2009, ജനുവരി 22, വ്യാഴാഴ്‌ച

ഗാസയിലെ ആശുപത്രികളില്‍ നിന്നുള്ള കരളലിയിക്കുന്ന കാഴ്ച



കാലുകള്‍ നഷ്ടപ്പെട്ട ഗര്‍ഭിണി, തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച ആറുവയസുകാരി, ഒന്നിലേറെ അവയവങ്ങള്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞ്... ഗാസയിലെ ആശുപത്രികളില്‍ നിന്നുള്ള കരളലിയിക്കുന്ന കാഴ്ചകളാണിവ. ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കിടയില്‍ മരിച്ചവരുടെ കണക്കുകളില്‍ പെടാതെ 'രക്ഷപ്പെട്ട'വരുടെ ദൃശ്യങ്ങളാണിവ. പലതരത്തില്‍ ജീവിതം തകര്‍പ്പെട്ട നിരപരാധികളാണ് ആശുപത്രികള്‍ നിറയെ. എന്നാല്‍ അവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ഗിംഗ് അഭിപ്രായപ്പെട്ടു. ഗാസയിലെ അല്‍ ഷിഫാ ആശുപത്രി സന്ദര്‍ശിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗിംഗ്. ഗാസമുനമ്പിലെ ഇസ്രായേല്‍ നരനായാട്ടില്‍ 400ലേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് യു എന്‍ ഏജന്‍സികള്‍ പറയുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ കിരാതയുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളില്‍ 40 ശതമാനവും ഇവരാണ്. ഗാസയിലെ പരിതാപകരമായ അവസ്ഥയുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്ന ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത് 275 കുട്ടികള്‍ പതിനേഴ് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടെന്നാണ്. അടിയന്തര വെടിനിര്‍ത്തലിനുള്ള സുരക്ഷാസമിതി പ്രമേയം നടപ്പാക്കാന്‍ ഹമാസോ ഇസ്രായേലോ തയ്യാറാകാത്തതില്‍ യു എന്‍ ആശങ്ക പ്രകടിപ്പിച്ചു. ഓരോ ദിവസവും വായിച്ചുപോകുന്ന ഗാസയിലെ മരണക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഏറെ മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ്. സംഭവത്തില്‍ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത ആയിരക്കണക്കിന് പേര്‍ക്കു പുറമെ അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന യാതനകളും കണക്കുകള്‍ക്കു പിന്നില്‍ കാണാതെ പോകരുതെന്ന് ഗിംഗ് പറഞ്ഞു. പ്രശ്നത്തിലെ ഏറ്റവും ഗുരുതരമായ മാനവപ്രത്യാഘാതം കാണണമെങ്കില്‍ ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കാനെന്ന പേരില്‍ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രായേലിന്റെ ആക്രമണം പതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 കവിഞ്ഞു. ഇരുപത്തിനാലു മണിക്കൂറും അക്ഷീണം പ്രയത്നിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെയും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നാല്‍പതോളം ഡോക്ടര്‍മാരെയും ഗിംഗ് അഭിനന്ദിച്ചു. ഗാസയില്‍ സുരക്ഷിതമായ താവളങ്ങളില്ലെന്ന് മനസിലാക്കണമെന്നും കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ തെളിയിക്കുന്നത് അതാണെന്നും അണ്ടര്‍ സെക്രട്ടറി ജനറല്‍ ജോണ്‍ ഹോംസ് പറഞ്ഞു. 884 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും അതില്‍ 275 കുട്ടികളും 93 സ്ത്രീകളുമാണുള്ളതെന്നുമാണ് ഔദ്യോഗിക കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റത് 3860 പേര്‍ക്കാണ്. അതില്‍ 1333 കുട്ടികളും 587 സ്ത്രീകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ നല്‍കുന്ന കണക്കുകള്‍ തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ ഇപ്പോഴും കുടിവെള്ളം കിട്ടാനില്ലാതെ നരകിക്കുകയാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍ വേളയില്‍ ജലവിതരണത്തിലെ തകരാറുകള്‍ നന്നാക്കാനോ മറ്റ് യു എന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയുന്നില്ലെന്ന് ഗിംഗ് പറഞ്ഞു. ഗാസയിലെ 35,000 ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് യു എന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ അഭയം തേടിയതായി ഗിംഗ് പറഞ്ഞു. ഷിഫാ ആശുപത്രി കേന്ദ്രമാക്കി ഹമാസ് പോരാളികള്‍ ആക്രമണം നടത്തുന്നുവെന്ന വാദത്തിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഗിംഗ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ