First Published in Free Press August 2004
< കേസ് സ്റ്റഡി 2 > ജാര്‍ഖണ്ട്
ഇന്ത്യയില് ഏറ്റവും കൂടുതല് പോട്ട കേസുകള് രജിസ്റ്റര് ചെയ്ത സംസ്ഥാനം.
ഈ ആദിവാസി സംസ്ഥാനത്ത് 3200 തീവ്രവാദികള്!
$ വി.എച്ച്.നിഷാദ്
ഒരാള് തന്റെ ഗ്രാമത്തിലുള്ള സ്ത്രീകളെ പഠിപ്പിക്കുകയും അവര്ക്ക് അക്ഷരങ്ങളുടെയും അറിവിന്റെയും വെളിച്ചം കെടാതെ പകര്ന്നു കൊടുക്കുകയും ചെയ്യുന്നതിന് നമ്മള് പറയുക സാക്ഷരതാ പ്രവര്ത്തനമെന്നാണ്. എന്നാല് ജാര്ഖണ്ടില് രൂപ്നി ഖാറിയ എന്ന പതിനേഴു വയസുകാരിയെ പോട്ട പ്രകാരം പൊലീസ് അറസ്റ്റു ചെയ്തത് പെണ്ണുങ്ങളെ പഠിപ്പിക്കുക, അവര്ക്ക് അവകാശങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നീ കുറ്റങ്ങള് അവള് ഗ്രാമത്തില് ചെയ്തു എന്ന കാരണം പറഞ്ഞാണ്. ഇത്തരം കാര്യങ്ങള്ക്ക് ഭീകരപ്രവര്ത്തനങ്ങളുമായി എന്തു ബന്ധമാണുള്ളതെന്ന് രൂപ്നിക്ക് അറിയുമായിരുന്നില്ല. സത്യത്തില് ആര്ക്കും.
ഗുംല ജില്ലയിലെ ബര്നോ ഗ്രാമത്തില് നിന്നുള്ള സ്കൂള് വിദ്യാര്ത്ഥിനി മയന്തി കുമാരി (14) യെ പൊലീസ് അറസ്റ്റു ചെയ്തപ്പോഴും വീട്ടുകാര് അക്കാര്യം അറിഞ്ഞതേയില്ല. പെണ്കുട്ടി വീട്ടിലേക്ക് മടങ്ങി വരാതിരുന്നപ്പോള് അവള് മൂത്ത സഹോദരിയുടെയടുത്തേക്ക് പോയിരിക്കാമെന്ന് അവര് കരുതി. എന്നാല് അവളെ പോട്ട പ്രകാരം കസ്റ്റഡിയിലെടുത്തതായി പിന്നീട് വിവരം കിട്ടുന്നു. ഈ ആദിവാസി പെണ്കുട്ടി ചെയ്ത കുറ്റം ആ ചെറിയ തോളുകള്ക്ക് മുകളില് അവള്ക്ക് പക്വമായ ഒരു തലയുണ്ടായിപ്പോയി എന്നതു മാത്രമാണ്.
കൂട്ടുകാരോടൊപ്പം കാലി മേച്ചുകൊണ്ടിരിക്കുമ്പോഴാണ് ചത്താരാ ജില്ലയിലെ മറടാങ് ഗ്രാമവാസിയായ വിനോദ് സിംഗ് എന്ന പന്ത്രണ്ടു വയസുകാരന് പയ്യനെ പൊലീസ് പിടിക്കുന്നത്. പിന്നീട് എത്ര അടി കിട്ടിയെന്ന് അവനു തന്നെ അറിയില്ല. കൊച്ചുമകനെ പോലീസ് കൊണ്ടുപോയതറിഞ്ഞ് ഗ്രാമത്തില് അവന്റെ മുത്തശ്ശി നിര്ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. “എന്റെ മകന് എപ്പോഴാണ് വരിക?” അവര് കാത്തിരിക്കുകയാണ്.
ജാര്ഖണ്ടില് നിന്നുള്ള വാര്ത്തകള് തീരുന്നതേയില്ല. ഇത്തരത്തില് പോട്ട പ്രകാരം അറസ്റ്റിലായ കുട്ടികളുടെയും ആദിവാസി യുവാക്കളുടെയും കഥകള് ഇനിയും ധാരാളമുണ്ട്. പോട്ട കേസില് പെടുത്തി പോലീസ് ഇതുവരെ അറസ്റ്റ് ചെയ്ത 202 പേരില് സ്കൂളില് പോകേണ്ട, കളിച്ചു നടക്കേണ്ട കൊച്ചു കുട്ടികളും കൃഷിയിടങ്ങളില് പണിയെടുക്കുകയോ കാലികളെ മേയ്ക്കുകയോ ചെയ്യേണ്ട യുവാക്കളുമാണുള്ളത്. ഭീകരപ്രവര്ത്തനവുമായി യാതൊരു ബന്ധമില്ലാത്ത അറസ്റ്റുകളാണ് ഇവയെല്ലാമെന്ന് പ്രത്യക്ഷത്തില് തന്നെ മനസിലാകും. എന്നാല് ജാര്ഖണ്ടില് ശക്തമായ വേരുകളുള്ള നക്സലൈറ്റ് സംഘടനയായ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററുമായും (MCC) മറ്റും ഇവര്ക്കെല്ലാം ബന്ധമുണ്ടെന്ന് പൊലീസ് വാദിക്കുന്നു. അങ്ങനെ കൂടുതല് കൂടുതല് കുട്ടികളെയും യുവാക്കളെയും അറസ്റ്റു ചെയ്യുന്നു. ജാര്ഖണ്ടില് പോട്ടയുടെ പേരില് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചന്വേഷിക്കാനായി 2003 ജനുവരി 29 മുതല് ഫെബ്രുവരി 3 വരെയുള്ള കാലയളവില് സംസ്ഥാനം സന്ദര്ശിച്ച ഓള് ഇന്ത്യാ ടീം ഇത്തരത്തില് പുറത്തുകൊണ്ടു വന്നത് പോട്ട എന്ന നിയമം നടത്തിയ കിരാത വാഴ്ചയുടെ വെളിപ്പെടുത്തലുകളാണ്.
പോട്ട നിയമം യാതൊരു വിവേകവുമില്ലാതെ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ജാര്ഖണ്ടില് . അഥവാ പോട്ടയുടെ വരവോടെ ജാര്ഖണ്ടില് ഭൂനിയമങ്ങള് ഇല്ലാതായി പറയാം. പോട്ട എന്ന ഭീകര നിയമം വ്യക്തിയുടെ പൗര സ്വാതന്ത്ര്യത്തിനുമേല് കുതിര കേറുന്നതിന് ഏറ്റവും കൂടുതല് ഉദാഹരണങ്ങള് കിട്ടിയിരിക്കുന്നതും ഇവിടെ നിന്നാണ്. ജാര്ഖണ്ടിലെ ഗാര്വ, പലാമു, ലത്ത്ഹാര്, ഗുംല, ഹസാരി ബാഗ്, ഗിരിദി, ചത്താര, റാഞ്ചി എന്നീ ജില്ലകളില് നിന്ന് ഞെട്ടിക്കും വിധമുള്ള പോട്ടക്കണക്കുകളാണ് അന്വേഷണത്തില് പുറത്തു വന്നത്. ഇതില് തന്നെ ഏറ്റവും കൂടുതല് പോട്ടക്കേസുകള് രജിസ്റ്റര് ചെയ്തിരിക്കുന്നത് ഗുംല, പലാമു എന്നീ ജില്ലകളില് നിന്നാണ്. സാദാ സിവില്കേസില് പെടുത്തേണ്ട ഭൂമി തര്ക്കങ്ങളും, കുടുംബ വഴക്കുകളും, രാഷ്ട്രീയ പകപോക്കലുകളുമെല്ലാം ഇവിടെ പോട്ട എന്ന ഒരൊറ്റ നിയമത്തിന്റെ അച്ചുകൂടത്തിലാണ് ചേര്ത്തുവെക്കപ്പെട്ടത്. നീതിക്കു വേണ്ടി ഭൂമി മുതലാളിമാര്ക്കെതിരെ കര്ഷകര് സംഘടിതമായി നടത്തുന്ന സമരങ്ങളൊക്കെയും, ആ പ്രതിരോധങ്ങളൊക്കെയും പോട്ടയുടെ ഭീതിയില് നിറുത്തി തടയുക എന്നതാണ് ജാര്ഖണ്ടിലെ പുതിയ അടവ്. പലരും ഇപ്രകാരം അറസ്റ്റിലാവുന്നു. തടവറ പീഡനങ്ങള്ക്ക് വിധേയരാവുന്നു. ഫ്യൂഡല് പ്രഭുത്വ വാഴ്ചയുടെ പുതുകാല രൂപങ്ങള് ഇപ്പോഴും ഈ സംസ്ഥാനത്ത് അരങ്ങുതകര്ക്കുന്നു എന്നാണ് ഇതെല്ലാം കാണിച്ചുതരുന്നത്. പാവപ്പെട്ടവന്റെ ദുരിതം തീരുന്നില്ല.
ഏതു കേസിലും യുവാക്കളുടെ പേരില് എഫ്.ഐ.ആറുകള് തയ്യാറാക്കുന്നത് പോട്ട നിയമപ്രകാരമാവുന്ന അവിശ്വസനീയമായ കാഴ്ചയും ഇവിടെ നമുക്കു കാണാം. ‘പോട്ട’പ്രകാരം അറസ്റ്റു ചെയ്യാനായി പല ഗ്രാമങ്ങളിലെയും യുവാക്കളുടെ പേര് പോലീസ് ഡയറിയില് കുറിച്ചു വെച്ചിരിക്കുന്നു. വിവരം അറിയുന്നവരെല്ലാം അറസ്റ്റ് ഒഴിവാക്കാനായി ഒളിച്ച് നടക്കുകയാണ്. ധൈര്യമായി സ്വന്തം വീടുകളില് കിടക്കാനാവാതെ അവര്ക്ക് പുതിയ താവളങ്ങള് തേടേണ്ടി വരുന്നു. പോട്ട അറസ്റ്റില് നിന്ന് രക്ഷപ്പെടാനായി ഇങ്ങനെ തങ്ങളുടെ പ്രിയപ്പെട്ട കൃഷിയിടവും ബിസിനസുമാണ് ഇവര്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. അവരില് ചിലര് ദൂരെയുള്ള പട്ടണങ്ങളില് പോയി സൈക്കിള് റിക്ഷകള് ചവിട്ടി ജീവിക്കാന് ശ്രമിക്കുന്നു. മറ്റു പലരും ഇപ്പോഴും കാടുകളില് തന്നെ ഒളിച്ചു കഴിയുകയാണ്. കുടുംബത്തിന് താങ്ങും തണലുമാവേണ്ട സമയത്ത് അവര്ക്കുവേണ്ടി ഒന്നും ചെയ്യാന് കഴിയാനാവാതെ നിസഹായരായി ഇവര്ക്ക് ഒളി ജീവിതം തുടരേണ്ടി വരുന്നു. എല്ലാം പോട്ട എന്ന ഒറ്റ നിയമം കൊണ്ടാണ്. അതു മൂലമുള്ള അറസ്റ്റിനെ ഭയന്നാണ്. പോട്ട നിയമം അവരുടെ ജീവിതത്തെ കീഴ്മേല് മറിച്ചിരിക്കുന്നു.
പലാമു ഗ്രാമത്തിലുള്ളവര്ക്ക് വെളിച്ചവും ശബ്ദവും പേടിയാണിന്ന്. ഓരോ വെളിച്ചവും പൊലീസ് വാഹനത്തിന്റേതാകുമെന്ന് അവര് ഭയക്കുന്നു. രാജ്യദ്രോഹ പ്രവര്ത്തനങ്ങള് നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്യാനായി ആദ്യം പൊലീസുകാരുടെ വരവും തുടര്ന്നു മര്ദ്ദനങ്ങളുടെ രാത്രികളുമാണ് അവര്ക്കിപ്പോള് പരിചയം. “പൊലീസുകാരാണെന്നു കരുതി ഞങ്ങളുടെ വാഹനം ചെന്നപ്പോള് തന്നെ അവര് ഓടി ഒളിക്കുകയായിരുന്നു.”ജാര്ഖണ്ടില് അന്വേഷണത്തിനായി ചെന്ന ടീം പറയുന്നു.
ഇതിനിടയില് ജനങ്ങള് അഭിമുഖീകരിക്കേണ്ടി വരുന്ന മറ്റൊരു ഭീഷണി പൊലീസിന്റെയും പട്ടാളത്തിന്റെയും നേതൃത്വത്തില് നടക്കുന്ന ‘നായാട്ടു’കളാണ്. 2002 ജനുവരി 29ാം തിയ്യതി വെളുപ്പിന് നാലുമണിക്ക് ഖാപിയ, ബട്ടൂക്ക, സാല്ഗ എന്നീ ഗ്രാമങ്ങളില് സി.ആര്.പി.എഫ് ജവാന്മാരും ജാര്ഖണ്ട് ആര്മി പൊലീസും മറ്റുമടങ്ങുന്ന 500 പേരുടെ സംഘമാണ് വേട്ടക്കായി എത്തിയത്. ഗ്രാമത്തിലുള്ള വീടുകള് ഇവര് തല്ലിത്തകര്ത്തു. അരിയും ഗോതമ്പുമെല്ലാം വലിച്ചെറിഞ്ഞു. കുട്ടികളെയും സ്ത്രീകളെയും തറയിലൂടെ വലിച്ചിഴച്ച് മര്ദ്ദിച്ചു. നാലു വശവും വളഞ്ഞു നിന്ന് നിസഹായരെ പിടിക്കുന്ന ഒരു വിനോദമായിരുന്നു അവര്ക്കത്. ശങ്കര് എന്നൊരു പയ്യനെയടക്കം പതിമൂന്ന് പേരെ അറസ്റ്റു ചെയ്താണ് സംഘം മടങ്ങിയത്. പിന്നീടിവരെ പോട്ട പ്രകാരം റാഞ്ചി ജയിലിലടച്ചു.
മംഗള് തിലയ്യ ഗ്രാമത്തില് 2003 ഡിസംബര് ഒന്നിന് 300 ഓളം പോലീസുകാര് നര നായാട്ട് തുടര്ന്നു. സ്ത്രീകളെ അസഭ്യം പറഞ്ഞ് മര്ദ്ദനമുറകള്ക്ക് ഇവിടെയും പഞ്ഞമില്ലായിരുന്നു. പിന്നീട് ഈ ഗ്രാമത്തിലുള്ള പലരെയും പോട്ട കേസില് പെടുത്തി പൊലീസ് എഫ്.ഐ.ആറുകള് തയ്യാറാക്കിയതായി അന്വേഷണങ്ങള് വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയ ഉപജാപങ്ങളുടെയും തന്ത്രങ്ങളുടെയും ഭാഗമായി പോട്ട എന്ന നിയമം ഒരു സംസ്ഥാനത്ത് വരുത്തിവെച്ച ദുരനുഭവമാണ് ഇതെല്ലാം. ഭീകരതയുടെ പേര് പറഞ്ഞ് ജമ്മു-കാശ്മീരിലും തമിഴ് നാട്ടിലും തെലുങ്കാനയിലും പോട്ട ഉപയോഗിക്കുന്നതു കാണുമ്പോള് പത്രപ്രവര്ത്തകനായ ഒരു സുഹൃത്ത് ചോദിച്ചത് വേദനയോടെ ഇവിടെ ആവര്ത്തിക്കേണ്ടി വരുന്നു- പറയൂ സര്, അത്രത്തോളം ഭീകരവാദികള് നിറഞ്ഞതാണോ നമ്മുടെ രാഷ്ട്രം. അതില് ജാര്ഖണ്ടിലാണോ ഏറ്റവും ഭീകരരുള്ളത്?.
ജാര്ഖണ്ടിലെ സ്ഥിതി ഇങ്ങനെയാണ്. (1) പോട്ട പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവരില് ഭൂരിഭാഗവും ഗ്രാമങ്ങളില് നിന്നുള്ള നിരക്ഷരരും നിഷ്കളങ്കരുമായ പാവപ്പെട്ട ആദിവാസികളോ പിന്നാക്ക വിഭാഗക്കാരോ ആണ്.
(2) ജനങ്ങളെ പേടിപ്പെടുത്താനും ഭീകരന്മാരായി ചിത്രീകരിക്കാനും വേണ്ടി ഭൂപ്രഭുക്കന്മാരുടെ നിദേശപ്രകാരം പൊലീസ് പോട്ട പ്രകാരം അവരെ അറസ്റ്റു ചെയ്യുന്നു.
(3) സാധാരണ നിയമങ്ങളുടെ വിഭാഗത്തില് പെടുത്താവുന്ന പല കേസുകളും പോട്ടയില് പെടുത്തിയിരിക്കുന്നു.
(4) ബി.ജെ.പി.യുടെ ബാബു ലാല് മറാണ്ടി ഗവണ്മെന്റ് ജെ.എം.എം., ആര്.ജെ.ഡി പോലുള്ള രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനായി പോട്ട നിയമം ഉപയോഗിച്ചിരിക്കുന്നു.
(5) പോട്ട പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളില് പലര്ക്കും ‘പോട്ട’ എന്ന നിയമം എന്താണെന്നു തന്നെ അറിയുമായിരുന്നില്ല. വക്കീലിനെ ഹാജരാക്കാനുള്ള സാമ്പത്തിക ശേഷിയും ഇവര്ക്കുണ്ടായിരുന്നില്ല.
പലാമു ജില്ലയില് ഭൂമിയെച്ചൊല്ലി ഒരു കുടുംബത്തില് നടന്ന വഴക്ക് പോട്ടയിലാണ് അവസാനിച്ചത്. തര്ക്കത്തില് മൂത്ത സഹോദരനായ നര്വടേശ്വര് സിംഗ് കൊല്ലപ്പെട്ടു. കൃഷ്ണ സിംഗ്, അനിരുദ്ധ് സിംഗ്, ഇന്റര് മീഡിയേറ്റ് വിദ്യാര്ത്ഥിയായ കിഷോര് സിംഗ് എന്നിവരെ ഭൂമി തര്ക്കവും മരണവുമെല്ലാം പോട്ടയില് പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവയെല്ലാം സാധാരണ ക്രിമിനല്കേസുകളുടെ പരിധിയില് വരുന്നവയായിട്ടു പോലും ഭീകരതയ്ക്കെതിരെ പോരാടാനായി പ്രത്യേകമുണ്ടാക്കിയ ഒരു നിയമത്തിന്റെ പരിധിയിലാണ് വന്നുപെട്ടത്. ജാര്ഖണ്ടില് ഭൂമി സംബന്ധമായ എല്ലാ നിയമങ്ങളും പോട്ട എന്ന ഒറ്റ നിയമത്തിന്റെ വരവോടെ നിഷ്കാസനം ചെയ്യപ്പെട്ടിരിക്കുന്നു.
ഗവണ്മെന്റ് നിങ്ങള്ക്കു വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ട് എന്ന് ഒരു ജാര്ഖണ്ടുകാരനോട് ഇന്നു നിങ്ങള് ചോദിച്ചു നോക്കൂ. പോട്ട എന്ന അനീതിയുടെ കഥകള് ഉടനെയവന് പറയാനാരംഭിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ