First published in Free Press, July 2004
അതിഥികളുടെ വസന്തം
എം.ആര്‍. വിഷ്ണുപ്രസാദ്
അതിഥികളേ വരൂ...
എന്റെ മുറിയില്‍ വസന്തം നിറയ്ക്കൂ...
ഫലസമൃദ്ധമായ ചിരികൊണ്ടും,
പ്രകാശഭരിതമായ നോട്ടം കൊണ്ടും
നമുക്കിവിടെ സൂര്യോദയങ്ങള്‍ തീര്‍ക്കാം.
വരൂ.. വരൂ...
നിഴലുകളെ മറന്നേയ്ക്കൂ..
അവയുടെ അവസാനിക്കാത്ത നീളങ്ങളേയും.
മുറിയുടെ തണലിലേക്ക് സ്വാഗതം.
അപരിചിത സുഗന്ധങ്ങളുമായി
കടന്നുവരുന്ന അതിഥികള്ക്കായി
എന്റെ മുറി രണ്ടു കണ്ണും തുറന്നിരിക്കുന്നു.
വരൂ.. വരൂ...
വഴികളെ മറന്നേയ്ക്കൂ...
അവയുടെ ഭയാനകമായ അപകട സൂചനകളേയും.
സിമന്റുതറയില്‍ നിന്നും
ഇലകളുടെ ഉത്സവം.
ഒരു തീന് മേശ നിറയെ
മുന്തിരിവള്ളികളുടെ ആഹ്ലാദം.
ജാലകച്ചിറകുകള് വിടര്‍ത്തി
മുറി കാത്തിരിക്കുന്നു.
വരൂ... വരൂ...
എല്ലാ ദൂരങ്ങളെയും മറന്നേയ്ക്കൂ...
ദൂരങ്ങള്‍ക്കിടയില്‍ എപ്പോഴോ, എപ്പോഴോ
നിശ്ചലമായ ചുമടുതാങ്ങികളേയും.
അതിഥികളേ...
ആപ്പിള്ചുവപ്പ്
മുന്തിരിക്കറുപ്പ്
ഓറഞ്ചുകളുടെ സന്ധ്യ.
ഇതാ പച്ചപ്പിന്റെ ഇരിപ്പിടങ്ങള്‍ സ്വന്തമാക്കൂ...
ഹായ്! ഒരു മുറിയാകെ അതിഥികളുടെ വസന്തം.
അങ്ങനെ,
അതിഥികളുടെ തീരാവസന്തം
മുറി നിറക്കുമ്പോള്‍, ഞാന്
മുറ്റത്തെ വെയിലില്‍ കസേരയിട്ടിരിക്കുന്നു!
ആണികള്‍ ഇളകിത്തുടങ്ങിയ
ഈ കസേരയാണ് എന്റെ സമയമെന്ന്
ഇവരറിയുന്നില്ലല്ലോ!
-------------------
എം.ആര്‍. വിഷ്ണുപ്രസാദ് : കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്ത്ഥി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ