2009, ജനുവരി 22, വ്യാഴാഴ്‌ച

ഗാസയില്‍ രാസായുധവും

ജനവാസ മേഖലയില്‍ ഇസ്രായേല്‍ നിരോധിത വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു


ഇസ്രായേല്‍ ഗാസയില്‍ രാസായുധം പ്രയോഗിച്ചു. യുദ്ധമുഖങ്ങളില്‍ ജനവാസ പ്രദേശത്ത് ഉപയോഗിക്കുന്നതിന് നിരോധനമുള്ള രാസായുധമായ വൈറ്റ് ഫോസ്ഫറസാണ് ഇസ്രയേല്‍ ഗാസാ ആക്രമണത്തില്‍ ഉപയോഗിച്ചത്. അന്താരാഷ്ട്ര തലത്തിലെ രാസായുധ ഉടമ്പടി ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലി സൈന്യം ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ഗാസയില്‍ കൂട്ടക്കുരുതി തുടരുകയാണ്. മരണ സംഖ്യ 900 കടന്നതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലും തെക്കന്‍ ഗാസയിലും ജബലിയയിലുമാണ് ഇസ്രായേലി സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടെത്തിയിരിക്കുന്നത്. പുക പടലം സൃഷ്ടിച്ച ശേഷം സൈനികദളങ്ങള്‍ക്ക് എതിരാളിയുടെ പ്രദേശങ്ങളിലേയ്ക്ക് കടന്നുകയറുന്നതിനായി ഉപയോഗിക്കുന്ന രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. ജനവാസ പ്രദേശങ്ങളില്‍ ഇത് ഉപയോഗിച്ചാല്‍ വന്‍തോതില്‍ ജീവഹാനി ഉണ്ടാകുമെന്നതിനാല്‍ അന്താരാഷ്ട്രതലത്തില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. എല്ലുകള്‍വരെ ദ്രവിപ്പിച്ച് കളയാന്‍ ശേഷിയുള്ള രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. വന്‍തോതില്‍ രാസായുധ ശേഖരമുണ്ടെന്ന് ആരോപിച്ച് അമേരിക്ക ഇറാഖിനെ ആക്രമിച്ച വേളയിലാണ് സമീപകാലത്ത് വൈറ്റ് ഫോസ്ഫറസ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. 2004-ല്‍ തുടങ്ങിയ യുദ്ധത്തില്‍ 2005 ഓടെ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം പെന്റഗണ്‍ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്രതലത്തില്‍ വന്‍ എതിര്‍പ്പാണ് അമേരിക്കയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് സമാനമായ ആക്രമണമാണ് ഗാസയിലെ ജനവാസ പ്രദേശങ്ങളില്‍ കഴിഞ്ഞ 16 ദിവസമായി ഇസ്രായേല്‍ നടത്തിയിരിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിലും വ്യാപകമായി പ്രയോഗിക്കപ്പെട്ട നിരോധിത ആയുധം പ്രയോഗിച്ചാണ് ഗാസയിലെ പലസ്തീന്‍ പൌരന്മാരെ ഇസ്രായേല്‍ കൊന്നൊടുക്കിയത്. ഔദ്യോഗിക കണക്കുകളില്‍ മരണ സംഖ്യ 900 കടന്നതായി പറയുന്നുണ്ടെങ്കിലും വൈറ്റ് ഫോസ്ഫറസ് ആക്രമണത്തിന്റെ തോതുകൂടി കണക്കിലെടുക്കുമ്പോള്‍ ഗാസയിലെ മരണ സംഖ്യ ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൂചിപ്പിക്കുന്നത്. തെക്കന്‍ ഗാസയിലും ഗാസ മുനമ്പിലും വടക്ക് കിഴക്കന്‍ മേഖലയിലും ബെയ്ത്ത് ലാഹിയ, ജബലിയ തുടങ്ങിയ പ്രദേശങ്ങളിലും ഇന്നലെയും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് തങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണെന്നാണ് പറയുന്നത്. ഇസ്രായേലി സൈന്യം ഗാസയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളെ കൊന്നൊടുക്കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹമാസ് പൊലീസ് സേനാംഗം ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെയും ജബലിയയില്‍ ഇസ്രായേല്‍ കൊന്നിട്ടുണ്ട്. തെക്കന്‍ ഗാസയിലെ രണ്ട് ഗ്രാമങ്ങളില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 15 വീടുകളെങ്കിലും തകരുകയും 20ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. റാഫ പട്ടണത്തെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റോഡ് ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് കൌണ്‍സിലിന്റെ പള്ളികളും ഗാസയില്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്ന ക്ളിനിക്കും സൈന്യം ബോംബിട്ട് തകര്‍ത്തു. കരസേനയുടെ മുന്നേറ്റത്തിന് ഹെലികോപ്റ്ററിലും യുദ്ധവിമാനങ്ങളിലുമായി വ്യോമസേന പിന്തുണ നല്‍കിയതോടെ ഇസ്രായേല്‍ കനത്ത നാശമാണ് ഗാസയില്‍ വിതച്ചിരിക്കുന്നത്. ഈജിപ്ത് നേതൃത്വം നല്‍കുന്ന സമാധാന ശ്രമങ്ങളില്‍ പങ്കാളിയാകുന്നതിനായി ഇസ്രായേലി പ്രതിരോധ തലവന്‍ ഇന്ന് ഈജിപ്തിലെത്തും. ഹമാസുമായുള്ള ചര്‍ച്ചകള്‍ കെയ്റോയില്‍ പുരോഗമിക്കുകയാണ്. 16 ദിവസമായി തുടരുന്ന ആക്രമണങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകില്ലെന്ന് ഹമാസ് നേതാവ് ഖാലിദ് മെഷാല്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ