2009, ജനുവരി 28, ബുധനാഴ്‌ച

തൊഴില്‍ മേഖലയില്‍ കറുത്ത തിങ്കള്‍

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഒറ്റദിവസം ജോലി നഷ്ടപ്പെട്ടത് 80,000 പേര്‍ക്ക്. ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രമുഖ കമ്പനികളാണ് തിങ്കളാഴ്ച മാത്രം 80,000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. നിര്‍മാണമേഖലയിലെ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന കാറ്റര്‍പില്ലര്‍, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫിസര്‍, ടെലികോം സ്ഥാപനമായ സ്പ്രിന്റ് നെക്സ്ടെല്‍ കോര്‍പറേഷന്‍, ഭവനനവീകരണ സാമഗ്രികളുടെ വിതരണക്കാരായ ഹോം ഡിപ്പോ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച 61,000 ജീവനക്കാരെ പിരിച്ചുവിട്ടു. വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധി ലോകത്തെ എത്രത്തോളം ബാധിച്ചുവെന്നതിന്റെ തെളിവാണ് ഒരു ദിവസം മാത്രം ഇത്രയേറെ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യരംഗത്തെയും നിര്‍മാണമേഖലയെയും സാമ്പത്തിക പ്രതിസന്ധി വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഡച്ച് ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ഐ എന്‍ ജി 7,000 ജീവനക്കാരെ പിരിച്ചുവിട്ടു. മറ്റൊരു പ്രമുഖ ഡച്ച് കമ്പനിയായ ഫിലിപ്സ് ആറായിരം പേരെയാണ് തിങ്കളാഴ്ച പിരിച്ചുവിട്ടത്. ഫിലിപ്സിന് ബ്രിട്ടനില്‍ മാത്രം 2500 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഐ എന്‍ ജി, ഫിലിപ്സ് എന്നിവ ഇന്ത്യയില്‍ പ്രമുഖമായ സ്ഥാനമുള്ള കമ്പനികളാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്റീല്‍ കമ്പനിയായ കോറസ് ആഗോളതലത്തില്‍ 3500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 2500 പേരും ബ്രിട്ടനിലുള്ളവരായിരിക്കും. ഇതിനു പുറമെ, പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം ശമ്പളം കുറയ്ക്കുകയും മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. വിര്‍ജിന്‍ അറ്റലാന്റിക് എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം മരവിപ്പിക്കാന്‍ തീരുമാനിച്ചു. പല കമ്പനികളും തൊഴില്‍ ദിനങ്ങളും തൊഴില്‍ സമയവും കുറച്ചാണ് സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നത്. കാറ്റര്‍പില്ലര്‍ 20,000 ജീവനക്കാരെയാണ് പിരിച്ചുവിടുക. ഫിസര്‍ തങ്ങളുടെ ജീവനക്കാരില്‍ 26,000 പേരെ ഒഴിവാക്കും. ഹോം ഡിപ്പോ ശൃംഖലയിലെ 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്പ്രിന്റ് നെക്സ്ടെലിലെ 8,000 ജീവനക്കാര്‍ പുതിയ തൊഴില്‍ അന്വേഷിക്കേണ്ടിവരും. ടെക്സാസ് ഇന്‍സ്ട്രമെന്റ്സ് ആണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന മറ്റൊരു പ്രമുഖ കമ്പനി. 3400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ