പറയൂ, ചരിത്രം തുടങ്ങുന്നതെപ്പോഴാണ്?
അരുന്ധതി റോയ്
ഈ ഭ്രാന്താലയത്തിലൂടെ...
ഇന്ത്യക്ക് തന്നെ മൊത്തത്തില്‍ യോജിക്കുന്നതാണ് ഈ പരാമര്ശം എന്നു തോന്നിപ്പോകുന്നു. ശരിയാണ്, ഈ ഭ്രാന്താലയത്തിലെ ഏറ്റവും ശോച്യവും അപകടകരവുമായ വാര്ഡുകളാണ് കാശ്മീരും നോര്ത്ത് ഈസ്റ്റും. അനുഭവവും വിവരവും തമ്മിലുള്ള, നമ്മള് അറിഞ്ഞുവച്ചതും നമ്മോട് പറഞ്ഞുവെക്കുന്നതും തമ്മിലുള്ള, നമുക്ക് അറിയാത്തതും എന്നാല് അടിച്ചേല്പിച്ചതും തമ്മിലുള്ള, യാഥാര്ത്ഥ്യവും അഭ്യൂഹവും തമ്മിലുള്ള, യഥാര്ത്ഥലോകവും നമ്മുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടതും തമ്മിലുള്ള അന്തരങ്ങള്‍ -- ഇവയെല്ലാം തന്നെ ഈ രാജ്യത്തെ നിതാന്തമായ അഭ്യൂഹങ്ങളിലേക്കും ഭ്രാന്തിലേക്കുമാണ് നയിക്കുന്നത്. ഈ അന്തരം വെറും യാദൃശ്ചികമല്ല. മറിച്ച് ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കായി ചമച്ചൊരുക്കിയ ഏറ്റവും ഹീനവും നിന്ദ്യവുമായ ഒരു കുപ്രചരണത്തിന്റെ ഫലമാണ്.
ഓരോ തവണയും 'ടെററിസ്റ്റ് അറ്റാക്ക്' എന്ന് വിളിക്കപ്പെടുന്ന ഒന്നുണ്ടാകുമ്പോള്‍ ഭരണയന്ത്രം യാതൊരു വിധ അന്വേഷണവും നടത്താതെ അതിന്റെ ഉത്തരവാദിത്വം പെട്ടെന്ന് ആരുടെയെങ്കിലും തലയില്‍ വളരെ വിദഗ്ധമായി കെട്ടിവെക്കുന്നു. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് കത്തിച്ചപ്പോള്‍, ഡിസംബര്‍ 13ന് പാര്ലമെന്റ് ആക്രമിക്കപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ ഛിത്തിസിന്ഗ്പുരയില് തീവ്രവാദികളെന്ന് സര്‍ക്കാര്‍ വിളിക്കുന്നവരാല്‍ സിക്കുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ --നീണ്ടുപോകുന്ന പട്ടികയിലെ ശ്രദ്ധ നേടിയ ചില സംഭവങ്ങള്‍ മാത്രമാണിവ. (ഛിത്തിസിന്ഗ്പുര സംഭവം നടന്നതിന് ശേഷം ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലില്‍ കൊല ചെയ്തത് വാസ്തവത്തില്‍ നിരായുധരായിരുന്ന ഗ്രാമീണരെയായിരുന്നുവെന്ന് സര്ക്കാരിന് സമ്മതിക്കേണ്ടിവന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായി സര്‍ക്കാര്‍ പരിശോധനക്കയച്ച ഡി.എന്‍.എ. സാമ്പിള്‍ വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തേണ്ടിയും വന്നു.) ഈ കേസുകളിലോരോന്നിലും തിടുക്കത്തില്‍ ഉയര്‍ത്തിയ പല തെളിവുകളും നിരവധി കുഴക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തി. അതുകൊണ്ടുതന്നെ അവയെ വളരെപ്പെട്ടെന്ന് സര്‍ക്കാര്‍ കുഴിച്ചുമൂടുകയും ചെയ്തു. ഗോധ്ര തന്നെ എടുക്കുക. സംഭവം നടന്നയുടനെ ആഭ്യന്തരമന്ത്രി എന്താണ് പറഞ്ഞത്- ഇത് ഐ.എസ്.ഐയുടെ പ്ലോട്ടാണ്. അക്രമാസക്തരായ മുസ്ലീങ്ങളുടെ പണിയാണിതെന്നായിരുന്നു വി.എച്ച്.പി.യുടെ വാദം. എന്നാല് ഈ അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗൗരവതരമായ പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിച്ചു. ഓരോരുത്തനും അവനവന് ഇഷ്ടമുളളത് വിശ്വസിക്കുന്നു. ഒന്നുമാത്രം തീര്ച്ച, അഭ്യൂഹങ്ങളാല്‍ തീര്‍ത്ത പുകമറ, വളരെ കൃത്യമായി വളര്ത്തിയെടുത്ത വര്ഗീയ വിദ്വേഷത്തെ ആളിക്കത്തിക്കുവാന്‍ ഉപകരിച്ചു.
സെപ്റ്റംബര്‍ 11നെ പറ്റിയുള്ള വസ്തുതകള്‍ തങ്ങള്‍ക്ക് ചേരുന്ന വിധം വളച്ചെടുത്ത്, ഒന്നല്ല, രണ്ട് രാജ്യങ്ങളാണ് യു.എസ്. പിടിച്ചെടുത്തത്. വരാനിരിക്കുന്ന സാമ്രാജ്യത്വ പദ്ധതികള്‍ ഇനിയെന്തെല്ലാമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടവും ഒട്ടും പിന്നിലല്ല -- മറ്റ് രാജ്യങ്ങള്ക്ക് നേരെയല്ല, മറിച്ച് സ്വന്തം ജനതക്ക് നേരെയാണ് ഇവയെന്ന് മാത്രം.
കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ആയിരങ്ങളെയാണ് പൊലീസും പട്ടാളവും ചേര്ന്ന് കൊലപ്പെടുത്തിയിട്ടുള്ളത്. ഈയടുത്ത കാലത്ത് ബോംബെ പൊലീസിലെ നിരവധി ഓഫീസര്മാര്‍, മാധ്യമങ്ങളോട് മേലധികാരികളുടെ ‘ഉത്തരവു’ പ്രകാരം തങ്ങള്‍ കൊലപ്പെടുത്തിയ ഗുണ്ടകളുടെ എണ്ണത്തെക്കുറിച്ച് തുറന്നുപറയുകയുണ്ടായി. ആന്ധ്രയില്‍ ഒരു വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ‘ഭീകരവാദികള്‍’ ‘എന്കൗണ്ടറു’(ഏറ്റുമുട്ടുകളില്‍)കളില്‍ കൊല്ലപ്പെടുന്നുണ്ടത്രെ. കാശ്മീരിലേത് യുദ്ധസമാനമായ അന്തരീക്ഷമാണ്. ഏതാണ്ട് 80,000 പേരാണ് 1989ന് ശേഷം കൊല്ലപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിനാളുകള്‍ ‘അപ്രത്യക്ഷ’രായി. കാണാതായവരുടെ മാതാപിതാക്കളുടെ സംഘടനയായ Association of Parents of Disappeared People (APDP)ന്റെ കണക്ക് പ്രകാരം 2003ല്‍ മാത്രം 3000ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 463 സൈനികരും ഉള്പ്പെടും. ഒരു ‘സാന്ത്വന സ്പര്‍ശം’ വാഗ്ദാനം ചെയ്ത് മുഫ്തി മുഹമ്മദ് സെയ്ദ് 2002 ഒക്ടോബറില്‍ അധികാരമേറ്റെടുത്തതിന് ശേഷം 54 കസ്റ്റഡി മരണങ്ങളുണ്ടായിട്ടുണ്ടെന്നാണ് എ.പി.ഡി.പി. പറയുന്നത്. കൊടും ദേശീയവാദത്തിന്റെ ഇക്കാലത്ത്, കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്നോ ഭീകരവാദികളെന്നോ നുഴഞ്ഞുകയറ്റക്കാരെന്നോ തീവ്രവാദികളെന്നോ മുദ്ര കുത്തിയാല്‍ കൊലയാളിക്ക് ദേശീയവാദി എന്ന ഖ്യാതിയില്‍ ഞെളിഞ്ഞുനടക്കാം. ദേശീയവാദത്തിന്റെ കൊടിക്കീഴില്‍ എന്തുമാകാം. ദേശീയവിരോധി എന്നു മുദ്രകുത്തപ്പെടുമെന്ന ഭീതിയില് ഈ കൊടുംപാതകങ്ങളെ ചോദ്യം ചെയ്യുവാന്‍ ആരും മുതിരുകയുമില്ല. ഇത്തരം കടുത്ത നടപടികള്‍ എടുക്കുന്നതിലേക്ക് ഒരു കൂട്ടം ആളുകളെ തള്ളിനീക്കുന്ന ഈ സമൂഹത്തിന് എന്തോ കുഴപ്പമുണ്ട്.
അരുന്ധതി റോയ്: എഴുത്തുകാരി. ആര്‍ക്കിടെക്ചറില്‍ ബിരുദം. ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് എന്ന പുസ്തകത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ