2009, ജനുവരി 29, വ്യാഴാഴ്‌ച

നെഗറ്റീവ് വോട്ടിംഗ് സമ്പ്രദായം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

0 comments
വോട്ടര്‍ക്ക് താല്പര്യമില്ലെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള നെഗറ്റീവ് വോട്ടിംഗ് സമ്പ്രദായം പാടില്ലെന്ന് സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. അത്തരമൊരുവകുപ്പുകൂടി ജനപ്രാതിനിധ്യ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന ഹര്‍ജി, വാദം കേട്ട ജസ്റിസുമാരായ ബി എന്‍ അഗര്‍വാള്‍, ജി എസ് സംഘ്വി എന്നിവരടങ്ങിയ ബെഞ്ചിനുമുമ്പാകെ ഹാജരായ അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണ്‍ എതിര്‍ത്തു. നിലവിലുള്ള പോളിംഗ് ആരോപിക്കപ്പെടുന്നപോലെ ഭരണഘടന ലംഘിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. വോട്ട് ചെയ്യാനുള്ള അവകാശം പോലെ വോട്ട്ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനോ പോളിംഗ് ബൂത്തില്‍ പോകാതിരിക്കുന്നതിനോ ഉള്ള അവകാശവും വോട്ടര്‍മാര്‍ക്കുണ്ടെന്നും കേന്ദ്രം വാദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന വോട്ടര്‍ക്കായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ആര്‍ക്കും വോട്ടില്ല എന്നൊരു സ്ളോട്ട് കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) 2004ല്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്രം തള്ളിയതിന് വിരുദ്ധമായി ഇതിന് ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ നെഗറ്റീവ് വോട്ട് സംബന്ധിച്ച ഭേദഗതിക്കുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരാണ് സ്വീകരിക്കേണ്ടതെന്നും അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം നിലയ്ക്കുള്ള അധികാരം ഇല്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.

2009, ജനുവരി 28, ബുധനാഴ്‌ച

സാമ്പത്തികമാന്ദ്യത്തിന്റെ തിരിച്ചടി

0 comments
സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഐസ് ലന്‍ഡില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം നഷ്ടമായി. രാജ്യം ഭരിക്കുന്ന സഖ്യകക്ഷിയുടെ നേതാവ് യാഥാസ്ഥിതിക പക്ഷക്കാരനായ ഗേര്‍ ഹാര്‍ദെ തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. 2011ല്‍ നടക്കേണ്ട പൊതു തിരഞ്ഞെടുപ്പ് മെയ് മാസം തന്നെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ ഡെമോക്രാറ്റിക് സഖ്യ നേതാവും വിദേശമന്ത്രിയുമായ ഇന്‍ജിബ്യോര്‍ഗ് ജിസ്ലാദോത്തിറിനെ പകരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഒലാഫുര്‍ രാഗ്നര്‍ ഗ്രിംസണ്‍ ക്ഷണിച്ചിരുന്നു. ഇടതുപക്ഷ കക്ഷിയായ ഗ്രീന്‍ മൂവ്മെന്റുമായി ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ സഖ്യം സര്‍ക്കാരുണ്ടാക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, മെയ് മാസം തിരഞ്ഞെടുപ്പു നടക്കുംവരെ സാമൂഹിക കാര്യമന്ത്രി ജോഹാന സിഗുര്‍ദരദോത്തിര്‍ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് ഇന്‍ജിബ്യോര്‍ഗ് വ്യക്തമാക്കി. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ തിരിച്ചടി ഏറ്റവുമധികം നേരിട്ട രാജ്യമാണ് ഐസ്ലന്‍ഡ്. ഐസ്ലന്‍ഡിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറിരട്ടി വരെ കടത്തിലായിരുന്ന ഐസ്ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ വന്‍തകര്‍ച്ച നേരിട്ടിരുന്നു. വന്‍തോതില്‍ കടം വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക നില അപകടത്തിലായിരുന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹാര്‍ദെയുടെ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടിയും സോഷ്യല്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന സഖ്യകക്ഷി കടുത്ത സമ്മര്‍ദത്തിലായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നിര്‍ദേശത്തെ ഹാര്‍ദെ എതിര്‍ത്തിരുന്നു. ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടിക്ക് 25ഉം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 18ഉം സീറ്റുകളാണ് 63 അംഗ പാര്‍ലമെന്റിലുള്ളത്.

തൊഴില്‍ മേഖലയില്‍ കറുത്ത തിങ്കള്‍

0 comments
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഒറ്റദിവസം ജോലി നഷ്ടപ്പെട്ടത് 80,000 പേര്‍ക്ക്. ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രമുഖ കമ്പനികളാണ് തിങ്കളാഴ്ച മാത്രം 80,000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. നിര്‍മാണമേഖലയിലെ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന കാറ്റര്‍പില്ലര്‍, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫിസര്‍, ടെലികോം സ്ഥാപനമായ സ്പ്രിന്റ് നെക്സ്ടെല്‍ കോര്‍പറേഷന്‍, ഭവനനവീകരണ സാമഗ്രികളുടെ വിതരണക്കാരായ ഹോം ഡിപ്പോ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച 61,000 ജീവനക്കാരെ പിരിച്ചുവിട്ടു. വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധി ലോകത്തെ എത്രത്തോളം ബാധിച്ചുവെന്നതിന്റെ തെളിവാണ് ഒരു ദിവസം മാത്രം ഇത്രയേറെ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യരംഗത്തെയും നിര്‍മാണമേഖലയെയും സാമ്പത്തിക പ്രതിസന്ധി വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഡച്ച് ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ഐ എന്‍ ജി 7,000 ജീവനക്കാരെ പിരിച്ചുവിട്ടു. മറ്റൊരു പ്രമുഖ ഡച്ച് കമ്പനിയായ ഫിലിപ്സ് ആറായിരം പേരെയാണ് തിങ്കളാഴ്ച പിരിച്ചുവിട്ടത്. ഫിലിപ്സിന് ബ്രിട്ടനില്‍ മാത്രം 2500 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഐ എന്‍ ജി, ഫിലിപ്സ് എന്നിവ ഇന്ത്യയില്‍ പ്രമുഖമായ സ്ഥാനമുള്ള കമ്പനികളാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്റീല്‍ കമ്പനിയായ കോറസ് ആഗോളതലത്തില്‍ 3500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 2500 പേരും ബ്രിട്ടനിലുള്ളവരായിരിക്കും. ഇതിനു പുറമെ, പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം ശമ്പളം കുറയ്ക്കുകയും മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. വിര്‍ജിന്‍ അറ്റലാന്റിക് എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം മരവിപ്പിക്കാന്‍ തീരുമാനിച്ചു. പല കമ്പനികളും തൊഴില്‍ ദിനങ്ങളും തൊഴില്‍ സമയവും കുറച്ചാണ് സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നത്. കാറ്റര്‍പില്ലര്‍ 20,000 ജീവനക്കാരെയാണ് പിരിച്ചുവിടുക. ഫിസര്‍ തങ്ങളുടെ ജീവനക്കാരില്‍ 26,000 പേരെ ഒഴിവാക്കും. ഹോം ഡിപ്പോ ശൃംഖലയിലെ 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്പ്രിന്റ് നെക്സ്ടെലിലെ 8,000 ജീവനക്കാര്‍ പുതിയ തൊഴില്‍ അന്വേഷിക്കേണ്ടിവരും. ടെക്സാസ് ഇന്‍സ്ട്രമെന്റ്സ് ആണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന മറ്റൊരു പ്രമുഖ കമ്പനി. 3400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചു.

2009, ജനുവരി 22, വ്യാഴാഴ്‌ച

ഐ ടി തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു

0 comments
ഇന്ത്യന്‍ ഐ ടി രംഗത്ത് പുതിയ തൊഴില്‍ അവസരങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാന മൂന്നുമാസത്തിനിടെ പുതിയ തൊഴിലുകളുടെ എണ്ണത്തില്‍ 46 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഐ ടി മേഖലയിലെ സംഘടനയായ അസോചെം വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐ ടി, സാമ്പത്തിക സേവനം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലെ പുതിയ തൊഴില്‍ അവസരങ്ങളില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 38 ശതമാനം കുറവുണ്ടായെന്നും അസോചെം നടത്തിയ പഠനം വെളിപ്പെടുത്തി. സത്യം കമ്പ്യൂട്ടറിലെ വെട്ടിപ്പു പുറത്തുവന്നതോടെ, തൊഴിലവസരങ്ങള്‍ വീണ്ടും കുറയുമെന്ന് അസോചെം സൂചന നല്‍കി. 2008 ജൂലൈ- സെപ്തംബര്‍ കാലയളവില്‍ 124 ശതമാനവും ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 238 ശതമാനവും തൊഴിലവസരങ്ങള്‍ ഐ ടി മേഖലയില്‍ വര്‍ധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഐ ടി ഉള്‍പ്പെടെയുള്ള മിക്ക രംഗങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ആവശ്യക്കാരില്ലാത്തതും വായ്പാ പ്രതിസന്ധിയും തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്തി. മ്യൂച്ചല്‍ ഫണ്ട്, ഓഹരി ബ്രോക്കറേജ്, നിക്ഷേപ സഹായ യൂണിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സാമ്പത്തിക സേവന മേഖലയെയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ജൂലൈ- സെപ്തംബര്‍ കാലയളവില്‍ 13 ശതമാനവും ഡിസംബറില്‍ അവസാനിച്ച മൂന്നുമാസത്തില്‍ 21 ശതമാനവും തൊഴിലവസരങ്ങളാണ് മേഖലയില്‍ കുറഞ്ഞത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ജൂലൈ- സെപ്തംബറില്‍ 157 ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തി. തുടര്‍ന്നുള്ള മൂന്നു മാസത്തിനിടെ, 43 ശതമാനം തൊഴിലവസരങ്ങളാണ് കുറഞ്ഞത്.

മലയാളിക്കും ഓസ്കര്‍ നാമനിര്‍ദേശം

0 comments
തിരുവനന്തപുരം: എണ്‍പത്തിയൊന്നാമത് ഓസ്കര്‍ നാമനിര്‍ദേശം കേരളത്തിന് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍. അഞ്ചല്‍ വിളക്കുപാറ സ്വദേശിയായ റസൂല്‍ പൂക്കുട്ടിയും എ ആര്‍ റഹ്മാനും വാരിക്കൂട്ടിയത് അഞ്ച് നാമനിര്‍ദേശങ്ങളാണ്.
സൌണ്ട് എഡിറ്റിംഗിനും സൌണ്ട് മിക്സിംഗിനുമുള്ള രണ്ട് നാമനിര്‍ദേശങ്ങളാണ് പൂക്കുട്ടിക്ക് ലഭിച്ചത്. മികച്ച പശ്ചാത്തല സംഗീതത്തിനും മികച്ച ഗാനത്തിനുമായി മൂന്ന് നാമനിര്‍ദേശങ്ങളാണ് റഹ്മാന് ലഭിച്ചത്.
ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇപ്പോള്‍ മുംബൈയിലുള്ള റസൂല്‍ പറഞ്ഞു. സഞ്ജയ് ലീല ബന്‍സാലിയുടെ 'ബ്ളാക്കി'ലൂടെ പ്രശസ്തനായ റസൂല്‍ പൂക്കുട്ടി ബോളിവുഡിലെ തിരക്കേറിയ സൌണ്ട് എഡിറ്റര്‍മാരില്‍ ഒരാളാണ്. 1995ല്‍ പുനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മുംബൈയിലെത്തിയ റസൂല്‍ ഒട്ടേറെ ഹിറ്റ് സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു.
രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ റസൂല്‍ കാലുറപ്പിച്ചത്. ഇപ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ഗജിനി, സാവരിയ, മിക്സഡ് ഡബിള്‍സ് തുടങ്ങിയവ റസൂല്‍ ശബ്ദസങ്കലനം നടത്തിയ പ്രമുഖ ചിത്രങ്ങളാണ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന രാത് ഗയി ബാത് ഗയി, ആസിഡ് ഫാക്ടറി തുടങ്ങിയ ചിത്രങ്ങളിലും റസൂല്‍ പ്രവര്‍ത്തിച്ചു. മാതൃഭൂമി, മിസ്ഡ് കാള്‍, മിഥ്യ തുടങ്ങിയവയാണ് റസൂലിന്റെ മറ്റു ചിത്രങ്ങള്‍.
വിളക്കുപാറ പഴയ തെരുവില്‍ പൂക്കുട്ടിയുടെ യും നബീസാ ബീവിയുടെയും എട്ടുമക്കളില്‍ ഇളയ മകനാണ് റസൂല്‍. തിരുവനന്തപുരം കുമാരപുരം സ്വദേശി ഷാദിയ ആണ് ഭാര്യ. റയാന്‍, നിയ എന്നിവരാണ് മക്കള്‍.
ഇടക്കിടെ നാട്ടിലെത്താറുള്ള റസൂല്‍ മൂന്നുമാസം മുമ്പാണ് വീട്ടിലെത്തിയതെന്ന് സഹോദരന്‍ സൈഫുദ്ദീന്‍ പറഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ടതിന്റെ സന്തോഷവുമായി അടുത്തയാഴ്ച റസൂല്‍ വീണ്ടും നാട്ടിലെത്തും.
ഒട്ടേറെ മലയാളം സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആര്‍ കെ ശേഖറിന്റെ മകനാണ് നാല്‍പത്തിമൂന്നുകാരനായ എ ആര്‍ റഹ്മാന്‍ എന്ന അല്ലാ രാഖ റഹ്മാന്‍. 1980ല്‍ ബോംബെ ഡൈയിംഗിന്റെ പരസ്യത്തിലൂടെയാണ് എ ആര്‍ റഹ്മാന്‍ സംഗീതസംവിധാന രംഗത്തെത്തിയത്.

വീണ്ടും വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു

0 comments
ആശുപത്രിക്കും യു എന്‍ ഏജന്‍സി ആസ്ഥാനത്തിനും നേരെ രാസായുധം

ആക്രമണത്തില്‍ പരിക്കേറ്റവരും മറ്റു രോഗികളുമുള്ള ആശുപത്രിക്കുനേരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു എന്‍ ഏജന്‍സിക്കു നേരെയും ഇസ്രായേല്‍ സേന വൈറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചനകള്‍. പരിക്കേറ്റവരും രോഗികളും ഉള്‍പ്പെടെ 700ലേറെ പേര്‍ ചികിത്സ തേടുന്ന പലസ്തീന്‍ റെഡ് ക്രസന്റ് ആശുപത്രിയിലേക്കാണ് ഇസ്രായേല്‍ അധിനിവേശ സേന ഷെല്‍ ആക്രമണം നടത്തിയത്. ഇതിനു പുറമെ, ഒട്ടേറെ പലസ്തീനികള്‍ അഭയാര്‍ഥികളായി കെട്ടിടത്തിലുണ്ടായിരുന്നു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയുടെ ആസ്ഥാന കെട്ടിടത്തിലേക്കും ഇസ്രായേല്‍ സൈന്യം ഷെല്ലുകള്‍ വര്‍ഷിച്ചു. ഇവിടെയും നൂറുകണക്കിന് പലസ്തീനികള്‍ അഭയം തേടിയിരുന്നു. ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ ശേഷം 1100 ഓളം പേര്‍ മരിച്ചെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 700ലേറെ പേര്‍ സാധാരണ ജനങ്ങളാണ്. 5000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരണ സംഖ്യ അസഹനീയമാം വിധം കൂടുതലാകുന്നുവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ പറഞ്ഞു. ബാന്‍ കി മൂണ്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രായേലില്‍ എത്തിയ സമയത്തു തന്നെയാണ് സമാധാന പ്രവര്‍ത്തകര്‍ക്കു നേരെ ഇസ്രായേല്‍ സേന രാസായുധം പ്രയോഗിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയ്ട്ടേഴ്സ് അടക്കമുള്ള ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെയും സേന ആക്രമണം നടത്തി. അബുദാബി ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പലസ്തീന്‍ റെഡ് ക്രസന്റ് ഓഫീസുകളും ആക്രമണത്തിനിരയായ ആശുപത്രി കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിക്കുനേരെ തന്നെയാണ് ഇസ്രായേല്‍ സേന ഉന്നം വച്ചതെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് ഡയറക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മസിയിലും ആശുപത്രിയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന രണ്ടാം നിലയിലുമാണ് ആദ്യം തീ പടര്‍ന്നത്. സേനയുടെ ആക്രമണം നീതിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മെഡിക്കല്‍ സംഘവും ദുരിതാശ്വാസ വാഹനങ്ങളും അടക്കം ചലിക്കുന്ന എന്തിനെയും ആക്രമിക്കുകയെന്നതാണ് ഇസ്രായേല്‍ സേന പിന്തുടരുന്ന നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാല്‍പതു ലക്ഷത്തോളം പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കുന്ന യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുടെ പശ്ചിമേഷ്യയിലെ ആസ്ഥാനമായ ഗാസ സിറ്റിയിലെ കെട്ടിടത്തിനു നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനും സമീപ കെട്ടിടങ്ങള്‍ക്കും തീ പിടിച്ചു. ആക്രമണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായതായി ഗാസയിലെ ഏജന്‍സി വക്താവ് അഡ്നാന്‍ അബു ഹസാന പറഞ്ഞു. ഗാസയില്‍ ആക്രമണങ്ങള്‍ക്കിരയായവര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും വസ്ത്രങ്ങളും സൂക്ഷിക്കുന്ന സ്റോറുകള്‍ ആക്രമണത്തില്‍ നശിച്ചതായി ഹസാന പറഞ്ഞു. ഇന്ധനം സംഭരിച്ചിരിക്കുന്ന ഭാഗത്തേക്കും തീ പടരാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കില്‍ അത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ സേന നടത്തുന്ന ശക്തമായ ബോംബ് ആക്രമണങ്ങള്‍ അതിജീവിച്ച് അഗ്നിശമന വിഭാഗത്തിന് സ്ഥലത്തെത്താന്‍ കഴിയില്ലെന്നതിനാല്‍ അത് ഭീകരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഏജന്‍സി തീരുമാനിച്ചു. ഏജന്‍സി ഓഫീസ് ആണെന്ന് അറിഞ്ഞുകൊണ്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഹസാന അപലപിച്ചു. സഹായത്തിനുവേണ്ടിയുള്ള വിളികള്‍ക്ക് മറുപടി നല്‍കാന്‍ പോലും കഴിയാത്ത വിധം ആക്രമണം നടക്കുകയാണെന്നും പരിക്കേറ്റവര്‍ക്ക് അടുത്തെത്താന്‍ പോലും കഴിയുന്നില്ലെന്നും ഗാസയിലെ ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ മൂസ എല്‍ ഹദ്ദാദ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ സ്കൂളുകളിലും ആശുപത്രികളിലുമാണ് ഗാസയിലെ ഭൂരിഭാഗം ജനങ്ങളും അഭയം തേടിയിരുന്നത്. എന്നാല്‍, പള്ളികളും ഖബര്‍സ്ഥാനുകളും യു എന്‍ നടത്തുന്ന സ്കൂളുകളും ആശുപത്രികളും അടക്കം ഇസ്രായേല്‍ സേനയുടെ ആക്രമണത്തിനിരയാകുന്നതിനാല്‍ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് ഗാസയിലെ ജനങ്ങള്‍.

ഗാസയില്‍ രാസായുധവും

0 comments
ജനവാസ മേഖലയില്‍ ഇസ്രായേല്‍ നിരോധിത വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചു


ഇസ്രായേല്‍ ഗാസയില്‍ രാസായുധം പ്രയോഗിച്ചു. യുദ്ധമുഖങ്ങളില്‍ ജനവാസ പ്രദേശത്ത് ഉപയോഗിക്കുന്നതിന് നിരോധനമുള്ള രാസായുധമായ വൈറ്റ് ഫോസ്ഫറസാണ് ഇസ്രയേല്‍ ഗാസാ ആക്രമണത്തില്‍ ഉപയോഗിച്ചത്. അന്താരാഷ്ട്ര തലത്തിലെ രാസായുധ ഉടമ്പടി ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലി സൈന്യം ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ഗാസയില്‍ കൂട്ടക്കുരുതി തുടരുകയാണ്. മരണ സംഖ്യ 900 കടന്നതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലും തെക്കന്‍ ഗാസയിലും ജബലിയയിലുമാണ് ഇസ്രായേലി സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കണ്ടെത്തിയിരിക്കുന്നത്. പുക പടലം സൃഷ്ടിച്ച ശേഷം സൈനികദളങ്ങള്‍ക്ക് എതിരാളിയുടെ പ്രദേശങ്ങളിലേയ്ക്ക് കടന്നുകയറുന്നതിനായി ഉപയോഗിക്കുന്ന രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. ജനവാസ പ്രദേശങ്ങളില്‍ ഇത് ഉപയോഗിച്ചാല്‍ വന്‍തോതില്‍ ജീവഹാനി ഉണ്ടാകുമെന്നതിനാല്‍ അന്താരാഷ്ട്രതലത്തില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. എല്ലുകള്‍വരെ ദ്രവിപ്പിച്ച് കളയാന്‍ ശേഷിയുള്ള രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. വന്‍തോതില്‍ രാസായുധ ശേഖരമുണ്ടെന്ന് ആരോപിച്ച് അമേരിക്ക ഇറാഖിനെ ആക്രമിച്ച വേളയിലാണ് സമീപകാലത്ത് വൈറ്റ് ഫോസ്ഫറസ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. 2004-ല്‍ തുടങ്ങിയ യുദ്ധത്തില്‍ 2005 ഓടെ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം പെന്റഗണ്‍ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്രതലത്തില്‍ വന്‍ എതിര്‍പ്പാണ് അമേരിക്കയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് സമാനമായ ആക്രമണമാണ് ഗാസയിലെ ജനവാസ പ്രദേശങ്ങളില്‍ കഴിഞ്ഞ 16 ദിവസമായി ഇസ്രായേല്‍ നടത്തിയിരിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിലും വ്യാപകമായി പ്രയോഗിക്കപ്പെട്ട നിരോധിത ആയുധം പ്രയോഗിച്ചാണ് ഗാസയിലെ പലസ്തീന്‍ പൌരന്മാരെ ഇസ്രായേല്‍ കൊന്നൊടുക്കിയത്. ഔദ്യോഗിക കണക്കുകളില്‍ മരണ സംഖ്യ 900 കടന്നതായി പറയുന്നുണ്ടെങ്കിലും വൈറ്റ് ഫോസ്ഫറസ് ആക്രമണത്തിന്റെ തോതുകൂടി കണക്കിലെടുക്കുമ്പോള്‍ ഗാസയിലെ മരണ സംഖ്യ ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൂചിപ്പിക്കുന്നത്. തെക്കന്‍ ഗാസയിലും ഗാസ മുനമ്പിലും വടക്ക് കിഴക്കന്‍ മേഖലയിലും ബെയ്ത്ത് ലാഹിയ, ജബലിയ തുടങ്ങിയ പ്രദേശങ്ങളിലും ഇന്നലെയും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് തങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണെന്നാണ് പറയുന്നത്. ഇസ്രായേലി സൈന്യം ഗാസയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളെ കൊന്നൊടുക്കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹമാസ് പൊലീസ് സേനാംഗം ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെയും ജബലിയയില്‍ ഇസ്രായേല്‍ കൊന്നിട്ടുണ്ട്. തെക്കന്‍ ഗാസയിലെ രണ്ട് ഗ്രാമങ്ങളില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 15 വീടുകളെങ്കിലും തകരുകയും 20ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. റാഫ പട്ടണത്തെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റോഡ് ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് കൌണ്‍സിലിന്റെ പള്ളികളും ഗാസയില്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്ന ക്ളിനിക്കും സൈന്യം ബോംബിട്ട് തകര്‍ത്തു. കരസേനയുടെ മുന്നേറ്റത്തിന് ഹെലികോപ്റ്ററിലും യുദ്ധവിമാനങ്ങളിലുമായി വ്യോമസേന പിന്തുണ നല്‍കിയതോടെ ഇസ്രായേല്‍ കനത്ത നാശമാണ് ഗാസയില്‍ വിതച്ചിരിക്കുന്നത്. ഈജിപ്ത് നേതൃത്വം നല്‍കുന്ന സമാധാന ശ്രമങ്ങളില്‍ പങ്കാളിയാകുന്നതിനായി ഇസ്രായേലി പ്രതിരോധ തലവന്‍ ഇന്ന് ഈജിപ്തിലെത്തും. ഹമാസുമായുള്ള ചര്‍ച്ചകള്‍ കെയ്റോയില്‍ പുരോഗമിക്കുകയാണ്. 16 ദിവസമായി തുടരുന്ന ആക്രമണങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകില്ലെന്ന് ഹമാസ് നേതാവ് ഖാലിദ് മെഷാല്‍ വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളില്‍ നിന്നുള്ള കരളലിയിക്കുന്ന കാഴ്ച

0 comments


കാലുകള്‍ നഷ്ടപ്പെട്ട ഗര്‍ഭിണി, തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച ആറുവയസുകാരി, ഒന്നിലേറെ അവയവങ്ങള്‍ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞ്... ഗാസയിലെ ആശുപത്രികളില്‍ നിന്നുള്ള കരളലിയിക്കുന്ന കാഴ്ചകളാണിവ. ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കിടയില്‍ മരിച്ചവരുടെ കണക്കുകളില്‍ പെടാതെ 'രക്ഷപ്പെട്ട'വരുടെ ദൃശ്യങ്ങളാണിവ. പലതരത്തില്‍ ജീവിതം തകര്‍പ്പെട്ട നിരപരാധികളാണ് ആശുപത്രികള്‍ നിറയെ. എന്നാല്‍ അവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ഗിംഗ് അഭിപ്രായപ്പെട്ടു. ഗാസയിലെ അല്‍ ഷിഫാ ആശുപത്രി സന്ദര്‍ശിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗിംഗ്. ഗാസമുനമ്പിലെ ഇസ്രായേല്‍ നരനായാട്ടില്‍ 400ലേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് യു എന്‍ ഏജന്‍സികള്‍ പറയുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ കിരാതയുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളില്‍ 40 ശതമാനവും ഇവരാണ്. ഗാസയിലെ പരിതാപകരമായ അവസ്ഥയുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്ന ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത് 275 കുട്ടികള്‍ പതിനേഴ് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടെന്നാണ്. അടിയന്തര വെടിനിര്‍ത്തലിനുള്ള സുരക്ഷാസമിതി പ്രമേയം നടപ്പാക്കാന്‍ ഹമാസോ ഇസ്രായേലോ തയ്യാറാകാത്തതില്‍ യു എന്‍ ആശങ്ക പ്രകടിപ്പിച്ചു. ഓരോ ദിവസവും വായിച്ചുപോകുന്ന ഗാസയിലെ മരണക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഏറെ മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ്. സംഭവത്തില്‍ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത ആയിരക്കണക്കിന് പേര്‍ക്കു പുറമെ അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന യാതനകളും കണക്കുകള്‍ക്കു പിന്നില്‍ കാണാതെ പോകരുതെന്ന് ഗിംഗ് പറഞ്ഞു. പ്രശ്നത്തിലെ ഏറ്റവും ഗുരുതരമായ മാനവപ്രത്യാഘാതം കാണണമെങ്കില്‍ ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കാനെന്ന പേരില്‍ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രായേലിന്റെ ആക്രമണം പതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 കവിഞ്ഞു. ഇരുപത്തിനാലു മണിക്കൂറും അക്ഷീണം പ്രയത്നിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെയും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നാല്‍പതോളം ഡോക്ടര്‍മാരെയും ഗിംഗ് അഭിനന്ദിച്ചു. ഗാസയില്‍ സുരക്ഷിതമായ താവളങ്ങളില്ലെന്ന് മനസിലാക്കണമെന്നും കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ തെളിയിക്കുന്നത് അതാണെന്നും അണ്ടര്‍ സെക്രട്ടറി ജനറല്‍ ജോണ്‍ ഹോംസ് പറഞ്ഞു. 884 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും അതില്‍ 275 കുട്ടികളും 93 സ്ത്രീകളുമാണുള്ളതെന്നുമാണ് ഔദ്യോഗിക കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റത് 3860 പേര്‍ക്കാണ്. അതില്‍ 1333 കുട്ടികളും 587 സ്ത്രീകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ നല്‍കുന്ന കണക്കുകള്‍ തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ ഇപ്പോഴും കുടിവെള്ളം കിട്ടാനില്ലാതെ നരകിക്കുകയാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച മൂന്ന് മണിക്കൂര്‍ വെടിനിര്‍ത്തല്‍ വേളയില്‍ ജലവിതരണത്തിലെ തകരാറുകള്‍ നന്നാക്കാനോ മറ്റ് യു എന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയുന്നില്ലെന്ന് ഗിംഗ് പറഞ്ഞു. ഗാസയിലെ 35,000 ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് യു എന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ അഭയം തേടിയതായി ഗിംഗ് പറഞ്ഞു. ഷിഫാ ആശുപത്രി കേന്ദ്രമാക്കി ഹമാസ് പോരാളികള്‍ ആക്രമണം നടത്തുന്നുവെന്ന വാദത്തിന് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഗിംഗ് പറഞ്ഞു.

ലങ്കയിലും സൈന്യത്തിന്റ കൂട്ടക്കുരുതി

0 comments


ഗാസയില്‍ ഇസ്രായേല്‍ സൈന്യം ആശുപത്രികളില്‍ അടക്കം രാസായുധം പ്രയോഗിച്ചതിന് പിന്നാലെ ശ്രീലങ്കന്‍ സൈന്യം എല്‍ ടി ടി ഇ മേഖലയിലെ ആശുപത്രികളിലും ഷെല്ലാക്രമണം നടത്തി.


സുരക്ഷിത സ്ഥാനമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍കാലിക ആശുപത്രിയിലേക്ക് ശ്രീലങ്കന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ 20 രോഗികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി മുതല്‍ ഒട്ടേറെ തവണ സൈന്യം ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന് പ്രദേശത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വല്ലിപ്പുനം സ്കൂളില്‍ മുല്ലത്തീവ് ആശുപത്രി അധികൃതര്‍ നടത്തി വന്ന തീവ്രപരിചരണ വിഭാഗമാണ് ഷെല്ലിംഗില്‍ തകര്‍ന്നത്. ചൊവ്വാഴ്ചയ്ക്കു ശേഷം ശ്രീലങ്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 66 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടെന്ന് എല്‍ ടി ടി ഇ അനുകൂല വെബ്സൈറ്റ് വെളിപ്പെടുത്തി. അതേസമയം, പ്രധാന പ്രവര്‍ത്തന കേന്ദ്രമായി പുലികള്‍ ഉപയോഗിച്ചിരുന്ന കെട്ടിടം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. ഭൂഗര്‍ഭ ബങ്കറുകളും ഓഡിറ്റോറിയവുമുള്ള കെട്ടിടത്തില്‍ ശ്രീലങ്കയുടെ സൈനികവിന്യാസം രേഖപ്പെടുത്തുന്ന ഒട്ടേറെ ഭൂപടങ്ങളുണ്ടായിരുന്നുവെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയക്കര പറഞ്ഞു. പുലികളുടെ താവളങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടങ്ങളും കണ്ടെടുത്തു. പുലികള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കെട്ടിടത്തില്‍ നിന്ന് മാറ്റിയെന്നും ഇവര്‍ പുതിയ കമാന്‍ഡ് സെന്റര്‍ ആരംഭിച്ചിരിക്കാമെന്നും നനയക്കര പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും ദുരിതാശ്വാസ പ്രവര്‍ത്തകരെയും മേഖലയിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ സൈന്യവും പുലികളും നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. പുലികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശം ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണത്തോടെ ചുരുങ്ങിവരികയാണ്. പ്രദേശത്തെ സാധാരണ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥലത്തേക്കു മാറാന്‍ ആവശ്യപ്പെട്ട് സൈന്യം പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ലഘുലേഖയില്‍ സുരക്ഷിത സ്ഥാനമായി പ്രഖ്യാപിച്ച ഗ്രാമത്തിലെ ആശുപത്രിയിലേക്കാണ് ഒരു മണിക്കൂറിനുള്ളില്‍ സൈന്യം ഷെല്‍ ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചയോടെയും ആശുപത്രിക്കു നേരെ സൈന്യം ആക്രമണം നടത്തിയെന്നും മരിച്ചവരുടെ എണ്ണം കണക്കാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ആക്രമണത്തിനിടെ ബങ്കറുകളില്‍ അഭയം തേടാന്‍ കഴിഞ്ഞവര്‍ മാത്രമാണ് സൈനികാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും എല്‍ ടി ടി ഇ അനുകൂല സംഘടനയായ തമിള്‍നെറ്റ് പറഞ്ഞു. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാളെ ശ്രീലങ്കന്‍ സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം കൊലപ്പെടുത്തിയതായി എല്‍ ടി ടി ഇ കുറ്റപ്പെടുത്തി. അംപാര ജില്ലയിലെ പൊത്തുവില്‍ അല്‍ക്കുത്ത വീഥിയിലെ വിറക് കച്ചവടക്കാരനായ കാസിം ബാവ ഇഖ്ബാലിനെയാണ് സൈന്യം വെടിവച്ചുകൊന്നത്. എല്‍ ടി ടി ഇയുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീലങ്കന്‍ സൈന്യത്തിലെ രണ്ട് പ്രത്യേകദൌത്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.