First Published in Free Press, July 2004.
വേവുന്ന പുരയില്‍ (യുവ) മലയാളി മനസ്
മലയാളികളായ യുവാക്കള്‍ ഇന്നെന്താണ് യഥാര്‍ത്ഥത്തില്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത് എന്നറിയാനുള്ള ഒരന്വേഷണമാണ് ഫ്രീ പ്രസ് നടത്തിയത്. കേരളത്തിലെ പതിനാല് ജില്ലകളിലും ഡെല്ഹിയിലുമായി യുവാക്കളുടെ ഇടയില്‍ നടത്തിയ സര്വേ 2004 മാര്ച്ച് ഒന്നു മുതല്‍ മെയ് മുപ്പതു വരെ നീണ്ടു നിന്നു. റാന്ഡം സാംപ്ലിങിലൂടെ നടത്തിയ ഡാറ്റാ കലക്ഷന് അഞ്ഞൂറില്‍ പരം പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ചെറിയ ഉദ്യമം ശാസ്ത്രീയമായി കേരള സമൂഹത്തെയാകമാനം വിശകലനം ചെയ്യാന്‍ ഉപകരിക്കില്ലെങ്കിലും ഇവിടെ ലഭിച്ച പ്രതികരണങ്ങള്‍ ശരിക്കും അലോസരപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.
ഫ്രീ പ്രസ് സര്വേക്ക് കിട്ടിയ പ്രതികരണങ്ങള്‍ നല്കിയ ഞെട്ടിപ്പിക്കുന്ന ഇത്തരം വസ്തുതകളാണ് സംഭവങ്ങളുടെ നേരന്വേഷിച്ച് പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. സര്‍വേയില്‍ ലഭിച്ച ഡാറ്റയുമായി ഞങ്ങള്‍ ന്യൂ ഡെല്ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐ.സി.എം.ആര്‍.) അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലും സോഷ്യല്‍ സൈക്കോളജിയില്‍ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ആസാദ് സിംഗ് കുണ്ടുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ ശ്രദ്ധേയമാണ്.
കേരളീയ യുവത്വത്തെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നമായി ഇന്ന് ‘തൊഴില്‍’ മാറിയിരിക്കുന്നു. എന്തു ജോലി കിട്ടും എന്നുള്ള ചിന്ത തങ്ങളെ വളരെ അലട്ടുന്നതായി 64.28 ശതമാനം പേര് ഫ്രീ പ്രസ് സര്വേയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിലെ യുവ ജനതയ്ക്കു മുന്നില്‍ തുറന്നു കിട്ടുന്ന ജീവിത പരിസരങ്ങളോടുള്ള യഥാര്ത്ഥ പ്രതികരണമാണിത്. പി.എസ്.സി. പരീക്ഷകളില്‍ സ്ഥിരം കണ്ടു മുട്ടുന്നത് കൊണ്ടുമാത്രം സുഹൃത്തുക്കളായ ആയിരക്കണക്കിന് പേര് ഇന്നു കേരളത്തിലുണ്ടെന്ന തമാശ കലര്ന്ന യാഥാര്ത്ഥ്യം മതി തൊഴിലില്ലായ്മയുടെ സാമൂഹിക പരിസരം മനസിലാക്കാന്‍.
തൊണ്ണൂറുകളുടെ തുടക്കത്തില്‍, സാമ്പത്തിക മാന്ദ്യം തുടങ്ങി നാലു വര്ഷങ്ങള്ക്കുള്ളില്‍ ‘മുഴുവന്‍ ആള്‍ക്കാര്‍ക്കും ജോലിയുള്ള’ അവസ്ഥയില്‍ നിന്നും ‘വമ്പിച്ച തൊഴിലില്ലായ്മ’യിലേക്ക് ഫിന്ലന്ഡ് പോലുള്ള രാജ്യങ്ങള്‍ മാറിപ്പോയ സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിനോട് സമാനമാണ് കേരളത്തിന്റെ അവസ്ഥയുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. കാര്ഷിക മേഖലയിലേറ്റ വമ്പിച്ച തിരിച്ചടി സാമ്പത്തിക മേഖലയേയും അതുവഴി തൊഴിലിടങ്ങളേയും കൂടുതല്‍ പ്രയാസകരമാക്കിത്തീര്ത്തു. സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ഇന്ന് മില്യന്കണക്കിന് തൊഴിലില്ലാത്ത യുവാക്കള്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അവര്‍ നേടുന്ന ഉയര്ന്ന വിദ്യാഭ്യാസം പോലും ജോലികള്‍ ഉറപ്പുനല്‍കുന്നില്ല. ബിരുദധാരികള്‍ ബയോഡാറ്റകളുമായി ജോലിക്കുവേണ്ടി നെട്ടോട്ടമോടുന്നു. അതേ ചിത്രം ഇവിടെ കേരളത്തിലും നാം കാണുന്നു.
നമ്മുടെ യുവാക്കളില്‍ 33.57 ശതമാനം പേര് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ഇത് ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ പങ്കാളിത്തം, രാഷ്ട്രീയ ഇടപെടല് തുടങ്ങിയവയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ആത്മഹത്യ ഇവിടത്തെ സാമൂഹ്യമനസിന്റെ പ്രശ്നമായി നിലനില്ക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി മുകളിലാണ് കേരളത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആത്മഹത്യാ നിരക്ക്. ‘സംസ്ഥാനത്തിന്റെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 31 ആണ്. എന്നാല്‍ രാജ്യത്തിന്റേത് ഒരു ലക്ഷത്തില്‍ 13 മാത്രമാണ്.’ കണക്കുകള്‍ പറയുന്നു. ആത്മഹത്യക്ക് ശ്രമിച്ച് പരാജയമടയുന്നവരുടെ എണ്ണമാകട്ടെ, ആത്മഹത്യ ചെയ്യുന്നവരുടെ പത്തിരട്ടിയാണെന്നും കാണാം.
“കേരളത്തിലെ മൂന്നിലൊരു ഭാഗം യുവജനത ആത്മഹത്യാപ്രവണതക്ക് വിധേയരാണ് എന്നുപറയുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. ലോകത്തിലെ ഏറ്റവും വേഗത നിറഞ്ഞ ജീവിതക്രമമുള്ള ജപ്പാന്‍, ഫിന്ലന്ഡ് എന്നീ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ ആത്മഹത്യാപ്രവണത എന്നാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്” - സര്വേ ഡാറ്റയെ അധികരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അസി.ഡയറക്ടര്‍ ജനറല്‍ ഡോ. ആസാദ് സിംഗ് കുണ്ടു പറയുന്നു.
ഇവിടെ യുവാക്കള്‍ മുപ്പതുവയസാകുമ്പോഴേക്കും ജോലിയും ജീവിതക്രമവുമൊക്കെ സജ്ജീകരിച്ചുവെക്കുന്നുണ്ട്. അതുകൊണ്ട് മുപ്പതുവയസിന് മേല്‍ പ്രായമുള്ളവര്‍ കാണിക്കുന്ന ആത്മഹത്യാ പ്രവണത മിക്കവാറും പര്യവസാനിക്കുക ആത്മഹത്യകളില്‍ തന്നെയാകും.
മികച്ച സാക്ഷരതയുള്ള ഒരു സംസ്ഥാനത്തില്‍ നിന്ന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുടെ പരിചരണങ്ങളോടെ പുറത്തുവരുന്ന ഒരു യുവാവിന്/ യുവതിക്ക് അവരുടെ ഭാവിയെ സംബന്ധിച്ച് ഒരു പാട് പ്രതീക്ഷകളാണുള്ളത്. എന്നാല്‍ തൊഴിലില്ലായ്മ എന്ന യാഥാര്ത്ഥ്യത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുമ്പോള്‍ വല്ലാതെ നിരാശരാകുന്നുണ്ട് ഇക്കൂട്ടര്‍. ഉള്ള ജോലികള്‍ കുറയുമ്പോള്‍, മറ്റു ജോലികള്ക്കായി ഇവര്ക്കന്വേഷണം നടത്തേണ്ടി വരുന്നു. പലപ്പോഴും യോഗ്യതക്കനുസരിച്ചുള്ള ഒരു ജോലിയാവില്ല ലഭിക്കുന്നത് (under-employment).
46.1 ശതമാനം ആള്ക്കാര്‍ ഭരണകര്‍ത്താക്കളോട് അമര്ഷം പ്രകടിപ്പിച്ചു. യുവാക്കള്ക്ക് ഭരണവര്‍ഗത്തില്‍ അത്രയും പ്രതീക്ഷയുള്ളതുകൊണ്ട് വരുന്ന ഒരു അമര്ഷമാണിത്. തങ്ങള്‍ പറയുന്നത് ഗവണ്മെന്റുകള് കേള്‍ക്കാതിരിക്കുന്ന അവസ്ഥയില്‍ അവരിലുള്ള വിശ്വാസവും യുവാക്കള്ക്ക് പതിയേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ ഇത്ര രൂക്ഷമായിട്ടും നമ്മുടെ ഗവണ്മെന്റ് ഇത്തരം കാര്യങ്ങളെ ലാഘവത്തോടെ കാണുന്നു എന്നതാണ് ഇതിലേറ്റവും സങ്കടപ്പെടുത്തുന്ന കാര്യം. പല രാജ്യങ്ങളിലും തൊഴിലില്ലാത്ത യുവാക്കള്ക്കുള്ള മാസവേതനം അവരുടെ ജീവിതസാഹചര്യങ്ങളെ അതിജീവിക്കാന്‍ പര്യാപ്തമാകുന്ന വിധത്തില്‍ യുവാക്കളെ പിന്താങ്ങുന്നുണ്ടെങ്കില് കേരളത്തിലിത് വെറും നാമമാത്രമാണ് (ആണ്ടിനും സംക്രാന്തിക്കും മാത്രമായി കേരളത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്ന തൊഴിലില്ലാ വേതനം മാസത്തില്‍ 120 രൂപയാണ്!). അവന്റെ ഒരാവശ്യത്തിനും ഇതു തികയാറുമില്ല.
ഇങ്ങനെ ഒരു പ്രശ്നം സമൂഹത്തിലുള്ളതായി ഗവണ്മെന്റ് അംഗീകരിക്കാത്തതും അത്തരം യാഥാര്ത്ഥ്യങ്ങളെ നേരിടാത്തതും വലിയൊരു പ്രതിസന്ധിയാണ്. സാമ്പത്തിക പ്രശ്നങ്ങളെ ഗവണ്മെന്റുകള് പ്രാധാന്യത്തോടെ എടുക്കാതിരിക്കുകയും സാമൂഹികപ്രതിബദ്ധത എന്ന സേവനഗുണത്തോട് അകന്നുനില്ക്കുകയും ചെയ്യുന്നു.
“ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ യുവാക്കള്ക്ക് വിശ്വാസമില്ല. യുവാക്കളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നില്ല എന്നു വിശ്വസിക്കുന്നതായി 76.43 ശതമാനം പേര് സര്‍വേയില്‍ പറയുന്നു. ഇത് രാഷ്ടീയ പാര്ട്ടികള്ക്ക് ഒരു വലിയ മെസേജാണ് കൊടുത്തിരിക്കുന്നത്.” - ഡോ. കുണ്ടു നിരീക്ഷിക്കുന്നു.
ഇപ്പോള്‍ പ്രവര്ത്തിക്കുന്ന ജോലിയില്‍ സംതൃപ്തരല്ലാത്ത 51.43 ശതമാനം യുവാക്കളെയാണ് സര്വേ കണ്ടെത്തിയത്. “നോക്കൂ, ഇത്രയും ഹ്യൂമന്‍ റിസോഴ്സസ് വെറുതെയാവുകയാണ് എന്നാണ് ഇതിനര്ത്ഥം” - ഡോ. കുണ്ടു തുടരുന്നു. ഇതുവഴി തങ്ങള്‍ പ്രവര്ത്തിക്കുന്ന മേഖലയില്‍ ഇവര്‍ക്കുള്ള ആത്മാര്ത്ഥത കുറയുകയാണ്. വിദ്യാഭ്യാസത്തിലായാലും ആരോഗ്യത്തിലായാലും മറ്റേത് മേഖലയിലായാലും അങ്ങനെ ഈ അസംതൃപ്തി അവരുടെ തൊഴിലില്‍ പ്രതിഫലിക്കുന്നു. അവരുമായി അടുത്തുനില്ക്കുന്ന ആളുകളെയും അത് ബാധിക്കുന്നു. (പ്രവര്ത്തിക്കുന്ന ജോലിയില്‍ താന്‍ അസംതൃപ്തയാണെന്ന് ഫ്രീ പ്രസ് സര്‍വെയില്‍ പങ്കെടുത്തുകൊണ്ട് 38 വയസുള്ള ഒരു അധ്യാപിക പറയുകയുണ്ടായി.)
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന/ ബാധിക്കാന്‍ പോകുന്ന ഒരു വിപത്തിനെയാണ് ഈ അസംതൃപ്തി ചൂണ്ടിക്കാണിക്കുന്നത്. അസംതൃപ്തരായ അധ്യാപകര്‍ അസംതൃപ്ത മുഖങ്ങളോടെ വിദ്യാര്ത്ഥികളെ പഠിപ്പിക്കുമ്പോള് ഈ അസംതൃപ്തി നിലവാരം കുറഞ്ഞ അധ്യയനമായോ മറ്റ് ദുശീലങ്ങളായോ കുട്ടികളില്‍ പ്രതിഫലിക്കുകയാണ്. ഇങ്ങനെ തങ്ങളുടെ തലമുറക്ക് ബാധിച്ചിരിക്കുന്ന അസംതൃപ്തി അറിഞ്ഞോ അറിയാതെയോ ഇവര്‍ പുതിയ തലമുറക്ക് കൂടി പകര്ന്നുകൊടുക്കുന്നു. ഫലത്തില്‍ നിരാശരായ ഒരു പുതിയ ജനത കൂടി രൂപപ്പെടുന്നു.
നിരാശയുളളവരില് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതില്‍ അസംതൃപ്തരായ 69.58 ശതമാനം ആള്ക്കാരുണ്ടെന്നാണ് മറ്റൊരു സര്വേ ഫലം. നാം ജീവിക്കുന്നത് ഒരു കണ്ഫേമിസ്റ്റ് സമൂഹ(conformist society) ത്തിലായതുകൊണ്ടാണിത്. ഇവിടെ സമൂഹത്തിലെ നിയമങ്ങള്‍ തയ്യാറാക്കുന്നത് മാര്ക്കറ്റാണ്. ആ മാര്ക്കറ്റ് നിങ്ങള്ക്ക് മൊബൈല്‍ ഫോണ്‍ വേണം, ടി.വി വേണം, കാര്‍ വേണം, നിങ്ങള്‍ കുട്ടികളെ ഡാന്സ് പഠിപ്പിക്കണം, ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കണം, ഫാസ്റ്റ് ഫുഡ് കഴിക്കണം തുടങ്ങിയ അജണ്ടകള്‍ ആളുകളിലേക്ക് പകര്ന്നു കൊടുക്കുന്നു. കൂടുതല്‍ ആളുകള്‍ ചെയ്യുന്നത് / വാങ്ങുന്നത് പിന്തുടരാന് അവരോട് ബന്ധപ്പെട്ടവരും (peer group) ആ വൃത്തത്തില്‍ പെടുന്നവരും നിര്ബന്ധിതരാവുന്നു. ഇതൊരു സമ്മര്ദ്ദമാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു സമ്മര്ദ്ദത്തിന് വിധേയരാവാന്‍ യുവാക്കള്‍ ശീലിക്കപ്പെടുന്നു. “സമൂഹത്തിലെ മെമ്പര്ഷിപ്പ് കളഞ്ഞു പോവുക എന്നത് ഇവരാരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് എന്തു വിലകൊടുത്തും ഇവ സ്വന്തമാക്കാന്‍ ഇത്തരം ആളുകള്‍ ശ്രമിക്കും.”- ഡോ.കുണ്ടു പ്രതികരിച്ചു.
അക്കാദമിക് ആയി നേടുന്ന നേട്ടങ്ങള്‍ ജോലിക്ക് ഉപകരിക്കാത്തത് വലിയൊരു തരം മടുപ്പ് യുവാക്കള്ക്കിടയിലുണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ അതുകൊണ്ട് വലിയ വിജയം നേടാന്‍ കഴിയുന്നില്ല എന്നാണ് അവര്‍ പഠിക്കുന്ന പാഠം. തങ്ങളേക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ രാഷ്ട്രീയ പിടിപാടുകളിലൂടെയോ മറ്റോ ഉയര്ന്ന ജോലികളിലിരിക്കുന്നതും പണമുളളവര്‍ മറ്റൊന്നുമില്ലെങ്കിലും ‘മിടുക്ക’ന്മാരാകുന്നതും അവര്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ്. ‘വിദ്യാഭ്യാസത്തിന്റെ നിരര്ത്ഥകത’(?)യെക്കുറിച്ചുള്ള ചോദ്യം അവരുടെയുള്ളില്‍ അങ്ങനെയുണ്ടാവുകയും അവരുടെ അക്കാദമിക് പഠനങ്ങള് ആഴത്തില്‍ ചെന്നുള്ള അന്വേഷണങ്ങളാവാതെ വെറും ചടങ്ങുകള്‍ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു. തങ്ങളുടെ കഴിവിനും പഠനത്തിനും വിലയില്ലാതാവുന്നത് നിസഹായതയോടെ കാണേണ്ടി വരുന്ന യുവാക്കളിലുണ്ടാവുന്ന നിരാശ ചെറുതല്ല. ഇത്തരം നിരാശ ബാധിച്ച യുവാക്കളുടെ എണ്ണം നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദിനം പ്രതി വര്ധിച്ചു വരികയാണ്.
“കഴിഞ്ഞ പത്തുവര്ഷത്തിനിടക്ക് കേരളത്തില്‍ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ജോലികളിലുള്ള സ്ത്രീ പങ്കാളിത്തം 1991ല്‍ 15.9 ശതമാനമായിരുന്നത് 2001 ആയപ്പോഴേക്കും 15.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പോലും സ്ത്രീകള്ക്ക് പണിയില്ലാതായിക്കൊണ്ടിരിക്കുകയാണ്” - കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റായ ഡോ. സി.ജെ. ജോണ്‍ പറയുന്നു. കേരളത്തിലെ വനിതകളുടെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. സൗത്ത് ഏഷ്യയിലെ ഏറ്റവും സ്ത്രീവിദ്യാഭ്യാസമുള്ള, ആരോഗ്യമുള്ള സമൂഹമായിട്ടു കൂടി കേരളത്തിലെ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ ശോചനീയാവസ്ഥയിലാണെന്നും ഇദ്ദേഹം പറയുന്നു. വീടുകളില്‍ ഇവരെടുക്കുന്ന ജോലികള്‍ ആരും കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇവര്ക്ക് രണ്ടു തരം ജോലികള്‍ ചെയ്യേണ്ടി വരുന്നു. നല്ല വിദ്യാഭ്യാസമുള്ള, സ്വന്തം അസ്തിത്വത്തെക്കുറിച്ച് ബോധമുള്ള കൂട്ടരാണിവര്‍. നിരാശയുടെ തോത് ഇവിടെ വളരെ കൂടുതലാണ്.
അഡോള്ഫ് ഹിറ്റ്ലറെ തങ്ങളുടെ റോള്‍ മോഡലായി തെരഞ്ഞെടുക്കുന്ന ചെറുതല്ലാത്ത ഒരു കൂട്ടര് നമുക്കിടയിലുണ്ടെന്നാണ് സര്വേയുടെ ഒരു വെളിപ്പെടുത്തല്‍. ഒരര്‍ത്ഥത്തില്‍ സമൂഹത്തിന്റെ മൊത്തം നടപ്പുരീതികളോടുള്ള യുവാവിന്റെ /യുവതിയുടെ പ്രതികരണമാണിത്.
കേരളത്തില്‍ ഒരു യുവാവിന് അവന്റെ ടെന്‍ഷനുകള്‍ പുറത്തുവിടാനുള്ള വഴികള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണിന്ന്. സാംസ്കാരികമായോ സര്ഗാത്മകമായോ തങ്ങളുടെ ടെന്‍ഷനുകള്‍ പുറത്തു കൊണ്ടുപോകാന്‍ ഏതെങ്കിലും രീതിയിലുള്ള വേദികള്‍ ഇവര്ക്ക് ലഭിക്കുന്നില്ല. പലപ്പോഴും മിമിക്രികളിലൂടെയോ കോമഡി പ്രോഗ്രാമുകളിലൂടെയോ മാത്രമായാണ് ഇവരുടെ സര്ഗാത്മകത ഇന്ന് പുറത്തുവരുന്നത്. ഇവിടെ സര്ഗാത്മകതയുടെ മൗലികത നഷ്ടപ്പെടുകയാണ്. അവന്റെ /അവളുടെ വെറുപ്പോ നിരാശയോ കാല്പനിക ചിന്തകളോ ഏതെങ്കിലും ഒരു കലാരൂപത്തിലൂടെ പുറത്തു വിടുമ്പോള്‍ അകത്ത് നടക്കുന്ന വിങ്ങിപ്പൊട്ടലുകള്ക്ക് തെല്ലെങ്കിലും ശമനമുണ്ടാകുന്നുണ്ടെന്ന് മാനസികാരോഗ്യ പഠനങ്ങള് തന്നെ വെളിപ്പെടുത്തുന്നുണ്ട്.
“ഞാന്‍ മെഡിസിന് പഠിച്ചിരുന്ന കാലത്ത് കേരളത്തെ ലോകത്തിന്റെ തന്നെ മോഡലായാണ് വേള്ഡ് ഹെല്ത്ത് ഓര്ഗനൈസേഷന്‍ (WHO) എടുത്തുകാണിച്ചിരുന്നത്. ആ കേരളത്തിന്റെ മാനസികാരോഗ്യം വളരെ കൂടിയ തോതില്‍ ഇന്ന് തകര്ന്നുകൊണ്ടിരിക്കുന്നു. ഇതാരും കാണാതിരിക്കരുത്” - ഡോ. ആസാദ് സിംഗ് കുണ്ടു ചൂണ്ടിക്കാണിക്കുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നല്കുന്ന കണക്കുകള്‍ പ്രകാരം കേരളം സൈക്കോതെറാപ്പിക് മരുന്നുകളുടെ ഒരു വലിയ മാര്ക്കറ്റായി അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മാനസികമായി അസ്വസ്ഥതയുള്ള ഒരു സമൂഹത്തിന്റെ കണക്കെടുപ്പാണിത്. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് 1994ല്‍ സൗത്ത് ഇന്ത്യയിലെ സൈക്കോതെറാപ്പിക് മരുന്നുകളുടെ 25 ശതമാനം മാര്ക്കറ്റും കേരളമായിരുന്നു എന്നാണ്. സൈക്കോലെപ്റ്റിക്സ് മരുന്നുകള്ക്ക് കേരളത്തിലുള്ള മാര്ക്കറ്റ് 47 ശതമാനമാകുകയും ചെയ്തു.
കേരളത്തില്‍ നിന്നാല്‍ രക്ഷയില്ല എന്നുവിശ്വസിക്കുന്ന 38.4 ശതമാനം പേരെയാണ് ഫ്രീ പ്രസ് സര്വേ കണ്ടെത്തിയത്. ഈ സൂചന ചില മുന്നറിയിപ്പുകള്‍ നല്കുന്നു. ഏതൊരു സംസ്കാരത്തിന്റെയും വേരുകള്‍ എന്നുപറയുന്നത് അതിന്റെ മണ്ണിനോടും ഭാഷയോടുമൊക്കെയുള്ള സ്നേഹമാണ്. ഇത്രയും ശതമാനം ആള്ക്കാര്‍ ‘കേരളത്തില്‍ രക്ഷയില്ല’ എന്നുപറയുന്നുണ്ടെങ്കില് അത് കേരളസമൂഹത്തിന്റെ സാംസ്കാരിക നിര്മിതിക്കുതന്നെ ഭാവിയില്‍ ഭീഷണിയായി തീര്ന്നേക്കാം.
നമുക്കിനി വേണ്ടത് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും അപഗ്രഥനങ്ങളുമാണെന്നാണ് ഫ്രീ പ്രസ് സര്വേയുടെ ഫലങ്ങള്‍ നല്കുന്ന നിഗമനം. യുവാക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ വേരുകള്‍ അന്വേഷിക്കുകയും അതിന് പരിഹാരം തേടുകയുമെന്നതാണ് അതില്‍ പ്രധാനം. യുവാക്കള്ക്ക് രാഷ്ട്രീയ പാര്ട്ടികളിലും ഗവണ്മെന്റിലുമുള്ള വിശ്വാസക്കുറവ് കൂടി വന്നാല്‍, തൊഴിലില്ലാത്ത നിരാശരായ ഈ തലമുറ പല ലോകരാഷ്ട്രങ്ങളിലും സംഭവിക്കുന്നത് പോലെ ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങിയേക്കാം. ഉടനെ എന്തെങ്കിലും ചെയ്തേ തീരൂ എന്ന അവസ്ഥയിലാണിന്ന് കേരളം. കാരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു തലമുറ നിരാശയിലാണ്.
ഭയപ്പെടുത്തുന്നു ............
മറുപടിഇല്ലാതാക്കൂ