2009, ജനുവരി 28, ബുധനാഴ്‌ച
സാമ്പത്തികമാന്ദ്യത്തിന്റെ തിരിച്ചടി
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഐസ് ലന്‍ഡില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം നഷ്ടമായി. രാജ്യം ഭരിക്കുന്ന സഖ്യകക്ഷിയുടെ നേതാവ് യാഥാസ്ഥിതിക പക്ഷക്കാരനായ ഗേര്‍ ഹാര്‍ദെ തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. 2011ല്‍ നടക്കേണ്ട പൊതു തിരഞ്ഞെടുപ്പ് മെയ് മാസം തന്നെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റിക് സഖ്യ നേതാവും വിദേശമന്ത്രിയുമായ ഇന്‍ജിബ്യോര്‍ഗ് ജിസ്ലാദോത്തിറിനെ പകരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഒലാഫുര്‍ രാഗ്നര്‍ ഗ്രിംസണ്‍ ക്ഷണിച്ചിരുന്നു. ഇടതുപക്ഷ കക്ഷിയായ ഗ്രീന്‍ മൂവ്മെന്റുമായി ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ സഖ്യം സര്‍ക്കാരുണ്ടാക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, മെയ് മാസം തിരഞ്ഞെടുപ്പു നടക്കുംവരെ സാമൂഹിക കാര്യമന്ത്രി ജോഹാന സിഗുര്‍ദരദോത്തിര്‍ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് ഇന്‍ജിബ്യോര്‍ഗ് വ്യക്തമാക്കി. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ തിരിച്ചടി ഏറ്റവുമധികം നേരിട്ട രാജ്യമാണ് ഐസ്ലന്‍ഡ്. ഐസ്ലന്‍ഡിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറിരട്ടി വരെ കടത്തിലായിരുന്ന ഐസ്ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ വന്‍തകര്‍ച്ച നേരിട്ടിരുന്നു. വന്‍തോതില്‍ കടം വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക നില അപകടത്തിലായിരുന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹാര്‍ദെയുടെ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടിയും സോഷ്യല്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന സഖ്യകക്ഷി കടുത്ത സമ്മര്‍ദത്തിലായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നിര്‍ദേശത്തെ ഹാര്‍ദെ എതിര്‍ത്തിരുന്നു. ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടിക്ക് 25ഉം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 18ഉം സീറ്റുകളാണ് 63 അംഗ പാര്‍ലമെന്റിലുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ