങ്ങളുമാണ്. ചോരയുതിരുന്ന ജഢങ്ങളുടെ, അമ്മപെങ്ങന്മാരുടെ ആര്പ്പിന്റെ, വിങ്ങലിന്റെ, വേദനയുടെ നരച്ച ചിത്രങ്ങള്‍ പത്രത്താളുനിറയെ പകര്ന്നു കിടന്നു. ഒട്ടൊരു നിസ്സംഗതയോടെ ഞാന്‍ പേജു മറിച്ചു. കൊല്ലപ്പെട്ട യുവാക്കളുടെ പടങ്ങള്‍ നീളത്തില്‍ പേരുകളടക്കം കൊടുത്തിട്ടുണ്ട്. അതും അലസമായ് മറിച്ചിട്ടു. പെട്ടെന്ന് കൊള്ളിയാന്‍ മിന്നിയതു പോലെ അബോധമനസ്സില്‍ ഒരു ഞെട്ടല്‍ പടര്ന്നു കയറി.... കൊല്ലപ്പെട്ടവരുടെ പടങ്ങളടിച്ചുവന്ന പത്രത്താളൊരിക്കല് കൂടിയേ നോക്കിയുള്ളൂ.... എന്റെ മനസ്സിലേക്ക് ആയിരം കറുത്ത തിരകളൊന്നിച്ചടിച്ചു കയറി.... ആയിരം കടല്ക്കുതിരകളെ പൂട്ടിയ ഞങ്ങളുടെ കടല്ത്തേരിന്റെ ചക്രം ഊരിത്തെറിക്കുന്നതും ശംഖുകെട്ടിയ കൊടിക്കൂറ ഉപ്പുവെള്ളത്തില്‍ നനഞ്ഞൊലിക്കുന്നതും ഞാന്‍ വ്യക്തമായറിഞ്ഞു. എന്റെ ശുദ്ധജല ടാങ്ക് പൊട്ടിച്ചിതറി സ്വര്ണ്ണമത്സ്യം തറയില്‍ വീണു പിടഞ്ഞ് പിടഞ്ഞ് ചലനം നിലച്ചു. മൂക്കു വിടര്ത്തി കടല്മണം പിടിച്ചെടുക്കാനുള്ള എന്റെ കഴിവു നഷ്ടപ്പെടുകയാണോ? പാറയില്‍ തലതല്ലിയടിച്ചുപിളര്ന്ന തിരമാലകളുടെ, വിരഹകാമുകന്മാരുടെ കണ്ണീരിന്റെ, മുക്കുവക്കുട്ടികളുടെ വിസര്ജ്ജ്യത്തിന്റെ, എണ്ണമറ്റ തിരമാലകളുടെ മണം... കടല്‍ മണം.
സവിജ: കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ മൈക്രോബയോളജി വിദ്യാര്ത്ഥിനി. കവിതകള്‍ എഴുതാറുള്ള സവിജയുടെ ആദ്യകഥയാണിത്.
തോണിക്കുപകരം വാള്പ്പുറത്ത് കയറി കടലിലേക്ക് തുഴഞ്ഞുപോകുന്ന വെള്ളാരം കണ്ണുകളുള്ള എല്ലാ മത്സ്യകന്യകര്ക്കുമായി കഥാകാരി ഈ കഥ സമര്പ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ