First published in Free Press, July 2004
ഇന്റര്വ്യൂ
അഡ്വ. ജവാങ്ങ് സുംപ
പേര് : ജവാങ്ങ് സുംപ
താമസം : തിറാപ് ജില്ല, അരുണാചല്‍ പ്രദേശ്
ട്രൈബ് : നോക്ടേ - നാഗാ
ഭാഷ : ഓലോ
ഗ്രാമം : ലാജു (പകുതി മ്യാന്മറിലും പകുതി ഇന്ത്യയിലും)
വയസ് : 35നും 40നും ഇടക്ക്
തൊഴില്‍ : വക്കീല്പ്പണി
കുടുംബം : ഭാര്യ (ആരോഗ്യവകുപ്പില്‍ ക്ലര്‍ക്ക്), മൂന്ന് പെണ്മക്കള്
തിറാപ് ജില്ലയിലെ ഏക വക്കീലാണ് ജവാങ്ങ് സുംപ. ഇന്ത്യയില്‍ ഒരു പക്ഷെ എത്തിപ്പെടാന്‍ ഏറ്റവും വിഷമമുള്ള ഭൂപ്രദേശങ്ങളിലൊന്നാണ് തിറാപ്. വികസനം ഇന്നും ഒരു മരീചിക മാത്രമാണ് , മ്യാന്മാറുമായി അതിര്ത്തി പങ്കുവെക്കുന്ന അരുണാചല്‍ പ്രദേശിലെ ഈ ജില്ലക്ക്. മാംഗ്ലോയിഡ് വംശത്തില്പ്പെട്ട നാഗാ ആദിവാസി ഗോത്രക്കാര്‍ ഇവിടെ താമസിക്കുന്നു. കുടിയേറ്റം നിയമം മൂലം നിഷേധിച്ചതുകൊണ്ടാവാം, പുറത്തുനിന്നുള്ള ജനങ്ങള്‍ വളരെ കുറവാണ്. സ്കൂളുകള്‍ കുറവ്, ആശുപത്രികള്‍ ഒന്നും തന്നെയില്ല. ജും കൃഷിരീതി (കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നു; പിറ്റേ വര്ഷം വേറെ ഇടം തേടി കൃഷിയിറക്കുന്ന രീതി) പ്രാബല്യത്തിലുള്ള ഈ സ്ഥലത്ത് അത്യാഗ്രഹത്തിനുവേണ്ടി കൃഷി ചെയ്യുന്നില്ലാത്തതുകൊണ്ടാകാം, സമ്പന്നര്‍ തുലോം കുറവ്. വലിയ മലകളും അവയെ ചുറ്റിയൊഴുകുന്ന പുഴകളുമാണ് ഗ്രാമങ്ങളുടെ അതിര്ത്തികള്‍. ഉരുള്‍ പൊട്ടലും പ്രളയവും വാര്ഷികവിരുന്നുകാര്‍.
നാലുവര്ഷം മുമ്പുമാത്രമാണ് തിറാപിനെ Disturbed Area Act പ്രകാരം പ്രശ്നബാധിതപ്രദേശമായി പ്രഖ്യാപിച്ചത്. നാഗാ ദേശീയസമരം തിറാപിലേക്കും ബാധിക്കും എന്ന ഭയത്തിന്റെ പേരിലായിരുന്നു ഈ പ്രഖ്യാപനം. പക്ഷെ പട്ടാളത്തിനെതിരെ ഇവിടുത്തെ സാധാരണക്കാര്ക്ക് സങ്കടങ്ങള്‍ കുറേ നിരത്താനുണ്ട്. Counter insurgency-യുടെ പേരില്‍ അനേകം പാവങ്ങളെ അവര്‍ പീഡിപ്പിക്കുന്നുവെന്നാണ് മുഖ്യപരാതി. പത്രമാധ്യമങ്ങളില്ല, പട്ടാളത്തിന്റെ അതിക്രമങ്ങള്ക്കെതിരെ പ്രതികരിക്കാന്‍ സാമൂഹികപ്രവര്ത്തകരില്ല, എന്തിന് ഒരു വക്കീല് പോലുമില്ല - ഇതായിരുന്നു രണ്ടുവര്ഷം മുമ്പ് തിറാപ്. ഇന്ന് തിറാപ്പിന് സ്വന്തം വക്കീലിനെ കിട്ടിയിരിക്കുന്നു. തെളിവില്ലാതെ ആളുകളെ അറസ്റ്റ് ചെയ്താല്‍, ശാരീരികപീഡനമേല്പിച്ചാല്‍, മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചാല്‍ തിറാപുകാര് ഓടിച്ചെല്ലുന്നത് ജവാങ്ങ് സുംപയുടെ അടുത്തേക്കാണ്. ജില്ലാ ആസ്ഥാനമായ കോന്സയില് വെച്ച് ജവാങ്ങ് സുംപയുമായി വിനോദ് കെ. ജോസ് നടത്തിയ അഭിമുഖത്തില്‍ നിന്ന്...
തിറാപിന്റെ ഏക വക്കീല്
എന്തുകൊണ്ടാണ് നിങ്ങളുടെ മുഖ്യ എതിര്കക്ഷികളായി പട്ടാളവും പൊലീസും വരുന്നത്? അതിര്ത്തി രക്ഷിക്കുന്ന സൈനികര്‍ എന്തുതെറ്റാണ് നിങ്ങളോട് ചെയ്തത്?
സുഹൃത്തേ, നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പട്ടാളക്യാമ്പുണ്ടോ? യൂണിഫോമിട്ട് ആയുധവും ചുമന്നു നടക്കുന്ന സൈനികരെ നിങ്ങള്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ഞാന് മനസിലാക്കിയിടത്തോളം മലയാളികള്‍ അങ്ങനെയൊരു കാഴ്ച കേരളത്തില്‍ കണ്ടിട്ടുണ്ടാവില്ല. ശരിയല്ലേ...?
ശരിയായിരിക്കാം. പക്ഷെ, അതുകൊണ്ട്?
അതുകൊണ്ടുതന്നെ ഞാന് പറയുന്നത് നിങ്ങള്ക്കു മനസിലാകുമോ എന്നെനിക്കറിയില്ല. ഒരു പക്ഷെ നിങ്ങളുടെ സിനിമയും മാധ്യമങ്ങളും പറയുന്നതുപോലെ കാല്പനികമായ ഒരു ഇമേജല്ല പട്ടാളത്തെക്കുറിച്ച് ഏതെങ്കിലുമൊരു സംഘര്ഷപ്രദേശത്തുള്ളവര്ക്കുള്ളത്. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തുന്ന, അതിഥികള്‍ വരുമ്പോള്‍ അവരെ ചോദ്യം ചെയ്യുന്ന, കളിസ്ഥലത്തും പ്രാര്ത്ഥനാസ്ഥലത്തും ഉത്സവസ്ഥലങ്ങളിലും കല്യാണപന്തലിലും തോന്നുന്നതുപോലെ കയറിയിറങ്ങുന്ന, വെറും സംശയത്തിന്റെ പേരില്‍ പിടിച്ചുകൊണ്ട് പോവുന്ന, ശാരീരിക മര്ദ്ദനം ഏല്പ്പിക്കുന്ന, ചിലപ്പോള്‍ കൊല്ലുന്ന, ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിക്കുന്ന ഒരു പട്ടാളത്തെയാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങളാരും പട്ടാളത്തിനെതിരല്ല. അതിര്ത്തി കാക്കല്‍ അവരുടെ കടമയാണ്. പക്ഷെ അവര്‍ നിയമത്തിനതീതരല്ല. അതുമാത്രമേ ഞാന് പറയുന്നുള്ളു. അവര്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടത്താന്‍ പാടില്ല. പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയാത്ത നിരക്ഷരരായ എന്റെ ജനങ്ങളെ തോക്കിന്റെ ബലത്തില്‍, മൂന്നാം മുറയുടെ ഭാഷയില്‍ നേരിടുന്നതുകൊണ്ടാണ് ഞാനെടുക്കുന്ന മിക്കവാറും കേസുകളില്‍ പട്ടാളവും പൊലീസും എതിര്ഭാഗക്കാരാകുന്നത്.
ഇത്രയും പിന്നാക്കം നില്ക്കുന്ന ഒരു സ്ഥലത്തുനിന്ന് പഠിച്ച് അഭിഭാഷകനാകുക എന്നത്....?
ഞാന് തിറാപ് ജില്ലയിലെ ലാജുവില് നിന്നാണെങ്കിലും എന്റെ സ്കൂള്‍ വിദ്യാഭ്യാസം ദേവമാലി(ആസാമിനടുത്ത്)യിലായിരുന്നു. അച്ഛന് ആരോഗ്യവകുപ്പില്‍ ഒരു ഗുമസ്തനായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് എനിക്ക് ഗ്രാമത്തിനുപുറത്തുപോകാന് പറ്റിയതും സ്കൂളിലും കോളജിലും പഠിക്കാന്‍ സാധിച്ചതും. നിയമം പഠിച്ചത് ആസാമില്‍ നിന്നാണ്; ഗുവാഹതി യൂണിവേഴ്സിറ്റി ലോ കോളജില്‍ നിന്ന്.
സുഹൃത്തുക്കളും അധ്യാപകരും എന്നോട് പറഞ്ഞത് ഗുവാഹതി ഹൈക്കോര്ട്ടിലോ ഡെല്‍ഹിയില്‍ പോയി സുപ്രീം കോര്ട്ടിലോ പ്രാക്ടീസ് ചെയ്യാനാണ്. ഒരു കരിയര്‍ ഉണ്ടാക്കുക, പേരുണ്ടാക്കുക, ജീവിതം കെട്ടിപ്പടുക്കുക തുടങ്ങി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അവരെല്ലാവരും അങ്ങനെ ഉപദേശിച്ചത്.
പിന്നെന്തുകൊണ്ടാണ് തിറാപിലെ ആദ്യവക്കീലായി, ജയിലും കോടതിയുമില്ലാത്ത തിറാപില് തന്നെ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചത്?
എന്റെ ആദ്യത്തെ ആഗ്രഹവും ഗുവാഹതിയിലോ ഇറ്റാനഗറിലോ (അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനം) പ്രാക്ടീസ് ചെയ്യാനായിരുന്നു. ഗുവാഹതി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ച ശേഷം ഗ്രാമത്തില്‍ ചെലവഴിച്ച സമയമാണ് എന്റെ തീരുമാനം മാറ്റിയത്. പഠനം പുറത്ത് പല സ്ഥലങ്ങളിലുമായിരുന്നതുകൊണ്ട് ലാജുവില് ഞാനൊരു വിരുന്നുകാരന് മാത്രമായിരുന്നു. പക്ഷെ എപ്പോഴും ഞാനെന്റെ ഗ്രാമത്തെയും നിഷ്കളങ്കരായ എന്റെ ജനങ്ങളെയും സ്നേഹിച്ചിരുന്നു. പക്ഷെ ഹൈക്കോര്‍ട്ടില്‍ എന്റോള്‍ ചെയ്ത ശേഷമുള്ള, അഭിഭാഷകനായുള്ള ആ വരവ് പലതിനേയും വേറൊരു കണ്ണോടുകൂടി നോക്കി കാണുവാന്‍ എന്നെ സഹായിച്ചു; പ്രത്യേകിച്ച് പട്ടാളത്തെ.
ഞങ്ങളുടെ പ്രധാന ഉത്സവമായ റോങ് ഹോന്‍ (വിളവെടുപ്പുത്സവം) കൂടി കണക്കാക്കിയാണ് ആ പ്രാവശ്യം ഞാന് ലാജുവില് വന്നത്. പട്ടാളത്തിന്റെ ക്രൂരതകളെക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുള്ളതല്ലാതെ ഞാനൊരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലായിരുന്നു. ഉത്സവത്തിന്റെ തലേന്ന് ആസാം റൈഫിള്സ് (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുള്ള പാരാമിലിട്ടറി ഫോഴ്സ്) ഞങ്ങളുടെ ഗ്രാമത്തില്‍ കയറി വന്നു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഫോര്‍ നാഗാലിം (NSCN) കുന്നുകളിലെവിടെയോ ആയുധം കുഴിച്ചിട്ടിട്ടുണ്ട്; അതുമായി ആര്ക്കെങ്കിലും ബന്ധമുണ്ടോ എന്നറിയുകയാണ് ആസാം റൈഫിള്സിന്റെ ആഗമനോദ്ദേശം; ഇതാണവര്‍ പറഞ്ഞത്. ഗ്രാമത്തിലെ എല്ലാവരെയും അവര്‍ വിളിച്ചുകൂട്ടി. സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം ഇരുനൂറ്റിയമ്പതോളം പേര് വരും ഞങ്ങളുടെ ഗ്രാമത്തില്‍. എല്ലാവരെയും റോഡിന്റെ സൈഡില്‍ ഇരുത്തി. രാവിലെ മുതല്‍ ഒരു തുള്ളി വെള്ളം കുടിക്കാന്‍ അനുവദിക്കാതെ.
ചില ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കാന്‍ തുടങ്ങി. നാഭിക്കും തലക്കും തോക്കുകൊണ്ട് കുത്തുകയും അടിക്കുകയും ചെയ്തു. ഞാന് അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു- “തെളിവില്ലാതെ നിങ്ങള്ക്കാരെയും ഒരു പീഡനവും ഏല്പിക്കാന് അനുവാദമില്ല”. ഞാന് പറഞ്ഞത് വിശ്വസിച്ചില്ലെന്ന് മാത്രമല്ല, എന്നെയും തല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പീഡനമുറ കൂടുക മാത്രമാണ് ചെയ്തത്. ചിലര്ക്ക് ഇലക്ട്രിക്ക് ഷോക്കുകൊടുത്തു. കത്തിക്കാന്‍ അടുക്കിവച്ചിരുന്ന വിറകുകഷണം കൊണ്ടാണ് പ്രായമുള്ളവരെപ്പോലും തല്ലിയത്. ഞങ്ങളുടെ 80 വയസുള്ള ഗ്രാമബുര ചോരയൊലിപ്പിച്ച് കിടക്കുന്നത് എനിക്കു നല്ല ഓര്മയുണ്ട്. ‘നിങ്ങള്ക്ക് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അവരെ അറസ്റ്റുചെയ്യൂ’. ഞാന് പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ അവരുടെ പക്കല്‍ തെളിവുകളൊന്നുമില്ലായിരുന്നു. എങ്കിലും കുറച്ച് ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി ബാക്കിയുള്ളവരെ രാത്രിയായപ്പോഴേക്കും ഗ്രാമത്തിലേക്ക് തിരിച്ചയച്ചു. ഞങ്ങള്‍, നാഗാവാസികള്‍, ഒരു ഉത്സവ തലേദിവസം ഇത്രയും സങ്കടകരമായ ഒരു സംഭവം നടന്നതുകൊണ്ട് ആ വര്ഷം ഉത്സവം ആഘോഷിക്കുന്നില്ല എന്ന് തീരുമാനിച്ചു.
ഉത്സവദിവസം കാലത്തുതന്നെ വീണ്ടും അവരെത്തി. ആസാം റൈഫിള്സ് കമാന്‍ഡര്‍ ചോദിച്ചു, “നിങ്ങള്‍ എപ്പോഴെങ്കിലും സിനിമാപ്രദര്ശനം കണ്ടിട്ടുണ്ടോ? അതിനിടക്ക് ‘ഇടവേള’ എന്നെഴുതിക്കാണിക്കും; ഒരു ചെറിയ ബ്രേക്ക്. ഇടവേളക്കുശേഷമുള്ള രണ്ടാം ഭാഗമാണിന്ന്”.
ആ പ്രഭാതവും ഭയത്തോടെ തന്നെ തുടങ്ങി. എണ്പതോളം പുരുഷന്മാരെ മാറ്റി നിര്ത്തി. ഞാനും ആ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെക്കൊണ്ട് കാടുവെട്ടിത്തെളിപ്പിച്ചു. NSCN ആയുധം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങള്‍ എന്തിന് ആ പണി ചെയ്യണം? പട്ടാളത്തിന് കാടുവെട്ടിത്തെളിച്ച് അന്വേഷണം നടത്തണമെങ്കില്‍ അവര്‍ സ്വയം ചെയ്യണം; തോക്കുകയ്യിലുണ്ടെന്ന് പറഞ്ഞ് ഞങ്ങളെക്കൊണ്ട് സൗജന്യവേല ചെയ്യിപ്പിക്കാനാവില്ല. എന്തുകൊണ്ട് അവര്‍ ഞങ്ങളുടെ ഉത്സവം അലങ്കോലപ്പെടുത്തി? അതിനവര്ക്ക് ആര് അവകാശം കൊടുത്തു? ഞങ്ങളെ തല്ലാന്‍ എന്തവകാശമാണ് അവര്ക്കുള്ളത്? തെളിവുകളില്ലാതെ ആളുകളെ എങ്ങനെയവര്‍ പിടിച്ചുകൊണ്ടുപോകും? - എന്റെ മനസില്‍ ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു. ഈ പീഡനങ്ങള്ക്കു നടുവിലാണല്ലോ എന്റെ നാട്ടുകാര്‍ ജീവിക്കുന്നത് എന്ന ചിന്ത എന്നെ കൂടുതല്‍ അലോസരപ്പെടുത്തി. എന്തുചെയ്യണമെന്നറിയാതെ, ഒരു വക്കീല് പോലുമില്ലാതെ നിസഹായരായ അവര്ക്ക് വേണ്ടി ഒന്നും ചെയ്യാതെ അവിടത്തുകാരനായ ഞാന് ഗുവാഹതിയിലോ ഇറ്റാനഗറിലോ ഡെല്ഹിയിലോ പോയി അഭിഭാഷകനായി ജോലി നോക്കുന്നതില്‍ വലിയ അര്ത്ഥമില്ലെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് ഞാന് കോന്സയില് തന്നെ പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചത്; തിറാപിലെ ആദ്യവക്കീലായി.
പ്രവര്ത്തനങ്ങള്‍...?
പട്ടാളത്തിന്റെ ലക്കും ലഗാനുമില്ലാത്ത റെയ്ഡുകള്ക്കെതിരെ പ്രതികരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് തോന്നി. ഇതൊന്നും ഒരൊറ്റ വക്കീലിനെക്കൊണ്ട് മാത്രം ചെയ്യാവുന്ന കാര്യമല്ല; അതൊരു മുന്നേറ്റമായി വരണം. പ്രാരംഭനടപടിയായി ഒരു മനുഷ്യാവകാശസംഘടനയുണ്ടാക്കാന് തീരുമാനിച്ചു. അങ്ങനെ 20 പേരുമായി തിറാപ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് രൂപം കൊണ്ടു. അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നടക്കുന്ന ഏത് അതിക്രമത്തെയും കുറിച്ച് പുറത്തെ മാധ്യമങ്ങളില്‍ വരുത്തുക; ജയിലിലുള്ളവരുടെ കേസേറ്റെടുക്കുക; തെളിവില്ലാതെ ആളുകളെ പിടിച്ചുകൊണ്ടുപോവുന്നത് നിര്ത്തിക്കുക; മനുഷ്യാവകാശങ്ങളേക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധ്യപ്പെടുത്തുക... തുടങ്ങി കുറെയേറെ പ്രവര്ത്തനങ്ങള്‍ നടത്തിവരുന്നു. തിറാപ് ജില്ലയില്‍ കൂടിവരുന്ന കസ്റ്റഡി മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ഞങ്ങള്‍ ദേശീയ മനുഷ്യാവകാശകമീഷന് പരാതി നല്കി. (അരുണാചല്‍ പ്രദേശ് സംസ്ഥാനത്തുനിന്ന് ദേശീയ മനുഷ്യാവകാശ കമീഷന് ലഭിക്കുന്ന ആദ്യത്തെ പരാതിയാണിത്.) നാല്പതു ദിവസത്തിനകം നാലുകസ്റ്റഡി മരണങ്ങളാണ് ഞങ്ങളുടെ ജില്ലയില്‍ നടന്നത്.
നിങ്ങള്ക്കെതിരെ ഭീഷണികളുണ്ടാവില്ലേ?
ഉണ്ട്. അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞു. ജില്ലയിലുള്ളവരെ ജാമ്യപത്രവുമായി പോയി ഇറക്കിക്കൊണ്ടുവരാന് ശ്രമിക്കുമ്പോള്‍ ഭീഷണിപ്പെടുത്താറുണ്ട്. ആസാം റൈഫിള്സ് ഇടക്കിടക്ക് വീട്ടില്‍ കയറി വരും; (അവരുവിളിക്കുന്ന) ‘പതിവു റെയ്ഡി’നുവേണ്ടി. പക്ഷെ എനിക്കു പേടിയില്ല. ഞാന് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയാണ് ഒച്ചയുണ്ടാക്കുന്നത്. പട്ടാളവും പൊലീസും ചെയ്യുന്ന അതിക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഞാനിത്രയേ പറയാന്‍ ശ്രമിക്കുന്നുള്ളൂ- പട്ടാളമല്ല നേരും തെറ്റും തീരുമാനിക്കേണ്ടതും വിധി കല്പിക്കേണ്ടതും. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് നമ്മുടെ നാട്ടില്‍ കോടതികള്‍. പൊലീസിനും പട്ടാളത്തിനും ഒരാളുടെ ശരീരത്തില്‍ തൊടാന്‍ പോലും അധികാരമില്ല. പിന്നെയല്ലേ, കൊല്ലാനും ലൈംഗികപീഡനമേല്പിക്കാനും. പ്രതികരിക്കണം. മിണ്ടാതിരിക്കരുത്; നിശബ്ദരായിരുന്നാല്‍ അടിമത്തമാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അവകാശങ്ങള്ക്കുവേണ്ടി പോരാടണം. അതിന് വക്കീല് ബിരുദം വേണമെന്നൊന്നുമില്ല. പ്രതിബദ്ധതയും നാലഞ്ചുപേരുള്ള ഒരു ഗ്രൂപ്പും മതി.