Fisrt Published in Free Press, August 2004
മാന്യമായ ചില നുണകള് ഒരു മനുഷ്യനെ തീവ്രവാദി’യാക്കുമ്പോള്‍
$ വിനോദ് കെ.ജോസ്
ജോണ് കീന് , ദ മീഡിയ ആന്റ് ഡെമോക്രസി
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്ട്ടുകള് ഓരോ മാധ്യമത്തിനും ലഭിക്കുന്നത് അവരുടെ ക്രൈം ലേഖകരില് നിന്നാണ്. അടുത്തിടെയായി ക്രൈം റിപ്പോര്ട്ടിംഗ് എന്നാല് പൊലീസുകാരന് പറയുന്നതിന്റെ ഒരു കേട്ടെഴുത്ത് ക്രിയ മാത്രമായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് പറയുന്നത് സംഭവത്തിന്റെ ഒരു വശം മാത്രമാണെന്നും അതെപ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നും സംഭവത്തിന്റെ മറുവശം തീര്ച്ചയായും അന്വേഷിക്കേണ്ടതാണെന്നുമുള്ള പഴയകാല ക്രൈം ലേഖനരീതിക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു.
അങ്ങനെ പൊലീസുകാരന് പറയുന്നത് ‘തെറ്റുപറ്റാത്ത’, ‘ചോദ്യം ചെയ്യേണ്ടതില്ലാത്ത’, സത്യമാവുന്നു. പട്ടണത്തിലെ ഏതെങ്കിലും കോളനികളില് നടന്ന ബലാത്സംഗത്തിന്റെ അന്വേഷണം മുതല് ഡിസംബര് 13ന് നടന്ന പാര്ലമെന്റ് ആക്രമണസംഭവം വരെ പൊലീസുകാരന് പറയുന്നതിനപ്പുറം പത്രക്കാര് സംസാരിക്കാതായിരിക്കുന്നു. ഈ ഒപ്പിച്ചുകൂട്ടലുകള്ക്കിടയില് യഥാര്ത്ഥ പ്രതിയെ ഒളിപ്പിക്കാനുള്ള ശ്രമം നടന്നേക്കാം; നിരപരാധിയെ കുറ്റക്കാരനാക്കിയേക്കാം; അലോസരമുണ്ടാക്കുന്ന സംശയങ്ങളും ചോദ്യങ്ങളും മറവു ചെയ്യപ്പെട്ടേക്കാം; മാന്യമായ നുണകള് വാര്ത്തയായേക്കാം. സയ്യദ് അബ്ദുര് റഹ്മാന് ഗിലാനിയുടെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. മാന്യമായ നുണകള് ഇവിടെ വാര്ത്തയായി.
ഹൈക്കോടതി കുറ്റവിമുക്തനാക്കി ഡെല്ഹി യൂണിവേഴ്സിറ്റിയില് ഒരിടവേളക്ക് ശേഷം പഠിപ്പിക്കാനാരംഭിച്ച ഗിലാനിയെ പാര്ലമെന്റാക്രമണത്തിന്റെ ‘സൂത്രധാരന്’ (mastermind) എന്ന് ഒരു കാലത്ത് മാധ്യമങ്ങള് വിളിച്ചിരുന്നു. “22 ലക്ഷം രൂപയുടെ ഒരു ഫ്ളാറ്റ് ഡെല്ഹിയില് ഗിലാനി വാങ്ങിയിരുന്നു” (ഹിന്ദുസ്ഥാന് ടൈംസ്, ഡിസം.17, 2001), “തന്റെ വിദ്യാര്ത്ഥികള്ക്ക് തീവ്രവാദത്തെക്കുറിച്ച് ക്ലാസുകളെടുത്തു” (ഹിന്ദുസ്ഥാന് ടൈംസ്, ഡിസം. 17, 2001; ദ ഹിന്ദു, ഡിസം.17, 2001), “തനിക്ക് ചാവേറാക്രമണം പ്ലാന് ചെയ്ത ദിവസം മുതല് ഇക്കാര്യം അറിയാമായിരുന്നെന്ന് ഗിലാനി സമ്മതിച്ചു” (ദ ഹിന്ദു ഡിസം.17, 2001), “സിമിയുടെ പ്രര്ത്തനങ്ങളില് പങ്കെടുത്തിരുന്നു” (ടൈംസ് ഓഫ് ഇന്ത്യ ഡിസം.17, 2001) തുടങ്ങിയവ ചില മാന്യമായ നുണകളായിരുന്നു. പത്രമാധ്യമങ്ങള് വിളിച്ചു പറഞ്ഞ ‘പൊലീസ് പറഞ്ഞ കഥ’ കോടതി മുറികളില് വാദി ഭാഗത്തിന് ഉയര്ത്താന് കഴിയാതിരുന്ന വാദങ്ങളായിരുന്നു. മാധ്യമങ്ങളില് എന്തും വിളിച്ചുപറയുന്നതുപോലെ കോടതിമുറികളില് സാധിക്കില്ലല്ലോ. വാദങ്ങളോ തെളിവുകളോ ഒന്നുമില്ലാതെ എങ്ങനെ ഇത്തരം മാന്യമായ നുണകള് പത്രത്താളുകളുടെ മുന്പേജില് സ്ഥാനം പിടിച്ചു? പൊലീസ് പറയുന്നതിന്റെ കേട്ടെഴുത്ത് നടത്തുന്ന പത്രപ്രവര്ത്തകര് ജനങ്ങള്ക്ക് പത്രമാധ്യമങ്ങളിലുള്ള വിശ്വാസമാണ് കളഞ്ഞുകുളിക്കുന്നത്.
മാധ്യമങ്ങള് നടത്തുന്ന ഇത്തരം തോന്നിയവാസത്തെയാണ് മാധ്യമപണ്ഡിതര് മാധ്യമ വിചാരണ (media trial) എന്നുവിളിക്കുന്നത്. മാധ്യമങ്ങള് ജനങ്ങളുടെ മനസില് പ്രതിയേയും കുറ്റവാളിയേയും വില്ലനെയും സൃഷ്ടിക്കുന്നു; ‘ജനനായകന്’മാരെയും ഹീറോമാരെയും സൃഷ്ടിക്കുന്നതുപോലെ തന്നെ.
രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന, പേരുകേട്ട പത്രങ്ങള് എന്തുകൊണ്ടാണ് മേല്പറഞ്ഞരീതിയില് അതീവ ലാഘവത്തോടെ റിപ്പോര്ട്ടുകള് എഴുതിയത്? എവിടെ നിന്നാണ് പത്രപ്രവര്ത്തകര്ക്ക് ഇത്തരം വാര്ത്തകള് കിട്ടുന്നത്? ഇത്തരം റിപ്പോര്ട്ടുകളില് വാര്ത്തയുടെ ഉറവിടം വ്യക്തമാക്കുന്നുണ്ടോ? ഒരേയൊരു ഉറവിടം മാത്രമേ ഇത്തരം റിപ്പോര്ട്ടുകളില് നമുക്ക് കാണാന് സാധിക്കൂ- പൊലീസ്. പക്ഷെ ഏത് പൊലീസ് ഓഫീസറാണ്, അയാളുടെ പേരെന്താണ് എന്ന് ഒരു റിപ്പോര്ട്ടുകളിലും പറയാത്തതെന്താണ്? നുണകള് പ്രചരിപ്പിക്കുകയും പ്രതിനായകനേയും നായകനേയും സൃഷ്ടിക്കുകയുമല്ല നിയമപാലകരുടെ തൊഴില്. എന്നാല് ഗിലാനിയെ സംബന്ധിച്ച് മാന്യമായ നുണകള് മാത്രം പത്രങ്ങളില് ഇടം കണ്ടപ്പോള് പത്രക്കാര്ക്ക് വാര്ത്തയേ ആകാതിരുന്ന ചില സംഭവങ്ങളുണ്ടായിരുന്നു ഡെല്ഹിയില്.
- ഗിലാനിയേയും ഭാര്യ അരീഫയേയും അഞ്ചും എട്ടും വയസായ രണ്ട് മക്കളേയും ഒരു മിലിട്ടറി ക്യാമ്പില് കൊണ്ടുപോയി പീഡിപ്പിച്ച കഥ ഏതെങ്കിലും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നോ?
- ദിവസങ്ങള് നീണ്ട ശാരീരിക പീഡനങ്ങള്ക്ക് ശേഷവും ഗിലാനി പൊലീസുകാരാവശ്യപ്പെട്ട രീതിയില് ഒരു കുറ്റസമ്മതവും നടത്താതിരുന്നത് എന്തുകൊണ്ട് ഒരു മാധ്യമത്തിനും വാര്ത്തയല്ലായിരുന്നു. (പോട്ട നിയമപ്രകാരം ഒരാള് നടത്തുന്ന കണ്ഫെഷന് സ്റ്റേറ്റ്മെന്റിന് കോടതി വലിയ മുഖവില നല്കുന്നുണ്ട്. അതുകൊണ്ടാണ് ഗിലാനിയെക്കൊണ്ട് താന് കുറ്റക്കാരനാണ് എന്ന് സമ്മതിപ്പിക്കാന് പൊലീസ് ആവതും ശ്രമിച്ചത്.)
- ഒരു പ്രതിയേയും മാധ്യമങ്ങള്ക്ക് മുമ്പില് പൊലീസ് പ്രദര്ശിപ്പിക്കാന് പാടില്ല എന്നിരിക്കേ ഒന്നാം പ്രതി അഫ്സലിനെ ‘തെരഞ്ഞെടുക്കപ്പെട്ട ’ പത്രക്കാരുടെ മുമ്പില് കൊണ്ടുവന്നതിനെ ഏതെങ്കിലും മാധ്യമങ്ങള് ചോദ്യം ചെയ്തോ?
- ഈ പത്രസമ്മേളനത്തില് വെച്ച്, എന്ത് റിപ്പോര്ട്ട് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പൊലീസ് ഉദ്യോഗസ്ഥര് മാധ്യമങ്ങളോട് ആജ്ഞാപിച്ചത് ഒരു മാധ്യമങ്ങളും ചോദ്യം ചെയ്യാതിരുന്നതെന്തുകൊണ്ട്? --- അറസ്റ്റ് നടന്നതിന് പിറ്റെ ദിവസം കേസിലെ ഒന്നാം പ്രതി അഫ്സലിനെ ഡെല്ഹി പൊലീസ് ക്ഷണിക്കപ്പെട്ട ജേണലിസ്റ്റുകളുടെ മുന്നില് കൊണ്ടു വന്നു. അഫ്സലിനെകൊണ്ട് നാട്ടുകാരുടെ മുന്നില് കുറ്റസമ്മതം നടത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. ഗിലാനിയുടെ റോളിനെക്കുറിച്ച് ചോദിച്ചപ്പോള് ഗിലാനിക്ക് ഗൂഡാലോചനയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന കാര്യം അഫ്സല് നിഷേധിക്കുകയായിരുന്നു. എ.സി.പി. രജ്ബീര് സിംഗിന്റെ അഭ്യര്ത്ഥനയെ തുടര്ന്ന് മിക്ക മാധ്യമപ്രവര്ത്തകരും ഇക്കാര്യം റിപ്പോര്ട്ട് ചെയ്യാതിരുന്നു. (കുറ്റസമ്മതം വീഡിയോയിലെടുത്ത ടിവി പ്രതിനിധികളടക്കം). ടെലിവിഷന് റിപ്പോര്ട്ടര്മാര് പൊലീസ് ഓഫീസര് പറഞ്ഞതനുസരിച്ചുകൊണ്ട് ഗിലാനിയെക്കുറിച്ച് അഫ്സല് പറഞ്ഞ ഇന്റര്വ്യൂവിലെ ഭാഗം എഡിറ്റ് ചെയ്താണ് സംപ്രേഷണം ചെയ്തത്. പക്ഷെ ഷംസ് താഹിര് ഖാന് എന്ന ആജ് തക് ചാനല് റിപ്പോര്ട്ടര് ഒരു വര്ഷത്തിന് ശേഷം പോട്ട പ്രത്യേക കോടതിയില് ഹാജരായി പൊലീസോഫീസര്ക്കെതിരെ സാക്ഷി പറയാനുള്ള ധൈര്യം കാണിച്ചു. എങ്കിലും എന്തുകൊണ്ടാണ് അഫ്സലുമായുള്ള അഭിമുഖം നടന്ന ദിവസം തന്റെ റിപ്പോര്ട്ടില് പൊലീസോഫീസര് റിപ്പോര്ട്ട് ചെയ്യാന് പറഞ്ഞ കാര്യം മാത്രം ചെയ്തത് എന്നതിനുത്തരമായി ഷംസ് താഹിര് ഖാന് പറയാനുണ്ടായിരുന്നത് ഇതാണ്- “കാരണം ഞങ്ങള് ക്രൈം റിപ്പോര്ട്ടേഴ്സ് പൊലീസുകാരെ നിരന്തരം ആശ്രയിക്കേണ്ടി വരുന്നു. അവരെ ഞങ്ങള്ക്കൊരിക്കലും പിണക്കാനാവില്ല. ഡെല്ഹി പൊലീസിലെ സ്പെഷല് സെല്ലിലെ ഓഫീസറായ രജ്ബീര് സിംഗ് വിവരങ്ങള് കിട്ടാന് ഞങ്ങള്ക്കാശ്രയിക്കേണ്ടിവരുന്ന ഒരു പ്രധാന സോഴ്സാണ്”. (ദ ഹിന്ദു, ഒക്ടോബര് 11, 2002).
- ‘തെരഞ്ഞെടുക്കപ്പെട്ട’ പത്രക്കാരുടെ മുമ്പില് വെച്ച് എ.സി.പി. രജ്ബീര്സിങ് അഫ്സലിനെ മാധ്യമങ്ങളുമായി അഭിമുഖത്തിന് വിധേയമാക്കിയപ്പോള് ഗിലാനി കേസില് നിരപരാധിയാണെന്ന് അഫ്സല് പറയുന്നുണ്ട്. അഫ്സല് ഇതു പറയുമ്പോള് “ഗിലാനിയെക്കുറിച്ച് പറയാന് വായ് തുറന്നുപോകരുതെന്ന് ഞാന് തന്നോട് പറഞ്ഞിരുന്നില്ലേയെന്ന്” എ.സി.പി. രജ്ബീര് സിംഗ് പത്രക്കാരുടെ മുമ്പില് വെച്ച് ആക്രോശിച്ചതൊന്നും ഒരു പത്രത്തിലും വാര്ത്തയല്ലായിരുന്നു.
- ഗിലാനിയെ അറസ്റ്റ് ചെയ്ത സ്ഥലവും സമയവും പൊലീസ് തെറ്റായി അവതരിപ്പിച്ചതും മാധ്യമങ്ങള് കണ്ടതായി നടിച്ചില്ല.
- പാര്ലമെന്റാക്രമണം പോലെ വളരെ പ്രാധാന്യമുള്ള ഒരു കേസിലെ ഏറ്റവും പ്രധാന തെളിവ് എന്ന രീതിയില് പൊലീസ് കോടതിയില് സമര്പ്പിച്ച ടെലിഫോണ് സംഭാഷണം (ഗിലാനിയും കാശ്മീരില് നിന്ന് വിളിച്ച 18 വയസുകാരന് അനുജന് ഫൈസലും തമ്മിലുള്ള 2.16 മിനിറ്റ് നീണ്ട കാശ്മീരി ഭാഷയിലുള്ള സംഭാഷണം) വിവര്ത്തനം ചെയ്യാന് പൊലീസിന് കിട്ടിയത് ആറാം ക്ലാസുവരെ മാത്രം പഠിച്ച ഡെല്ഹിയിലുള്ള ഒരു പഴക്കച്ചവടക്കാരനെയായിരുന്നു. രാജ്യത്ത് നടന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നായ പാര്ലമെന്റാക്രമണത്തിലെ ഒരു പ്രധാന തെളിവ് പൊലീസ് ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്തതും മാധ്യമങ്ങളില് എങ്ങും വാര്ത്തയല്ലായിരുന്നു.
- ഹിന്ദിയോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ അറിയില്ലായിരുന്ന പഴക്കച്ചവടക്കാരന് തര്ജ്ജമ ചെയ്ത് ഒരു ഹിന്ദിക്കാരനായ പൊലീസ് എസ്. ഐ.ക്ക് വായിച്ചുകൊടുക്കുകയും ആ പൊലീസ് ഇന്സ്പെക്ടര് അയാളുടെ സൗകര്യത്തിന് തര്ജ്ജമ കടലാസിലെഴുതുകയുമാണുണ്ടായതെന്നും ഒരു മാധ്യമവും റിപ്പോര്ട്ട് ചെയ്തില്ല.
- പോട്ട എന്ന കരിനിയമം പോലും ഒരു കേസന്വേഷണത്തില് പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങളേക്കുറിച്ച് പറയുന്നുണ്ട്. എന്നാല് നമ്മുടെ തലസ്ഥാന പൊലീസിന് അതൊക്കെ വെറും ഏട്ടിലെ പശുക്കള് മാത്രമായി. നടപടിക്രമങ്ങള് പാലിക്കാതെയാണ് ഫോണ് കോളുകള് പൊലീസ് ചോര്ത്തുന്നതെന്ന് ഒരു മാധ്യമവും എഴുതിക്കണ്ടില്ല.
- പൊലീസ് ഊഹാപോഹങ്ങള് പടച്ചുവിടുന്നതും പിന്നീടത് വിഴുങ്ങുന്നതും എന്തുകൊണ്ട് മാധ്യമങ്ങള് ചോദ്യം ചെയ്തില്ല- പാര്ലമെന്റാക്രമണത്തിന് മണിക്കൂറുകള്ക്കകം ഡെല്ഹി പൊലീസിന്റെ തലവന് അജയ് രാജ് ശര്മ പത്രക്കാരോട് പറഞ്ഞത് പാര്ലമെന്റാക്രമണത്തില് പൊലീസ് വെടിവെച്ചുകൊന്ന ഭീകരര് 1999ലെ ഇന്ത്യന് എയര്ലൈന്സ് വിമാനം കാഠ്മണ്ഡുവില് നിന്ന് കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോയ അതേ ആളുകളാണെന്നാണ്. ഒരു വെടിക്ക് രണ്ടു പക്ഷി! പിറ്റേദിവസവും അജയ് രാജ് ശര്മ ഇതേ അവകാശവാദം പത്രക്കാരുടെ മുന്നില് ആവര്ത്തിച്ചു. പക്ഷെ കൊല്ലപ്പെട്ട ഭീകരരുടെ ഫോട്ടോയും അജയ് രാജ് ശര്മയുടെ പ്രസ്താവനയും കണ്ട ചില വായനക്കാര് പിറ്റെ ദിവസം ഇന്ത്യന് എക്സ്പ്രസ് പത്രത്തിന്റെ ഡെല്ഹി ബ്യൂറോയിലേക്ക് ഫോണ് വിളിച്ചു. സഞ്ജീവ് ശര്മയും രൊമേഷ് ഗ്രോവറും ആര്.കെ. മഹനയും ആയിരുന്നു ഇവര്. മൂവരും തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനത്തിലെ യാത്രക്കാരായിരുന്നു. ഡെല്ഹി പൊലീസ് പറയുന്നതുപോലെ പാര്ലമെന്റ് ആക്രമണത്തില് കൊല്ലപ്പെട്ട ഭീകരരല്ലായിരുന്നു വിമാനം റാഞ്ചിക്കൊണ്ടുപോയത് എന്നു പറയാനായിരുന്നു ഇവര് വിളിച്ചത്. ഡിസംബര് 15ാം തീയതിയിലെ ഇന്ത്യന് എക്സ്പ്രസില് ഈ വാര്ത്ത വന്നു. “ആ വിമാനറാഞ്ചികളെ ഞാന് ഏതു സ്ഥലത്തുവെച്ചും തിരിച്ചറിയും. ഞാനവരോട് ധാരാളം അടുത്തിടപഴകിയിരുന്നു. ആ വിമാന റാഞ്ചികളല്ല പാര്ലമെന്റാക്രമണത്തില് പൊലീസ് വെടിവെച്ചിട്ട ഭീകരരെന്ന് എനിക്ക് വളരെ ഉറപ്പുണ്ട്” (സഞ്ജീവ് ശര്മ); “മുഹമ്മദിന്റെ ഫോട്ടോയില് രക്തക്കറ കൂടുതലായിട്ടുണ്ടെങ്കിലും എനിക്കുറപ്പായും പറയാന് കഴിയും അയാള് ഞാന് സഞ്ചരിച്ച വിമാനം റാഞ്ചിയ ആളായിരുന്നില്ലെന്ന്” (രൊമേഷ് ഗ്രോവര്); “ഭീകരനെ റാഞ്ചിയായി ഗവണ്മെന്റ് കാണിക്കുന്നത് എന്നെ തികച്ചും നിരാശപ്പെടുത്തുന്നു. റാഞ്ചികള് വെള്ളം കുടിക്കാന് വേണ്ടിയും ഭക്ഷണം കഴിക്കാന് വേണ്ടിയും മറ്റും മുഖം മൂടി മാറ്റിയപ്പോള് ഞാന് വളരെയടുത്ത് അവരെ കാണുമായിരുന്നു. എനിക്ക് ജീവിതത്തില് ഒരിക്കലും മറക്കാന് സാധിക്കാത്ത മുഖമാണ് ആ റാഞ്ചികളുടേത്. ഉറപ്പായിട്ടും അവരല്ല പാര്ലമെന്റാക്രമിച്ച, പൊലീസ് വെടിവെച്ചിട്ട ഭീകരര്” (ആര്.കെ. മഹന).
- പത്രക്കാരെ അങ്ങോട്ട് ചെന്ന് കണ്ട ഈ നല്ല പൗരന്മാരുടെ ഉദ്ധരണികള് ഡിസം. 15, 2001ലെ പത്രത്തില് ഇട്ടു എന്നല്ലാതെ ഇന്ത്യന് എക്സ്പ്രസ് കൂടുതലൊന്നും അതിനേക്കുറിച്ച് എഴുതിയില്ല. ബാക്കിയുള്ളവര് പൊലീസിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം കണ്ടിട്ടേയില്ലെന്ന് നടിച്ചു. പക്ഷെ വിമാനയാത്രക്കാര് പരസ്യമായി രംഗത്ത് വന്നതോടെ പൊലീസ് ആദ്യം പറഞ്ഞ ‘തിയറി’ സമര്ത്ഥമായി വിഴുങ്ങി.
- കോടതിയില് പൊലീസ് ഹാജരാക്കിയ 80 സാക്ഷികളില് ഒരാള് പോലും ഗിലാനിക്ക് ഏതെങ്കിലും തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടില്ല. ഒരു സമയത്ത് സൂത്രധാരന് (mastermind) എന്ന് വിളിച്ച ഗിലാനിക്കെതിരെ എന്തുകൊണ്ടാണ് ഒരു സാക്ഷിയെ പോലും കൊണ്ടുവരാന് പൊലീസിന് കഴിയാതെ പോയത്? മാധ്യമങ്ങള്ക്ക് അതും വാര്ത്തയല്ലായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ പാര്ലമെന്റാക്രമണത്തെ ജനാധിപത്യത്തിന്റെ നാലാം സ്തംഭമെന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങള് ജനങ്ങളുടെ മുന്നില് എത്തിച്ചത് ജനാധിപത്യമൂല്യങ്ങളോട് കാണിക്കാവുന്ന തികഞ്ഞ ലാഘവത്തോടുകൂടെയാണ്. നേട്ടമുണ്ടാക്കിയത് രാജ്യത്തെ വലതുപക്ഷമാണ്. അന്വേഷണത്തിലെ നൂലാമാലകള് റിപ്പോര്ട്ട് ചെയ്തില്ല എന്നു മാത്രമല്ല, ഇന്ത്യയില് പ്രധാന ചോദ്യങ്ങള് പലതുമുയര്ത്തിയിരുന്ന കോളമിസ്റ്റുകളുടെ പംക്തികളിലും പത്രങ്ങളുടെ മുഖപ്രസംഗങ്ങളിലും മറ്റും മുറ്റിനിന്നതും വിരോധത്തിന്റെയും നിസംഗതയുടെയും ഭാഷയായിരുന്നു.
‘തീവ്രവാദത്തിനെതിരെയുള്ള യുദ്ധ’ത്തിന്റെയും കാര്ഗില് ശവപ്പെട്ടി കുംഭകോണത്തിന്റെയും സാഹചര്യത്തിലായിരുന്നുവല്ലോ പാര്ലമെന്റാക്രമണം നടക്കുന്നതും പോട്ട നിയമം പാസാക്കുന്നതും. ഇതോടെ പൊടുന്നനേ മറന്നുകളഞ്ഞ വിഷയങ്ങളായി അവയെല്ലാം. യാതൊരു സംശയവുമില്ലാതെ പൊലീസും തീവ്രവലതുപക്ഷനേതാക്കന്മാരും പറഞ്ഞ ‘മാന്യമായ നുണകള്’ തലക്കെട്ടുകളും കവര്‍സ്റ്റോറികളും തീര്ത്തു.
1973ല് ഗോലന് കുന്നുകളില് കൊല്ലപ്പെട്ട ദ സണ്ഡേ ടൈംസിന്റെ വിദേശലേഖകനായിരുന്ന നിക്കൊലസ് റ്റൊമലിന് ഒരിക്കല് പറഞ്ഞിരുന്നു “രാഷ്ട്രീയ പാര്ട്ടികളുടെ വക്താക്കളും ഭരണകര്ത്താക്കളും പൊലീസുകാരും പറയുന്നതിനോട് നിഷ്കരുണമായ വിരോധത്തോടെയായിരിക്കണം പത്രക്കാര് സമീപിക്കേണ്ടത്”. അഴിമതിക്കാരായ പൊലീസുകാരോടും കള്ളത്തരം കാണിക്കുന്ന ഉദ്യോഗസ്ഥരോടും മുതലെടുപ്പ് നടത്തുന്ന ശക്തിമാനായ രാഷ്ട്രീയക്കാരോടും റ്റൊമലിന് പറഞ്ഞതുപോലെ നിഷ്കരുണമായ വിരോധമല്ല പകരം അന്ധമായ കൂട്ടുകെട്ടാണ് പത്രക്കാരില് ഭൂരിപക്ഷവും ഇന്ന് നടത്തുന്നത്.
അതുകൊണ്ടുതന്നെ ‘മാന്യമായ നുണകള്’ വാര്ത്തകളാവുന്നു. ജനാധിപത്യത്തിന്റെ കാവല്നായ (മാധ്യമങ്ങള്) തെറ്റായി കുരക്കുന്നു; കള്ളനും കൊള്ളക്കാരനും അഴിമതിക്കാരും ‘ഹീറോ’മാരാകുന്നു.
മാധ്യമനുണകളും കോടതി ശരിവച്ച വസ്തുതകളും
$ “ജെയ്ഷ് -ഇ- മുഹമ്മദ് സംഘടനയില്പെട്ട തീവ്രവാദികളുമായി അദ്ദേഹം സംസാരിച്ചുവെന്ന്് ഏജന്സികള് വിശ്വസിക്കുന്നു” - ദ ഹിന്ദുസ്ഥാന് ടൈംസ്, ഡിസം. 15, 2001.
ഡെല്ഹി പൊലീസ് ഒരിക്കല് പോലും ഇത്തരമൊരാരോപണം കോടതിയില് ഉന്നയിച്ചിട്ടില്ല. പൊലീസ് ഹാജരാക്കിയ 80 സാക്ഷികളില് ഒരാള് പോലും ഗിലാനിക്ക് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടില്ല. തികച്ചും വാസ്തവവിരുദ്ധം.
$ “ചോദ്യം ചെയ്യലിനിടെ, തനിക്ക് ഈ ചാവേറാക്രമണം പ്ലാന് ചെയ്ത ദിവസം മുതല് ഇക്കാര്യം അറിയാമായിരുന്നുവെന്ന് ഗിലാനി പറഞ്ഞു. പാകിസ്ഥാനില് ബന്ധമുള്ളതിനാല് ഇന്റലിജന്സ് ഏജന്സികള് ഗിലാനിയുടെ ഫോണ് സംഭാഷണം കുറെ നാളായി ചോര്ത്തി വരികയാണെന്ന് വിശ്വസനീയ വൃത്തങ്ങള് പറഞ്ഞു”. - ദ ഹിന്ദു, ഡിസം. 17, 2001.
ഗിലാനി ഇത്തരത്തില് ഒരു കുറ്റസമ്മതം ഒരിക്കലും നടത്തിയിട്ടില്ല. പ്രൊസിക്യൂഷന് രേഖകളനുസരിച്ച് പാകിസ്ഥാനില് നിന്നോ ദുബായില് നിന്നോ മറ്റേതെങ്കിലും വിദേശരാജ്യത്തുനിന്നോ മരിച്ച ആക്രമികളില് നിന്നോ ഗിലാനിക്ക് ഫോണ് സന്ദേശം ലഭിച്ചതായോ ഗിലാനി തിരിച്ചുവിളിച്ചതായോ കാണുന്നില്ല. തീര്ത്തും അസത്യമായ നുണ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ