2009, ജനുവരി 22, വ്യാഴാഴ്‌ച

വീണ്ടും വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു

ആശുപത്രിക്കും യു എന്‍ ഏജന്‍സി ആസ്ഥാനത്തിനും നേരെ രാസായുധം

ആക്രമണത്തില്‍ പരിക്കേറ്റവരും മറ്റു രോഗികളുമുള്ള ആശുപത്രിക്കുനേരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു എന്‍ ഏജന്‍സിക്കു നേരെയും ഇസ്രായേല്‍ സേന വൈറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചനകള്‍. പരിക്കേറ്റവരും രോഗികളും ഉള്‍പ്പെടെ 700ലേറെ പേര്‍ ചികിത്സ തേടുന്ന പലസ്തീന്‍ റെഡ് ക്രസന്റ് ആശുപത്രിയിലേക്കാണ് ഇസ്രായേല്‍ അധിനിവേശ സേന ഷെല്‍ ആക്രമണം നടത്തിയത്. ഇതിനു പുറമെ, ഒട്ടേറെ പലസ്തീനികള്‍ അഭയാര്‍ഥികളായി കെട്ടിടത്തിലുണ്ടായിരുന്നു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയുടെ ആസ്ഥാന കെട്ടിടത്തിലേക്കും ഇസ്രായേല്‍ സൈന്യം ഷെല്ലുകള്‍ വര്‍ഷിച്ചു. ഇവിടെയും നൂറുകണക്കിന് പലസ്തീനികള്‍ അഭയം തേടിയിരുന്നു. ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ ശേഷം 1100 ഓളം പേര്‍ മരിച്ചെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 700ലേറെ പേര്‍ സാധാരണ ജനങ്ങളാണ്. 5000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരണ സംഖ്യ അസഹനീയമാം വിധം കൂടുതലാകുന്നുവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ പറഞ്ഞു. ബാന്‍ കി മൂണ്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രായേലില്‍ എത്തിയ സമയത്തു തന്നെയാണ് സമാധാന പ്രവര്‍ത്തകര്‍ക്കു നേരെ ഇസ്രായേല്‍ സേന രാസായുധം പ്രയോഗിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയ്ട്ടേഴ്സ് അടക്കമുള്ള ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെയും സേന ആക്രമണം നടത്തി. അബുദാബി ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പലസ്തീന്‍ റെഡ് ക്രസന്റ് ഓഫീസുകളും ആക്രമണത്തിനിരയായ ആശുപത്രി കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിക്കുനേരെ തന്നെയാണ് ഇസ്രായേല്‍ സേന ഉന്നം വച്ചതെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് ഡയറക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മസിയിലും ആശുപത്രിയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന രണ്ടാം നിലയിലുമാണ് ആദ്യം തീ പടര്‍ന്നത്. സേനയുടെ ആക്രമണം നീതിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെഡിക്കല്‍ സംഘവും ദുരിതാശ്വാസ വാഹനങ്ങളും അടക്കം ചലിക്കുന്ന എന്തിനെയും ആക്രമിക്കുകയെന്നതാണ് ഇസ്രായേല്‍ സേന പിന്തുടരുന്ന നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാല്‍പതു ലക്ഷത്തോളം പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കുന്ന യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുടെ പശ്ചിമേഷ്യയിലെ ആസ്ഥാനമായ ഗാസ സിറ്റിയിലെ കെട്ടിടത്തിനു നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനും സമീപ കെട്ടിടങ്ങള്‍ക്കും തീ പിടിച്ചു. ആക്രമണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായതായി ഗാസയിലെ ഏജന്‍സി വക്താവ് അഡ്നാന്‍ അബു ഹസാന പറഞ്ഞു. ഗാസയില്‍ ആക്രമണങ്ങള്‍ക്കിരയായവര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും വസ്ത്രങ്ങളും സൂക്ഷിക്കുന്ന സ്റോറുകള്‍ ആക്രമണത്തില്‍ നശിച്ചതായി ഹസാന പറഞ്ഞു. ഇന്ധനം സംഭരിച്ചിരിക്കുന്ന ഭാഗത്തേക്കും തീ പടരാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കില്‍ അത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സേന നടത്തുന്ന ശക്തമായ ബോംബ് ആക്രമണങ്ങള്‍ അതിജീവിച്ച് അഗ്നിശമന വിഭാഗത്തിന് സ്ഥലത്തെത്താന്‍ കഴിയില്ലെന്നതിനാല്‍ അത് ഭീകരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഏജന്‍സി തീരുമാനിച്ചു. ഏജന്‍സി ഓഫീസ് ആണെന്ന് അറിഞ്ഞുകൊണ്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഹസാന അപലപിച്ചു. സഹായത്തിനുവേണ്ടിയുള്ള വിളികള്‍ക്ക് മറുപടി നല്‍കാന്‍ പോലും കഴിയാത്ത വിധം ആക്രമണം നടക്കുകയാണെന്നും പരിക്കേറ്റവര്‍ക്ക് അടുത്തെത്താന്‍ പോലും കഴിയുന്നില്ലെന്നും ഗാസയിലെ ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ മൂസ എല്‍ ഹദ്ദാദ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ സ്കൂളുകളിലും ആശുപത്രികളിലുമാണ് ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അഭയം തേടിയിരുന്നത്. എന്നാല്‍, പള്ളികളും ഖബര്‍സ്ഥാനുകളും യു എന്‍ നടത്തുന്ന സ്കൂളുകളും ആശുപത്രികളും അടക്കം ഇസ്രായേല്‍ സേനയുടെ ആക്രമണത്തിനിരയാകുന്നതിനാല്‍ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് ഗാസയിലെ ജനങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ