2009, ജനുവരി 22, വ്യാഴാഴ്‌ച

മലയാളിക്കും ഓസ്കര്‍ നാമനിര്‍ദേശം

തിരുവനന്തപുരം: എണ്‍പത്തിയൊന്നാമത് ഓസ്കര്‍ നാമനിര്‍ദേശം കേരളത്തിന് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍. അഞ്ചല്‍ വിളക്കുപാറ സ്വദേശിയായ റസൂല്‍ പൂക്കുട്ടിയും എ ആര്‍ റഹ്മാനും വാരിക്കൂട്ടിയത് അഞ്ച് നാമനിര്‍ദേശങ്ങളാണ്.
സൌണ്ട് എഡിറ്റിംഗിനും സൌണ്ട് മിക്സിംഗിനുമുള്ള രണ്ട് നാമനിര്‍ദേശങ്ങളാണ് പൂക്കുട്ടിക്ക് ലഭിച്ചത്. മികച്ച പശ്ചാത്തല സംഗീതത്തിനും മികച്ച ഗാനത്തിനുമായി മൂന്ന് നാമനിര്‍ദേശങ്ങളാണ് റഹ്മാന് ലഭിച്ചത്.
ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇപ്പോള്‍ മുംബൈയിലുള്ള റസൂല്‍ പറഞ്ഞു. സഞ്ജയ് ലീല ബന്‍സാലിയുടെ 'ബ്ളാക്കി'ലൂടെ പ്രശസ്തനായ റസൂല്‍ പൂക്കുട്ടി ബോളിവുഡിലെ തിരക്കേറിയ സൌണ്ട് എഡിറ്റര്‍മാരില്‍ ഒരാളാണ്. 1995ല്‍ പുനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മുംബൈയിലെത്തിയ റസൂല്‍ ഒട്ടേറെ ഹിറ്റ് സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു.
രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ റസൂല്‍ കാലുറപ്പിച്ചത്. ഇപ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഗജിനി, സാവരിയ, മിക്സഡ് ഡബിള്‍സ് തുടങ്ങിയവ റസൂല്‍ ശബ്ദസങ്കലനം നടത്തിയ പ്രമുഖ ചിത്രങ്ങളാണ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന രാത് ഗയി ബാത് ഗയി, ആസിഡ് ഫാക്ടറി തുടങ്ങിയ ചിത്രങ്ങളിലും റസൂല്‍ പ്രവര്‍ത്തിച്ചു. മാതൃഭൂമി, മിസ്ഡ് കാള്‍, മിഥ്യ തുടങ്ങിയവയാണ് റസൂലിന്റെ മറ്റു ചിത്രങ്ങള്‍.
വിളക്കുപാറ പഴയ തെരുവില്‍ പൂക്കുട്ടിയുടെ യും നബീസാ ബീവിയുടെയും എട്ടുമക്കളില്‍ ഇളയ മകനാണ് റസൂല്‍. തിരുവനന്തപുരം കുമാരപുരം സ്വദേശി ഷാദിയ ആണ് ഭാര്യ. റയാന്‍, നിയ എന്നിവരാണ് മക്കള്‍.
ഇടക്കിടെ നാട്ടിലെത്താറുള്ള റസൂല്‍ മൂന്നുമാസം മുമ്പാണ് വീട്ടിലെത്തിയതെന്ന് സഹോദരന്‍ സൈഫുദ്ദീന്‍ പറഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ടതിന്റെ സന്തോഷവുമായി അടുത്തയാഴ്ച റസൂല്‍ വീണ്ടും നാട്ടിലെത്തും.
ഒട്ടേറെ മലയാളം സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആര്‍ കെ ശേഖറിന്റെ മകനാണ് നാല്‍പത്തിമൂന്നുകാരനായ എ ആര്‍ റഹ്മാന്‍ എന്ന അല്ലാ രാഖ റഹ്മാന്‍. 1980ല്‍ ബോംബെ ഡൈയിംഗിന്റെ പരസ്യത്തിലൂടെയാണ് എ ആര്‍ റഹ്മാന്‍ സംഗീതസംവിധാന രംഗത്തെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ